Newage News
06 Feb 2021
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി ഡോ.രാജേഷ് നായർ ബെംഗളൂരു ആസ്ഥാനമായി ആരംഭിച്ച ‘ഇൻഡിജീൻ’ എന്ന ഫാർമ ടെക് കമ്പനിയിൽ 1,500 കോടി രൂപയുടെ വമ്പൻ നിക്ഷേപം. യുഎസിലെ പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ കാർലൈൽ ഗ്രൂപ്പും ബ്രൈറ്റൺ പാർക്ക് ക്യാപ്പിറ്റലുമാണു നിക്ഷേപം നടത്തിയത്. എത്ര ശതമാനം ഓഹരിയാണു വാങ്ങിയതെന്നു പുറത്തുവിട്ടിട്ടില്ല.
മരുന്നു കമ്പനികൾക്ക് ക്ലിനിക്കൽ ട്രയലുകൾക്കു ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവ ഉപയോഗിച്ചു ഡേറ്റ ഷീറ്റ് എളുപ്പത്തിൽ തയാറാക്കി റഗുലേറ്ററി സ്ഥാപനങ്ങൾക്കു നൽകാൻ സഹായിക്കുകയാണ് ഇൻഡിജീനിന്റെ പ്രധാന ദൗത്യം. ഇതുമൂലം ക്ലിനിക്കൽ ട്രയലിൽ കാലതാമസമുണ്ടാകില്ല. ഇതിനു പുറമേ മരുന്നു വിപണനവുമായി ബന്ധപ്പെട്ടു ഡോക്ടർമാർക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നൽകേണ്ട ഉള്ളടക്കം തയാറാക്കുകയും ചെയ്യുന്നു. ലോകത്തെ 20 മുൻനിര ബയോഫാർമ കമ്പനികളിൽ 18 എണ്ണവും ഇൻഡിജീനിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്.
തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെയും ഗവ.ആർട്സ് കോളജിലെയും വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1993 ൽ എംബിബിഎസ് പൂർത്തിയാക്കി. തുടർന്ന് അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് എംബിഎ എടുത്തു. 1998 ലാണ് രാജേഷ് 4 സുഹൃത്തുക്കളുമായി ചേർന്ന് ഇൻഡിജീൻ ആരംഭിച്ചത്. ഇൻഫോസിസ് സഹസ്ഥാപകനായ എൻ.എസ്.രാഘവൻ തുടക്കത്തിൽ ഇൻഡിജീനിലെ നിക്ഷേപകനായിരുന്നു. യുഎസ്, യൂറോപ്പ്, ചൈന, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ഓഫിസുകളിലായി 3,000 ജീവനക്കാരുണ്ട്. യുഎസിലും യൂറോപ്പിലുമുള്ള ഒട്ടേറെ ഹെൽത്ത് ടെക് കമ്പനികൾ ഇൻഡിജീൻ ഏറ്റെടുക്കുകയും ചെയ്തു.