TECHNOLOGY

വിന്‍ഡോസ് 7നുള്ള ഫ്രീ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ മൈക്രോസോഫ്റ്റ് നിർത്തുന്നു; അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറുകളെ ബാധിച്ചേക്കാം

Newage News

14 Jan 2020

വിചിത്രമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ചരിത്രം. ചില പതിപ്പുകളെ ഉപയോക്താക്കള്‍ സ്‌നേഹം കൊണ്ടു പൊതിയും ചിലതിനെ വെറുപ്പുകൊണ്ടും. വിന്‍ഡോസ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട വേര്‍ഷനുകളിൽ ഒന്നായിരുന്നു വിന്‍ഡോസ് 7. ഈ വേര്‍ഷന്റെ ജനസമ്മതിയാണ്, തങ്ങളുടെ ഏറ്റവും പുതിയതും ആധുനികവുമായ വേര്‍ഷനായ വിന്‍ഡോസ് 10ന്റെ കുതിപ്പിനു തടയിടുന്നതെന്നാണ് മൈക്രോസോഫ്റ്റ് കരുതുന്നത്. ഇപ്പോള്‍ പോലും മൊത്തം വിന്‍ഡോസ് ഉപയോക്താക്കളില്‍ 42.8 ശതമാനം പേര്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെന്നാണ്. 2020 ജനുവരി 14ന് വിന്‍ഡോസ് 7നുള്ള ഫ്രീ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ മൈക്രോസോഫ്റ്റ് നിർത്തും. ഇതിനു മുൻപെ പുതിയ വേര്‍ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യണെന്നും മുന്നറിയിപ്പും ന‌ൽകിയിട്ടുണ്ട്.

ചരിത്രം

ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു വിന്‍ഡോസ് XP. അതീവ ലളിതവും വേണ്ടത്ര വേഗമുള്ളതുമായ ഈ ഒഎസിനെ വിട്ട്, പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ വിന്‍ഡോസ് വിസ്റ്റ എന്നൊരു വേര്‍ഷനുമായി എത്തി. ഏറ്റവും വെറുക്കപ്പെട്ട വിന്‍ഡോസ് വേര്‍ഷനുകളിലൊന്നായിരുന്നു വിസ്റ്റ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്തവരില്‍ മിക്കവരും തിരിച്ച് എക്‌സിപിയിലേക്കു പോയി. പിന്നീട് ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇറക്കിയ വേര്‍ഷനായിരുന്നു വിന്‍ഡോസ് 7. എക്‌സ്പിയുടെയത്ര ഉപയോഗ സുഖവും ലാളിത്യവും തോന്നിയില്ലെങ്കിലും ഉപയോക്താക്കള്‍ വിന്‍ഡോസ് 7ല്‍ എത്തി തമ്പടിച്ചു.

പിന്നീട് വിസ്റ്റ പോലെ മറ്റൊരു ദുരന്തമായി വിന്‍ഡോസ് 8 അവതരിച്ചു. ഇതിലേക്ക് അപ്‌ഗ്രേഡു ചെയ്തവരില്‍ മിക്കവരും അതിലും വേഗത്തില്‍ 7നിലേക്ക് തിരിച്ചു പോന്നു. അതിനുശേഷം വീണ്ടും വളരെ ശ്രദ്ധകൊടുത്തിറക്കിയ വേര്‍ഷനാണ് വിന്‍ഡോസ് 10. വിന്‍ഡോസ് 8നെക്കാള്‍ ഭേദമാണെങ്കിലും വിന്‍ഡോസ് 7ന്റെ ലാളിത്യം പുതിയ വേര്‍ഷനില്ല എന്നതിനാല്‍ ഉപയോക്താക്കള്‍ 10ലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ വിസമ്മതിച്ചു. വിന്‍ഡോസ് 10ല്‍ ഓടുന്ന പ്രധാന പ്രോഗ്രാമുകളെല്ലാം തന്നെ വിന്‍ഡോസ് 7ലും ഓടും, സ്ഥിരതയുമുണ്ട്. പിന്നെന്തിന് വലിച്ചുവാരിയിട്ടതു പോലെയുള്ള ഇന്റര്‍ഫെയ്‌സുള്ള വിന്‍ഡോസ് 10ലേക്ക് പോകണമെന്ന് പല ഉപയോക്താക്കളും ചോദിച്ചു. വിന്‍ഡോസ് 10ലേക്ക് ഫ്രീ ആയി അപ്‌ഗ്രേഡു ചെയ്‌തോളൂവെന്നു മൈക്രോസോഫ്റ്റ് പറഞ്ഞിട്ടും ആളുകള്‍ വിന്‍ഡോസ് 7നെ മുറുകെപ്പിടിച്ചു നിന്നു. വിന്‍ഡോസ് 7നുള്ള പിന്തുണ പിന്‍വലിക്കുമ്പോള്‍ വിന്‍ഡോസ് 10ല്‍ കൂടുതല്‍ ഉപയോക്താക്കളെ കിട്ടുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

