09 Mar 2019
ന്യൂഏജ് ന്യൂസ്, മുംബൈ: രാജ്യത്ത് വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു. 2015 നും 2018 നും ഇടയില്‍ വായ്പയ്ക്ക് അപേക്ഷിച്ച് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ത്രീകളുടെ എണ്ണം 48 ശതമാനം വര്‍ധിച്ചപ്പോള്‍ പുരുഷന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന 35 ശതമാനം മാത്രമാണ്. രാജ്യത്തെ ആദ്യത്തെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയായ ട്രാന്‍സ് യൂണിയന് സിബില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുളളത്.
വായ്പയെടുത്ത സ്ത്രീകളില്‍ 66 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. തമിഴ്നാട്, കേരളം, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവയാണ് വായ്പയെടുക്കുന്ന സ്ത്രീകളുടെ കാര്യത്തില്‍ മുന്നിലുളളത്. 86 ലക്ഷം പുതിയ വായ്പ അക്കൗണ്ടുകളാണ് സ്ത്രീകള്‍ തുറന്നത്. ഇതില്‍ 56 ലക്ഷവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. സ്ത്രീകള്‍ക്കായി പുതിയ ബാങ്കിങ് ഉല്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹര്‍ഷാല ചന്തോര്ക്കര് അഭിപ്രായപ്പെട്ടു.
തമിഴ്നാട്ടില്‍ നിന്ന് 27 ശതമാനമായി യോഗ്യതയുളള വായ്പ അപേക്ഷരുടെ എണ്ണം കൂടിയപ്പോള്‍ കേരളത്തില്‍ നിന്ന് കൂടിയത് 13 ശതമാനമാണ്. ആന്ധ്രയില്‍ നിന്ന് 10 ശതമാനവും മഹാരാഷ്ട്രയില്‍ നിന്ന് ഒന്‍പത് ശതമാനവും കര്‍ണാടകയില്‍ നിന്ന് ഏഴ് ശതമാനവും കൂടി. വിതരണം ചെയ്ത വായ്പകളില്‍ സംരംഭക ലോണുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്ത്രീകള്‍ ഉടമസ്ഥരായ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ തോതില്‍ വായ്പ വിതരണം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.