Newage News
27 Nov 2020
മുംബൈ: ലക്ഷ്മി വിലാസ് ബാങ്ക്- ഡിബിഎസ് ബാങ്ക് ഇന്ത്യ ലയനം ഇന്ന് നടപ്പിലാവും. ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ അക്കൗണ്ടില്‍ നിന്ന് 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കപ്പെടുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇരു ബാങ്കുകളുടെയും ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെയാണ് ആര്‍ബിഐ പത്രക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഡിസംബര്‍ 17ഓടെ ലയനം സാധ്യമാകുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.
ഇന്ന് മുതല്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ എല്ലാ ശാഖകളും ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റേതായി മാറും. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഇടപാടുകാര്‍ക്ക് എക്കൗണ്ടുകള്‍ ഡിബിഎസ് ബാങ്കിന്റെ പേരില്‍ തുടരാം. നേരത്തെ ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കിയിരുന്നു.
ലയനത്തോടെ ഡിബിഎസ് ബാങ്ക് ഇന്ത്യ 2500 കോടി രൂപ ലക്ഷ്മിവിലാസ് ബാങ്കില്‍ മൂലധന നിക്ഷേപം നടത്തും. നിലവില്‍ 33 ശാഖകളുള്ള ബാങ്കിന് ലയനത്തോടെ 600 ശാഖകളായി ഉയരും. ലയനം സംബന്ധിച്ച് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബുധനാഴ്ച ലക്ഷ്മിവിലാസ് ബാങ്കിന്റെ ഓഹരി വില ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ 4.8 ശതമാനം ഉയര്‍ന്നിരുന്നു.