AUTO

മാരുതി ഡീസൽ കാറുകൾക്ക് 5 വർഷമോ ഒരു ലക്ഷം കിലോമീറ്ററോ നീളുന്ന വാറന്റി

22 Aug 2019

ന്യൂഏജ് ന്യൂസ്, ഡീസൽ എൻജിനുള്ള കാറുകൾക്ക് അഞ്ചു വർഷമോ ഒരു ലക്ഷം കിലോമീറ്ററോ നീളുന്ന  സമഗ്ര വാറന്റി വാഗ്ദാനം ചെയ്തു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ജനപ്രിയ മോഡലുകളായ സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ എന്നിവയ്ക്കൊപ്പം എസ്‌യുവിയായ എസ് ക്രോസിനും ഈ ആനുകൂല്യം ലഭ്യമാണ്. രാജ്യത്തെ 1,893 നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഡീലർഷിപ്പുകൾ വഴി ഈ ദീർഘിപ്പിച്ച വാറന്റി സ്വന്തമാക്കാമെന്നും മാരുതി സുസുക്കി അറിയിച്ചു. ഈ നാലു മോഡലുകളിലായി മൊത്തം 29 ലക്ഷം കാറുകൾ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണു കമ്പനിയുടെ കണക്ക്. 

മാരുതി സുസുക്കിയുടെ മാത്രമല്ല ഇന്ത്യൻ വാഹന ലോകത്തിന്റെ തന്നെ പരിവർത്തനത്തിൽ നിർണായക പങ്കു വഹിച്ച മോഡലുകളാണ് ഡിസയർ, എസ് ക്രോസ്, സ്വിഫ്റ്റ്, വിറ്റാര ബ്രെസ എന്നിവയെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. പ്രകടനമികവിന്റെ പേരിൽ ഈ ബ്രാൻഡുകളെ വാഹന ഉടമസ്ഥർ മാത്രമല്ല വിമർശകരും ഇഷ്ടപ്പെട്ടു പോകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ വാഹനങ്ങളുടെ ഉടമസ്ഥരോടും ആരാധകരോടുമുള്ള നന്ദിയുടെ സൂചകമായിട്ടാണ് ഇവയ്ക്ക് അഞ്ചു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്ററോളം നീളുന്ന വാറന്റി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ആവശ്യം വരുന്ന പക്ഷം വിവിധ യന്ത്രഭാഗങ്ങൾ മാറ്റി നൽകുമെന്ന വാഗ്ദാനത്തോടെയാണു മാരുതി സുസുക്കി അഞ്ചു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റി അവതരിപ്പിച്ചിരിക്കുന്നത്. ഹൈ പ്രഷർ പമ്പ്, കംപ്രസർ, ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂൾ(ഇസിഎം), ടർബോചാർജർ അസംബ്ലി എന്നിവയ്ക്കൊപ്പം എൻജിനിലെയെും ട്രാൻസ്മിഷനിലെയും തന്ത്രപ്രധാന ഭാഗങ്ങൾക്കും ദീർഘിപ്പിച്ച വാറന്റിയുടെ പരിരക്ഷ ലഭിക്കും. കൂടാതെ സ്റ്റീയറിങ് അസംബ്ലിയും സസ്പെൻഷൻ സ്ട്രട്സും വാറന്റി പരിധിയിൽപെടുമെന്നും മാരിതി സുസുക്കി വ്യക്തമാക്കി.



Related News


Special Story