എന്നാല്‍, വിന്‍ഡോസ് 7ന്റെ പിന്തുണ പിന്‍വലിക്കലില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഓരോ പുതിയ വേര്‍ഷന്‍ വിന്‍ഡോസിനും ഒരു നിശ്ചിത കാലാവധിയുണ്ട്. അതിനുശേഷം പിന്തുണ പിന്‍വലിക്കും. വിന്‍ഡോസ് 7ല്‍ ഇപ്പോള്‍ സുരക്ഷാ ആപ്‌ഡേറ്റുകള്‍ മാത്രമാണ് ലഭിക്കുന്നത്. അതുമൊരു കൊല്ലത്തിനുള്ളില്‍ പിന്‍വലിക്കും.

പാഠം

വിന്‍ഡോസിന്റെ ചരിത്രം, ടെക്‌നോളജി പ്രേമികള്‍ക്ക് ഒരു നല്ല പാഠമാണ്. പുറമെയുള്ള പുതുക്കലുകള്‍ വലിയ മേന്മകളൊന്നും കൊണ്ടുവരുന്നില്ല. ഇന്റര്‍ഫെയ്‌സിലും മറ്റുമുള്ള മാറ്റങ്ങളെയുള്ളൂ. സ്മാര്‍ട് ഫോണ്‍ പ്രേമികളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതു മനസ്സിലാക്കിയതിന്റെ ആഘാതം ആപ്പിളടക്കമുള്ള കമ്പനികള്‍ക്ക് ഏറ്റു കഴിഞ്ഞു. പലര്‍ക്കും ആവശ്യമുള്ള ഫീച്ചറുകളല്ല ഇപ്പോള്‍ സ്മാര്‍ട് ഫോണുകളിലും എത്തുന്നത്. അതുപോലെ, വര്‍ണാഭമായ വിന്‍ഡോസ് 10 പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്നവരെ ആകര്‍ഷിച്ചില്ല. എന്നാല്‍ ഒറിജിനല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അപ്‌ഗ്രേഡു ചെയ്യാതെ തരവുമില്ല.

കേരളത്തില്‍

ഇവിടെ ഇപ്പോഴും പൈറേറ്റഡ് വിന്‍ഡോസ് കൃഷി നിർലോഭം നടക്കുന്നുണ്ട്. പലരും വിന്‍ഡോസ് കാശുകൊടുത്തു വാങ്ങാതെ പകരം പൈറേറ്റഡ് വേര്‍ഷനില്‍ ഒരു ആന്റിവൈറസും ഇട്ടു പ്രവർത്തിപ്പിക്കുന്ന രീതി കാണാം. സെക്യുരിറ്റി അപ്‌ഡേറ്റ് പിന്‍വലിച്ചാലും സ്വകാര്യ വ്യക്തികള്‍ പൈറേറ്റഡ് വിന്‍ഡോസ് ഉപയോഗം തുടര്‍ന്നേക്കാം. എന്നാല്‍ കമ്പനികള്‍ക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. അല്ലെങ്കില്‍ വിന്‍ഡോസ് 7നുള്ള സുരക്ഷാ അപ്‌ഡേറ്റുകള്‍ മൂന്നു വര്‍ഷത്തേക്ക് കാശുകൊടുത്തു വാങ്ങാം.

7ന് വിട

നല്ല വിന്‍ഡോസ് പ്രോഗ്രാമുകളില്‍ ഒന്നായിരുന്ന വിന്‍ഡോസ് 7ന് ഉപയോഗിച്ചിട്ടുള്ളവരെല്ലാം അത് ഇഷ്ടപ്പെട്ടിട്ടുമുണ്ടാകും. എല്ലാ നല്ല കാര്യങ്ങളും ഒരിക്കല്‍ തീരും. വിട, പ്രിയപ്പെട്ട വിന്‍ഡോസ് 7.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