ECONOMY

പുതിയ തൊഴിൽ നിയമം പാർലമെന്റിൽ അവതരിപ്പിക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയായി; വ്യവസ്ഥകളിൽ വ്യാപക മാറ്റം, രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും കുറഞ്ഞ വേതനം നിർണയിക്കാനുള്ള അധികാരം ഇനി കേന്ദ്ര സർക്കാരിന്

16 Jul 2019

ന്യൂഏജ് ന്യൂസ്, തൊഴിൽ നിയമങ്ങളുടെ എണ്ണം കുറയ്ക്കുക, നിയമങ്ങൾ ലളിതവും യുക്തിസഹവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ കോഡ് ഓൺ വേജസ് പാർലമെൻറിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചു നിയമമാക്കി മാറ്റാനുള്ള പ്രാഥമിക നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ 1936ലെ പേയ്‌മെൻറ ് ഓഫ് വേജസ് ആക്ട്, 1948ലെ മിനിമം വേജസ് ആക്ട്, 1965ലെ ബോണസ് ആക്ട്, 1976ലെ ഈക്വൽ റെമ്യൂണറേഷൻ ആക്ട് എന്നിവ റദ്ദാക്കപ്പെടും.

രണ്ടാം ലേബർ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നടിലാക്കാൻ ഉദ്ദേശിക്കുന്ന നാല് ലേബർ കോഡുകളിൽ ഒന്നാണ് വേജ് കോഡ്. മിനിമം വേജസ് ആക്ടിനോടു ചേർന്നുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കു ചുരുങ്ങിയ വേതനം നിർണയിക്കാനുള്ള അധികാരമ‌േ ഇപ്പോൾ സർക്കാരുകൾക്കുള്ളൂ. എന്നാൽ പുതിയ കോഡിലെ വ്യവസ്ഥകളനുസരിച്ച് ഏതു മേഖലയിലെ തൊഴിലാളിക്കും കുറഞ്ഞ കൂലി ബാധകമാക്കാവുന്നതാണ്. രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും കുറഞ്ഞ വേതനം നിർണയിക്കാനുള്ള അധികാരം പുതിയ കോഡ് കേന്ദ്ര സർക്കാരിനു നൽകുന്നുണ്ട്. 

കേന്ദ്ര സർക്കാർ അപ്രകാരം നിർണയിക്കുന്ന ചുരുങ്ങിയ വേതനത്തെക്കാൾ കുറവുള്ള വേതനം സംസ്ഥാന സർക്കാരിനു നിർണയിക്കാവുന്നതല്ല.നിലവിലെ വ്യവസ്ഥകളനുസരിച്ച് 24,000 രൂപയിൽ കൂടുതൽ വേതനമുള്ള തൊഴിലാളികൾ പേയ്‌മെൻറ ് ഓഫ് വേജസ് ആക്ടിന്റെ പരിധിയിൽ വരില്ല. എന്നാൽ, പുതിയ കോഡിൽ തൊഴിലാളികൾക്ക് നിയമം ബാധകമാകുന്നതിനുള്ള ശമ്പള പരിധിതന്നെ എടുത്തുകളഞ്ഞിട്ടുള്ളതിനാൽ എല്ലാ തൊഴിലാളികളും നിയമത്തിന്റെ പരിധിയിൽ വരും. തൊഴിലാളികളുടെ വേതനം ബാങ്ക് വഴി മാത്രമേ നൽകാൻ പാടുള്ളൂ എന്ന് നിഷ്‌കർഷിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. 

