TRAVEL

കേരളത്തിലെ ഹെല്‍ത്ത് ടൂറിസം മേഖല 2020ല്‍ നൂറു കോടി ഡോളറിലെത്തും

03 Jul 2019

കൊച്ചി:  കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം അടുത്ത വര്‍ഷത്തോടെ നൂറു കോടി ഡോളറിലെത്തുമെന്ന് കൊച്ചിയില്‍ ആരംഭിച്ച കേരളാ ഹെല്‍ത്ത് ടൂറിസം ഉച്ചകോടി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ ടൂറിസം മേഖലയിലെ സുപ്രധാന ലക്ഷ്യ സ്ഥാനമായി കേരളം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് കൊച്ചി ലേ മെറിഡിയനില്‍ നടക്കുന്ന ഏഴാമത് കേരളാ ഹെല്‍ത്ത് ടൂറിസം ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ബംഗ്ലാദേശ്, ഒമാന്‍, ആഫ്രിക്ക, ജിദ്ദ, കംബോഡിയ, ഇറാക്ക്, മാലിദീപ്, യമന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) സര്‍വ്വീസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

തങ്ങളുടെ സമീപ പ്രദേശമായതു കൊണ്ടല്ല, ഇവിടെ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ മൂലമാണ് മാലിദീപില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് ആരോഗ്യ സംബന്ധിയായ സേവനങ്ങള്‍ തേടി എത്തുന്നതെന്ന് ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാലിദീപ് അംബാസിഡര്‍ ഐഷത് മൊഹമ്മദ് ദിദി ചൂണ്ടിക്കാട്ടി. മാലിദീപിലെ പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ചേരുവകള്‍ കേരളത്തില്‍ നിന്നു ശേഖരിച്ചിരുന്നതിനെക്കുറിച്ചുള്ള തന്റെ ബാല്യകാല സ്മരണകളും അംബാസിഡര്‍ പങ്കുവെച്ചു. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി യമനില്‍ നിന്നുള്ളവര്‍ക്ക് കേരളം സുപ്രധാന ചികില്‍സാ കേന്ദ്രമാണെന്ന് യമന്‍ റിപബ്ലിക് അംബാസിഡര്‍ അബ്ദുല്‍മാല്‍ക് അബ്ദുല്ലാ അല്‍ ഇറിയാനിയും തന്റെ മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ നാട്ടില്‍ നിന്നു ചികില്‍സ തേടിയെത്തുന്നവരെ സംബന്ധിച്ച് വളരെ സുരക്ഷിതമായ  സാഹചര്യങ്ങളാണ് കേരളം ഒരുക്കുന്നതെന്നും യമന്‍ അംബാസിഡര്‍ പറഞ്ഞു.

ഇന്ത്യയിലെ ആരോഗ്യ ടൂറിസം മേഖല 2020 ഓടെ എഴുന്നൂറു മുതല്‍ എണ്ണൂറു കോടി ഡോളര്‍ വരെ എന്ന നിലയിലേക്ക് ഉയരുമെന്ന് സി.ഐ.ഐ. കേരളാ ചെയര്‍മാനും ഇസാഫ് മൈക്രോ ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പോള്‍ തോമസ് ചൂണ്ടിക്കാട്ടി. അത്യൂധുനീക ചികില്‍സാ സൗകര്യങ്ങളാണ് വിദേശികള്‍ കേരളത്തില്‍ നിന്നു പ്രതീക്ഷിക്കുന്നത്. മികച്ച പരിശീലനം നേടിയ വിദഗ്ദ്ധര്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ജീവനക്കാര്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യയുടെ ഉപയോഗം, അത്യാധുനീക രോഗനിര്‍ണയ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നു എന്നതാണു കേരളത്തിനു നേട്ടമാകുന്നത്. ആയുര്‍വേദവും ആധുനീക ചികില്‍സാ സംവിധാനവും അവയുടേതായ ശക്തിയോടെ ഇവിടെ നിലനില്‍ക്കുന്നു.  ഈ മേഖലയെ ശക്തമാക്കാനുള്ള സംയോജിത മാര്‍ഗങ്ങളുമായി എത്താന്‍ ആരോഗ്യ, ടൂറിസം മേഖലയിലുള്ളവരും സര്‍ക്കാരും ഒരുമിച്ചെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആരോഗ്യ രംഗത്ത് പല മേഖലകളിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലാണ് കേരളമെന്ന് ഉച്ചകോടിയില്‍ വിഷയം അവതരിപ്പിച്ച ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്‌സ്, ഇന്ത്യയുടെ സി.ഇ.ഒ. ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി. യു.കെ.യിലെ എന്‍.എച്ച്.സില്‍ 50 ശതമാനം ഡോക്ടര്‍മാരും ഇന്ത്യയില്‍ നിന്നാണ്. അതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ നിരവധി നിക്ഷേപങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ പൊതു മേഖലയിലുള്ള അഞ്ച് ആശുപത്രികള്‍ അടക്കം എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷനും അന്താരാഷ്ട്ര അക്രഡിറ്റേഷനും ഉള്ള 40 ആശുപത്രികളാണുള്ളത്. ലോകത്തെവിടെയുമുള്ളവയുമായി മല്‍സരിക്കാന്‍ കഴിവുള്ളവയാണ് കേരളത്തിലെ ആശുപത്രികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു ദിവസത്തെ കേരളാ ഹെല്‍ത്ത് ടൂറിസം ഉച്ചകോടിയില്‍ നാല്‍പ്പതോളം വിദഗ്ദ്ധരാണ് സംസാരിക്കുക. ആശുപത്രി, വിനോദ സഞ്ചാര മേഖല, സര്‍ക്കാര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഉന്നതരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരും ഉച്ചകോടിയില്‍ സംസാരിക്കും. ആരോഗ്യ വിനോദ സഞ്ചാര രംഗത്ത് കേരളത്തെ ഏറ്റവും പ്രിയപ്പെട്ട മേഖലയായി ഉയര്‍ത്തിക്കാട്ടുകയാണ് ഉച്ചകോടിയിലൂലെ ലക്ഷ്യമിടുന്നത്. ആരോഗ്യസംരക്ഷണ ഉപകരണങ്ങള്‍, ആരോഗ്യ സംബന്ധിയായ സാങ്കേതികവിദ്യ തുടങ്ങിയവയെക്കുറിച്ചുള്ള വിപുലമായ പ്രദര്‍ശനവും ഉച്ചകോടിയോടനുബന്ധിച്ചു നടത്തുന്നുണ്ട്. 


OpinionRelated News


Special Story

റീകണ്‍സീലിയേഷന്‍ സംവിധാനവുമായുളള സഹകരണം സംബന്ധിച്ച് ഇന്‍ഡിഗോ- കിയാല്‍ തര്‍ക്കം മുറുകുന്നു; കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഇന്‍ഡിഗോയ്ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നിര്‍ത്തേണ്ടി വരും