CORPORATE

മുത്തൂറ്റിലെ സിഐടിയു സമരം 50 ദിനങ്ങള്‍ പിന്നിട്ടു; കീഴടങ്ങാതെ മാനേജ്‌മെന്റും ഭൂരിഭാഗം തൊഴിലാളികളും, ആത്മവിശ്വാസം ചോരുമ്പോഴും പിടിവാശിയില്‍ ഉറച്ച് സമരക്കാര്‍

09 Oct 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സമരം 50 ദിവസം പിന്നിട്ടു. സംസ്ഥാനത്തെ ഭൂരിഭാഗം മുത്തൂറ്റ് ശാഖകളും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയപ്പോഴും ചെറിയൊരു വിഭാഗം ജീവനക്കാർ ഇപ്പോഴും സമരം തുടരുകയാണ്. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടായിട്ടില്ല എന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന പരാതി. എന്നാൽ സമരം അനിശ്ചിതമായി നീളുന്നതോടെ സമരപക്ഷത്ത് നിന്ന് ജീവനക്കാരുടെ വലിയതോതിലുള്ള കൊഴിഞ്ഞുപോക്കുമുണ്ട്. ഇത് സമരക്കാരെ സമ്മർദ്ദത്തിലാക്കുന്നു. മാനേജ്‌മെന്റും ജീവനക്കാരുമായുള്ള പ്രശ്‌ന പരിഹാരത്തിന് പലതവണ മധ്യസ്ഥചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഈ ചര്‍ച്ചകളൊന്നും സമവായത്തിലെത്തിയിരുന്നില്ല. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ വട്ടചര്‍ച്ചയും ഒത്തു തീര്‍പ്പാകാതെ പിരിഞ്ഞു.

മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലും സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃതത്തിലും നടന്ന ഒത്തു തീര്‍പ്പു ചര്‍ച്ചകളും സമരക്കാരുടെ പിടി വാശി കാരണം ഒത്തു തീര്‍പ്പാകാതെ പിരിയുകയായിരുന്നു. വ്യാഴാഴ്ച കൊച്ചിയില്‍ വീണ്ടും സമരക്കാരും മാനേജ്‌മെന്റുമായി ചര്‍ച്ച നടക്കുന്നുണ്ട്.

തൊഴിലാളികളുടെ പിന്തുണയില്ലാതെ യൂണിയന്‍ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, നിലവില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ യൂണിയന്‍ അംഗങ്ങളായ 300 പേര്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നുമാണ് മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജിന്റെ നിലപാട്. 20 ശതമാനം ആളുകള്‍ എങ്കിലും യൂണിയനില്‍ ഉണ്ടാവണം. മുത്തൂറ്റിലെ 35,000ത്തോളം ജീവനക്കാരില്‍ 7000 പേരെങ്കിലും യൂണിയനില്‍ ചേരണം. അല്ലാത്ത സാഹചര്യത്തില്‍ യൂണിയന്‍ പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നിലവിലെ നിയമപ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മുത്തൂറ്റ് മാനേജ്‌മന്റ് നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ സമരം ഏത് വിധേനയും അവസാനിപ്പിക്കണമെന്ന ആവശ്യം ജീവനക്കാർക്കിടയിൽ നിന്ന് തന്നെ ഉയരുന്നത് സമരക്കാരെ പ്രതിരോധത്തിലാക്കുന്നു. പൊതുസമൂഹത്തിൽ സമരത്തിനെതിരെ വലിയ അവമതിപ്പുണ്ടായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് സൂചന.



Related News


Special Story