AUTO

ഇന്ത്യൻ വിപണി പിടിക്കാൻ എംജി; ഇലക്ട്രിക് എസ്‌യുവി ഈ വർഷം അവസാനം

15 Mar 2019

ന്യൂഏജ് ന്യൂസ്, തിരഞ്ഞൈടുത്ത ഇന്ത്യൻ നഗരങ്ങളിൽ വൈദ്യുത എസ് യു വി അവതരിപ്പിക്കാൻ ചൈനീസ് വാഹന നിർമാതാക്കളായ സായ്ക് മോട്ടോർ കോർപറേഷന്റെ ഉപസ്ഥാപനമായ എം ജി മോട്ടോർ ഇന്ത്യ ഒരുങ്ങുന്നു. അടുത്ത ഒൻപതു മാസത്തിനകം രണ്ടു വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് എം ജി മോട്ടോറിന്റെ പദ്ധതി:  സ്പോർട് യൂട്ടിലിറ്റി വാഹനമായ ഹെക്ടറും മറ്റൊരു വൈദ്യുത എസ് യു വിയും. ഇന്ത്യയിൽ ഓവർ ദ് എയർ(ഒ ടി എ) സാങ്കേതികവിദ്യയുടെ പിൻബലമുള്ള വാഹനങ്ങളാണു വിൽക്കുകയെന്നും കമ്പനി വ്യക്തമാക്കുന്നു. 

ഇക്കൊല്ലം അവസാനിക്കും മുമ്പു തന്നെ പൂർണതോതിലുള്ള വൈദ്യുത എസ് യു വി അവതരിപ്പിക്കുമെന്ന് എം ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫിസർ ഗൗരവ് ഗുപ്ത അറിയിച്ചു. തുടക്കത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിലാവും ഈ എസ് യു വി വിൽപ്പനയ്ക്കെത്തുക. വാഹനം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചെങ്കിലും ഒറ്റ ചാർജിൽ 250 കിലോമീറ്റർ പിന്നിടാൻ ഈ എസ് യു വിക്കു കഴിയുമെന്ന് ഗുപ്ത അവകാശപ്പെട്ടു. 

യു  എസ് നിർമാതാക്കളായ ടെസ്‌ല കഴിഞ്ഞാൽ ഒ ടി എ സാങ്കേതികവിദ്യ എം ജി മോട്ടോറിനു മാത്രമാണുള്ളതെന്നും ഗുപ്ത വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിലുള്ള കാറുകളിലൊന്നും ഈ സാങ്കേതികവിദ്യ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഒ ടി എ സാങ്കേതികവിദ്യയുടെ വരവ് ഗതാഗത രംഗത്തു വിപ്ലവകരമായ മാറ്റത്തിനു വഴി തെളിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

വാഹനങ്ങളിലെ ഓപ്പറേറ്റിങ് സംവിധാനത്തിൽ നിരന്തര പരിഷ്കാരം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഒ ടി എ; കാറിലെ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിലടക്കം പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഈ സാങ്കേതികവിദ്യയ്ക്കു സാധിക്കും. വയർലെസ് കമ്യൂണിക്കേഷൻ സംവിധാനത്തിലൂടെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു വിവരങ്ങൾ സ്വീകരിക്കാനും കൈമാറാനുമുള്ള അവസരമാണ് ഒ ടി എ സാങ്കേതികവിദ്യ ഒരുക്കുന്നത്.

എം ജി മോട്ടോർ ഇന്ത്യയുടെ ആദ്യ മോഡലായ ഹെക്ടർ ജൂണോടെ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. ഗുജറാത്തിലെ ഹാലോളിലുള്ള നിർമാണശാലയിൽ ഹെക്ടറിന്റെ പരീക്ഷണ ഉൽപ്പാദനത്തിനും തുടക്കമായിട്ടുണ്ട്. തുടർന്നുള്ള ഓരോ വർഷവും ഓരോ പുതിയ മോഡൽ അവതരിപ്പിക്കാനാണ് എം ജി മോട്ടോറിന്റെ പദ്ധതി.



Related News


Special Story