Newage News
17 Nov 2020
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുകി ഓൺലൈൻ ചാനൽ വഴി വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകൾ. രണ്ട് വർഷം മുൻപാണ് കമ്പനി ഓൺലൈൻ വഴി വിൽപ്പന ആരംഭിച്ചത്. ഇപ്പോൾ രാജ്യത്തെ ആയിരത്തിലേറെ ഡീലർഷിപ്പുകൾ ഓൺലൈൻ വിൽപ്പനയുടെ ഭാഗമാണ്.
2019 ഏപ്രിൽ മുതൽ ഇതുവരെ രണ്ട് ലക്ഷത്തിലേറെ കാറുകൾ വിൽക്കാനായെന്നാണ് കമ്പനി പറയുന്നത്. 21 ലക്ഷം പേർ ഇതിനോടകം ഡിജിറ്റൽ ചാനൽ വഴി കാറുകളുടെ വിവരങ്ങൾ തേടി ബന്ധപ്പെട്ടുവെന്നും കമ്പനി പറയുന്നു.
ഡിജിറ്റൽ ചാനൽ വഴി ബന്ധപ്പെട്ട് കാറുകളെ കുറിച്ച് ചോദിക്കുന്ന ഉപഭോക്താക്കൾ പത്ത് ദിവസത്തിനുള്ളിൽ കാർ വാങ്ങുന്നതായി കമ്പനി കണ്ടെത്തി. മാരുതി ഓൺലൈൻ ബുക്കിങ് ആരംഭിച്ചത് 2017ലാണ്. ഉപഭോക്താക്കൾ ഓൺലൈൻ ചാനലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെയാണ് വിൽപ്പനയും ഉയർന്നത്. കാറുകളെ കുറിച്ച് അറിയാൻ ഡിജിറ്റൽ സങ്കേതം വഴി ബന്ധപ്പെടുന്നവരുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനവുണ്ടായി.