Newage News
13 Jan 2021
മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സര്‍ഫേസ് പ്രോ 7 ലാപ്ടോപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. സര്‍ഫേസ് പ്രോ 7+ എന്ന പേരിലാണ് പുതിയ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഏറ്റവും 11th ജനറേഷന് ഇന്റല്‍ കോര്‍ പ്രോസസ്സറുമായിട്ടാണ് വിപണിയിലെത്തിയിരിക്കുന്നത്. 'പ്ലസ്' എന്നത് കൊണ്ട് സര്‍ഫേസ് പ്രോ 7 എന്ന കഴിഞ്ഞ വര്‍ഷത്തെ മോഡലിനെക്കാള്‍ മികച്ച മോഡല്‍ എന്ന് പറയാനാകില്ല. എല്‍ടിഇ കണക്ടിവിറ്റി സപ്പോര്‍ട്ടുള്ള ഈ ലാപ്ടടോപ്പില് സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാന്‍ സാധിക്കും. സിം കാര്‍ഡ് ഇട്ട് എല്‍ടിഇ ഉപയോഗിക്കുക എന്നത് ഒരു ഓപ്ഷണല്‍ വേരിയന്റിന്റെ മാത്രം സവിശേഷതയാണ്. ഈ സവിശേഷത ആവശ്യമില്ലെങ്കില്‍ ലൈനപ്പിലെ സ്റ്റാന്‍ഡേര്‍ഡ് ആയ വൈ-ഫൈ എഡിഷന് തിരഞ്ഞെടുക്കാം. സര്‍ഫേസ് പ്രോ 7+ അതിന്റെ 2019 മോഡലിനെക്കാള്‍ വലിയ മാറ്റങ്ങളില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈനിലും സാമ്യതകള്‍ ഏറെയാണ്. പോര്‍ട്ടുകളും ഡിസ്പ്ലേ ബെസലുകളും ഒന്നുതന്നെയാണ്. സര്‍ഫേസ് പ്രോ 7+ ലാപ്ടോപ്പില്‍ 5ജി സപ്പോര്‍ട്ട് ഇല്ല എന്നതാണ് മറ്റൊരു സുപ്രധാന കാര്യം. മൈക്രോസോഫ്റ്റ് ഈ ലാപ്ടോപ്പില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എക്സ്20 എല്‍ടിഇ മോഡമാണ് നല്‍കിയിട്ടുള്ളത്.
പുതിയ സര്‍ഫേസ് പ്രോ 7+ ലാപ്ടോപ്പ് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇന്റല്‍ കോര്‍ ഐ 3 പ്രോസസറുള്ള ബേസ് മോഡലിന് 899 ഡോളറാണ് വില. ഇത് ഏകദേശം 66,000 രൂപയോളം വരും. 1,149 ഡോളര്‍ മുതല്‍ വില ആരംഭിക്കുന്ന (ഏകദേശം 85,000 രൂപ) ഇന്റല്‍ കോര്‍ ഐ5 മോഡലിലാണ് വൈ-ഫൈ, എല്‍ടിഇ എഡിഷനുകള്‍ വരുന്നത്. 32 ജിബി വരെ റാം ഉള്ള ഇന്റല്‍ കോര്‍ ഐ7 വേരിയന്റിന് 2,799 ഡോളറാണ് വില. ഇത് ഏകദേശം 2 ലക്ഷം രൂപയോളമാണ്. സര്‍ഫേസ് പ്രോ 7+ ഇന്ത്യയിലെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല.11th ജനറേഷന് ഇന്റല്‍ കോര്‍ ചിപ്സെറ്റുകളാണ് പുതിയ സര്‍ഫേസ് പ്രോ 7+ന് കരുത്ത് നല്‍കുന്നത്. ലാപ്ടോപ്പ് കോര്‍ ഐ3, കോര്‍ ഐ5, കോര്‍ ഐ7 ഓപ്ഷനുകളില്‍ ലഭ്യമാകും. മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 7+ ന് 12.3 ഇഞ്ച് പിക്സല്‍സെന്‍സ് ഡിസ്പ്ലേയാണ് ഉള്ളത്. 2736ഃ1824 പിക്സല്‍ റെസലൂഷനും ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 2019ലെ സര്‍ഫേസ് പ്രോ 7ന്റെ അതേ ഡിസ്പ്ലേയാണ് ഇത്. സര്‍ഫേസ് പ്രോ 7+ ല്‍ 15 മണിക്കൂര്‍ ബാറ്ററി ലൈഫ് നല്‍കുന്നുണ്ട്. മുന്‍ മോഡലില്‍ ഇത് 10.5 മണിക്കൂര്‍ മാത്രമായിരുന്നു. പുതിയ ഇന്റല്‍ ചിപ്സെറ്റുകള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നതിന് ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. 50.4wh ശേഷിയുള്ള ബാറ്ററിയാണ് ഈ പുതിയ ലാപ്ടോപ്പില്‍ ഉള്ളത്. മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 7+ ലാപ്ടോപ്പില്‍ യുഎസ്ബി-സി പോര്‍ട്ട്, യുഎസ്ബി-എ പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ് ജാക്ക്, സര്‍ഫേസ് കണക്ട് പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. സര്‍ഫേസ് പ്രോ 7+ ന്റെ വൈ-ഫൈ വേരിയന്റുകളില്‍ മൈക്രോ എസ്ഡിഎക്സ്സി കാര്‍ഡ് റീഡറും ലഭിക്കും. എല്‍ടിഇ എഡിഷനില്‍ നാനോ സിം കാര്‍ഡുകള്‍ക്കായി ഒരു സ്ലോട്ട് നല്‍കിയിട്ടുണ്ട്. സര്‍ഫേസ് 2-ഇന്‍ -1 ല്‍ തണ്ടര്‍ബോള്‍ട്ട് കണക്റ്റിവിറ്റി ഇല്ല. എസ്എസ്ഡി സ്റ്റോറേജ് 1 ടിബി വരെയാണ്. 32 ജിബി വരെ റാമാണ് ഈ ലാപ്ടോപ്പുകളില് ഉള്ളത്. അമേരിക്ക അടക്കമുള്ള വിപണികളില്‍ ഈ ലാപ്ടോപ്പ് ജനുവരി 15ന് വില്‍പ്പനയ്ക്ക് എത്തും.