Newage News
02 Dec 2020
കഴിഞ്ഞ കുറച്ചു മാസങ്ങളായി വിൽപ്പനയിൽ ഗംഭീര പ്രകടനമാണ് മാരുതി സുസുക്കി കാഴ്ച്ചവെക്കുന്നത്. നവംബറിലും അതേ മികവ് നിലനിർത്താനും കമ്പനിക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയമാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി 2020 നവംബർ മാസത്തിൽ മൊത്തം 1,53,223 യൂണിറ്റുകളുടെ വിൽപ്പനയാണ് കൈപ്പിടിയിലാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 1,50,630 യൂണിറ്റുകളെ അപേക്ഷിച്ച് 1.7 ശതമാനം വർധനവ് നേടാനും ബ്രാൻഡിന് സാധിച്ചുട്ടുണ്ട്. ആഭ്യന്തര വിൽപ്പനയിൽ 1,38,956 യൂണിറ്റ് കാറുകൾ നിരത്തിലെത്തിച്ചപ്പോൾ ടൊയോട്ടയ്ക്ക് അർബൻ ക്രൂയിസർ, ഗ്ലാൻസ മോഡലുകളുടെ മൊത്തം 5,263 യൂണിറ്റുകളും കൈമാറ്റം ചെയ്യപ്പെട്ടു. അതേസമയം കഴിഞ്ഞ മാസത്തെ കയറ്റുമതി വെറും 9,000 യൂണിറ്റുകൾ മാത്രമായിരുന്നു. വിൽപ്പനയുടെ പ്രധാന ഭാഗം തീർച്ചയായും എൻട്രി ലെവൽ ഹാച്ച്ബാക്കുകളായ ആൾട്ടോ, സ്വിഫ്റ്റ്, വാഗൺ ആർ എന്നിവയിൽ നിന്നാണ്. ആൾട്ടോ, എസ്-പ്രെസോ എന്നിവയുടെ സംയുക്ത വിൽപ്പന കഴിഞ്ഞ മാസം 22,339 യൂണിറ്റായിരുന്നു. 2019 ൽ ഇതേ കാലയളവിൽ 26,306 യൂണിറ്റായിരുന്നു. അതായത് ഈ മോഡലുകളുടെ വാർഷിക വിൽപ്പനയിൽ 15.1 ശതമാനം വർധനവാണ് മാരുതിയ്ക്ക് ലഭിച്ചത്. വാഗൺആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ ഉൾക്കൊള്ളുന്ന കോംപാക്ട് ക്ലാസ് 2020 നവംബറിൽ മൊത്തം 76,630 യൂണിറ്റുകളാണി നിരത്തിലെത്തിച്ചത്.
ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം വിറ്റ 78,013 യൂണിറ്റുകളിൽ നിന്ന് 1.8 ശതമാനം വിൽപ്പന ഇടിവാണിത് എന്നത് ശ്രദ്ധേയമാണ്. അതേസമയം വളരെക്കാലത്തിനുശേഷം സിയാസ് മിഡ്-സൈസ് സെഡാൻ കഴിഞ്ഞ മാസം നല്ല വിൽപ്പന കമ്പനിക്ക് നേടിക്കൊടുത്തു. ഇത്തവണ കാറിന്റെ 1,870 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2019-ൽ ഇത് 1,448 യൂണിറ്റുകളായിരുന്നു. അതായത് സിയാസിന്റെ വിൽപ്പനയിൽ 29.1 ശതമാനം വർധനവ് നേടിയെടുക്കാൻ മാരുതിക്കായെന്ന് സാരം. എർട്ടിഗ, വിറ്റാര ബ്രെസ, XL6, എസ്-ക്രോസ് എന്നിവ ഉൾപ്പെടുന്ന പാസഞ്ചർ യൂട്ടിലിറ്റി നിരയിൽ മാരുതി സുസുക്കി 23,753 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. 2019 നവംബറിൽ ഇത് 23,204 യൂണിറ്റായിരുന്നു. ഈ ശ്രേണിയിൽ 2.4 ശതമാനം വിൽപ്പന വളർച്ചയാണ് ബ്രാൻഡ് കൈവരിച്ചത്. ഇനി വാണിജ്യ ആവശ്യങ്ങൾക്കായി കൂടുതൽ വിൽക്കുന്ന ഈക്കോയുടെ 11,183 യൂണിറ്റാണ് മാരുതിക്ക് വിൽക്കാനായത്. പന്ത്രണ്ട് മാസം മുമ്പ് മോഡലിന്റെ 10,162 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. സൂപ്പർ കാരി എൽസിവിയുടെ 3,181 യൂണിറ്റുകൾ കഴിഞ്ഞ മാസം രാജ്യത്തുടനീളം ഇറങ്ങി എന്നതും ശ്രദ്ധേമായ നേട്ടമാണ്.