ബോണസിന് അർഹത ലഭിക്കുന്നതിനുള്ള ശമ്പള പരിധിയും ബോണസ് കണക്കാക്കുന്നതിനുള്ള ശമ്പള പരിധിയും ഇനി മുതൽ അതത് സർക്കാരുകൾക്ക് നിശ്ചയിക്കാവുന്നതാണ്. ബേസിക്, ക്ഷാമബത്ത എന്നീ ഇനങ്ങളിൽ തൊഴിലാളികൾക്ക് നൽകിവരുന്ന തുകയെക്കാൾ കൂടുതൽ തുക മറ്റ് അലവൻസുകളായി നൽകുന്നുണ്ടെങ്കിൽ മൊത്തം ശമ്പളത്തിന്റെ പകുതിക്കുമേലെങ്കിലും ബോണസ് കണക്കാക്കേണ്ടതുണ്ട്.തൊഴിലാളികൾക്ക് മിനിമം വേജസ് നൽകിയിട്ടില്ല എന്നാരോപിച്ച് വേതന കുടിശികയ്ക്കായി ലേബർ ഓഫിസർമാരോ തൊഴിലാളികളോ ലേബർ കമ്മിഷണർ മുമ്പാകെ സമർപ്പിക്കുന്ന അവകാശ പത്രികയിൽ നിലവിലുള്ള വ്യവസ്ഥകളനുസരിച്ച് ആറുമാസത്തെ കുടിശിക മാത്രമേ ആവശ്യപ്പെടാൻ കഴിയുകയുള്ളൂ. 

എന്നാൽ പുതിയ കോഡനുസരിച്ച് 3 വർഷം വരെയുള്ള കുടിശിക ആവശ്യപ്പെടാവുന്നതാണ്. നിയമാനുസൃതം അർഹമായ ബോണസ്, വേതനം എന്നിവ കിട്ടിയില്ല എന്ന പരാതി തൊഴിലാളികളോ യൂണിയനോ ഉന്നയിച്ചാൽ ആ പരാതി ശരിയല്ലെങ്കിൽ അതു തെളിയിക്കാനുള്ള ബാധ്യത തൊഴിലുടമയ്ക്കായിരിക്കും എന്ന പുതിയ വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഈ കോഡിന്റെ സംഗ്രഹം, ഓരോവിഭാഗം ജീവനക്കാരുടെയും വേതന നിരക്കുകൾ, വേതന വിതരണ തീയതി, ബന്ധപ്പെട്ട ഇൻസ്‌പെക്ടറുടെ വിലാസം തുടങ്ങിയ വിവരങ്ങൾ തൊഴിലാളികളുടെ അറിവിലേക്കായി സ്ഥാപനത്തിന്റെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളിലുള്ള ഇൻസ്‌പെക്ടർ എന്ന സ്ഥാനപ്പേരിനു പകരം ഫെസിലിറ്റേറ്റർ എന്നാണ് തൊഴിൽ വകുപ്പു നിർദേശിച്ചിരുന്നത്. 

പക്ഷേ, തൊഴിലാളി പ്രതിനിധികളുടെ എതിർപ്പു കണക്കിലെടുത്ത് പാർലമെന്ററി സമിതി പരിശോധകന്റെ സ്ഥാനപ്പേര് ഇൻസ്‌പെക്ടർ എന്നു തന്നെയാക്കി മാറ്റാൻ ശുപാർശ ചെയ്തു.തൊഴിലുടമകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് 500 രൂപയാണ് നിലവിലുള്ള പിഴശിക്ഷ. അത് 50,000 രൂപയാക്കി ഉയർത്തണമെന്നാണ് കരടുബില്ലിൽ നിർദേശിച്ചിരുന്നത്. എന്നാൽ, അതു തീരെ അപര്യാപ്തമാണെന്നും നിയമം ലംഘിക്കുന്നതിൽനിന്നു തൊഴിലുടമകളെ തടയണമെങ്കിൽ പിഴ ശിക്ഷ ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ടെന്നും ഒരു ട്രേഡ്‌യൂണിയൻ പ്രതിനിധി കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. അതു കണക്കിലെടുത്ത സബ്കമ്മിറ്റി, പിഴശിക്ഷകൾ 10 ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. സബ്കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ സാധാരണ ഗതിയിൽ അതേപടി അംഗീകരിക്കാറുണ്ട്.വേജ് കോഡിലെ വ്യവസ്ഥകൾ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്ക് ബാധകമാകുകയില്ല എന്നു പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി