AUTO

എംപിവി വിപണിയിലേക്കു വൈദ്യുത വാഹനമായ ട്രാവലർ അവതരിപ്പിച്ച് മിനി

10 Sep 2019

ന്യൂഏജ് ന്യൂസ്, വിവിധോദ്ദേശ്യ വാഹന(എംപിവി) വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ മിനി. വൈദ്യുത എംപിവിയായ ട്രാവലർ ബ്രാൻഡിന്റെ ഏറ്റവും പ്രായോഗിക കാറാവുമെന്നാണു മിനിയുടെ വാദം. ക്ലബ്മാനിലും കൺട്രിമാനിലുമുള്ളതിലേറെ സ്ഥലസൗകര്യവും അകത്തളത്തിലെ വൈവിധ്യവുമൊക്കെ ആഗ്രഹിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാവും മിനിയിൽ നിന്നുള്ള ഈ എം പി വിയുടെ വരവ്.

മാതൃസ്ഥാപനമായ ബി എം ഡബ്ല്യുവിന്റെ എഫ് എ എ ആർ പ്ലാറ്റ്ഫോമാവും ട്രാവലറിന്റെയും അടിത്തറ. ഈ ഡ്രൈവ് ട്രെയ്നിൽ ഫ്രണ്ട് വീൽ, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുകൾ സാധ്യമാണ്. പരമ്പരാഗത എൻജിനൊപ്പം പ്ലഗ് ഇൻ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് ഡ്രൈവ്ലൈൻ സാധ്യതകളുമുണ്ടാവും. അടുത്ത മാസം വിൽപ്പനയ്ക്കെത്തുന്ന ഫോക്‌സ്‌വാഗൻ ഐഡി  ത്രീയോടാവും ട്രാവലറിന്റെ പോരാട്ടം.വൈദ്യുത മോഡലിൽ മിനി എംപിവിക്ക് ബി എം ഡബ്ല്യു ഐ ത്രീയുടെ പിൻഗാമിയോടാവും സാദൃശ്യം. അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന കാറിന് ഓരോ ചാർജിലും 402 കിലോമീറ്റർ വരെ ഓടാനാവും.

ആഗോളതലത്തിൽ തന്നെ പ്രവർത്തനം പുനഃസംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണു മിനിയെന്നാണു സൂചന. ഭാവി മോഡലുകൾ എഫ്എഎആർ പ്ലാറ്റ്ഫോമിലെ ചൈനയിലെ ഗ്രേറ്റ്‍വാൾ മോട്ടോഴ്സുമായി സഹകരിച്ചു വികസിപ്പിക്കുന്ന പുതിയ എൻട്രി ലവൽ പ്ലാറ്റ്ഫോമിലോ ആയി പരിമിതപ്പെടുത്താനാണു നീക്കം. മിനിയുടെ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനൊപ്പം മോഡൽ ശ്രേണി വിപുലീകരിക്കാൻ ലക്ഷ്യമിട്ടുമുള്ള ഈ പുനഃക്രമീകരണ നീക്കം ബിഎംഡബ്ല്യു ചെയർമാൻ സ്ഥാനമൊഴിഞ്ഞ ഹരാൾഡ് ക്രൂഗറുടെ ആശയമായിരുന്നു. കൂടാതെ ഭാവിയിൽ മിനി ഉൽപ്പാദനം നെതർലൻഡ്സിലെ ബോൺ, ചൈനയിലെ ഷാങ്ജിയഗാങ്, യു കെയിലെ ഓക്സ്ഫഡ് എന്നീ മൂന്നു കേന്ദ്രങ്ങളിലായി പരിമിതപ്പെടുത്താനും നീക്കമുണ്ട്. . അതേസമയം, ഇന്ത്യയിലും മലേഷ്യയിലും തായ്‌ലൻഡിലും നിലവിലെ ഉപഗ്രഹ രീതിയിലുള്ള അസംബ്ലിങ് ശാലകൾ പ്രവർത്തനം തുടരും.

ഇപ്പോഴത്തെ ഹാച്ച്ബാക്കുകളായ ക്ലബ്മാൻ, കൺട്രി മാൻ എന്നിവയ്ക്കു പകരക്കാരായി രണ്ടു മോഡലുകളാണു മിനി വികസിപ്പിക്കുന്നത്; ഇവയിലൊന്നു റോക്കറ്റ് മാന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദന പതിപ്പാവും. സ്മാർട് ഫോർ ഫോറിനെ നേരിടാനെത്തുന്ന ഈ വൈദ്യുത കാറിന് അടിത്തറയാവുക ഗ്രേറ്റ്‌വാൾ മോട്ടോഴ്സിന്റെ എംഇ പ്ലാറ്റ്ഫോമാകും. ചൈന ആസ്ഥാനമായ സംയുക്ത സംരംഭമായ സ്പോട്ട് ലൈറ്റ് ഓട്ടമോട്ടീവാകും കാർ നിർമിക്കുക. മെഴ്സീഡിസ് ബെൻസ് ബി ക്ലാസിനോടും മറ്റും പോരാടുന്ന ട്രാവലർ ആവും മിനി ശ്രേണിയിലെ രണ്ടാമതു പുതു മോഡൽ. ബി എം ഡബ്ല്യുവിന്റെ ടു സീരിസ് ആക്ടീവ് ടൂറർ ശൈലിയിലാവും ഈ അഞ്ചു സീറ്റുള്ള കാറിന്റെ രൂപകൽപ്പന. 2023ൽ ഇവയും നിരത്തിലെത്തുന്നതോടെ വാർഷിക വിൽപ്പന 2018ൽ കൈവരിച്ച 3.61 ലക്ഷത്തിനും മുകളിലെത്തിക്കാനാവുമെന്നും കമ്പനി കരുതുന്നു. Related News


Special Story