FINANCE

മാന്ദ്യവും വായ്പകളുടെ തിരിച്ചടവു മുടക്കവും കടുത്ത സമ്മർദ്ദം സൃഷ്ടിച്ചേക്കും; ലോക് ഡൗൺ ഷോക്കിൽ ബാങ്കിങ് മേഖല നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്

Newage News

22 May 2020

കൊച്ചി: ലോക്ഡൗൺ മൂലം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുള്ള മാന്ദ്യവും വായ്പകളുടെ തിരിച്ചടവു മുടക്കവും ബാങ്കിങ് മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്കു നയിച്ചേക്കുമെന്ന് ആശങ്ക. കിട്ടാക്കടത്തിൽ നിന്നു കരകയറാൻ തുടങ്ങിയിരുന്ന ബാങ്കിങ് വ്യവസായം നിലയില്ലാക്കയത്തിലേക്കു വീഴാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ 24ലെ കണക്കനുസരിച്ചു രാജ്യത്തെ മൊത്തം ബാങ്ക് വായ്പ 102.69 ലക്ഷം കോടി രൂപയാണ്. ഈ വായ്പകളിൽ നല്ല പങ്കിന്റെയും തിരിച്ചടവു നീണ്ടുപോയേക്കും എന്നാണു ബാങ്കർമാരിൽ നിന്നു ലഭിക്കുന്ന സൂചനകൾ. ചില വായ്പകൾ തിരിച്ചടയ്ക്കപ്പെടാതെ പോകാനുള്ള സാധ്യതയുമുണ്ട്.

മൊത്തം ബാങ്ക് വായ്പയുടെ 11 – 11.5 ശതമാനമെങ്കിലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കിട്ടാക്കടമായി മാറിയേക്കും എന്നാണു റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ അനുമാനം.

രാജ്യത്തെ മൊത്തം ബാങ്ക് വായ്പ ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കു പ്രകാരം 100.7 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 72 ലക്ഷം കോടി രൂപയും നൽകിയിട്ടുള്ളതു നിലവിൽ റെഡ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലകളിലാണെന്നു റേറ്റിങ് ഏജൻസിയായ കെയർ റേറ്റിങ്സ് റിപ്പോർട്ട് ചെയ്യുന്നു. അതായത്, മൊത്തം വായ്പയുടെ 72 ശതമാനത്തിന്റെയും തിരിച്ചടവു സംബന്ധിച്ച് ഉറപ്പില്ലാത്ത അവസ്ഥ.

റെഡ് സോണുകളിൽ നൽകിയിട്ടുള്ള വായ്പകളുടെ 41 ശതമാനവും കോവിഡ് 19 ഏറ്റവും രൂക്ഷമായിട്ടുള്ള മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്. കേരളം ഉൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിൽ ഇത് 24%. ഓറഞ്ച് സോണുകളിൽ ഏറ്റവും കൂടുതൽ ബാങ്ക് വായ്പ നൽകിയിട്ടുള്ളതു തെക്കൻ സംസ്ഥാനങ്ങളിലാണ്: 43%.

കിട്ടാക്കടം വർധിക്കുന്നതിനു പ്രധാനമായും ഇടയാക്കിയതു കോർപറേറ്റുകളാണെന്നു വന്നതോടെ അടുത്ത കാലത്തായി ബാങ്കുകൾ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) ങ്ങൾക്കും വ്യക്തികൾക്കും മറ്റും വായ്പ നൽകുന്നതിലാണ് ഉത്സാഹം കാട്ടിയിരുന്നത്. ബാങ്കുകളുടെ ലോൺ ബുക്കിലെ ‘കോർപറേറ്റ് പോർട്ഫോളിയോ’യുടെ വിഹിതം കുറയുകയും ‘റീട്ടെയ്ൽ പോർട്ഫോളിയോ’ മെച്ചപ്പെടുകയും ചെയ്തത് അങ്ങനെയാണ്. ലോക്ഡൗൺ ഏറ്റവും വലിയ ആഘാതമായത് എംഎസ്എംഇകൾക്കും വ്യക്തികൾക്കും ആയതിനാൽ അതിന്റെ പ്രത്യാഘാതവും  ബാങ്കുകൾക്കു നേരിടേണ്ടിവരുന്നു.

ഉൽപാദന വർധന ലക്ഷ്യമിട്ട് ഉപഭോഗത്തിന് ഉത്തേജനം നൽകുന്ന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ലെങ്കിൽ ബാങ്കിങ് വ്യവസായത്തിനു നേരിടേണ്ടിവരിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ആയിരിക്കുമെന്നു നിരീക്ഷകർ കരുതുന്നു. നിക്ഷേപകർക്കു വിശ്വാസം നഷ്ടപ്പെട്ടാൽ മൂലധന സമാഹരണത്തിനു വിപണിയെ ആശ്രയിക്കാൻ പോലും ബാങ്കുകൾക്കു കഴിയാതാകും. നിക്ഷേപകരുടെ വിശ്വാസത്തകർച്ച ഇപ്പോൾത്തന്നെ ബാങ്ക് ഓഹരികളുടെ വിലകളിൽ പ്രതിഫലിക്കുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story