ECONOMY

അതിവേഗ വളർച്ചയ്ക്കുള്ള 100 നിർദേശങ്ങളുമായി ന്യൂ ഏജ് ഇക്കണോമിക് സർവേ; കൃഷി, ആരോഗ്യം, മാനുഫാക്ച്ചറിങ്, വേസ്റ്റ് മാനേജ്‌മന്റ് എന്നിവക്ക് ഊന്നൽ വേണം; വൻകിട വ്യവസായങ്ങൾ വേണമെന്ന് വിലയിരുത്തൽ; ഭൂ നിയമങ്ങൾ മാറ്റണം, ലാൻഡ് ടാക്സ് ഉയർത്തണം, ബ്രാൻഡ് കേരള ശക്തിപ്പെടുത്തണം, സംരംഭകർക്കായി പ്രത്യേക ഫണ്ട് വേണം

Newage News

16 May 2020

കൊച്ചി: സംസ്ഥാനത്തിന്റെ അതിവേഗ വളർച്ചയ്ക്കുള്ള 100 നിർദേശങ്ങളുമായി ന്യൂ ഏജ് ഇക്കോണോമിക് സർവേ അവതരിപ്പിച്ചു. പോസ്റ്റ് കോവിഡ് ഇൻസൈറ്റ്സ് എന്ന പേരിൽ വ്യവസായികൾ, സാമ്പത്തിക വിദഗ്ധർ, അക്കാദമിക് പ്രമുഖർ, ബിസിനസ് ജേർണലിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ക്വാളിറ്റേറ്റിവ് അനാലിസിസ് സർവേ നടത്തിയത്. 22 മേഖലകളിൽ നിന്നുള്ള 100 നിർദേശങ്ങളാണ് സർവേയിലൂടെ സമാഹരിച്ചത്. കേരള മോഡലിന്റെ ഗുണ ദോഷങ്ങൾ, വികസനത്തിലെ പ്രധാന വെല്ലുവിളികൾ, ഉദിച്ചുയരുന്ന പുതിയ മേഖലകൾ, പുത്തൻ സാദ്ധ്യതകൾ, പെട്ടെന്ന് ബൂം ചെയ്യാവുന്ന രംഗങ്ങൾ എന്നിവ കണ്ടെത്താനും സർവേയിലൂടെ ശ്രമിച്ചു. കൃഷി, ആരോഗ്യം, മാനുഫാക്ച്ചറിങ്, വേസ്റ്റ് മാനേജ്‌മന്റ് എന്നിവക്ക് ഊന്നൽ വേണം എന്നതാണ് ഒരു പ്രധാന നിർദേശം. ഐടി, ടൂറിസം മാത്രം പോര വലിയ വ്യവസായങ്ങൾ കേരളത്തിൽ വരണമെന്നും കൂടുതൽ പേര് അഭിപ്രായപ്പെടുന്നു. കൃഷിയുടെ തിരിച്ചു വരവിന് ഭൂ നിയമങ്ങൾ മാറണം. സംരംഭകർക്ക് ധന ലഭ്യത ഉറപ്പു വരുത്തണം. ലാൻഡ്, പ്രോപ്പർട്ടി ടാക്‌സുകൾ ഉയർത്തി സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തണമെന്ന നിർദേശവും സാമ്പത്തിക വിദഗ്ധരിൽ നിന്നും ഉണ്ടായി. ലൈവ് വെബ് കാസ്റ്റിലൂടെയാണ് സർവേ വിശദാംശങ്ങൾ അവതരിപ്പിച്ചത്.  

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സ്പെഷ്യൽ സെക്രട്ടറിയും, സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുള്ള കമ്മിറ്റിയുടെ ചെയർമാനുമായ ഡോ. എംപി സുകുമാരൻ നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇക്കണോമിക് സ്ട്രാറ്റജിസ്റ്റ്  ഡോ. വികെ വിജയകുമാർ,  മാനേജ്‌മെന്റ് വിദഗ്ധൻ ഡോ. പികെ എബ്രഹാം, ഹൈകു ബിസിനസ് ചാനൽ എക്സിക്യൂട്ടീവ് എഡിറ്റർ രഞ്ജിനി ലിസ വർഗീസ് എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.

ന്യൂ ഏജ് ഇക്കണോമിക് സർവേയുടെ ഫലപ്രഖ്യാപന വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക

പ്രധാന നിർദേശങ്ങൾ ഇവയാണ്

കൃഷി 

കേരളത്തിന്റെ തനത് വിഭവങ്ങളിൽ അസാമാന്യ ഗവേഷണങ്ങൾ നടത്തണം. ഇന്നവേഷൻ കൊണ്ട് വരണം. വിപണി സാധ്യതകളിലും റിസർച്ച്  നടക്കേണ്ടതുണ്ട്. മരച്ചീനി മുതൽ കരിമണൽ വരെ, വെള്ളം മുതൽ കണ്ടൽ വരെ. കൃഷി ജീവനോപാധി എന്ന നിലയിൽ പരിവർത്തിതമാവുകയും പുതുതലമുറ അതിലേക്ക് എത്തുകയും വേണം. ഗ്രീൻ കോളർ ജോലി പുതിയ ട്രെൻഡ് ആയി മാറുന്ന നാളുകൾ വരണം.   

കേരളത്തിൻ്റെ തനത് ഭക്ഷണം സമ്പത്തായി കണക്കാക്കണം. കേരളത്തിന്റേത് മാത്രമായ ചിലതുണ്ട്. മൂല്യ വർധനവ് ആവശ്യമാണ്. ചക്ക, മാങ്ങ ഒക്കെ ഈ രീതിയിൽ ആലോചിക്കേണ്ടതാണ്. ഭക്ഷണത്തിന് ആഭ്യന്തര വിപണിയുമുണ്ട്. ഹോം മെയ്ഡ് ഭക്ഷണത്തിന് ഓൺ ലൈൻ വിതരണ സംവിധാനങ്ങളും ആലോചിക്കാം. 

ഇസ്രായേൽ മാതൃക ആണ് കൃഷിയിൽ ലോകോത്തരം. നമ്മൾ ഇത് വരെ അത് പ്രാവർത്തികമാക്കിയിട്ടില്ല. കേരളം പോലെ ഇത്ര ജനസാന്ദ്രത ഉള്ള ഒരിടത്ത് ഈ മാതൃക ഫലപ്രദമാകും. എത്രയും വേഗം ആ മോഡൽ പകർത്താൻ തയ്യാറാവണം.  

