Newage News
04 Apr 2021
പുതിയ സാമ്പത്തിക വർഷത്തിന്റെ വരവോടെ ഏത് വാഹനം സ്വന്തമാക്കണേലും ചെലുകൂടും. ഇൻപുട്ട് ചെലവിലെ ഗണ്യമായ വർധനവ് നികത്തുന്നതിനായി വാഹന നിർമാണ കമ്പനികളെല്ലാം തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കുകയാണ്. കെടിഎമ്മും ഹസ്ഖ്വർണയും തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുകയാണിപ്പോൾ. എന്നിരുന്നാലും 10,000 രൂപയിൽ താഴെയാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത് എന്ന കാര്യം സ്വാഗതാർഹമാണ്. നേരത്തെ 2021 ജനുവരിയിലും ബ്രാൻഡുകൾ വിലകൾ പുതുക്കിയിരുന്നു. ചില കെടിഎം, ഹസ്ഖ്വർണ ബൈക്കുകൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 14,000 മുതൽ 18,000 രൂപ വരെ വില വർധനവ് നടപ്പിലാക്കിയിരുന്നു. പുതിയ വില പരിഷ്ക്കാരത്തിൽ കെടിഎമ്മിന്റെ എൻട്രി ലെവൽ മോഡലായ 125 ഡ്യൂക്കിന് 10,214 രൂപ വർധിച്ച് 1.60 ലക്ഷം രൂപയായി എക്സ്ഷോറൂം വില. അതേസമയം ആർസി125 മോഡലിന് 9,114 രൂപ കൂടി 1.70 ലക്ഷം രൂപയായി വില. 1.78,960 രൂപയായിരുന്ന ഡ്യൂക്ക് 200 പതിപ്പിനായി ഇനി മുതൽ 1.83,328 രൂപ മുടക്കേണ്ടി വരും. ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ എത്തുന്ന കരുത്തനായ 250 ഡ്യൂക്കിന് 7,422 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇനി മുതൽ 2,21,632 രൂപയാകും ബൈക്കിന്റെ എക്സ്ഷോറൂം വില. ഡ്യൂക്ക് 390 2,75,925 രൂപയാണ് മുടക്കേണ്ടത്. അതായത് 9,305 രൂപ ഈ മോഡലിന് വർധിച്ചുവെന്ന് സാരം. ആർസി390 സ്പോർട്സ് ബൈക്കിന് 2,56,920 രൂപയിൽ നിന്ന് 8,977 രൂപ കൂടി 2,65,897 രൂപയായി വില. അഡ്വഞ്ചർ പതിപ്പായ കെടിഎം 250 അഡ്വഞ്ചറിന് ഇനി മുതൽ 2.54 രൂപ മുടക്കേണ്ടി വരുമ്പോൾ ഉയർന്ന 390 അഡ്വഞ്ചർ ബൈക്കിന് 3.16 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകണം. ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബ്രാൻഡായ ഹസ്ഖ്വർണയ്ക്ക് നിലവിൽ ഇന്ത്യയിൽ രണ്ട് 250 സിസി ബൈക്കുകളാണുള്ളത്. അതിൽ സ്വാർട്ട്പിലനും വിറ്റ്പിലനും ഉൾപ്പെടുന്നു. ഹസ്ഖ്വർണ സ്വാർട്ട്പിലന് 1,99,296 രൂപയാണ് എക്സ്ഷോറൂം വില. കഴിഞ്ഞ നവംബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 14,336 രൂപയാണ് ഈ മോഡലിന് വർധിച്ചിരിക്കുന്നത്. മറുവശത്ത് ഹസ്ഖ്വർണ വിറ്റിപിലൻ 250 മോഡലിന് 1,98,669 രൂപയാണ് ഇനി മുടക്കേണ്ടി വരിക. 2020 നവംബറിലെ വിലയുമായി താരതമ്യം ചെയ്താൽ 13,709 രൂപയാണ് അധികം മുടക്കേണ്ടി വരിക.