FINANCE

കൂടുതൽ പലിശയും സുരക്ഷയും: നോൺ കൺവേർട്ടിബ്‌ൾ ഡിബഞ്ചറുകൾ വിപണിയിൽ പ്രിയങ്കരമാകുന്നു

Newage News

21 Jan 2020

ലിശയുടെ പടിയിറക്കം മൂലം ബാങ്ക് നിക്ഷേപം ഉൾപ്പെടെ പല മാർഗങ്ങളും അനാകർഷകമായിരിക്കെ താരതമ്യേന കൂടിയ നിരക്കിന് ആശ്രയിക്കാവുന്നവയാണു കമ്പനികളും ധനസ്‌ഥാപനങ്ങളും മറ്റും പുറപ്പെടുവിക്കുന്നതും ‘എൻസിഡി’ എന്ന ചുരുക്കെഴുത്തിലൂടെ അറിയപ്പെടുന്നതുമായ നോൺ കൺവേർട്ടിബ്‌ൾ ഡിബഞ്ചറുകൾ. ഡിബഞ്ചർ എന്നാൽ കടപ്പത്രം. ‘നോൺ കൺവേർട്ടിബ്‌ൾ’ എന്ന വിശേഷണം ഇത്തരം കടപ്പത്രങ്ങൾ ഓഹരികളാക്കി മാറ്റുന്നവയല്ലെന്നു വ്യക്‌തമാക്കാനാണ്.

നിക്ഷേപത്തുക പൂർണമായോ ഭാഗികമായോ ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങളുമുണ്ടെന്നതിനാലാണു നോൺ കൺവേർട്ടിബ്‌ൾ എന്ന് എടുത്തുപറയുന്നത്. കമ്പനികൾ എൻസിഡികൾ പുറപ്പെടുവിക്കുന്നതു മൂലധന സമാഹരണം ലക്ഷ്യമിട്ടാണ്. കടം എന്ന നിലയിലാണു നിക്ഷേപകനിൽനിന്നു കമ്പനി തുക കൈപ്പറ്റുന്നത്. ഇതിനുള്ള തെളിവായും മുതലും പലിശയും തിരികെ നൽകുന്നതാണ് എന്നതിനുള്ള ഉറപ്പായും അനുവദിക്കുന്ന രേഖയാണ് എൻസിഡി സർട്ടിഫിക്കറ്റ്. കടലാസ് രൂപത്തിലുള്ള സർട്ടിഫിക്കറ്റിനു പകരം ‘ഡീമാറ്റ്’ സർട്ടിഫിക്കറ്റുകൾ അനുവദിക്കാനാണ് ഇപ്പോൾ കമ്പനികൾക്കു പൊതുവേ താൽപര്യം.  അതായത്, ഇലക്‌ടോണിക് സംവിധാനത്തിലൂടെ നിക്ഷേപകന്റെ അക്കൗണ്ടിൽ സർട്ടിഫിക്കറ്റ് വരവുവയ്‌ക്കപ്പെടുന്നു.

സുരക്ഷിതം, അരക്ഷിതം

എൻസിഡികൾ സെക്വേർഡ്, നോൺ സെക്വേർഡ് എന്നിങ്ങനെ രണ്ടു തരം. സെക്വേർഡ് എൻസിഡികൾ സുരക്ഷിതമാണെന്നു പേരുകൊണ്ടുതന്നെ വ്യക്‌തം. നോൺ സെക്വേർഡ് എൻസിഡിയിൽ പണം നിക്ഷേപിച്ചാൽ കമ്പനി പ്രതിസന്ധിയിലായാൽ മുതലും പലിശയും കിട്ടാതായേക്കും.

പലിശ നിരക്ക്

പല കമ്പനികളും പല നിരക്കിലാണ് എൻസിഡികൾക്കുള്ള പലിശ വാഗ്‌ദാനം ചെയ്യുന്നത്.  പൊതുവേ എട്ടു ശതമാനത്തിലേറെയാണു നിരക്ക്. 12% വരെ വാഗ്‌ദാനം ചെയ്യുന്ന കമ്പനികളുണ്ട്. സെക്വേർഡ് എൻസിഡികൾക്കു പലിശ താരതമ്യേന കുറവായിരിക്കും. കുറഞ്ഞ നിക്ഷേപം, കാലയളവ് എന്നിവയും അതതു കമ്പനികൾ തീരുമാനിക്കുന്നതാണ്. മാസം തോറുമോ മൂന്നു മാസത്തിലൊരിക്കലോ വാർഷികാടിസ്‌ഥാനത്തിലോ കാലാവധി പൂർത്തിയാകുമ്പോഴോ പലിശ വേണ്ടതെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൊതുവേ നിക്ഷേപകനുള്ളതാണ്. മുതിർന്ന പൗരന്മാർക്കു പൊതുവേ കൂടിയ നിരക്കിൽ പലിശ നൽകാറുണ്ട്.

പ്രധാനം വിശ്വാസ്യത

പലിശ നിരക്കു മാത്രമായിരിക്കരുത് എൻസിഡികൾ തിരഞ്ഞെടുക്കുന്നതിന് ആധാരം. കമ്പനിയുടെ വിശ്വാസ്യത, പ്രവർത്തന പാരമ്പര്യം, മൂലധന പര്യാപ്‌തത, സാമ്പത്തിക ബാധ്യതകൾ തുടങ്ങിയവയൊക്കെ വിലയിരുത്തിയ ശേഷമേ എൻസിഡിയിൽ പണം നിക്ഷേപിക്കാവൂ. നിക്ഷേപ പദ്ധതിക്കു വിവിധ ഏജൻസികൾ നൽകിയിട്ടുള്ള ‘റേറ്റിങ്’  സുപ്രധാനമാണ്. ഉയർന്ന സുരക്ഷിതത്വം സൂചിപ്പിക്കുന്ന ‘ട്രിപ്പിൾ എ’ റേറ്റിങ്ങാണ് അഭികാമ്യം. ‘ഡബിൾ എ’  റേറ്റിങ് പോലുമില്ലെങ്കിൽ നിക്ഷേപം ഒഴിവാക്കുന്നതാണ് ഉചിതം. നിക്ഷേപം ഏത് ആവശ്യത്തിനെന്നും വിനിയോഗം എങ്ങനെയെന്നും ബോധ്യപ്പെടുകയും വേണം.

ക്രയവിക്രയ സൗകര്യം

കാലാവധിക്കു  മുമ്പു നിക്ഷേപം പിൻവലിക്കാൻ സാധ്യമല്ല. എന്നാൽ ഓഹരികളെന്നപോലെ വിപണിയിൽ ക്രയവിക്രയം ചെയ്യാവുന്നവയാണ് എൻസിഡികളും. ബ്രോക്കിങ് കമ്പനികളാണ് ഇതു സംബന്ധിച്ച സേവനങ്ങൾ നൽകുന്നത്. എൻസിഡികളിൽനിന്നുള്ള പലിശ വരുമാനം ആദായ നികുതിക്കു വിധേയമാണ്. വിൽപനയ്‌ക്കു  ഹ്രസ്വകാല / ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി ബാധകം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story