Newage News
19 Nov 2020
ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന എക്കാലത്തേയും ഏറ്റവും ശക്തമായ ഹുറാക്കൻ STO വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനി. 328,000 ഡോളറാണ് ഈ ലിമിറ്റഡ് എഡിഷൻ കാറിന്റെ വില. ലംബോർഗിനി സ്ക്വാഡ്ര കോഴ്സിന്റെ റേസിംഗ് പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഹുറാക്കൻ സൂപ്പർ ട്രോഫിയോ ഒമോലോഗാറ്റോ എന്ന STO മോഡൽ കമ്പനി നിർമിച്ചിരിക്കുന്നത്. ഒരു റേസ്കാർ ഡെറിവേറ്റീവ് ആയതിനാൽ തന്നെ ലംബോർഗിനി ഹുറാക്കൻ STO വളരെ വിപുലമായ എയറോഡൈനാമിക്സ്, അങ്ങേയറ്റത്തെ ലൈറ്റ്-വെയ്റ്റിംഗ് ടെക്നിക്കുകൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. എഞ്ചിൻ കൂളിംഗിനെ സഹായിക്കുമ്പോൾ ഡൗൺഫോഴ്സ് മെച്ചപ്പെടുത്തുന്നതിനായി ഹൂഡിലെ എയർ-സ്കൂപ്പുകൾ എഞ്ചിനീയറിംഗ് ചെയ്യുന്നതോടൊപ്പം ഫ്രണ്ട് സ്പ്ലിറ്റർ അണ്ടർബോഡി എയർ ഫ്ലോ ഒപ്റ്റിമൈസും ചെയ്യുന്നു. കൂടാതെ ഫ്രണ്ട്, റിയർ ബ്രേക്കുകൾ തണുപ്പിക്കാൻ സൂപ്പർകാർ അണ്ടർബോഡി എയർ ഇന്റേക്കുകളും നൽകിയിട്ടുണ്ട്. സൂപ്പർ കാറിന്റെ ഷാർപ്പ് ലുക്കിംഗ് ബോഡി പാനലുകൾ 75 ശതമാനവും കാർബൺ ഫൈബർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഇന്റീരിയറിലെ സംയോജിത വസ്തുക്കളുടെ ആധിപത്യവും വളരെ വ്യക്തമാണ്. റോഡ് ഉപയോഗത്തിനായി ഹുറാക്കൻ STO ഹോമോലോഗേറ്റ് ചെയ്തിട്ടുണ്ടെങ്കിലും വേഗതയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം.
സൂപ്പർകാർ പ്രത്യേക ഇന്റീരിയർ ട്രിം, ടൈറ്റാനിയം റോൾ ബാർ, നാല് പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ലാംബോ സൂപ്പർകാറിൽ പ്രവർത്തിക്കുന്നത് പരിചിതമായ 5.0 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിനാണ്. ഈ നാച്ചുറലി ആസ്പിറേറ്റഡ് V10 മോട്ടോർ 640 bhp കരുത്തിൽ 565 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. റിയർ വീലിലേക്ക് ജോടിക്കിയ ഡ്യുവൽ ക്ലച്ച് ഏഴ് സ്പീഡാണ് ഗിയർബോക്സ്. ഹുറാക്കൻ STO 3.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. 0-200 കിലോമീറ്റർ വേഗത 9.0 സെക്കൻഡിനുള്ളിൽ എത്തുമ്പോൾ പരമാവധി വേഗത 10 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. നൂതന F1-ബ്രെംബോ CCM-R (റേസിംഗ് ഫോർ കാർബൺ സെറാമിക്) ഡിസ്കുകളാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്ത് 390 mm ഡിസ്ക്കും പിന്നിൽ 360 mm ഡിസ്ക്കുമാണ് ലംബോർഗിനി ഉൾപ്പെടുത്തിയിരിക്കുന്നത്. വെറും 30 മീറ്ററിൽ 100 കിലോമീറ്റർ വേഗതയിൽ പോകുന്ന കാർ നിർത്താൻ കഴിയും, 200 കിലോമീറ്റർ വേഗത നിർത്താൻ 110 മീറ്റർ എടുക്കും. റിയർ വീൽ സ്റ്റിയറിംഗ്, എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.