ആളുകൾ കൃഷിയിലിറങ്ങണമെങ്കിൽ അവർക്ക് ലാഭം കിട്ടണം. ഇപ്പോൾ ലാഭം കിട്ടുന്നത് ഇടനിലക്കാർക്കാണ്. ഓൺലൈൻ വിതരണ രീതി വ്യാപകമായാൽ കർഷകർക്ക് കൂടുതൽ പ്രതിഫലം കിട്ടും. ഒറ്റപ്പെട്ട നീക്കങ്ങൾ നടക്കുന്നുണ്ട്. ഇനിയത് വർധിക്കും. ലെയറുകൾ ഇല്ലാതാകും. സർക്കാർ സബ്‌സിഡി കൊണ്ടല്ല കർഷകർ നിലനിൽക്കേണ്ടത്.  

അഗ്രിക്കൾച്ചർ മൂല്യ വർധന ഇപ്പോഴും വളരെ പരിമിതമായ രീതിയിലാണ്. നീര പരാജയപ്പെട്ടു. കാരണം നീരക്ക് ഉല്പന്നമെന്ന നിലയിൽ മികവില്ലായിരുന്നു.  നൂതന രീതിയിൽ നീരയെ  അവതരിപ്പിക്കണം. കൊക്കോ ഷുഗർ ഡയബറ്റിക്ക് രോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്. സാങ്കേതിക വിദ്യ കോക്കനട്ട് ബോർഡിന്റെ പക്കലുണ്ട്. നാളികേരം മാത്രമെടുത്താൽ തന്നെ എത്ര തലത്തിലുള്ള മൂല്യ വർധന സാധ്യമാണ്.

കശുമാങ്ങയിൽ നിന്നും ഫെനി ഉണ്ടാക്കാൻ അനുമതി നൽകണം. ഇത്തരം കാര്യങ്ങളിൽ പൊതു അഭിപ്രായത്തിന് ഇനി കാത്തു നിൽക്കരുത്. പൈനാപ്പിൾ അങ്ങനെയൊരു സാധ്യത ഉള്ളതാണ്. 

വ്യവസായ ഇടനാഴി കണക്കെ കാർഷിക ഇടനാഴി കേരളത്തിന് വേണം. മുവാറ്റുപുഴ- മധുര ഇടനാഴി ആദ്യ ഘട്ടമായി പരിഗണിക്കാവുന്നതാണ്. അടിസ്ഥാന കൃഷി, പല തട്ടിലുള്ള മൂല്യ വർധന എന്നീ സംവിധാനങ്ങൾ ഈ ഇടനാഴിയിൽ ഒരുക്കണം.  

കൃഷി വിനോദമായി ഒതുങ്ങരുത്. വ്യവസായമായി പരിവർത്തനം ചെയ്യപ്പെടണം. ഓരോ കൃഷിയിടവും ഓരോ ഫാമുകളായി മാറണം. ഈ ഫാമുകൾ ഒരു സംരംഭം നടത്തുന്ന ചിട്ടയിൽ നടത്തുകയും വേണം. അങ്ങനെ വന്നാൽ യുവാക്കൾ കാർഷിക രംഗത്ത് വരും. 

കൃഷിയിലെ തൊഴിലുകൾ അനാകർഷകമാകാനുള്ള ഒരു കാരണം മെക്കനൈസേഷൻ്റെ  അഭാവമാണ്. തൊടിയിൽ പണിയെടുക്കാൻ മടിക്കുന്നവർ കൂടി ഫാമുകളിൽ പണിയെടുക്കാൻ താൽപര്യം കാട്ടും. ഫുഡ് പ്രോസസിംഗ് സെന്ററുകളിൽ പണിയെടുക്കുന്നതിൽ അവർക്ക് അഭിമാനക്കുറവില്ല. 

നെതർലാൻഡ്‌ മോഡൽ, കൃഷിയിൽ കേരളത്തിന് അനുകരിക്കാവുന്നതാണ്. വിള വിന്യാസം ശ്രദ്ധിക്കണം. കൃഷി ഭൂമി ഒരുമിച്ച് അല്ലാത്തത് കൊണ്ട് ഒരു തനത് രീതിയും രൂപപ്പെടുത്തി എടുക്കണം.

കൃഷി ആവശ്യങ്ങൾക്കായി പുരുഷ/സ്ത്രീ സ്വയം സഹായ സംഘങ്ങൾ ഉണ്ടാകണം, തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷി ഇറക്കാനുള്ള സംവിധാനം വ്യാപകമായി സൃഷ്ടിക്കപ്പെടണം

കൃഷി അധിഷ്ഠിത വ്യവസായങ്ങൾ- വൻകിട വ്യവസായങ്ങൾ തന്നെ- ഈ രംഗത്ത് വരണം. സഹകരണ മേഖല, പിപിപി മാതൃക എന്നിവ ആലോചിക്കാവുന്നതാണ്. 

50000 ഉത്പന്നങ്ങൾ വരെ റബ്ബർ കൊണ്ട് ഉണ്ടാക്കാം എന്നാണ് അന്താരാഷ്ട്ര റബർ മാനുവൽ പറയുന്നത്. നമ്മൾ 9 ഉത്പന്നങ്ങൾ പോലും ഉണ്ടാക്കുന്നില്ല. റബ്ബറിന് നല്ല വില കിട്ടണമെങ്കിൽ റബ്ബർ അധിഷ്ഠിത  വ്യവസായങ്ങൾ ഉണ്ടാകണം. ആ സാധ്യത ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ റബ്ബർ വസന്തം ഇരുൾ മൂടും. 

കാർഷിക മേഖലയെ കൃത്യമായി പ്രയോജനപ്പെടുത്താൻ സർക്കാർ തലത്തിൽ ഇ കൊമേഴ്സ് ഉപയോഗിക്കുക. ഇടനിലക്കാരെ ഒഴിവാക്കാം. വിഭവങ്ങൾ ഒന്നും പാഴാവില്ല.

ഭക്ഷണ കൂട്ടുകൾ ഇനി അടുക്കളയിലല്ല ലബോറട്ടറികളിൽ രൂപപ്പെടണം. ന്യൂട്രിഷ്യൻ മൂല്യം ഒക്കെ ഓരോ കോമ്പിനേഷനിലും പ്രധാനമാണ്. ഭക്ഷ്യോത്പന്ന മേഖലയിൽ നല്ല ഗവേഷണങ്ങൾ നടക്കണം.

വ്യവസായം 

കരിമണൽ 3 ലക്ഷം കോടിയുടെ അധിക വരുമാനം കേരളത്തിന് നൽകും. കൃത്യമായ പഠനങ്ങൾ ആവശ്യമുണ്ട്. പക്ഷെ ഈ ധാതു സമ്പത്തിനെ ഒഴുക്കി കളയരുത്. ഏത് മേഖലയിലായാലും കേരളം പ്രയോജനപ്പെടുത്തണം. അവിടെ നിന്ന് ആളുകളെ പുനരധിവസിപ്പിക്കേണ്ടി വരും. പക്ഷെ അവർക്കും ഓഹരി പങ്കാളിത്തം നൽകി ഈ മുന്നേറ്റത്തിന്റെ ഗുണഭോക്താക്കളാക്കണം.  

നമുക്ക് ടൂറിസവും ഐടിയും മതി, അത് മാത്രമേ ഇവിടെ സാധ്യമാകൂ എന്ന ധാരണ അസംബന്ധമാണ്. ഇവിടെ എല്ലാ വ്യവസായങ്ങളും വരണം. മാലിന്യം പോലുള്ള പ്രശ്നങ്ങൾ ഇപ്പോൾ സാങ്കേതിക വിദ്യ കൊണ്ട് പരിഹരിക്കാം. കൂടുതൽ  തൊഴിൽ ലഭ്യത അത് വഴി ഉറപ്പിക്കാം. 

വ്യവസായങ്ങൾക്ക് സ്ഥലം ഇല്ല എന്ന് പറയുന്നത് ശരി അല്ല . ആയിരക്കണക്കിന് ഏക്കർ ഭൂമി ഇവിടെ വെറുതെ കിടക്കുന്നു. പൂട്ടിപ്പോയ കമ്പനികളുടെ ഭൂമി തന്നെ എത്ര വരും?. ഒക്കെ വെറുതെ കിടക്കുന്നു. ഫാക്ട് പോലുള്ള കമ്പനികൾ അക്ഷരാർത്ഥത്തിൽ ഭൂമി ദുർവ്യയം ചെയ്യുകയാണ്. അത് പിടിച്ചെടുത്ത് വ്യാവസായികാവശ്യത്തിനായി ഉപയോഗിക്കണം. 

പല ഇൻഡസ്ട്രി പാർക്കുകളിലും ഇനി വ്യവസായങ്ങൾക്ക് കൊടുക്കാൻ സ്ഥലമില്ല. കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴിയിൽ ഇൻഡസ്ട്രിയൽ ഹബുകളും, പാർക്കുകളും, ക്ലസ്റ്ററുകളും വരുന്നുണ്ട്. അതും മതിയാവാതെ വരും. ഇൻഡസ്ട്രിയൽ പാർക്കുകൾക്കും, ക്ലസ്റ്ററുകൾക്കും കൂടുതൽ സ്ഥലം കണ്ടെത്തണം 

ബയോ, ഫാർമ, ലൈഫ് സയൻസ്, തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കണം. അതിന് ഒട്ടും തന്നെ കഴിഞ്ഞിട്ടില്ല. കേരളത്തിന് പറ്റിയ വ്യവസായങ്ങളാണ് ഇവ . ബയോ ടെക്‌നോളജിയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് സാധ്യത.

ആരോഗ്യം 

ആരോഗ്യ രംഗത്തടക്കം വിവര ശേഖരണവും വിശകലനവും നിയമവിധേയമായി, ഗൗരവത്തോടെ ചെയ്യണം. ആളുകൾക്ക് ഇക്കാര്യത്തിലുള്ള തെറ്റിദ്ധാരണ മാറണം. അതുകൊണ്ടുള്ള പ്രയോജനം മനസിലാക്കണം.

ഹെൽത്ത് ഇൻഷുറൻസ് , ലൈഫ് ഇൻഷുറൻസ് പോളിസികൾ സർക്കാർ നേതൃത്വത്തിൽ നിർബന്ധമാക്കണം. എല്ലാവരെയും അതിന്റെ പരിധിക്കുള്ളിൽ കൊണ്ടുവരാൻ ശ്രമിക്കണം. 

ആരോഗ്യ വിദ്യാഭ്യാസത്തിൽ വലിയ ഊന്നൽ വേണം. നഴ്സിങ്ങിൽ ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ കേന്ദ്രം ഉണ്ടാക്കണം. നിലവിലുള്ള നഴ്സിംഗ് കോളേജുകളുടെ നെറ്റ്വർക്ക് ഉണ്ടാക്കുകയും മികവ് വർധിപ്പിക്കാൻ ശ്രമിക്കുകയും വേണം. മറ്റുള്ള രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും ഉള്ള വിദ്യാർഥികൾ കേരളത്തിൽ പഠിക്കാനുള്ള സാധ്യത നോക്കണം. 

ആരോഗ്യ ഉത്പന്ന നിർമാണ മേഖലയിൽ അവസരങ്ങൾ ഏറെയുണ്ട്. ക്ലിനിക്കൽ എൻജിനിയറിങ് ആണ് ഈ മേഖല. വെന്റിലേറ്റർ, പിപിഇ കിറ്റ്, ടെസ്റ്റ് കിറ്റ്, മറ്റ് പരിശോധനാ ഉപകരണങ്ങൾ, ഐസിയു മോണിറ്റർ, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയുടെ ഉല്പാദനത്തിനുള്ള സാദ്ധ്യതകൾ കേരളം ആരായണം 

മെഡിക്കൽ ടൂറിസം ഇനി ഇവിടെ ബൂം ചെയ്യും. സ്വകാര്യ മേഖല ഇതിനായി ശ്രമങ്ങൾ തുടങ്ങണം. കേരളാ ബ്രാൻഡിനെ ഉപയോഗപ്പെടുത്തണം. ലോകത്തെ ചികിത്സാ ചെലവ് കൂടിയ രാജ്യങ്ങളിൽ നിന്നെല്ലാം ആളുകളെ ഇങ്ങോട്ട് ആകർഷിക്കണം. അതിന് ശ്രമിച്ചാലേ നടക്കൂ. ശക്തമായ പ്രചാരണം ഉണ്ടാകണം. ഗോഡ്സ് ഓൺ കൺട്രി പ്രചാരണം പോലെ മികച്ച ഒന്നായിരിക്കണം അത്. 

ഇമ്മ്യൂണിറ്റി പാസ്പോർട്ട് കൊണ്ടുവരണം. ഒരാളുടെ ആരോഗ്യ പരിശോധന നടത്തി സ്റ്റാറ്റസ് രേഖപ്പെടുത്തുന്ന ഡിജിറ്റൽ രേഖയാവണം അത്. വിദേശ യാത്രകൾക്കത് നിർബന്ധമാക്കണം. കോവിഡാനന്തര കാലത്ത് ഇത് അത്യന്താപേക്ഷിതമാണ്. 

വെൽനെസ് ഒരു ശക്തമായ മേഖലയായി വളരും. ഫുഡ് സപ്പ്ളിമെന്റുകളും, ന്യൂട്രിഷനുകളും, അനുബന്ധ പ്രാക്റ്റിസുകളും പ്രബലമാകാൻ തുടങ്ങും. പുതിയ സ്റ്റാർട്ടപ്പുകൾ ഈ രംഗത്ത് വരും.  

ആയുർവേദം 

ആയുർവേദം മാത്രം മതി കേരളത്തിന്റെ  ഒരു കുതിപ്പിന്. അടിസ്ഥാന ഗവേഷണം, ക്ലിനിക്കൽ ട്രയൽ തുടങ്ങിയവ അത്യന്താപേക്ഷിതമാണ്. രോഗ ചികിത്സ, സ്വാസ്ഥ്യ ചികിത്സ, മരുന്ന് ഉത്പാദനം, ആയുർവേദ അധിഷ്ഠിത ഒടിസി/എഫ്എംസിജി എന്നിവക്ക് സാധ്യത കാണുന്നു. ആയുർവേദം തനിമ ചോരാതെ ആധുനീകരിക്കണം 

ആൾട്ടർനേറ്റിവ് മെഡിസിനിലും കേരളത്തിന് മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ സാധ്യത ഉണ്ട്. ഹോമിയോ, യുനാനി, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ ശാഖകളേയും പ്രോത്സാഹിപ്പിക്കണം. ഒരു ഇന്റഗ്രേറ്റഡ് സമീപനമാകും ഉചിതമാവുക.   

വേസ്റ്റ് മാനേജ്‌മെന്റ്  

മാലിന്യ സംസ്കരണം ആണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴുള്ള സമ്പ്രദായം ആകെത്തന്നെ മാറേണ്ടതുണ്ട്. ഏറ്റവും ആധുനികമായ ടെക്‌നോളജി ഉപയോഗിക്കണം. ഇക്കാര്യത്തിൽ ഏറ്റവും പറ്റിയ സമയമാണ്. മാലിന്യ ശേഖരണം മുതൽ ഓട്ടോമേറ്റഡ് ആകണം. മികച്ച കമ്പനികൾ വരണം. തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുന്ന രീതി മാറണം. കേന്ദ്രീകൃത സംവിധാനങ്ങളും, വികേന്ദ്രീകൃത രീതികളും സംയോജിപ്പിക്കണം. 

പൊതു ശുചിത്വം, മാലിന്യ മാനേജ്‌മെന്റ് എന്നിവയിൽ ഒരു പ്രോട്ടോക്കോളും, അതി ശക്തമായ നിയമ വ്യവസ്ഥയും വരണം. ടൂറിസം, ഹെൽത്ത് കെയർ വളർച്ചക്ക് ഇത് അത്യന്താപേക്ഷിതമാണ്. 

ഐടി, ടെക്‌നോളജി 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഡാറ്റ സയൻസ്, ബിഗ് ഡാറ്റ അനാലിസിസ് എന്നിങ്ങനെ വളരുന്ന മേഖലകളിൽ പഠന സംവിധാനങ്ങൾ വർധിക്കണം. ഈ മേഖലകളിലുള്ള വ്യവസായങ്ങൾക്ക് മാത്രമായി സോണുകൾ വേണം. ഇപ്പോഴുള്ള ഐടി പാർക്കുകൾ അതിനായി പ്രത്യേക ഇടം മാറ്റി വയ്ക്കണം. 

എല്ലാ എയർപോർട്ടുകളോടും ചേർന്ന് ഫ്രീ സോണുകൾ ഉണ്ടാകണം. നെടുമ്പാശേരിയിൽ ആവശ്യത്തിന് സ്ഥലമുണ്ട്. കണ്ണൂരിലും സ്ഥലമുണ്ട്. ടെക് അധിഷ്ഠിത സ്ഥാപനങ്ങൾ ഇവിടെ തുടങ്ങാം. എയർപോർട്ട് സാമീപ്യം പലർക്കും ആകർഷകമാണ്. 

സ്മാർട്ട് മാനുഫാക്ച്ചറിങ് രംഗത്തേക്ക് കേരളം വരണം. ബിഗ് ഡാറ്റ പ്രോസസിംങ്, ചിപ്പ് ലെവൽ പ്രോസസിംഗ് തുടങ്ങി വൈദഗ്ധ്യം കൂടുതൽ ആവശ്യമുള്ള മേഖലകളിൽ നിന്നും മാറി നിൽക്കരുത് 

ഐടി ഇനി വളരണമെങ്കിൽ ഇവിടുത്തെ ലൈഫ് സ്റ്റൈൽ ആകമാനം മാറണം. നൈറ്റ് ലൈഫ് ഉണ്ടാകണം, പബുകൾ വരണം. എന്റർടൈൻമെന്റ് സോണുകൾ ഉണ്ടാകണം.

നാനോ ടെക്‌നോളജി, ബയോ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഭാവിയുടെ പ്രധാന സാങ്കേതിക  മേഖലകളും, സംരംഭ സാധ്യതകളുമാകും. വലിയ ഒരു വെൽത്ത് ക്രിയേറ്റർ ആയിരിക്കും ഈ മേഖലകൾ.

തൊഴിൽ 

നിലവിലുള്ള തൊഴിൽ സമയം- ഷിഫ്റ്റ് - സമ്പ്രദായത്തിൽ കാതലായ മാറ്റം വേണം - 6-12, 1-7 തുടങ്ങി ഷിഫ്റ്റ് രീതികളിൽ മാറ്റം വരണം. അധിക വരുമാനം ഉണ്ടാക്കാൻ ഇത് സഹായിക്കും. അപ്പ് സ്‌കില്ലിങ്, മൾട്ടി ടാസ്കിങ്, മൂൺലൈറ്റിംഗ് തുടങ്ങിയവ തൊഴിലാളികൾ ഇതിനായി ശീലിക്കണം.  

വർക്ക് ഫ്രം ഹോം - ഇതൊരു സംസ്കാരമാണ്. അതിന് പറ്റിയ രൂപകല്പന വീടുകളിൽ വേണം. എങ്കിലേ അത് ആസ്വാദ്യകരമാകൂ. ഇത് സർക്കാർ പ്രോത്സാഹിപ്പിക്കണം. ജീവനക്കാർ കൂടുതൽ പ്രൊഡക്റ്റിവിറ്റി നൽകും. അനാവശ്യ ചെലവുകൾ ഒഴിവാകും. മികച്ച കണക്റ്റിവിറ്റി നൽകി ഈ സംസ്കാരം പ്രോത്സാഹിപ്പിക്കണം. 

വരുമാനം ഉയർത്താൻ 

മുഖ്യ ഊന്നൽ ആളുകളുടെ വരുമാനം ഉയർത്തുന്നതിലാകണം. അത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വരുമാനം ഉയർത്തും. ജിഡിപി സ്വാഭാവികമായും വളരും, ഇതൊരു റിവേഴ്‌സ് പ്രക്രിയ ആണ്. ജിഡിപി യിൽ നിന്ന് താഴേക്കല്ല, ആളുകളുടെ അടിസ്ഥാന വരുമാനത്തിൽ നിന്ന് മുകളിലേക്കാണ്  തുടങ്ങേണ്ടത്.

ഓരോ വീട്ടിലും അംഗങ്ങൾക്ക് പൊതുവായി ചെയ്യാവുന്ന ഒരു ചെറിയ സംരംഭം രൂപപ്പെടണം . ഓരോ അംഗവും  തങ്ങളുടെ വരുമാനം കുറച്ചെങ്കിലും ഉയർത്തുന്ന ഒരു ഒരു പ്രക്രിയ കൂടി വരണം. എല്ലാ വീടുകളിലും ഒരു ചെറിയ അഗ്രി-ഫാം എന്നത് ചെലവ് കുറയ്ക്കാനും ഒരു പരിധി വരെയെങ്കിലും വരുമാനം കൂട്ടാനും സഹായിക്കും. 

നിർമാണ മേഖല 

റിയാലിറ്റി ബിസിനസിനെ കൂടുതൽ പ്രായോഗികമായി കാണണം. വെർട്ടിക്കൽ കൺസ്ട്രക്ഷൻ പ്രോത്സാഹിപ്പിക്കണം. ഉയർന്ന കെട്ടിടങ്ങളാണ് നമുക്ക് വേണ്ടത്. സ്ഥല പരിമിതി മറികടക്കാൻ അതെ വഴിയുള്ളൂ. പക്ഷെ വലിയ കെട്ടിടങ്ങളോട് ഇപ്പോഴും നമുക്ക് താല്പര്യമില്ല. 

മരട് ഫ്ലാറ്റ്കൾ പൊളിച്ചത് കേരളത്തിലെ നിക്ഷേപ ലോകത്തെ ഞെട്ടിച്ചു. അത് ഒഴിവാക്കേണ്ടതായിരുന്നു. സർക്കാർ അക്കാര്യത്തിൽ ഒരു മുൻകൈയും എടുത്തില്ല. പരിസ്ഥിതി തീവ്രവാദത്തിന്റെ  ഇരയായി അതിനെ വ്യവസായ ലോകം കാണുന്നു. 

പ്രീ ഫാബ്രിക്കേഷൻ ഭാവിയുടെ സാങ്കേതിക വിദ്യയാണ് . പ്രകൃതി വിഭവങ്ങളുടെ പരിമിത ഉപയോഗമുള്ള നിർമിതികൾ പ്രോത്സാഹിപ്പിക്കണം.  

ജലം 

വെള്ളം ഒരു കമ്മോഡിറ്റി ആയി ഉപയോഗിക്കണം. അത്ര മേൽ ശുദ്ധജല ലഭ്യത കേരളത്തിനുണ്ട്. മഴവെള്ള സംഭരണം - സംസ്കരണം - വിൽപ്പന - അനുബന്ധ ഉപയോഗം എന്നിവയിൽ മടിച്ചു നിൽക്കരുത്. ഗൾഫിന് ഓയിൽ പോലെയാണ്  നമുക്ക് ശുദ്ധ ജലം. 

കടൽ സമ്പത്ത്  

കടൽ ഇത് വരെ ഉപയോഗിക്കാത്ത വലിയ സാധ്യത ആണ്. മൽസ്യ സമ്പത്ത്, മൂല്യ വർധന തുറമുഖങ്ങൾ, കടൽ വഴിയുള്ള ആഭ്യന്തര ചരക്ക് നീക്കം, ബീച്ച് ടൂറിസം ഒക്കെ പരിമിതിയില്ലാത്ത സാധ്യത ആണ്.

ടൂറിസം 

ടൂറിസത്തെ പുനരവതരിപ്പിക്കണം. ദൈവത്തിന്റെ സ്വന്തം നാട് ക്ലിക്ക് ചെയ്തു. പക്ഷെ ഉപയോഗിച്ച് പഴകി. പുതിയ സമീപനവും ടാഗ് ലൈനും വേണം. കേരളം വളരെ സ്വാഭാവികമായി പോസ്റ്റ് കോവിഡ് കാലത്തെ ഏറ്റവും വലിയ ആകർഷണമായിരിക്കും. 

റിസർച്/ അക്കാദമിക് ടൂറിസം ശക്തിപ്പെടാൻ ഇടയുണ്ട്. കേരള മോഡൽ പഠിക്കാൻ പല രാജ്യങ്ങളിൽ നിന്നുള്ളവരും താല്പര്യം കാട്ടാം. 

ആഭ്യന്തര ടൂറിസം മാത്രമേ ഉടനടി ആ മേഖലയിൽ അല്പമെങ്കിലും കര കയറൂ. കോവിഡിൽ നിന്ന് കര കയറാൻ- മാനസികോല്ലാസത്തിനും, പരിമിതമായ സോഷ്യലൈസേഷനും ഇത് ഗുണം ചെയ്യും. ആഭ്യന്തര ടൂറിസം കോവിഡ് ഭീതി കഴിഞ്ഞാൽ ഉടനെ പ്രോത്സാഹിപ്പിക്കാം. പല രൂപത്തിൽ അത് ഗുണകരമാകും

അടിസ്ഥാന സൗകര്യ വികസനം 

ദേശിയ ജലപാത യാഥാർഥ്യമാക്കാൻ കഴിയണം. അത് ചരക്ക് നീക്കത്തിലും ടൂറിസത്തിലും സുപ്രധാനമാണ്. ഇതൊരു സവിശേഷ കേരള മോഡലാണ്. ഒരു മികച്ച ഗ്രീൻ ഇനിഷ്യേറ്റിവ് ആണിത്. കേരളത്തിലെ ഉൾനാടൻ ജല ഗതാഗത സാദ്ധ്യതകൾ സങ്കല്പിക്കാവുന്നതിലും ഏറെയാണ്. വാട്ടർ ഹൈവേ, വാട്ടർ സബർബൻ, വാട്ടർ മെട്രോ എന്നിവ സാധ്യമാകും. അനുബന്ധമായി നിരവധി മേഖലകൾ വളർന്നു വരും 

റോഡ് അടിസ്ഥാന വികസനത്തിലെ ഏറ്റവും നിർണായകമായ ഘടകമാണ്. 25 വർഷം മുന്നിൽ കണ്ട് റോഡ് വികസനം സാധ്യമാക്കണം. ഭൂമി ഏറ്റെടുക്കൽ സാധ്യമല്ലാത്തിടത്ത് എലവേറ്റഡ് ഹൈവേ ആലോചിക്കണം. റോഡ് വികസനത്തിൽ വിട്ടു വീഴ്‌ച അരുത്.

കിഫ്‌ബിയുടെ സമീപനം മാറണം - പൊതുവായ പദ്ധതികൾക്ക് നിക്ഷേപിക്കാൻ പറഞ്ഞാൽ ആരും അതിന് തയ്യാറാവില്ല. ഓരോ പ്രൊപ്പോസലുകളായി മാറുകയും, സ്ഥാപനങ്ങളാക്കുകയും, ബിസിനസ് മോഡൽ തീരുമാനിക്കുകയും, നേതൃത്വത്തിൽ മികച്ച പ്രൊഫഷണലുകളെ നിയോഗിക്കുകയും ചെയ്ത ശേഷം നിക്ഷേപകരെ സമീപിച്ചാൽ മാത്രമേ ഫലം കാണൂ. അല്ലെങ്കിൽ കിഫ്ബിക്ക് വിജയിക്കാനൊക്കില്ല.     

പല വൻകിട പദ്ധതികളും പൂർണതയിൽ എത്തിയിട്ടില്ല. എൽഎൻജി, വല്ലാർപാടം ടെർമിനൽ, ഫാക്ട് ആധുനീകരണം, ബിപിസിഎൽ പെട്രോ കെമിക്കൽ പ്ലാന്റ് എന്നിവയുടെ പൂർണ തോതിലുള്ള ഉപയോഗം സാധ്യമാകണം. അത് മൂലം പുതിയ വ്യവസായങ്ങൾ വരും. നികുതി വരുമാനം ഉയരും.   

വിദ്യാഭ്യാസം 

സ്മാർട്ട് സ്‌കൂൾ - സ്മാർട്ട് ഡിജിറ്റൽ ക്‌ളാസ്സ്‌റൂമുകൾ വിദ്യാഭ്യാസത്തിൽ പരിവർത്തനത്തിന് തുടക്കമിട്ടു കഴിഞ്ഞു. ഇന്റഗ്രെറ്റഡ് ലേർണിംഗ് സിസ്റ്റം കൊണ്ടുവരണം. ഓൺലൈൻ- ഓഫ്‌ലൈൻ സമന്വയം ഉണ്ടാകണം. 

ഓട്ടോണമസ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ, പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ എന്നിവ കേരളത്തിലും ഉണ്ടാകണം. ഇത്തരം കാര്യങ്ങളിൽ പണ്ട് സംഭവിച്ചത് ഇനി ആവർത്തിക്കരുത്. 

ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടണം. ചെറിയ ക്‌ളാസുകൾ മുതൽ കുട്ടികളെ ഇംഗ്ലീഷ്  പഠിപ്പിക്കണം. നല്ല ആശയ വിനിമയ ശേഷി ഉണ്ടാക്കണം. പൊതു വിദ്യാലയങ്ങൾ ഇക്കാര്യത്തിൽ പിന്നോട്ട് പോയിക്കൂടാ.

വിദ്യാഭ്യാസത്തിൽ സ്വകാര്യ നിക്ഷേപം നന്നായി പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസത്തിൽ കേരളം ഇത് വരെ പിന്തുടർന്ന രീതികളിൽ നിന്നും മാറണം.

എസ് എം ഇ 

കുടിൽ വ്യവസായങ്ങൾ പോലെ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകളെ വളർത്തിയെടുക്കണം. മറ്റനവധി വ്യവസായങ്ങളും ഇത്തരത്തിൽ ചെറിയ യൂണിറ്റുകളായി തുടങ്ങാൻ സാധിക്കുന്നവയായുണ്ട്. ടെയ്ലറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ അസ്സെംബ്ളിങ് യൂണിറ്റ്സ്, ഹാൻഡിക്രാഫ്ട് അങ്ങനെ വിവിധ മേഖലകൾ. വിദഗ്ധ പരിശീലനം നൽകി ഈ മേഖലകളിൽ ചെറുകിട യൂണിറ്റുകൾ വ്യാപകമായി തുടങ്ങാനാകണം.

കുടുബശ്രീ സൂപ്പർ ബ്രാൻഡാക്കണം. അതൊരു  മാതൃക തന്നെ. പക്ഷെ അതിന്റെ സാധ്യതകളുടെ ഒരു ചെറിയ അംശം മാത്രമേ വിനിയോഗിച്ചിട്ടുള്ളു. അവരുടെ കോർ മേഖല സംരംഭകത്വം തന്നെ ആയിരിക്കണം. വിപണനം ശക്തിപ്പെടുത്തണം. ബിസിനസ് പ്രോസസ്, മാർക്കറ്റിങ് ഇന്നവേഷൻ എന്നിവ ഉണ്ടാകണം 

സഹകരണ മേഖല 

സഹകരണ മേഖലയ്ക്ക് വലിയ പ്രാധാന്യം കേരളത്തിലുണ്ട്. മികച്ച ചില സഹകരണ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഈ രംഗത്ത് കൂടുതൽ മികച്ച മുൻകൈകൾ വരണം. സഹകരണ മേഖലയിൽ നിലവിലുള്ള സ്ഥാപനങ്ങൾ പ്രൊഫഷണൽ മികവ് ആർജ്ജിക്കേണ്ടതുണ്ട്. കാർഷിക രംഗത്ത് അമൂൽ മാതൃക പകർത്താം. 

കൈത്തറി കേരളത്തിന് ഭംഗിയായി വിൽക്കാൻ കഴിയുന്ന ഒന്നാണ്. അത് വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതൊരു തനത് വസ്ത്ര ശൈലി ആണ്. ചേക്കുട്ടി പാവ പ്രളയാനന്തരം ഹിറ്റ് ആയത് പോലെ പുതു രൂപകല്പനയിലൂടെ നമുക്ക് കൈത്തറിയെ വളർത്താം. 

സ്റ്റാർട്ടപ്പ് 

സ്റ്റാർട്ടപ്പുകൾ നിലവിലുണ്ടായിരുന്ന പാറ്റേണുകളിൽ നിന്നും മാറണം. എല്ലാവരും ആപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കാതിരിക്കുക. കൂടുതൽ സാദ്ധ്യതകൾ ഉള്ള കൃഷി, ഹെൽത്ത് കെയർ, വെൽനെസ് തുടങ്ങിയ മേഖലകളിൽ ആകണം കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഉണ്ടാകേണ്ടത്. അഗ്രി, ഫിഷറീസ്, വെൽനെസ് സ്റ്റാർട്ടപ് വില്ലേജുകളും, ഇൻക്യൂബേറ്ററുകളും ഉണ്ടാകണം. 

കയറ്റുമതി 

ഏക്സ്‌പോർട്ട് പ്രോത്സാഹിപ്പിക്കാൻ വളരെ ശക്തമായ ശ്രമങ്ങൾ ഉണ്ടാകണം. കേരളത്തിൽ കയറ്റുമതി സാധ്യത ഏറെയുള്ള നിരവധി മേഖലകളും, സ്ഥാപനങ്ങളുമുണ്ട്. പല കാരണങ്ങൾ കൊണ്ടും വിദേശ വിപണികൾ കണ്ടെത്താൻ അവർക്ക് കഴിയാറില്ല. എക്സ്സ്‌പോർട്ട് പ്രോൽസാഹനത്തിന് മാത്രമായി ഒരു സംവിധാനം വേണം. ഇപ്പോഴുള്ളത് ദുർബലമായ ഒന്നാണ്. 

വിദേശ നിക്ഷേപം 

തമിഴ്‍നാട് അടുത്തിടെ പല രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപം സ്വീകരിക്കാൻ തീക്ഷ്ണമായ ശ്രമം നടത്തി. പളനി സ്വാമി മുഖ്യമന്ത്രിയായി വന്ന ശേഷം നടന്ന ഈ ശ്രമങ്ങളിൽ  ധാരാളം നിക്ഷേപം ആകർഷിക്കാൻ ചുരുങ്ങിയ സമയം കൊണ്ട് അവർക്ക് കഴിഞ്ഞു. ഏത് ഭരണകൂടം വന്നാലും അവർക്ക് നിക്ഷേപം ആകർഷിക്കാൻ കഴിയുന്നത് അവിടെ ദീർഘകാലമായി ഒരു സംസ്കാരം ഉള്ളതുകൊണ്ടാണ്.  കേരളത്തിൽ ഉണ്ടാകേണ്ടത് ഈ സംസ്കാരമാണ്. 

വിയറ്റ്നാം മാതൃക 

ചൈനക്ക് ഭീഷണിയായി വിയറ്റ്‌നാം മാറിയത് വളരെ പെട്ടെന്നാണ്. ആ മാതൃക കേരളത്തിനും ആകാം. ചൈന തുറന്നിട്ട പോലെ വിയറ്റ്‌നാം വിപണി തുറന്ന് കൊടുത്തു. നിക്ഷേപകരെ മാടി വിളിക്കുന്നു. ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നു. ഇലക്ട്രോണിക്സ് അസംബ്ലിങ് മേഖലകളിലാണ് വിയറ്റ്‌നാം വലിയ മുന്നേറ്റം നടത്തുന്നത് 

പ്രവാസം/ കുടിയേറ്റം 

പ്രവാസികളിൽ സംരഭക താല്പര്യം കൂടുതലുണ്ടാകും. അവരെ ജോലിക്ക് പ്രേരിപ്പിക്കുന്നതിലും നല്ലത് ഏതെങ്കിലും ബിസിനസിലേക്ക് തിരിച്ചു വിടുന്നതാണ്. അവർക്കതിൽ കൂടുതൽ തിളങ്ങാൻ പറ്റും. മൂലധനം ലഭ്യമാക്കുന്നതടക്കം മുന്തിയ പരിഗണന അവർക്ക് നൽകാം. 

മറ്റ് രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും തൊഴിലിനായി പോകാൻ മലയാളികൾ ഇപ്പോഴും സന്നദ്ധരാണ്. അത് കൂടുതൽ പ്രോത്സാഹിപ്പിക്കണം. എല്ലാ  രാജ്യങ്ങളുമായും സർക്കാർ തലത്തിൽ തന്നെ ഇത്തരം സാദ്ധ്യതകൾ തേടണം. സർക്കാർ ഉണ്ടാക്കിയിട്ടുള്ള ഒഡെപെക് എന്ന സ്ഥാപനം ഇത്തരത്തിൽ പ്രവർത്തിക്കുന്നതാണ്. നഴ്സിംഗ്, ടീച്ചിങ് റിക്രൂട്ട്മെന്റുകളാണ് അവർ ഇപ്പോൾ മുഖ്യമായും നടത്തുന്നത്. കൂടുതൽ മേഖലകളിലേക്ക് അത് വ്യാപിപ്പിക്കാം. 

ഇന്റർനെറ്റ്- കണക്റ്റിവിറ്റി  

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ വിട്ടുവീഴ്ച അരുത്. ഏത് ഗ്രാമങ്ങളിലും ഇന്റർനെറ്റ് സുലഭമായി കിട്ടണം. 

ഏറ്റവും മികച്ച കണക്റ്റിവിറ്റി ആയിരിക്കും ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ച്ചർ.

ലോക മലയാളി 

ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന മലയാളികളെ കൂട്ടിയിണക്കാൻ വളരെ ഘടനാപരമായ ഒരു സംവിധാനം ഉണ്ടാകണം. ലോക മലയാള സഭ നല്ല കാൽവയ്പാണ്. ലോക മലയാളികളുടെ കൃത്യമായ ഡാറ്റ വേണം. അവരുടെ വ്യത്യസ്തങ്ങളായ ശേഷിയെ ഉപയോഗിക്കണം. പണം പിരിവ് മാത്രമായിരിക്കരുത് ലക്ഷ്യം. വികേന്ദ്രീകൃത മാതൃക ഇതിലും ഉപയോഗിക്കാം. ഓരോ മേഖല തിരിച് ഉപയോഗിക്കാൻ കഴിയണം. തുടർ പ്രക്രിയ ആവണം. 

കേരള ബ്രാൻഡ് 

കേരളം ഇപ്പോൾ ലോകത്തിന്റെ സുരക്ഷിത കേന്ദ്രം ആണ്. അതൊരു ബ്രാൻഡ് ഇമേജ്  ഉണ്ടാക്കി. കൂടുതൽ അത് ഗുണം ചെയ്യുക ടൂറിസത്തിലും, നിക്ഷേപത്തിലും ആയിരിക്കും. 

ദുബായ് തങ്ങളുടെ രാജ്യത്തിന് നൽകുന്ന ബ്രാൻഡിംഗ് നോക്കുക. കേരളം ടൂറിസത്തിൽ മാത്രം ബ്രാൻഡ് ചെയ്‌താൽ പോരാ. നിക്ഷേപം ആകർഷിക്കണതും, വിപണനത്തിനും ഒക്കെ കഴിയുന്ന രീതിയിൽ ആകണം അത്.  

ധന ലഭ്യത 

ഒരു സാമൂഹ്യാഘാത ഫണ്ട് സർക്കാർ ഉണ്ടാക്കണം. ഇപ്പോൾ ചെറുകിട ഇടത്തരം വ്യവസായ മേഖലക്കും, ഏറ്റവും ആഘാതമുണ്ടായ മേഖലകൾക്കും ഇത് അത്യാവശ്യമാണ്. മികച്ച ഒരു ഫണ്ട് ഹൗസിനെ അത് ഏൽപ്പിക്കണം. 

സംരംഭകരെ സഹായിക്കാൻ ഒരു കേരളാ ഫണ്ട് രൂപീകരിക്കണം. ഒരു സ്ഥിര സംവിധാനമാക്കി മാറ്റണം. സംരംഭകരെ സൃഷ്ടിക്കാതെ കേരളം രക്ഷപ്പെടില്ല. സംരംഭകർക്കാകട്ടെ ആവശ്യത്തിന് മൂലധനം ഉറപ്പാക്കണം. 

പബ്ലിക് ഫിനാൻസ് 

ലാൻഡ് ടാക്സ്, പ്രോപ്പർട്ടി ടാക്സ് എന്നിവ ഉയർത്തണം. നിലവിലെ നിരക്കുകൾ  വളരെ കുറവാണ് .

25 വർഷത്തോളമായി വലിയ മാറ്റമില്ല. പോപ്പുലറിസത്തിന് വേണ്ടിയാണ് ഇത് സർക്കാർ ഉയർത്താത്തത്.

നികുതിയിതര വരുമാനം വളർത്താൻ ഒരു ശ്രമവുമില്ല. ഇനി അത് ഉണ്ടായേ തീരൂ. പൊതുമേഖലാ കമ്പനികൾ, സർക്കാർ ബോർഡുകൾ ഒക്കെ ലാഭകരമായാലേ വരുമാനം കൂടൂ. നികുതിയേതര വരുമാനത്തിൽ നൂതനമായ ശ്രമങ്ങൾക്ക് സമയമായി 

സർക്കാർ തൊഴിൽ കൊടുക്കാൻ പോകേണ്ടതില്ല. തൊഴിൽ കൊടുക്കുന്ന സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ പിന്തുണച്ചാൽ മതി. സ്വകാര്യ ബിസിനസുകളിൽ നിന്നുള്ള നികുതി വരുമാനമാണ് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലൊക്കെ മുഖ്യം. കേരളത്തിലും ആ സ്ഥിതി വരണം.

ഗവേണൻസ് 

സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ കുറേക്കാലത്തേക്കെങ്കിലും വർദ്ധിപ്പിക്കരുത്. കൂടുതൽ തസ്തികകളും ഉണ്ടാക്കരുത്. ഇ-ഗവേണൻസ് വഴി ജീവനക്കാരെ കുറയ്ക്കണം. കൂടുതൽ ആളുകൾക്ക് സർക്കാർ ജോലി നൽകി എന്ന് പറയുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ അത്ര നല്ലതല്ല. 

സർക്കാരിന്റെ ചില പ്രവർത്തനങ്ങൾ മികച്ച സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണം. പാസ്പോര്ട്ട് സംവിധാനം ടിസിഎസിനെ ഏൽപ്പിച്ചത് പോലെ. ബിവറേജസ് മദ്യ വിതരണത്തിൽ ആപ്പ് കൊണ്ട് വന്ന് ഡിസ്ട്രിബൂഷൻ പ്രോസസ് ആധുനീകരിക്കുന്ന പോലെ എല്ലായിടത്തും ടെക്‌നോളജി, പ്രോസസ് മാനേജ്‌മെന്റ് പാർട്ണർമാരെ കൊണ്ട് വരാം. 

സ്റ്റാർട്ടപ്പ്

സ്റ്റാർട്ടപ്പുകൾക്ക് ഗവേണൻസിൽ അർഹമായ പ്രാതിനിഥ്യം നൽകണം. മികച്ച സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് വളരാൻ അത് അവസരമാകും. 

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുവാൻ തക്കവണ്ണം അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാരിന്റെ ഇടപെടൽ വേണം. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ ആകണം. ഇത് ഭരണത്തിന്റെ കാര്യക്ഷമത ഉയർത്തുകയും സമയനഷ്ടം ഇല്ലാതാക്കുകയും ചെയ്യും. താരതമ്യേന മികച്ച ഡിജിറ്റൽ സാക്ഷരതയുള്ള കേരളത്തിൽ ഇത് പൊതുവെ എളുപ്പത്തിൽ പ്രായോഗികമാക്കാം.

സർക്കാർ തലത്തിലെ ഡിജിറ്റലൈസേഷൻ സമ്പൂർണമാക്കണം .കോവിഡിനെ നേരിടാൻ സഹായിച്ചത് ടെക്നോളജി ആണ്. സർക്കാർ വകുപ്പുകളെ അടിയന്തിരമായി ഡിജിറ്റൈസ് ചെയ്യണം. സിസ്റ്റം എഫിഷ്യന്റ് ആകും. സർക്കാർ കോർപ്പറേഷനുകളുടെ പ്രവർത്തനം വിലയിരുത്താൻ ഗുണകരമാവും. നഷ്ടം എവിടെയൊക്കെ എന്ന് കണ്ടെത്താൻ എളുപ്പമാകും. 

ഭൂ ഉപയോഗം 

ഭൂമി ഉപയോഗം സ്വതന്ത്രമാക്കണം. 15 ഏക്കറിൽ കൂടുതൽ വ്യവസായ ഭൂമി സ്വന്തമാക്കി വയ്ക്കാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ ഗുണകരമല്ല. കൃഷി ഭൂമിയിൽ എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം വേണം 

കായികം 

സ്പോർട്സ് ഇക്കോണമി കേരളത്തിൽ വളർത്തിയെടുക്കാൻ പറ്റും. അത്തരമൊരു സംസ്കാരം ഇവിടെയുണ്ട്. വിഭവ ശേഷി അത്രയ്ക്കധികമുണ്ട്. പ്രധാന കായിക ഇനങ്ങളിലെല്ലാം കളിക്കാരും കാണികളും ധാരാളം. അടിസ്ഥാന സൗകര്യങ്ങളിൽ മുന്നേറണം. പൊതു മേഖലാ സ്ഥാപനങ്ങൾ ടീമുകൾ ഉണ്ടാക്കണം. സ്വകാര്യ മേഖലയും പ്രോത്സാഹിപ്പിക്കണം. മികച്ച അക്കാദമികളും വരണം.

ആർട്ട് 

ബിനാലെയിൽ മുന്നേറിയ രംഗം കുതിപ്പ് തുടരണം. കൂടുതൽ ഇവന്റ് പ്രോപ്പർട്ടികൾ ഉണ്ടാകണം. കലയുടെയും കലാരൂപങ്ങളുടെയും പ്രായോഗിക തലത്തിലുള്ള ഉപയോഗത്തിന് പ്രാധാന്യം നൽകണം. വാണിജ്യ പ്രധാനമാക്കി മാറ്റണം. ആർട്- ഇൻഡസ്ട്രി കണക്റ്റ് ശക്തമാക്കണം.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