ECONOMY

മദ്യ കമ്പനികൾ ഉത്പാദനം വെട്ടിക്കുറച്ചു; ജനപ്രിയ ബ്രാൻഡുകൾക്ക് സംസ്ഥാനത്ത് ക്ഷാമം

25 Sep 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം:വിദേശമദ്യം ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (ഇ.എൻ.എ) വില കുത്തനെ ഉയർന്നതോടെ കമ്പനികൾ ജനപ്രിയ ബ്രാൻഡുകളുടെ ഉത്പാദനം വെട്ടിച്ചുരുക്കി. ചില്ലറ വില്പനശാലകളിൽ ഇവയ്‌ക്ക് കടുത്ത ക്ഷാമവും തുടങ്ങി.

സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന റമ്മിന്റെ ചില ഇനങ്ങളും വില കുറഞ്ഞ ബ്രാണ്ടിയുമാണ് കിട്ടാതായത്. ഇവയുടെ സ്ഥാനത്ത് പുതിയ ചില ഇനങ്ങൾ അവതരിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര 'ഗുണനിലവാര'മില്ലെന്നാണ് മദ്യപരുടെ പരാതി.

മദ്യ കമ്പനികൾ ഉത്പാദനം ഗണ്യമായി കുറച്ചതോടെ ബിവറേജസ് വെയർഹൗസുകളിൽ വേണ്ടത്ര സ്റ്രോക്ക് എത്താതായി. ഏറ്റവും വിലകുറഞ്ഞ എവരിഡെ ഗോൾഡ്,സെലിബ്രേഷൻ, ഓൾഡ്പോർട്ട്, ഓൾഡ് പേൾ, എം.സി .വി.എസ്.ഒ.പി ബ്രാണ്ടി, സീസർ തുടങ്ങിയ ബ്രാൻഡുകൾക്കാണ് ഓണക്കാലത്ത് ഏറ്റവും ക്ഷാമം നേരിട്ടത്.

സർക്കാർ ഉടമസ്ഥതയിലുള്ള മദ്യനിർമ്മാണ കമ്പനിയായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന്റെ ഉത്പന്നമായ ജവാൻ റമ്മിനും കടുത്ത ക്ഷാമമാണ്. സാധാരണക്കാരുടെ പ്രിയപ്പെട്ട മദ്യമായ ജവാന്റെ വില ലിറ്ററിന് 15 മുതൽ 20 രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയത്. ട്രാവൻകൂർ ഷുഗേഴ്സിന് 48 രൂപയ്ക്ക് കിട്ടിയിരുന്ന ഇ.എൻ.എ ഇപ്പോൾ വാങ്ങുന്നത് 63 രൂപയ്ക്. ഒരു കെയ്സ് മദ്യത്തിന്റെ ഉത്പാദന ചിലവിൽ 60 രൂപയുടെ വർദ്ധനയാണ് ഇ.എൻ.എയുടെ വിലവർദ്ധനവോടെ ഉണ്ടാവുന്നത്.ബെവ്കോയക്ക് വിതരണം ചെയ്യുന്ന മദ്യത്തിന് വില വർദ്ധിപ്പിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുകയും ബെവ്കോ ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്തെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് പ്രധാന കമ്പനികൾ സപ്ളൈ കുറച്ചത്.

കർണാടകത്തിൽ നിന്നാണ് മുമ്പ് ഇ.എൻ.എ അധികവും വന്നിരുന്നത്. എന്നാൽ അവിടെ നിന്നുള്ള വരവ് കുറഞ്ഞു. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇപ്പോൾ ഇ.എൻ.എ എത്തുന്നത്. വില കൂടാൻ കാരണവും ഇതു തന്നെ.

ബെവ്കോയുടെ 23 വെയർഹൗസുകളിൽ നിന്നാണ് സംസ്ഥാനത്തെ ചില്ലറവില്പന ശാലകൾക്കും ബാറുകൾക്കും മദ്യം നൽകുന്നത്.ഈ വെയർഹൗസുകളിലേക്ക് മദ്യമെത്തിക്കാൻ പ്രതിദിനം 250 നും 300നും ഇടയ്ക്ക് പെർമിറ്റുകളാണ് (ഒരു പെർമിറ്റെന്നാൽ ഒരു ലോഡ്) ബെവ്കോ നൽകുക.ഇപ്പോൾ ഇത് 200 ആയി കുറഞ്ഞിട്ടുണ്ട്.


നാട്ടുകാർക്ക് ഇഷ്ടം ജവാനെ, പക്ഷെ കാണാനില്ല

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ നിർമ്മിക്കുന്ന ജവാൻ റം തിരുവനന്തപുരം, കൊല്ലം ജില്ലകളിലും വടക്കൻ ജില്ലകളിലും ആവശ്യത്തിന് കിട്ടുന്നില്ല. സ്റ്റോക്ക് എത്തിയാൽ വേഗത്തിൽ തീരും. വിലക്കുറവും വീര്യം കൂടുതലുമാണ് ജവാനെ പ്രിയങ്കരമാക്കുന്നത്. 6000 കെയ്സാണ് പ്രതിദിന ഉത്പാദനം. മാസം 1.5 ലക്ഷം കെയ്സും.തൊട്ടടുത്ത ജില്ലകളിലാണ് അധികവും ഇത് എത്തുന്നത്. മദ്യം വെയർഹൗസിൽ എത്തിക്കുന്ന ചിലവ് കമ്പനിയാണ് വഹിക്കേണ്ടത്. ദൂരെ ജില്ലകളിലേക്ക് കൊണ്ടുപോകാൻ കമ്പനി താത്പര്യം കാട്ടാത്തതിന് ഇതും കാരണമാണ്. ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ് മാനേജ്മെന്റ്.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി