Newage News
01 Dec 2020
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാമെന്ന നിയമ ഭേദഗതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡിജിറ്റല്‍ ബോര്‍ഡുകളില്‍ സ്ഥലവിവരങ്ങള്ക്കൊപ്പം പരസ്യവും ഉള്‍പ്പെടുത്തുന്നതില്‍ നിബന്ധനകളോടയാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം വന്നത്. ഇതോടെ പരസ്യത്തിലൂടെ വരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ബസ് ഉടമകള്‍. ജിയോ മാപ്പിങ് പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കെ.എസ്.ആര്.ടി.സി. ബസുകള്‍ക്കും ഇതൊരു വരുമാന മാര്‍ഗമാകും. 1500 രൂപ കൊടുത്ത് രജിസ്ട്രേഷന് നടത്തണം.
73 സെന്റിമീറ്റര്‍ നീളവും 43 സെന്റിമീറ്റര്‍ നീളവും ബോര്ഡിനാകാം. ബോര്‍ഡ് സ്ഥാപിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലാവരുതെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്കുന്ന ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളയില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കൂടാതെ പരസ്യങ്ങള്‍ ഒരു മിനിറ്റും 20 സെക്കന്‍ഡിലും കൂടാന്‍ പാടില്ല. ബസുകളില്‍ 50 ഡെസിബെലില്‍ കൂടുതല്‍ ശബ്ദം പാടില്ലായെന്നും പരസ്യങ്ങളില്‍ സ്ത്രീവിരുദ്ധതയും വര്‍ഗീയ പരാമര്‍ശങ്ങളും പാടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.