BANKING

കുറഞ്ഞ മാസ ശമ്പളം 18000 രൂപയെന്ന സുപ്രധാന ആവശ്യം സർക്കാർ ഉത്തരവിറങ്ങുന്ന ഉടൻ നടപ്പാക്കാമെന്ന് തൊഴിൽ മന്ത്രിയുടെ മധ്യസ്ഥ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ്; ചർച്ച പരാജയപ്പെട്ടത്  മാനേജ്‌മെന്റ് മുന്നോട്ട് വച്ച അഞ്ച് നിർദ്ദേശങ്ങൾ അവഗണിച്ച് സിഐടിയു പിന്മാറിയതിനാൽ

19 Sep 2019

ന്യൂഏജ് ന്യൂസ്,  തിരുവനന്തപുരം: തൊഴിൽ മന്ത്രിയുടെ മധ്യസ്ഥതയിൽ മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റും സമരക്കാരും തമ്മിൽ നടന്ന ഒത്തുതീർപ്പ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത് സിഐടിയുവിന്റെ പിന്മാറ്റം മൂലമാണെന്ന് വ്യക്തമായി. സമരം കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കാത്തവിധം ക്രമപ്പെടുത്താൻ മുത്തൂറ്റ് മാനേജ്‌മെന്റ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാതെ  ഇടതുസംഘടന ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. സമരക്കാരുയർത്തുന്ന ന്യായമായ ആവശ്യങ്ങളെല്ലാം അനുഭാവപൂർവം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ മാനേജ്‌മെന്റ് പ്രധാനമായും അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചെന്നാണ് ലഭ്യമായ വിവരം.

ശമ്പള വർദ്ധനവിന് കമ്പനി പൂർണമായും തയാറാണെന്നും എന്നാൽ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളിലെ കുറഞ്ഞ മാസവേതനം 18000 രൂപയാക്കിക്കൊണ്ടുള്ള ശമ്പള പരിഷ്കരണ വിജ്ഞാപനം പുറത്തിറക്കണമെന്നും മാനേജ്‌മെന്റ് ആവശ്യമുന്നയിച്ചു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിക്കുന്ന അമ്പതോളം ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ സംസ്ഥാനത്തുള്ളപ്പോൾ ഇത്തരമൊരു ഇടപെടലിലൂടെ സർക്കാർ സുതാര്യത ഉറപ്പാക്കണമെന്ന അഭ്യർത്ഥനയാണ് മുത്തൂറ്റ് ഫിനാൻസ് മുന്നോട്ട് വച്ചത് .

മുത്തൂറ്റ് ഫിനാൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി ആയതുകൊണ്ട് തന്നെ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെടുന്ന ഡയറക്ടർ ബോർഡിന്റെ അനുമതി തേടേണ്ടതുണ്ട്. സേവനവേതന വ്യവസ്ഥകളിലെ ഗൗരവതരമായ പരിഷ്കാരങ്ങൾ ഡയറക്ടർ ബോർഡിനെയും ഷെയർ ഹോൾഡേഴ്‌സിനെയും വിശ്വാസത്തിലെടുത്തു കൊണ്ടാവും കമ്പനി നടപ്പാക്കുകയെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ബ്രാഞ്ചുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്താത്ത വിധം സമരം ക്രമപ്പെടുത്തണമെന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. തുടർച്ചയായ സമരങ്ങൾ മൂലം കമ്പനിയുടെ കേരളത്തിലെ ബിസിനസ് നാലര ശതമാനമായത് കഴിഞ്ഞ ഒരു മാസമായി തുടരുന്ന അനിശ്ചിത സമരത്തെ തുടർന്ന് മൂന്ന് ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. കേരളത്തിലെ ബിസിനസ് അപകടകരമായി കുറഞ്ഞ അവസരത്തിൽ ബ്രാഞ്ചുകൾ അടച്ചിട്ടുള്ള സമരം ഒഴിവാക്കണമെന്നായിരുന്നു  മാനേജ്‌മെന്റിന്റെ അഭ്യർത്ഥന.

ബ്രാഞ്ചുകൾ ഭീഷണിയിലൂടെയും ബലം പ്രയോഗിച്ചും അടപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമായിത്തന്നെ കണക്കാക്കണമെന്നും മാനേജ്‌മെന്റ് തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത സമരക്കാർ ബ്രാഞ്ചുകൾ അക്രമിക്കുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല. സമരം ചെയ്യാതെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അതിന് സാഹചര്യമുണ്ടാവണം.

ബാങ്കിതര ധനകാര്യമേഖലയിൽ മറ്റേതൊരു സ്ഥാപനത്തെക്കാളും മികച്ച സേവനവേതന വ്യവസ്ഥകൾ നടപ്പാക്കിയ കമ്പനിയായിട്ടും മുത്തൂറ്റ് ഫിനാൻസിനെ മാത്രം ലക്‌ഷ്യം വച്ചുള്ള അടച്ചുപൂട്ടൽ സമരം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്തരം സമരരീതിയിൽ നിന്ന് പിന്മാറാൻ സമരക്കാരോട് നിർദ്ദേശിക്കണമെന്നും മാനേജ്‌മെന്റ് ചർച്ചയിൽ ആവശ്യപ്പെട്ടു.

മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചർച്ചയിൽ മാനേജ്മെന്‍റ് പൂർണമായി സഹകരിച്ചില്ലെന്ന് തൊഴില്‍മന്ത്രി ടി. പി. രാമകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രശ്ന പരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. 

അതിനിടെ മുത്തൂറ്റ് ഫിനാൻസ് ശാഖകളിൽ ജോലിക്കെത്തുന്നവർക്കും ഇടപാടുകാർക്കും മതിയായ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് 10 ശാഖകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സമരം ചെയ്യുന്നവർക്ക് അതിനുള്ള അവകാശമുള്ളപ്പോഴും ജോലിക്കെത്തുന്നവരെ തടയാൻ പാടില്ലെന്നും ജോലിക്ക് ഹാജരാകാൻ തയ്യാറായി എത്തുന്നവർക്ക് മതിയായ സംരക്ഷണം നല്കണമെന്നുമായിരുന്നു നിർദ്ദേശം. സമരം തീർപ്പാക്കാനുള്ള ചർച്ചകളിൽ മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കുറഞ്ഞ മാസ ശമ്പളം 18000 രൂപയെന്ന സുപ്രധാന ആവശ്യം സർക്കാർ ഉത്തരവിറങ്ങുന്ന ഉടൻ നടപ്പാക്കാമെന്ന് തൊഴിൽ മന്ത്രിയുടെ മധ്യസ്ഥ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ്; ചർച്ച പരാജയപ്പെട്ടത്  മാനേജ്‌മെന്റ് മുന്നോട്ട് വച്ച അഞ്ച് നിർദ്ദേശങ്ങൾ അവഗണിച്ച് സിഐടിയു പിന്മാറിയതിനാൽ