AUTO

സുരക്ഷ വർധിപ്പിച്ച് ഓൾട്ടോ കെ 10‌; വിലയിലും വർദ്ധനവ്, പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലായി

13 Apr 2019

ന്യൂഏജ് ന്യൂസ്, ഹാച്ച്ബാക്കായ ഓൾട്ടോ കെ 10 കാറിന്റെ സുരക്ഷ മെച്ചപ്പെടുത്തിയെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇതോടെ കാറിന്റെ ഡൽഹി, രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലെ ഷോറൂം വിലയിൽ 23,000 രൂപയുടെ വർധനയുണ്ടെന്നും കമ്പനി അറിയിച്ചു. 

ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി) സഹിതം ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്), റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലർട്ട് സംവിധാനം, ഡ്രൈവർ — കോ ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയൊക്കെ മാരുതി സുസുക്കി ‘ഓൾട്ടോ കെ 10’ കാറിൽ ലഭ്യമാക്കിയിട്ടുണ്ട്. പരിഷ്കരിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന പുതിയ കാറുകളിൽ ഇവയൊക്കെ നിർബന്ധമാക്കിയിട്ടുണ്ട്.

സുരക്ഷ മെച്ചപ്പെടുത്താൻ ഏർപ്പെടുത്തിയ പുതിയ സംവിധാനങ്ങളുടെ ഫലമായി ‘ഓൾട്ടോ കെ 10’ വകഭേദങ്ങളുടെ ഡൽഹി, എൻ സി ആർ മേഖലയിലെ ഷോറൂം വില 3,65,843 രൂപ മുതൽ 4,44,777 രൂപ വരെയായി ഉയർന്നിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ വിലയാവട്ടെ 3,75,843 രൂപ മുതൽ 4,54,777 രൂപ വരെയുമായി. മൊത്തത്തിൽ 15,000 മുതൽ 23,000 രൂപയുടെ വരെ വില വർധനയാണ് ‘ഓൾട്ടോ കെ 10’ മോഡലുകളിൽ പ്രാബല്യത്തിലെത്തിയത്. പുതിയ വില വ്യാഴാഴ്ച മുതൽ നിലവിൽ വന്നതായും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി.



Related News


Special Story