29 Jan 2019
ന്യൂഏജ് ന്യൂസ്
തിരുവനന്തപുരം: പ്രളയദുരിതത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വെച്ചുകൊടുക്കുന്ന വീടുകള്‍ മഴക്കാലത്തിന് മുമ്ബ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതോടൊപ്പം സ്വന്തമായി വീട് വെക്കുന്നവരുടെ നിര്‍മാണ പുരോഗതി വിലയിരുത്താനും പിണറായി വിജയന് നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രളയം കൂടുതലായി ബാധിച്ച വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഉജ്ജീവന സഹായ പദ്ധതി' സംബന്ധിച്ച് ബാങ്കുകള്‍ ഉന്നയിച്ച ആശങ്കകളില്‍ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളില്‍ ജില്ലാതലത്തില്‍ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
പദ്ധതിയിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കാനുളള തീയതി മാര്‍ച്ച് 31 വരെ നീട്ടാനും സാധ്യതയുണ്ട്. മുപ്പത് ശതമാനം മുതല്‍ 74 ശതമാനം വരെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം ഒറ്റഗഡുവായി നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കേണ്ട 804 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കാന്‍ അടിയന്തിര തുടര്‍നടപടി സ്വീകരിക്കാനും ധാരണയായി.