NEWS

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

20 Sep 2019

പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെങ്കിൽ ദേശിയ ഏജൻസികളുമായി കൂടിയാലോചിക്കണം.
ഇ. ശ്രീധരന്റെ ഉപദേശം തൃപ്തികരമല്ല.
അറസ്റ്റ് മനുഷ്യത്വ രഹിതം, സംരംഭക വിരുദ്ധം
കോൺട്രാക്റ്റർക്ക് നീതി ലഭിച്ചില്ല.
കോൺട്രാക്‌റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പിള്ളിയുമായുള്ള അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം:

*ഇ. ശ്രീധരൻ്റെ റിപ്പോർട്ട്* 
ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ തന്നെ പറയുന്നു അടിത്തറയ്ക്കും, തൂണുകൾക്കും ഒരു കുഴപ്പവുമില്ലെന്ന്. അടിത്തറ ഇളക്കേണ്ടെന്നും  അദ്ദേഹം തന്നെ പറയുന്നുണ്ട്.  അപ്പോൾ മുകളിലാണ് കുഴപ്പം. അതും നേരെ കാണുന്ന ഭാഗത്ത്. എന്തെങ്കിലും കൃത്രിമം ആരെങ്കിലും കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് താഴെയല്ലേ കാണിക്കൂ. മുകളിൽ കാണുന്ന ഭാഗത്താകില്ല. സ്വബോധമുള്ള ആരും ടാറിലോ, കോൺക്രീറ്റിലോ കൃത്രിമം കാണിക്കില്ല.

*സാങ്കേതികപ്പിഴവുകളാണ്, അഴിമതിയല്ല* 
 ടെൻഡർ കൊടുക്കുമ്പോൾ തുക കൂട്ടി കാണിച്ചിട്ടില്ല.  റിവേഴ്‌സ് എസ്റ്റിമേറ്റ് ഉണ്ടാക്കി തുക കൂട്ടി വാങ്ങിയിട്ടുമില്ല .
ഈ രണ്ടു കാര്യങ്ങളിലാണ് സാധാരണ രാഷ്ട്രിയ അഴിമതി നടക്കാറുള്ളത്.
24 മാസമായിരുന്നു നിർമാണത്തിന് കണക്കാക്കിയിരുന്ന സമയം. അത് രാഷ്ടിയ സമ്മർദ്ദം കൊണ്ട് 18 മാസത്തിൽ തീർക്കേണ്ടി വന്നു.  41 കോടിയുടെ വർക്ക് എടുത്ത് 39 കോടിക്ക് തീർത്തു. ഈ കോൺട്രാക്ടർ 2 കോടി രൂപ സർക്കാരിന് തിരിച്ചു കൊടുത്തിരിക്കുകയാണ്.
തിടുക്കത്തിൽ തീർക്കേണ്ടി വന്നപ്പോൾ എന്തെങ്കിലും നോട്ടപ്പിശക് വന്നിരിക്കാം. അത് നിഷേധിക്കുന്നില്ല. അത് നോട്ടപ്പിശകാണ്‌, സാങ്കേതിക പിഴവാണ്; അഴിമതിയല്ല.

*പണം അഡ്വാൻസ് നൽകുന്നത് പുതിയ കാര്യമല്ല* 
മൊബിലൈസേഷൻ  അഡ്വാൻസ് സാധാരണ കൊടുക്കാറുള്ളത്. പുതിയ കാര്യമല്ല. 
5 ശതമാനം പലിശ ലഭിച്ചിരുന്ന പൈസയെടുത്ത് 7 ശതമാനം പലിശയ്ക്കാണ് കൊടുത്തത്.
മന്ത്രി, പരിഗണിക്കാം എന്നോ മറ്റോ ഫയലിൽ കുറിച്ചിരിക്കാം.
നടപടിക്രമങ്ങളും, നിയമവും നോക്കി അത് കൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണ്.
അതിന് മന്ത്രിയെ ക്രൂശിക്കാനില്ല. ഇത് വെറും രാഷ്ട്രീയമാണ്. നടപടിക്രമങ്ങളിൽ ഒരു പിഴവും സംഭവിച്ചിട്ടില്ല. അസാധാരണമായ ഒന്നും ഇതിനകത്തില്ല. പണം പലിശ സഹിതം കമ്പനി തിരിച്ചടച്ചിട്ടുമുണ്ട്.

*ചെന്നൈ ഐഐടി നിർദേശങ്ങൾ മുഴുവൻ പാലിച്ചു*  
പണി കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോൾ പ്രതലത്തിൽ ചില വിരിച്ചിലുകൾ (Cracks) കണ്ടു. പ്രത്യേകം ശ്രദ്ധിക്കുക, വിള്ളൽ അല്ല വിരിച്ചിൽ ആണ്.
0 .36 മില്ലി മീറ്റർ ആണ് ഈ വിരിച്ചിലിന്റെ അളവ്. അത് പരിഹരിക്കാൻ പ്രയാസമുള്ളതല്ല.
കാർബൺ ഫൈബർ റാപ്പിംഗ് ആണ് ഐഐടി നിർദേശിച്ചത്. അതാണ് റോഡ് കോൺഗ്രസ് മാർഗ്ഗരേഖയിലുള്ളതും. ചെന്നൈ ഐഐടി പറഞ്ഞ അഞ്ച് നിർദേശങ്ങളിൽ ഒന്നാണിത്. അത് ചെയ്തു.
പാലത്തിന്റെ ലൈഫ് കൃത്യമായി പറയാൻ ഒരിക്കലും കഴിയില്ല. ചിലപ്പോൾ പ്രതീക്ഷിച്ചതിലും കൂടാം, കുറയാം. മനുഷ്യൻ്റെ ആയുസു പോലെ തന്നെയാണ് .
സാധാരണ പാലങ്ങളിലെല്ലാം എക്സ്ട്രാ ജോയിൻറ്‌  കാണും. ഇത് മൂലം ഒരു ഗ്യാപ് ഉണ്ടാകും. യാത്ര ചെയ്യുമ്പോൾ ഇടയ്ക്കിടക്ക് ചാടുന്നത് ഈ ഗ്യാപ് ഉള്ളത് കൊണ്ടാണ്. അത് ഒഴിവാക്കാനുള്ള ഒരു ടെക്‌നോളജിയാണ് ഈ പാലത്തിൽ ഉപയോഗിച്ചിരിക്കുന്നത്.  ഡെക് സ്ലാബ് കണ്ടിന്യൂയിറ്റി ജോയിൻ സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. അത് വിജയിച്ചില്ല. അതിനു പല കാരണങ്ങൾ കാണാം.
ഐഐറ്റി നിർദേശിച്ചതനുസരിച്ചാണ് ഡെക് സ്ലാബ് കണ്ടിന്യൂയിറ്റി ജോയിൻ സിസ്റ്റം ഒഴിവാക്കി പകരം സാധാരണ ചെയ്യാറുള്ളത് പോലെ ജോയിന്റ് സിസ്റ്റം കൊണ്ടുവരാമെന്നു വച്ചത്. അതാണ് അവിടെ നടന്ന പണി. അതാണ് പാലം മുഴുവൻ വെട്ടിപ്പൊളിച്ചു എന്ന പ്രതീതി ഉണ്ടാക്കിയത്. തുടർച്ചയായി പോയിരുന്ന സ്ലാബുകൾ വെട്ടിപ്പൊളിച്ചു ജോയിന്റുകൾ കൊടുക്കുകയാണ് ചെയ്തത്. അത് കണ്ടപ്പോഴാണ് പാലം മുഴുവൻ  
 വെട്ടിപ്പൊളിക്കുന്നു, മുഴുവൻ കുഴപ്പമാണെന്ന് പൊതുജനവും, മാധ്യമങ്ങളും പറയാൻ തുടങ്ങിയത്.  
മറ്റൊന്ന് ചെന്നൈ ഐഐടി പറഞ്ഞത്: സ്ലാബിന് മുകളിൽ ഐആർസി മാനദണ്ഡമനുസരിച്ചുള്ള ടാറിങ് ചെയ്യണമെന്ന് പറഞ്ഞു. അതും ചെയ്തു.  
പിയർ ഗ്യാപ്പുകൾക്കു ചില കുഴപ്പങ്ങളുടെന്നു പറഞ്ഞു. അത് ഡിസൈനിന്റെ എന്തോ കുഴപ്പമാകാം. കോൺക്രീറ്റ് ജാക്കറ്റിങ്  എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നായിരുന്നു ശുപാർശ. കെട്ടിടങ്ങൾ കൂടുതൽ നില എടുക്കുമ്പോൾ പില്ലറുകളുടെ ബലം കൂട്ടാനുള്ള ഒരു സാങ്കേതിക വിദ്യയാണിത്. തലങ്ങും വിലങ്ങും കമ്പികൾ വല പോലെ കൊടുത്തു ബലം വർധിപ്പിക്കുന്ന വിദ്യയാണിത്. അതും ചെയ്തു.  
കാർബൺ ഫൈബർ റാപ്പിംഗ് കേരളത്തിൽ 70 വർഷം പഴക്കം ചെന്ന ഒരു പാലത്തിൽ വിജയകരമായി ചെയ്തിട്ടുണ്ട്. മുവാറ്റുപുഴ - പുനലൂർ പാതയിൽ പെരുമറ്റം പാലത്തിലാണിത് ചെയ്തിട്ടുള്ളത്.
ഗാർഡറിൽ, ബീം റെസ്റ്റ് ചെയ്യുന്ന ഭാഗത്ത് ബോൾ ബെയറിങ് വയ്ക്കും. റബർ ബോളുകൾ ആണ് വയ്ക്കാറ്. അതും മാറ്റണമെന്ന് ഐഐടി പറഞ്ഞു. അതും മാറ്റി.

*കോൺട്രാക്ടിങ് കമ്പനി* 
ആരും അറിയാതെ കോൺട്രാക്റ്റർക്ക് വേണമെങ്കിൽ ഈ തകരാർ പരിഹരിക്കാമായിരുന്നതാണ്. അതിനു മുതിരാതെ സംഭവിച്ച പാളിച്ച അവർ ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിച്ചു. ഐഐടി യിൽ നിന്നുള്ള വിദഗ്ധരെ കൊണ്ട് വന്നത് അവരുടെ ചെലവിൽ തന്നെയാണ്. പാലം അടച്ചിട്ടില്ലായിരുന്നെങ്കിൽ ഇത് പൊതു ജനം അറിയുകപോലും ഇല്ലായിരുന്നു.
4 കോടി രൂപ അയാൾക്കവിടെ ഡെപ്പോസിറ്റ് ഉണ്ട്. ബില്ല് സെറ്റിൽ ചെയ്തിട്ടില്ല. ബിൽ തുകയിൽ 2.7  കോടി രൂപ കമ്പനിക്ക് കിട്ടാനുണ്ട്.  മൊത്തം 6.7 കോടി സർക്കാരിന്റെ കൈവശം കിടക്കുന്നുണ്ട്.
ഈ കോൺട്രാക്ടർ കേരളത്തിലെ വലിയ പദ്ധതികൾ ചെയ്തവരാണ്. ആലപ്പുഴ ബൈപാസ്, കൊല്ലം ബൈപാസ്, അരൂർ- ഇടപ്പള്ളി ബൈപാസ്,  സലിം രാജൻ പാലം, വൈപ്പിൻ- മുനമ്പം റോഡ് തുടങ്ങി ഒട്ടേറെ വലിയ കോൺട്രാക്ടുകൾ വിജയകരമായി ചെയ്തവരാണ്. അങ്ങനെയുള്ള ഒരു കോൺട്രാക്ടർ ഇട്ടിട്ടു പോകുമോ?
ചെന്നൈ ഐഐടി പറഞ്ഞ അഞ്ചു നിർദേശങ്ങളും നടപ്പാക്കി. 6 മാസം പഠനം നടത്തിയ ശേഷമാണ് അവർ ഈ നിർദേശങ്ങൾ വച്ചത്. ഐഐടി സംഘത്തിലൊരാൾ ഫൈബർ റാപ്പിംഗിൽ ഡോക്ടറേറ്റ് ഉള്ള ആളാണ്. അവർ ഇവിടെ ക്യാമ്പ് ചെയ്ത് പഠനം നടത്തി. അവരുടെ ഫീസ് മാത്രം 50 ലക്ഷം രൂപയാണ്. അത് കോൺട്രാക്ടർ മുടക്കി.      
കരാർ വ്യവസ്ഥയനുസരിച് എന്ത് തകരാർ വന്നാലും അത് പരിഹരിച്ചു കൊടുക്കാൻ കോൺട്രാക്ടർ ഒരുക്കമാണ്. അത്ര ക്രെഡിബിലിറ്റിയുള്ള കമ്പനിയുമാണ്. 40 വർഷമായി അവർ ഈ മേഖലയിൽ ഉള്ളതാണ്. അവരെ  ക്രൂശിക്കേണ്ട ഒരു കാര്യവുമില്ല.

*ശ്രീധരൻ കണ്ടതും, കാണാതെ പോയതും* 
സൈറ്റിൽ വരുന്നതിന് മുൻപ് പൊളിച്ചു പണിയണമെന്ന് പറഞ്ഞയാളാണ് ഇ. ശ്രീധരൻ. രണ്ടു ദിവസമേ സൈറ്റ് വിസിറ്റിനു വന്നിട്ടുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും നടന്ന് തൊട്ടു നോക്കിയാൽ എങ്ങനെ കുഴപ്പങ്ങൾ കണ്ടു പിടിക്കും.
ആർസിസി ഗർഡറുകളാണ് നിലവിൽ  ഇതിലുള്ളത്. അത് മാറ്റി പിഎസ്സി ഗാർഡറുകൾ വേണമെന്നാണ് ശ്രീധരൻ പറയുന്നത്. അത് വലിയ മാറ്റമൊന്നും ഉണ്ടാക്കില്ല.
പിന്നെ, ഒന്നും പൊളിച്ചു കളയുന്നതിനെ ആധുനിക ലോകം സ്വാഗതം ചെയ്യുന്നില്ല. അത് പരിസ്ഥിതിക്കും ഗുണം ചെയ്യില്ല. നിലനിറുത്തുവാൻ ഒട്ടേറെ സാങ്കേതിക വിദ്യകൾ ഉണ്ട്. അത് ശ്രീധരന് അറിയാത്തതല്ല.
അദ്ദേഹത്തിന്റേത്ത്  ഒരു പിടിവാശിയാണ്. അത് രാഷ്ട്രീയമാണ്.

*ദേശീയ ഏജൻസികൾ പറയട്ടെ* 
പാലം ദേശിയ പാതയിൽ ആണ്. ഈ പ്രശ്നം ഉണ്ടായപ്പോൾ നാഷണൽ ഹൈവേ അതോറിറ്റിയോട് ആലോചിക്കുക പോലും ഉണ്ടായില്ല. ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശങ്ങളുണ്ടാക്കുന്ന റെഗുലേറ്ററി അതോറിറ്റിയാണ് ഇന്ത്യൻ റോഡ് കോൺഗ്രസ്. അവരുടെ ഉപദേശമാണ് സർക്കാർ തേടേണ്ടിയിരുന്നത്. ഇ. ശ്രീധരൻ ഒരു വ്യക്തിയാണ്. നാഷണൽ ഹൈവേ അതോറിറ്റി, ഐആർ എസ് എന്നിവരുമായി കൺസൾട്ട് ചെയ്ത ശേഷമേ പൊളിക്കാനുള്ള തീരുമാനം എടുക്കാവൂ.

*നീതി ലഭിക്കണം* 
കോൺട്രാക്റ്റർക്ക് സ്വാഭാവിക നീതി ലഭിക്കണം. വാറന്റിയും, ഗ്യാരന്റിയുമുള്ള ഒരു ഉത്പന്നം വാങ്ങി എന്തെങ്കിലും കേടു വന്നാൽ ഉണ്ടാക്കിയ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യുകയാണോ ആദ്യം ചെയ്യുക. കേടുപാട് പരിഹരിക്കുന്നില്ലെങ്കിലല്ലേ കേസിന്റെ പ്രസക്തിയുള്ളൂ. ഇവിടെ കോൺട്രാക്റ്റർ എന്തിനും തയ്യാറാണ്. പക്ഷെ സർക്കാരിന് അയാളെ ഉൾപ്പെടെ ചിലരെ അകത്തിടണം.        
മന്ത്രി ജി. സുധാകരന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്- എല്ലാം തീരുമാനിച്ചുറച്ചതാണ്. എത്രയാണ് എസ്റ്റിമേറ്റ് തുകയെന്നും, ആരായിരിക്കും പുതിയ കോൺട്രാക്റ്ററെന്നും ഒക്കെ സുധാകരൻ ഉറപ്പിച്ചു കഴിഞ്ഞു.
അറസ്റ്റും, വിജിലൻസ് പീഡനവും  മനുഷ്യത്വ രഹിതമാണ്‌. സംരംഭക വിരുദ്ധമാണ്. ഏതറ്റം വരെയും ഞങ്ങൾ പോകും. കോൺട്രാക്റ്ററുടെ നീതി ഉറപ്പാക്കുന്നതിൽ ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും. നീതി ഉറപ്പാക്കും.Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