AUTO

വിപണിയിലെത്തും മുൻപേ സൂപ്പർഹിറ്റായി കിയ സെൽറ്റോസ്; ഒരു മാസത്തിനിടെ 23000 പ്രീബുക്കിങ്ങുകൾ

10 Aug 2019

ന്യൂഏജ് ന്യൂസ്, വിപണിയിലെത്തും മുൻപേ സൂപ്പർഹിറ്റായി മാറുകയാണ് കിയ സെൽറ്റോസ്. കഴിഞ്ഞ മാസം 15 മുതൽ 23000 പ്രീബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചു എന്നാണ് കിയ പറയുന്നത്. ഹ്യുണ്ടേയിയുടെ സഹസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ സെൽറ്റോസ് ഈ 22നാണ് അരങ്ങേറ്റം കുറിക്കുന്നത്. വില പ്രഖ്യാപിച്ചാൽ ബുക്കിങ് ഇനിയും ഉയരും എന്നാണ് കിയ പ്രതീക്ഷിക്കുന്നത്.

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ സ്ഥാപിച്ച ശാലയിൽ കിയ മോട്ടോഴ്സ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു. ആഭ്യന്തര വിപണിക്കു പുറമേ മധ്യപൂർവ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കിയ മോട്ടോഴ്സ് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. സെൽറ്റോസുമായി പ്രവർത്തനം ആരംഭിച്ച ശേഷം അടുത്ത രണ്ടു വർഷത്തിനകം നാലു മോഡലുകൾ കൂടി ഈ ശാലയിൽ നിർമിക്കാനും കിയയ്ക്കു പദ്ധതിയുണ്ട്.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്6) നിലവാരം പുലർത്തുന്ന മൂന്നു എൻജിനുകളോടെയാവും സെൽറ്റോസിന്റെ വരവ്. 1.5 ലീറ്റർ ശേഷിയുള്ള പെട്രോൾ, ഡീസൽ എൻജിനുകൾ 115 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുമ്പോൾ കാറിലെ 1.4 ലീറ്റർ, ടർബോ പെട്രോൾ എൻജിന് 140 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും സെൽറ്റോസ് വിൽപ്പനയ്ക്കുണ്ടാവും. 1.5 ലീറ്റർ പെട്രോൾ എൻജിനൊപ്പം സി വി ടി ഗീയർബോക്സും 1.5 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് ടോർക് കൺവർട്ടറുമാവും ട്രാൻസ്മിഷൻ; അതേസമയം 1.4 ലീറ്റർ ടർബോ പെട്രോളിനു കൂട്ടാവുക ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സാവും. ഇന്ത്യയിൽ ഹ്യുണ്ടേയ് ക്രേറ്റയ്ക്കു പുറമെ എംജി ഹെക്ടർ, ടാറ്റ ഹാരിയർ തുടങ്ങിയവയോടും ഏറ്റുമുട്ടുന്ന സെൽറ്റോസിന്റെ വില 11 മുതൽ 17 ലക്ഷം രൂപ വരെയാവുമെന്നാണു പ്രതീക്ഷ.



Related News


Special Story