ECONOMY

മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം: സുപ്രീംകോടതി വിധി ലംഘിക്കാൻ ഉദ്ദേശ്യമില്ല; ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ വൻ പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്നും ഇത്ര ബൃഹത്തായ പൊളിച്ചുനീക്കൽ പ്രക്രിയ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വൈദഗ്ധ്യക്കുറവുണ്ടെന്നും ചീഫ് സെക്രട്ടറി

20 Sep 2019

ന്യൂഡൽഹി: മരട് ഫ്ലാറ്റ് കേസില്‍ കോടതി വിധി നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇത്ര ബൃഹത്തായ പൊളിച്ചുനീക്കൽ പ്രക്രിയ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വൈദഗ്ധ്യക്കുറവുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ വൻ പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന് വിശദമാക്കുന്ന മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ടും കോടതിക്ക് സമർപ്പിച്ചു.   സുപ്രീംകോടതിയുടെ വിധികൾ ലംഘിക്കാൻ ഉദ്ദേശ്യമില്ലെന്നും കോടതിയുടെ നിലപാടുകൾക്ക് അനുസൃതമായല്ലാത്ത വിധം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു. 


മരട് ഫ്‌ളാറ്റ് കേസിലെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്   സുപ്രീം കോടതിയിൽ കേരള ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ പ്രസക്തഭാഗങ്ങൾ:
1. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ സെപ്റ്റംബർ ആറിലെ വിധിക്കനുസൃതമായിട്ടാണ് ഈ സത്യവാങ്മൂലം സമർപ്പിക്കുന്നത്.
2. ഈ കോടതിയുടെ വിധികളോടുള്ളത് തികഞ്ഞ ആദരവ്. കോടതിവിധികൾ ലംഘിക്കാൻ ഉദ്ദേശ്യമില്ല. കോടതിയുടെ നിലപാടുകൾക്ക് അനുസൃതമായല്ലെന്ന് തോന്നത്തക്കവിധം ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
3. സെപ്റ്റംബർ ആറിലെ വിധി പറയുന്നത്, "സെപ്റ്റംബർ 20 നോ അതിനു മുൻപായോ വിധി നടപ്പാക്കാനും അത് കോടതിയിൽ റിപ്പോർട്ട് ചെയ്യാനും കഴിയാതെ വന്നാൽ കേരള ചീഫ് സെക്രട്ടറി ഈ കോടതിയിൽ ഹാജരായി, വിധി നടപ്പാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് സെപ്റ്റംബർ 23ന് വിശദീകരിക്കേണ്ടിയിരിക്കുന്നു".
4. ഇതനുസരിച്ച്  കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടിയുടെ അപ്പീൽ പരിഗണിച്ച് കോടതിയുടെ 2019 മെയ് 8 ന് പുറപ്പെടുവിച്ച വിധി ("...നിരോധിതമേഖലയിൽ ഇത്തരത്തിൽ നിർമാണ പ്രവർത്തനം നടന്നുകൂടാത്തതായിരുന്നു. കമ്മിറ്റി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിർമാണങ്ങൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചു മാറ്റുകയും വിധി നടപ്പാക്കിയ കാര്യം കോടതിയെ ധരിപ്പിക്കുകയും വേണം...") ആണ് നടപ്പിലാക്കേണ്ടത്.
5. ഉത്തരവ്ആ റിവ്യൂ ചെയ്യുന്നതിന് ആൽഫ വെഞ്ചേഴ്‌സും താമസക്കാരും റിട്ട് പെറ്റിഷൻ ഫയൽ ചെയ്യുകയും കോടതി മെയ് 8 ലെ വിധി ആറ് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ജൂൺ 10 ന് ഉത്തരവിടുകയും,  റിട്ട് പെറ്റിഷനുകൾ  മെയ് 8 ലെ വിധി പുറപ്പെടുവിച്ച ബെഞ്ചിന് മുൻപാകെ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
