FINANCE

പൊതുമേഖലാ ബാങ്കുകളുടെ ലയനം സംസ്‌ഥാനത്തെ സ്വകാര്യ ബാങ്കുകൾക്കു നേട്ടമായേക്കും; ബിസിനസ് വിപുലീകരണത്തിലൂടെ വിപണി വിഹിതം വർധിപ്പിക്കാൻ അവസരമൊരുങ്ങുന്നു

10 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: പൊതുമേഖലയിലെ 10 ബാങ്കുകൾ നാലു ബാങ്കുകളായി ചുരുങ്ങുന്നതു സംസ്‌ഥാനത്തെ സ്വകാര്യ ബാങ്കുകൾക്കു നേട്ടമാകും. ഇവയ്‌ക്കു ബിസിനസ് വിപുലീകരണത്തിലൂടെ വിപണി വിഹിതം വർധിപ്പിക്കാൻ സഹായകമാകുന്ന മികച്ച അവസരമാണു കൈവരുന്നത്. ലയനം ബാധകമായ ബാങ്കുകളുടെ ബിസിനസിൽ  താൽക്കാലികമായെങ്കിലും മാന്ദ്യം അനുഭവപ്പെടുമെന്നതാണു കാരണം.

ലയനത്തിൽ ഉൾപ്പെടുന്ന എല്ലാ ബാങ്കുകൾക്കുമായി 1482 ശാഖകളാണു സംസ്‌ഥാനത്തുള്ളത്. പഞ്ചാബ് നാഷനൽ ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവ ‘ആങ്കർ ബാങ്കു’കളാകയാൽ അവയ്‌ക്കെല്ലാം കൂടിയുള്ള  1034 ശാഖകളിലെ പ്രവർത്തനത്തെ ഒരു വർഷത്തിലേറെ വേണ്ടിവരുന്ന ലയന പ്രക്രിയ ബാധിക്കില്ല. 

എന്നാൽ ലയനത്തിനു വിധേയമാകുന്ന ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയ്‌ക്കെല്ലാം കൂടിയുള്ള 448 ശാഖകളിൽ ലയന പ്രക്രിയയുടെ കാലത്തെ പ്രവർത്തനത്തിൽ ഉത്സാഹക്കുറവുണ്ടാകുക സ്വാഭാവികം.

ലയനത്തിനു വിധേയമാകുന്ന ബാങ്കുകളുടെ ശാഖകളിൽ നിക്ഷേപ സമാഹരണത്തിനോ വായ്‌പകൾ അനുവദിക്കുന്നതിനോ മറ്റു സേവനങ്ങളുടെ വ്യാപനത്തിനോ പരിശ്രമമുണ്ടാകില്ല. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ മന്ദഗതിയിലാകുകയും ചെയ്യും. 

വ്യത്യസ്തമായ തൊഴിൽ സംസ്കാരവും സാങ്കേതിക വിദ്യയുമായി ജീവനക്കാർ പൊരുത്തപ്പെടുന്നതിലെ താമസവും പ്രവർത്തനത്തെ ബാധിക്കും. പുനർക്രമീകരണത്തിന്റെ ഭാഗമായി 250 ശാഖകളെങ്കിലും പൂട്ടേണ്ടിവരുമെന്നതും ബിസിനസ് വളർച്ചയ്ക്കു പ്രതിബന്ധമാകും. 

ഭാവി സംബന്ധിച്ച അനിശ്‌ചിതത്വത്തിന്റെ നിഴലിലായിരിക്കുന്ന ജീവനക്കാരുടെ അസ്വസ്‌ഥതയും പ്രവർത്തനത്തിൽ പ്രതിഫലിക്കാം. ജീവനക്കാർക്കിടയിൽ ഇപ്പോഴത്തെ പ്രധാന സംസാര വിഷയം തന്നെ ലയനമാണ്. പിരിച്ചുവിടലുണ്ടാകില്ലെന്നു ധന മന്ത്രി ഉറപ്പു പറയുന്നുണ്ടെങ്കിലും വ്യാപകമായ സ്‌ഥലംമാറ്റങ്ങളുണ്ടാകുമെന്നു തീർച്ച.

ബാങ്കുകൾ വലുതാകുംതോറും അവ ഇടപാടുകാരിൽനിന്ന്, പ്രത്യേകിച്ചും ചെറുകിട ഇടപാടുകാരിൽനിന്ന്, അകലുന്നുവെന്നതാണു പൊതുവായ അനുഭവം. ‘റിലേഷൻഷിപ് ബാങ്കിങ്’ എന്നൊന്നുണ്ടാവില്ല. അതിനാൽ നിലവിലെ ഇടപാടുകാരിൽ ഒരു വിഭാഗം ചെറിയ ബാങ്കുകളെ ആശ്രയിക്കുന്ന സ്‌ഥിതിയുമുണ്ടാകും.

ലയനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക്, സിഎസ്‌ബി ബാങ്ക് എന്നിവയ്‌ക്കാണു കേരളത്തിൽ പ്രധാനമായും അവസരം ലഭിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള അനുബന്ധ ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എറ്റെടുത്ത കാലയളവിൽ സമാന സാഹചര്യം സംജാതമായിരുന്നു.

ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും ആ സാഹചര്യം പ്രയോജനപ്പെടുത്തി വിപണി വിഹിതം മെച്ചപ്പെടുത്തി. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് സംയോജനത്തിലും ഈ ബാങ്കുകൾ ബിസിനസ് വികസനത്തിന് അവസരം കണ്ടെത്തുകയുണ്ടായി.

Content Highlights: kerala private banks got better chance of growth

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story