AUTO

നെക്സയുടെ സാന്നിധ്യം വിപുലീകരിക്കാൻ മാരുതി സുസുക്കി ഇന്ത്യ; ഇനി രാജ്യവ്യാപകമായി പ്രീമിയം ഡീലർഷിപ് ശൃംഖലയുടെ സഞ്ചരിക്കുന്ന ഷോറൂമുകളും

08 Jun 2019

ന്യൂഏജ് ന്യൂസ്, പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സയുടെ സാന്നിധ്യം വിപുലീകരിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു പദ്ധതി. നിലവിൽ ‘നെക്സ’യുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങൾക്കായി സഞ്ചരിക്കുന്ന ഷോറൂം സജ്ജീകരിക്കാനാണു മാരുതി സുസുക്കി ഒരുങ്ങുന്നത്. ‘മൊബൈൽ നെക്സ ടെർമിനൽ’ വഴി രാജ്യവ്യാപകമായി തന്നെ പ്രീമിയം സേവനം ലഭ്യമാക്കുകയാണു കമ്പനിയുടെ പദ്ധതി.

നിലവിൽ ‘നെക്സ’ ഡീലർഷിപ്പുകൾ തുറന്നിട്ടില്ലാത്ത മേഖലകളിലാവും മാരുതി സുസുക്കി ‘മൊബൈൽ നെക്സ ടെർമിനൽ’ വിന്യസിക്കുക. ഇത്തരം സഞ്ചരിക്കുന്ന ഷോറൂമുകളിലും ‘നെക്സ’ ഡീലർഷിപ്പിനു സമാനമായ സേവനം ഉറപ്പാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. നിലവിൽ മാരുതി സുസുക്കിയുടെ വാഹന വിൽപ്പനയുടെ അഞ്ചിലൊന്നോളമാണു ‘നെക്സ’ ഷോറൂമുകളുടെ സംഭാവന. ക്രോസോവറായ ‘എസ് ക്രോസ്’, പ്രീമിയം ഹാച്ച്ബാക്കുകളായ ‘ബലേനൊ’, ‘ഇഗ്നിസ്’, സെഡാനായ ‘സിയാസ്’ തുടങ്ങിയവയാണു  മാരുതി സുസുക്കി ‘നെക്സ’ വഴി വിൽപ്പനയ്ക്കെത്തിക്കുന്നത്. 

പ്രീമിയം മോഡലുകളുടെ വിപണനത്തിനായി 2015ലായിരുന്നു  മാരുതി സുസുക്കി ‘നെക്സ’ ഡീലർഷിപ് ശൃംഖലയ്ക്കു തുടക്കമിട്ടത്. നിലവിൽ രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി 360 ‘നെക്സ’ ഷോറൂമുകളാണു പ്രവർത്തിക്കുന്നത്. നിലവിലുള്ള ‘നെക്സ’ ഡീലർഷിപ്പുകളിൽ ഏറിയ പങ്കും മെട്രോകളിലും വൻനഗരങ്ങളിലുമാണെന്ന സാഹചര്യത്തിലാണ് ഇടത്തരം, ചെറുകിട പട്ടണങ്ങളിലേക്കും മികച്ച സേവനം ലഭ്യമാക്കാൻ മാരുതി സുസുക്കി ‘മൊബൈൽ നെക്സ ടെർമിനൽ’ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ‘നെക്സ’ നിലവാരത്തിലുള്ള മികച്ച സേവനം ഉറപ്പാകുന്നതോടെ ചെറുകിട പട്ടണങ്ങളിൽ നിന്ന് കൂടുതൽ ഉപയോക്താക്കളെ കണ്ടെത്താനാവുമെന്നും മാരുതി സുസുക്കി കരുതുന്നു. പോരെങ്കിൽ സഞ്ചരിക്കുന്ന ‘നെക്സ’ ഡീലർഷിപ്പുകൾ സ്ഥാപിക്കാൻ താരതമ്യേന ചെലവ് കുറവാണെന്ന നേട്ടവുമുണ്ട്.

പ്രവർത്തനം ആരംഭിച്ചു വെറും നാലു വർഷത്തിനകം ഇന്ത്യയിലെ ഏറ്റവും വിജയകരമായ പ്രീമിയം ഡീലർഷിപ് ശൃംഖലയായി മാറാൻ ‘നെക്സ’യ്ക്കു സാധിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ചുരുങ്ങിയ കാലത്തിനിടെ 360 ഷോറൂമുകളുമായി 200 നഗരങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനും ഒൻപതു ലക്ഷത്തിലേറെ ഉപയോക്താക്കളെ കണ്ടെത്താനും ‘നെക്സ’യ്ക്കായി. കമ്പനിയുടെ വാർഷിക വിൽപ്പനയിൽ 20 ശതമാനത്തോളം നേടിത്തരാനും ‘നെക്സ’യ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.



Related News


Special Story