6. കോടതി ജൂലൈ 5 ന്  റിട്ട് പെറ്റിഷനുകൾ റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
7. ജൂലൈ 10ന് ബഹുമാനപ്പെട്ട കോടതി റിവ്യൂ പെറ്റിഷനുകൾ എല്ലാം റദ്ദാക്കി.
8. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 2010 ൽ മുനിസിപ്പാലിറ്റി ആയി ഉയർത്തപ്പെടുന്നത് വരെ, മരട്, കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ഗ്രാമപഞ്ചായത്ത് ആയിരുന്നു. 2 ആക്ടുകൾ പ്രകാരവും ബിൽഡിങ് പെർമിറ്റ് നൽകുന്നതിനും നിയമലംഘനം നടത്തുന്ന നിർമിതികൾ പൊളിക്കുന്നതിനും ഉള്ള അധികാരം അതത് മുനിസിപ്പാലിറ്റിക്കോ പഞ്ചായത്തിനോ ആണ്. മുനിസിപ്പൽ ബിൽഡിങ് റൂൾ പ്രകാരം പൊളിച്ചുമാറ്റൽ നടപ്പാക്കേണ്ടത് സെക്രട്ടറി ആണ്.
9. കോടതിവിധി നടപ്പാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു: ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (LSGD) മുൻസിപ്പൽ സെക്രട്ടറിയെ വിളിച്ചുവരുത്തി കോടതിവിധിയും അത് നടപ്പാക്കേണ്ട ആവശ്യകതയും വിശദീകരിച്ചു. എൻവയൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഐഐടി മദ്രാസ് ഡയറക്ടറോട് വിശദമായ ഒരു പഠനം നടത്തി പൊളിക്കുമ്പോളുണ്ടാകുന്ന മാലിന്യം ഏതുവിധത്തിലുള്ളതാണ്, എത്ര അളവിലുണ്ടാകും, അത് നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, CRZ 3 മേഖലയിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം; കെട്ടിടസമുച്ചയങ്ങൾ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം (കാർബൺ ഫുട്പ്രിന്റ്, വായു-ശബ്ദ മലിനീകരണം, മാലിന്യ നിർമാർജന പ്രദേശം, പ്രതലത്തിന്റെ സ്ഥിതിവിശേഷം എന്നിങ്ങനെ), പൊളിക്കാതെ നിലനിർത്തിയാൽ പാരിസ്ഥിതിക ആഘാതത്തിൽ ഉണ്ടാകാവുന്ന കുറവ് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഐഐടി മദ്രാസ് സംഘം സ്ഥലങ്ങൾ സന്ദർശിച്ച് സെപ്റ്റംബർ 17ന് പഠന റിപ്പോർട്ട് നൽകി. 
10. സെപ്റ്റംബർ ആറിലെ വിധിയുടെ പിറ്റേന്ന് തന്നെ മരട് മുൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നടപ്പാക്കണമെന്നും സെപ്റ്റംബർ 18നകം കംപ്ലയൻസ് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ട്  കത്ത് നൽകി. ഉത്തരവിൽ പറഞ്ഞിരിക്കുന്ന പാർപ്പിട സമുച്ചയങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കണമെന്നും പുനരധിവാസ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറുമായി സഹകരിച്ച് നടപ്പാക്കണമെന്നും പൊളിച്ചുനീക്കൽ സുരക്ഷിതമായി നടപ്പാക്കാൻ പറ്റിയ ഏജൻസിയെ എത്രയും പെട്ടെന്ന് കണ്ടെത്താൻ ടെണ്ടർ നടത്തണമെന്നും കത്തിൽ നിർദ്ദേശം നൽകി. കോടതി ഉത്തരവ് നടപ്പാക്കാനായി കേരളം ഗവണ്മെന്റിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വരുന്ന വീഴ്ച ഗൗരവതരമായി കാണുമെന്നും അച്ചടക്ക നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും അറിയിച്ചു.
11. പൊളിച്ചു നീക്കാൻ ഉത്തരവുള്ള ഹോളി ഫെയ്ത്ത് H2O, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം, ജെയിൻ ഹൗസിങ് സമുച്ചയങ്ങളിലായി 68028.71 സ്‌ക്വയർ മീറ്ററിലായി 343 ഫ്‌ളാറ്റുകളുണ്ട്. മുൻസിപ്പൽ മേഖലയിലെ ജനസാന്ദ്രത ഉയർന്നതാണെന്നതിന് പുറമെ കടലിനോട് വളരെ അടുത്തും നിരവധി ജലാശയങ്ങളുടെ സാമീപ്യമുള്ളതുമാണ്. രണ്ട് നാഷണൽ ഹൈവേകൾ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്..... മാർക്കറ്റ്, പൊതുവിദ്യാലയം, മസ്ജിദ് കൂടാതെ നൂറുകണക്കിന് പാർപ്പിടങ്ങളും ഉൾപ്പെടെ കെട്ടിടങ്ങൾ മേഖലയിലുണ്ട്. 
12. പൊളിച്ചുമാറ്റാൻ പ്രക്രിയ നടപ്പാക്കാൻ അനുയോജ്യമായ സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും ആവശ്യമാണ്. ഫലപ്രദമായ മാലിന്യ നിർമാർജനത്തിന് നിലവിൽ സ്ഥലപരിമിതിയുണ്ട്. വേണ്ടത്ര ആസൂത്രണമില്ലാതെ ഒറ്റയടിക്ക് പൊളിച്ചാൽ സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതിയെയും താമസക്കാരെയും ഗുരുതരമായി ബാധിക്കും. ഈ വലിപ്പത്തിലും സ്വഭാവത്തിലുമുള്ള നിർമിതികൾ പൊളിച്ചുമാറ്റുന്നത് ആദ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരത്തിലുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട വകുപ്പിനുള്ള പരിചയവും വൈദഗ്ധ്യവും കുറവാണെന്നതും വസ്തുതയാണ്.
13. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പൂർണമായും  പ്രതിജ്ഞാബദ്ധനാണ്. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുമ്പോൾ തന്നെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ പ്രത്യാഘാതം മനുഷ്യജീവനെയും പരിസ്ഥിതിയേയും ഗുരുതരമായി ബാധിക്കുമോ എന്ന ഗൗരവമായ സന്ദേഹമുണ്ട്. ഇതിലേക്കായി മദ്രാസ് ഐഐടിയുടെ വിദഗ്ധ സംഘത്തിന്റെ നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
14. ഉത്തരവ് നടപ്പാക്കാനുള്ള ക്രമീകരണങ്ങൾക്കായും താമസക്കാരെ കോടതിവിധി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധിപ്പിക്കാനും സെപ്റ്റംബർ 9 നു ജില്ലാ കലക്ടർക്കൊപ്പം അപ്പാർട്മെന്റുകൾ സന്ദർശിച്ചു. തുടർന്ന് ഗവണ്മെന്റിന്റെ നിർദേശാനുസരണം 5 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന് കാട്ടി ബിൽഡർമാർക്കും താമസക്കാർക്കും മുൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകി. 
15. താത്കാലിക പുനരധിവാസം ആവശ്യമുള്ള താമസക്കാർ 2 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 16ന്  മുൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകി. 
16. 4 പാർപ്പിട സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള കമ്പനികളുടെ താത്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ  സെപ്റ്റംബർ 9 നു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ടെണ്ടർ ക്ലോസിങ് തീയതി സെപ്റ്റംബർ 16ന് 
17. 15 കമ്പനികൾ ടെണ്ടർ സമർപ്പിച്ചു.
18. മേൽപ്പറഞ്ഞ സാഹചര്യത്തിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ നേരിട്ടു കോടതിയിൽ ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു. കോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ മേൽനോട്ടം വഹിച്ചുകൊള്ളാമെന്ന് ഉറപ്പു നൽകുന്നു.

Opinion



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി