EDITORIAL

മനസുവച്ചാൽ മധുരിക്കും - ന്യൂഏജ് എഡിറ്റോറിയൽ

Newage News

01 Jun 2020

ഴിക്കുമ്പോൾ ഒഴിച് എല്ലാ ഘട്ടത്തിലും മുള്ളുകൾ മാത്രം നിറഞ്ഞതാണ് പൈനാപ്പിൾ കൃഷി. വാഴക്കുളമെന്ന ചെറിയ പട്ടണത്തെ ഇന്ത്യയുടെ കാർഷിക ഭൂപടത്തിൽ അടയാളപ്പെടുത്തിയത് പൈനാപ്പിൾ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റും ഇത് തന്നെ. റബ്ബർ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും ലാഭകരമായി നടക്കുന്ന കൃഷി പൈനാപ്പിൾ തന്നെ. വാഴക്കുളത്തു നിന്നാണ് ഈ കൃഷി കേരളത്തിലെ പലയിടത്തേക്കും പടർന്നത്. റബ്ബറിലേത് പോലെ ഒട്ടേറെ മികച്ച കാർഷിക സംരംഭകർക്ക് ഈ കൃഷിയും അവസരം നൽകി. വാഴക്കുളത്തിന്റെ മുഖച്ഛായ മാറി. പൈനാപ്പിൾ ഇക്കോണമി നാടിൻറെ സാമ്പത്തിക ചാലക ശക്തിയായി. വലിയ വെൽത്ത് ക്രിയേഷൻ നടന്നു. നിരവധി വെല്ലുവിളികൾ ഈ കർഷകർ നേരിട്ടിട്ടുണ്ട്. പലപ്പോഴും കൊടിയ നഷ്ടമുണ്ടായി. പക്ഷെ എല്ലാ പ്രതിസന്ധികളെയും കഠിനാധ്വാനം കൊണ്ട് അവർ അതിജീവിച്ചു. 

പൈനാപ്പിൾ റബ്ബറിന്റെ ഇട വിളയാണ്. കേരളത്തിൽ റബ്ബർ കൃഷി ചെയ്യുന്ന എല്ലാ മേഖലകളിലേക്കും പൈനാപ്പിൾ പതിയെ വ്യാപിച്ചു. പഴയ മരം വെട്ടി പുതിയത് പ്ലാന്റ് ചെയ്യുന്ന തോട്ടങ്ങളിൽ ആദ്യ അഞ്ചു വർഷം പൈനാപ്പിൾ എന്ന രീതി കേരളത്തിൽ വ്യാപകമായി. തീരദേശത്തും, ഹൈ റേഞ്ചിലും ഒഴികെ കേരളത്തിൽ ഉടനീളം ഈ പ്രവണത പടർന്നു. ശരാശരി 40000 ഏക്കറിൽ കൃഷി നടക്കുന്നു. പതിനായിരത്തോളം കാർഷിക സംരംഭകർ, കാൽ ലക്ഷത്തോളം തൊഴിലാളികൾ, ആയിരത്തിനടുത്ത് വ്യാപാരികൾ- അങ്ങനെ പ്രതി വർഷം 1000 കോടി വിറ്റുവരവുള്ള കാർഷിക സമ്പദ്ഘടന അത് സൃഷ്ടിക്കുന്നു. 

പൈനാപ്പിൾ കൃഷിയെ 5000 കോടിയുടെ സമ്പദ്ഘടനയാക്കി മാറ്റാനാകുമോ എന്ന് ചിന്തിക്കേണ്ട സന്ദർഭമാണത്. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന പഴം/ പച്ചക്കറി വിഭാഗത്തിൽ പെടുന്ന അപൂർവം വിഭവമാണിത്. 

വാഴക്കുളം പൈനാപ്പിളിന് ഭൂ സൂചികാ പദവി ലഭിച്ചിട്ടുള്ളതാണ്. പക്ഷെ അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടേയില്ല. ഫ്രഷ് ഫ്രൂട്ട് എന്ന നിലക്കാണ് ഇപ്പോഴും ഏറിയ പങ്കും വിപണിയിൽ എത്തുന്നത്. കയറ്റുമതി തീരെയില്ല. ട്രക്കിൽ കയറ്റിയാണ് വടക്കേ ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിക്കുന്നത്. നാലര ലക്ഷം ടൺ ഒരു വര്ഷം ഉത്പാദനം ഉണ്ടെങ്കിലും കഷ്ടി 20000 ടൺ മാത്രമാണ് പ്രൊസസ് ചെയ്യുന്നത്. 

ഈ ലക്ഷ്യത്തോടെ തുടങ്ങിയ നടുക്കരയിലെ അഗ്രോ പ്രോസസിംഗ് കമ്പനി ദയനീയ പരാജയമാണ്. അവിടെ ശരാശരി ഒരു വർഷം പ്രോസസ് ചെയ്യുന്നത് 500 ടൺ ആണ്.

ലോകത്ത് ഏറ്റവും കൂടുതൽ വിപണി സാന്നിധ്യമുള്ള എംഡി2 എന്ന ഇനം കേരളത്തിൽ ഇല്ല. ഇതാണ് പ്രോസസിംഗിന് പറ്റിയത്. 20-25 ദിവസം കേടു കൂടാതെ ഇരിക്കും. മൂല്യ വർദ്ധനവിന് പറ്റിയതാണ്. വേസ്റ്റേജ് കുറവാണ്.  എംഡി2 വന്നാൽ കയറ്റുമതി സാധ്യത തുറന്നു കിട്ടും, മൂല്യ വർധന സാദ്ധ്യതകൾ ഏറെ. ഇപ്പോൾ ഫ്രഷ് ഫ്രൂട്ട് ആയി മാത്രം ഉപയോഗിക്കുന്നിടത്ത് ഒരു നൂറ് പുതിയ സാദ്ധ്യതകൾ ഉദിക്കും. കർഷകർ നിരന്തരം ഈ ആവശ്യം ഉന്നയിക്കുന്നു. സർക്കാർ മുൻ കൈ എടുത്താലേ നടക്കൂ. ആദ്യ മൂന്നു നാല് വർഷങ്ങളിൽ പിന്തുണച്ചാൽ പിന്നെ കർഷകർ മുന്നോട്ട് കൊണ്ട് പൊയ്ക്കൊള്ളും. എംഡി2 എന്ന സാധ്യതയെ ഇനിയും നീട്ടി വയ്ക്കരുത്. 

കൃഷി വ്യാപനത്തിന് കേരളത്തിൽ പരിമിതി ഇല്ല. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉല്പാദിപ്പിക്കാൻ കഴിയും. കൂടുതൽ കാർഷിക സംരംഭകരും രംഗത്ത് വരും. പക്ഷെ വിപണി ഉറപ്പിക്കണം. കയറ്റുമതി സാധ്യമാക്കണം. പല തട്ടിലുള്ള മൂല്യവർധന ഉണ്ടാകണം.

പൈനാപ്പിളിന്റെ ഉയർന്ന തോതിലുള്ള മൂല്യ വർധന സംബന്ധിച്ച മികച്ച റിസേർച്ചുകൾ ഇല്ല. കോവിഡ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ കെൽപ്പ് നൽകുന്ന വിറ്റാമിൻ സി എന്നൊക്ക പറയുന്നുണ്ടെങ്കിലും ആധികാരിക പഠനങ്ങൾ ഇല്ല. 

ആഫ്രിക്കയിൽ ഔദ്യോഗികമായും അല്ലാതെയും പൈനാപ്പിൾ കൊണ്ട് വൈൻ, ബിയർ, മദ്യം എന്നിവ ഉണ്ടാക്കുന്നു. പൈനാപ്പിൾ വൈൻ മികച്ചതുമാണ്. ബ്രൂവറി, ഡിസ്റ്റിലറി ലൈസൻസുകൾക്ക് സർക്കാർ മടിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. ധാരാളം സംരംഭകർ താല്പര്യം പ്രകടിപ്പിച്ചു കാണുന്നു. 

അങ്ങനെയെങ്കിൽ ആ സാധ്യത ഉപയോഗിക്കുക തന്നെ വേണം. 

പൈനാപ്പിൾ ഒട്ടൊക്കെ നാളികേരം പോലാണത്രെ. ഒന്നും കളയാനില്ല. ആ രൂപത്തിലുള്ള പഠനങ്ങൾ പലതും നടന്നിട്ടുള്ളതാണ്. മികച്ച മാർക്കറ്റ്, ഇൻഡസ്ട്രി ക്ലസ്റ്റർ തുടങ്ങിയ ആവശ്യങ്ങളും ഇ മേഖല ഉന്നയിക്കുന്നു. 

5000 കോടിയുടെ സമ്പദ്ഘടനയാക്കി ഈ കൃഷിയെ മാറ്റിയെടുക്കുക ഏറെ പ്രയാസകരമായ കാര്യമല്ല.


വിപണനത്തിലാണ് പാളിച്ച മുഴുവൻ - ബേബി ജോൺ പീടിയ്ക്കാട്ടുകുന്നേൽ 

കേരളത്തിൽ 18000 ഹെക്ടർ അതായത് ഏകദേശം 450000 ഏക്കർ സ്ഥലത്താണ് പൈനാപ്പിൾ കൃഷി ചെയ്യുന്നത്. പൈനാപ്പിൾ ഒരു തനി വിള അല്ല. റബ്ബർ കൃഷിയുടെ ഇട വിള ആണ്. റബ്ബർ നടുന്ന ആദ്യ വർ ഷ ങ്ങളിലാണ് പൈനാപ്പിൾ  കൃഷി ചെയ്യുന്നത്. നമുക്കറിയാം റബ്ബർ നടുന്ന ആദ്യ അഞ്ചു ആറ് വർഷങ്ങളിൽ കർഷകർക്ക് ഒന്നും കിട്ടുന്നില്ല. ആ സമയത്താണ് പൈനാപ്പിൾ കൃഷി ചെയ്യുന്നത്. നമുടെ  ഇക്കോണമിയിൽ റബ്ബറിന് വലിയ പ്രാധ്യാന്യമുണ്ടെന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണല്ലോ. റബ്ബർ കൃഷി വലിയ തോതിൽ പൈനാപ്പിൾ കൃഷിയെ ആശ്രയിച്ചു മുൻപോട്ടു പോകുന്നു. 

ഉല്പാദനം 

450000 ഏക്കറിൽ നിന്നും  നാല്- നാലര ലക്ഷം ടൺ   പൈനാപ്പിൾ കേരളത്തിൽ ഉല്പാദിപ്പിക്കുന്നു. ബ്രേക്ക് ഈവൻ ചെലവ് 20-22 രൂപ വരും. അത് കണക്കാക്കിയാൽ പോലും ഏകദേശം 1000 കോടി രൂപയുടെ വിറ്റുവരവ് സംസ്ഥാനത്തിന് ഒരു വർഷം ലഭിക്കുന്നു. കേരളത്തിൽ നിന്ന് ഉത്പാദിപ്പിച്ചു പുറത്തേക്ക് വിടുന്ന, കേരളത്തിലേക്ക് പണം കൊണ്ട് വരുന്ന  പഴം/ പച്ചക്കറി വിഭാഗത്തിൽ പെടുന്ന ഒരേ ഒരു വിഭവം പൈനാപ്പിൾ ആണ്. മറ്റ് എല്ലാ പഴം പച്ചക്കറികളും കേരളത്തിലേക്ക് വരുന്നു. പൈനാപ്പിൾ കൃഷിക്കായി പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതായി വരുന്നില്ല. ഇട വിള എന്ന നിലയിൽ ആവർത്തിച്ചു കൃഷി ചെയ്യുന്നതിന്റെ ഒരു പ്രശ്നവും പൈനാപ്പിൾ കൃഷി കൊണ്ട് ഉണ്ടാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ലാഭകരമായി കൃഷി ചെയ്യാൻ പറ്റിയ അപൂർവ കൃഷികളിൽ ഒന്നാണ് പൈനാപ്പിൾ. 

ഭൂസൂചികാ പദവി 

നമുക്ക് ഭൂസൂചികാ പദവി കിട്ടിയിട്ടുള്ളതാണ്. 2008 ലാണ് അത് ലഭിച്ചത്. പക്ഷെ നമുക്ക് അത് വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താൻ പറ്റിയിട്ടില്ല.  മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാനും  ഇത് വരെ പറ്റിയിട്ടില്ല. പരമ്പരാഗത രീതിയിൽ ട്രക്കുകളിൽ ലോഡ് ചെയ്ത് കൊണ്ട് പോവുകയാണ് ഇപ്പോഴും. പ്രീമിയം ഔട്ട് ലെറ്റുകളിൽ ലഭ്യമാക്കാൻ പോലും കഴിയുന്നില്ല. 

കൃഷി നന്നായി നടക്കുന്നു. കാർഷിക സർവകലാശാലയും, കൃഷി വകുപ്പുമൊക്കെ പിന്തുണക്കുന്നുണ്ട്. 

വിപണനത്തിലാണ് പ്രശ്നം. ജിഐ ടാഗ് പ്രയോജനപ്പെടുത്തണം. 

മറ്റൊന്ന് ലോജിസ്റ്റിക്സിലാണ്. ഒരു ട്രക്ക് ഡെൽഹിയിലെത്താൻ 4-5 ദിവസമെടുക്കും. ട്രെയിനിലായാൽ 45 മണിക്കൂർ മതി. പക്ഷെ ഇപ്പോഴത്തെ രീതിയിൽ ട്രെയിനിൽ ബോഗിയിൽ കുത്തി നിറച്ചു കൊണ്ടുപോകുന്ന സംവിധാനം പോരാ. ട്രെയിനിൽ ട്രക്ക് കയറ്റി കൊണ്ടുപോകുന്ന റോ റോ സംവിധാനമാണ് വേണ്ടത്. റോൾ ഓൺ റോൾ ഓഫ് രീതി. 

നേരിട്ട് വിൽക്കാൻ കഴിയണം 

ഈ കോവിഡ് കാലത്ത് മറ്റൊരു പ്രശ്നമുണ്ടായി. രാജ്യത്തെ എപിഎംസി മാർക്കറ്റുകൾ എല്ലാം അടച്ചു. കാർഷിക ഉത്പന്നങ്ങൾ ഈ മാർക്കറ്റുകളിലൂടെ മാത്രമേ കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും വിൽക്കാൻ പാടുള്ളൂ. ഇത് കർഷകർക്ക് വലിയ വെല്ലുവിളി ആണ്. 

എന്നാൽ അതിനൊരു മാറ്റം വരുന്നതായി തോന്നുന്നു. കൃഷിക്കാരൻ കാർഷികോത്പന്നങ്ങൾ എവിടെയും വിൽക്കാം എന്ന പ്രഖ്യാപനം കോവിഡ് പാക്കേജിലുണ്ട്. ഈ പാക്കേജിൽ കർഷകന് ഗുണം ചെയ്യുന്ന ഒരേയൊരു കാര്യമാണിത്. ഇപ്പോഴത്തെ അവസ്ഥയിൽ 500 കിലോയിൽ കൂടുതൽ കർഷകർ ഉല്പാദിപ്പിച്ചാൽ അവർക്ക് നേരിട്ട് വിൽക്കാൻ അവകാശമില്ല. ഈ എപിഎംസി മാർക്കറ്റുകൾ നിറുത്തലാക്കണം. ഇതൊരു വൻ കൊള്ളയാണ്.കർഷകൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾ എവിടെ വിൽക്കണമെന്ന് തീരുമാനിക്കാൻ അവന് അവകാശം ഉണ്ടാകണം. കേരളത്തിൽ എവിടെയും വിൽക്കാം. ദേശിയ തലത്തിൽ ആണ് പ്രശ്നം. 

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി 

കൊറോണയിൽ വലിയ പ്രതിസന്ധി ഉണ്ടായി. 40-45 രൂപ കഴിഞ്ഞ സീസണിൽ ഈ സമയത്ത് വില ഉണ്ടായിരുന്നു. അത് 10-12 രൂപ ആയി. 15 ശതമാനത്തോളം നശിച്ചു പോയി. ഏതാണ്ട് 300 കോടിയുടെ നഷ്ടം കർഷകർക്ക് ഉണ്ടായി. 600 കോടിയുടെ വായ്പ ഈ മേഖലയിലുണ്ട്. അടിയന്തരമായി ഒരു വർഷത്തേക്ക് പലിശ രഹിത മൊറട്ടോറിയം ഏർപ്പെടുത്തണം. നിലവിൽ കൊളാറ്ററൽ നൽകി വായ്പ എടുത്തിട്ടുള്ളവർക്ക് 25 ശതമാനം കൂടി വായ്പ നൽകണം. 

മറ്റൊന്ന് തിരിച്ചു പോയ അന്യ സംസ്ഥാന തൊഴിലാളികളെ ഉടനെ തിരിച്ചു കൊണ്ടുവരാൻ ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കണം. അവരില്ലാതെ പണി നടക്കില്ല. അത് ഉടൻ ചെയ്യണം.

സർക്കാരിന്റെ കൃഷിയോടുള്ള സമീപനം മാറണം. ഗ്രോ ബാഗിൽ എന്തെങ്കിലും നട്ട് ഫോട്ടോ എടുത്തതുകൊണ്ടൊന്നും കൃഷി വളരില്ല. അതൊക്കെ വെറും പ്രകടനമാണ്. അഥവാ പ്രഹസനമാണ്. 

പ്രോസസിംഗിന് പറ്റിയത് എംഡി2 

നമ്മുടെ പൈനാപ്പിൾ പൊതുവെ നല്ലതാണ്. പക്ഷെ പ്രോസസിംഗിന് പറ്റിയതല്ല. പ്രോസസിംഗിന് പറ്റിയത്  എംഡി2 എന്ന ഇനമാണ്. മാത്രമല്ല കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും. നമ്മുടെ പൈനാപ്പിൾ കയറ്റുമതിക്ക് പറ്റിയതല്ല. കാരണം ഷെൽഫ് ലൈഫ് കുറവാണ്. മറ്റൊരു പ്രശ്നം ഇതിന്റെ ഷേപ്പ് ആണ്. വേസ്റ്റേജ് കൂടുതലുമാണ്. എംഡി2 ഇനം കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ദീർഘകാലമായി കർഷകർ ആവശ്യപ്പെടുന്നതാണ്. എംഡി2 ആണ് മറ്റ് രാജ്യങ്ങൾ കൂടുതൽ ഉല്പാദിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി അതിലേക്ക് മാറേണ്ടതുണ്ട്. ആദ്യ മൂന്ന് വർഷം സർക്കാർ പിന്തുണച്ചാൽ മതി. പിന്നെ കർഷകർ മുന്നോട്ട് കൊണ്ടുപൊയ്ക്കൊള്ളും. . ഈ മേഖലക്ക് ഏറ്റവും ആവശ്യമുള്ള ഒരു കാര്യമാണിത്.  

കൃഷി വ്യാപനം 

ലോക പൈനാപ്പിൾ ഉല്പാദനത്തിൽ ഇന്ത്യക്ക് വലിയ പങ്കാളിത്തമില്ല. പക്ഷെ ഇന്ത്യയിൽ കേരളത്തിന് വലിയ മുൻതൂക്കമുണ്ട്. കേരളത്തിൽ റബ്ബർ കൃഷി ചെയ്യുന്ന എല്ലായിടത്തും പൈനാപ്പിൾ കൃഷി ചെയ്യുന്നുണ്ട്. തീര മേഖലയും, വയനാട് ജില്ലയും, ഇടുക്കിയുടെ ഹൈറേൻജ് മേഖലയും ഒഴിച്ചുള്ള എല്ലായിടത്തും പൈനാപ്പിൾ കൃഷി നടക്കുന്നു. 

തെങ്ങിൻ തോട്ടങ്ങൾ പൈനാപ്പിൾ കൃഷിക്ക് പറ്റിയതാണ്. ഇട വിളയായി കൃഷി ചെയ്യാം. പക്ഷെ വിശാലമായ തെങ്ങിൻ തോപ്പുകൾ കേരളത്തിൽ ഇല്ല എന്ന് മാത്രം. ചെറുകിട കർഷകർക്ക് ഇത് നല്ലൊരു ഓപ്‌ഷനാണ്.

പ്രോസസിംഗിന്  ചെറിയ ശതമാനമേ ഇവിടെ ഉപയോഗിക്കുന്നുള്ളൂ. കഷ്ടി 20000 ടൺ മാത്രമേ പ്രോസസിംഗിന് ഉപയോഗിക്കുന്നുളളൂ. പ്രോസസിംഗ് ഇനമല്ലാത്തതിന്റെ പ്രശ്നമുണ്ട്. 

നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനിയുടെ ഫാക്റ്ററിയിൽ 12000 ടൺ ആണ് പരമാവധി ശേഷി. പക്ഷെ 2000 ടണ്ണാണ് ഒരു വർഷം പരമാവധി പ്രോസസ് ചെയ്യുന്നത്. ശരാശരി നോക്കിയാൽ  500 ടൺ മാത്രമേയുള്ളു. 

മൂല്യ വർധന 

പൈനാപ്പിളിൽ നിന്നും വൈൻ ഉല്പാദിപ്പിക്കുന്നത് ലാഭകരമാണോ, അതിന് വിപണി ഉണ്ടാകുമോ എന്നൊന്നും ഉറപ്പിച്ചു പറയാനാവില്ല. പക്ഷെ അതൊരു ഓപ്‌ഷനാണ്. സർക്കാർ മടിച്ചു നിൽക്കാതെ ലൈസൻസ് നൽകട്ടെ. 

അപ്പോൾ സംരംഭകർ വരും. ബ്രൂവറീയോ, ഡിസ്റ്റിലറിയോ ഒക്കെ ആകാം. സർക്കാർ ആരെ ഭയന്നാണ് ഇത് ചെയ്യാത്തതെന്ന് മനസിലാകുന്നില്ല. പുറത്തു നിന്നേ വൈനും, ബിയറും, മദ്യവും ഒക്കെ വാങ്ങികുടിക്കൂ എന്ന നിർബന്ധ ബുദ്ധി ആർക്കാണ്. 

മികച്ച സാധ്യത 

പൈനാപ്പിളിന് നല്ല ഭാവി ഉണ്ട്. ലോകത്താകമാനം ഭക്ഷണ ശീലങ്ങൾ നല്ല രീതിയിൽ മാറുകയാണ്. പൈനാപ്പിൾ നല്ല ഒരു പഴമാണ് എന്ന ധാരണ പരന്നിട്ടുണ്ട്. കോവിഡ് കാലത്ത് കേരളത്തിലെ ഉപഭോഗം വൻ തോതിൽ വർധിച്ചു. 100 ടണ്ണിൽ നിന്നും 300 ടണ്ണായി ഉയർന്നു. വൈറ്റമിൻ സി ധാരാളമുള്ള പഴമെന്ന നിലയിൽ കോവിഡ് പോലുള്ള രോഗങ്ങളെ പോലും പ്രതിരോധിക്കാൻ തക്ക ശേഷി അത് നൽകും എന്നൊക്കെയുള്ള പ്രചാരണം ഗുണകരമായി. പൈനാപ്പിൾ ധാരാളം വാങ്ങിക്കഴിക്കുന്ന ശീലം മലയാളികൾക്കുണ്ടായിട്ടുണ്ട്.

റബ്ബറിനെ താങ്ങി നിറുത്തുന്നത് പൈനാപ്പിളാണെന്ന കാര്യം ഒരിക്കലും മറക്കണ്ട. റബ്ബറിന് കേരളത്തിന്റെ സമ്പദ്ഘടനയിലുള്ള പ്രാധാന്യവും. 

പൈനാപ്പിൾ ഇക്കോണമി 

ശരാശരി 120 ട്രക്ക് പൈനാപ്പിൾ ഇവിടെ നിന്നും കയറ്റി പോകുന്നുണ്ട്. ഇത് മൊത്തത്തിൽ സൃഷ്ടിക്കുന്ന ഇക്കോണമി വലുതാണ്. രണ്ടേക്കറിന് ഒരാൾ എന്ന നിലയിൽ ഒരു ദിവസം തൊഴിൽ നൽകുന്നു. പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ, അനുബന്ധ വ്യാപാരം എന്നിവ ഒക്കെ ഇതിന്റെ കൂടെയുണ്ട്. ഈ മേഖലയിലെ മണി സർക്കുലേഷൻ നില നിറുത്തുന്നത് മുഖ്യമായും പൈനാപ്പിൾ ആണ്. 

പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേരള ഈ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുന്നു. കൃത്യമായ വിവരങ്ങൾ - ദിവസേന ഉള്ള മാർക്കറ്റ് വില അടക്കം- നൽകുന്നത് അസോസിയേഷനാണ്. vazhakulampineapple.in എന്ന സൈറ്റിൽ വിവരങ്ങൾ ലഭിക്കും.  The Pineapple Growers Association Keralam എന്ന ഫേസ് ബുക്ക് പേജിലും അപ്‌ഡേറ്റ് ലഭിക്കും. 

(പ്രമുഖ കാർഷിക സംരംഭകനായ ലേഖകൻ നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി ലിമിറ്റഡ് ചെയർമാനായിരുന്നു.  പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന് നേതൃത്വം നൽകുന്നു. വാഴക്കുളം പൈനാപ്പിളിന് ഭൂ സൂചികാ പദവി നേടിക്കൊടുക്കുന്നതിൽ മുൻകൈ എടുത്തു.)


ആധുനിക മാർക്കറ്റ് ഉണ്ടാക്കണം - ഡോ. പിപി ജോയ്   

കേരളത്തിലെ പൈനാപ്പിൾ കർഷകർ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് എന്നത് അതിന്റെ മാർക്കറ്റിംഗ് ആണ്. പ്രൊഡക്ഷൻ ടെക്നോളജി അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ലഭ്യമാണ്. ഡിപ്പാർട്മെന്റും അത്യാവശ്യം സഹായങ്ങൾ ഇതുമായി ബന്ധപ്പെട്ട് നൽകുന്നുണ്ട്.  ടെക്നോളജി ഉള്ളതുകൊണ്ട് ഏത് തരത്തിലും പ്രൊഡ്യൂസ് ചെയ്യുവാൻ കർഷകർക്ക് സാധിക്കും. നിലവിൽ ഒരുപാട് ഏരിയ കൃഷി ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ സാധിക്കും. ഇപ്പോൾ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നം അവർക്ക് അത് മാർക്കറ്റ് ചെയ്യുവാൻ സാധിക്കുന്നില്ല എന്നതാണ്. അതിന്റെ കരണമെന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ മഹാമാരിയാണ്. 

കേരളത്തിൽ ആഭ്യന്തര ഉപയോഗം വളരെ കുറവാണ്. അത് 10 - 15 ശതമാനത്തിൽ കൂടുതൽ വരില്ല. ഏതാണ്ട് 70 - 80 ശതമാനം അന്യസംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് മുഴുവൻ തടസ്സപ്പെട്ട അവസ്ഥയിലാണ്. കൃഷിക്കാരെ സംബന്ധിച്ചു കൂലി പോലും കിട്ടാത്ത അവസ്ഥയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. അതായത് നിലവിൽ അവർ നേരിടുന്ന ഭീഷണി മാർക്കറ്റിംഗ് തന്നെയാണ്. ഏത് രീതിയിലാണ് ഇത് മാനേജ് ചെയ്യാനാകുക എന്നാണ് ഇനി അറിയേണ്ടത്. 

കേരളത്തിന് പുറത്തേക്കുള്ള സപ്ലൈ പുനരാരംഭിക്കുവാനാകണം എന്നതാണ് പ്രധാനം, അതുപോലെ പ്രോസസ്സിങ്ങും ഏക്സ്‌പോർട്ടും ബൂസ്റ്റ് ചെയ്യുവാൻ ശ്രമിക്കണം. ഇപ്പോൾ ഫ്രഷ് ഫ്രൂട്ട് ആയിട്ടാണ് ഭൂരിഭാഗവും കയറിപ്പോകുന്നത്. എന്നാൽ അതിന് ഒരു പരിധിയുണ്ട്. അതിനാൽ അത് പ്രോസസ്സ് ചെയ്യണം. സിറപ് മുതൽ പ്രിസർവേറ്റീവ് വരെയുള്ള ഉല്പന്നങ്ങളാക്കി അത് മാറ്റണം. നബാർഡ് ഉൾപ്പെടെയുള്ളവരുടെ സഹായങ്ങൾ അതിന് തേടണം. മെക്കാനിക്കൽ പീലിംഗ് എളുപ്പമാക്കുന്ന എംജി2 പോലുള്ള വകഭേദങ്ങൾ കൂടുതലായി കൃഷി ചെയ്യുവാൻ സാധിക്കണം. അത് പ്രോസസ്സിംഗ് കൂടുതൽ എളുപ്പമാക്കും. കൂടുതൽ എക്സ്പോർട്ട് ഇതുവഴി സാധ്യമാകും. കർഷകർക്ക് ഇത് കൂടുതൽ ഗുണകരമാകുകയും ചെയ്യും. പക്ഷെ ഈ മാറ്റം പൊടുന്നനെ സാധ്യമാകണമെന്നില്ല. എന്നാൽ ക്രമേണ അത് വർധിപ്പിക്കുവാൻ സാധിക്കും. ഇതിനുവേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കാര്യമായ ഇടപെടലുകൾ വരണം. 

പൈനാപ്പിൾ പഴുത്തുകഴിഞ്ഞാൽ രണ്ട് ആഴ്ചയിൽ കൂടുതൽ അത് സൂക്ഷിക്കുവാൻ സാധിക്കില്ല. അതായത് ആ പരിധിക്കുള്ളിൽ അത് ഉപയോഗിച്ച് തീർക്കണം. അത് എല്ലായപ്പോഴും സാധ്യമാകണമെന്നില്ല. അപ്പോൾ വലിയ അളവിലുള്ള കയറ്റുമതി മാത്രമാണ് പരിഹാരം. നിലവിൽ കപ്പൽ, വിമാന മാർഗങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇവിടെയും പ്രശ്നമുണ്ട്. കപ്പൽ വഴി അയക്കുമ്പോൾ കാലതാമസമുണ്ടാകുന്നു. വിമാനം വഴിയാകുമ്പോൾ ചെലവ് വളരെയധികം വർധിക്കുന്നു. അതായത് സർക്കാരിന്റെ ഇടപെടലും സഹായവും ആവശ്യമുള്ള ഘട്ടമാണ് ഇത് എന്ന് പറയാം. 

ആധുനിക സൗകര്യങ്ങളോടെയുള്ള മാർക്കറ്റ് ഉണ്ടാക്കണം. ഇതുവഴി നിലവിൽ ഉയർന്നുനിൽക്കുന്ന ഹാൻഡ്ലിങ് ലോസ് വളരെ ചെറിയ അളവിലേക്ക് കുറക്കാൻ സാധിക്കും. അത് വഴി ലാഭം കൂട്ടാം. മറ്റൊന്ന് കൃത്യമായ സ്റ്റോറേജ് സൗകര്യം ഒരുക്കുക എന്നതാണ്. പൈനാപ്പിളിന് ഏറ്റവും യോജിച്ച ഫ്രീസിങ് ടെംപെറേച്ചർ 10 - 12 ഡിഗ്രി ആണ്. അത് കൃത്യമല്ലെങ്കിൽ പൈനാപ്പിളിന്റെ സ്വാഭാവികത നഷ്ട്ടമാകും. അത് മാർകെറ്റിൽ തിരിച്ചടിയാകും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതാണ് പൈനാപ്പിൾ സ്റ്റോറേജിൽ വെല്ലുവിളിയാകുന്നത്. ഇത് കൂടുതൽ റിസർച്ച് സപ്പോർട്ട് ആവശ്യമുള്ള പ്രശ്നമാണ്. അതും സർക്കാർ തലത്തിലോ അനുബന്ധ ഏജൻസികൾ വഴിയോ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. 

പൈനാപ്പിളിനെ പരിഗണിക്കുമ്പോൾ അതിന്റെ എല്ലാ ഭാഗങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കണം. അതായത് സീറോ വേസ്റ്റ് എന്ന അവസ്ഥ ഉണ്ടാകണം. പ്രോസസ്സിംഗ് കഴിഞ്ഞിട്ട് വരുന്ന ഭാഗങ്ങളെ കൃത്യമായി ഉപയോഗിച്ചാൽ വൈൻ, വിനിഗർ, ആൽക്കഹോൾ എന്നിവയെല്ലാം ഉണ്ടാക്കാനായി ഉപയോഗിക്കാം. അതും കഴിഞ്ഞു കിട്ടുന്ന വേസ്റ്റ് കമ്പോസ്റ്റ് ആക്കി മാറ്റാം, ബയോഗ്യാസ് ഉണ്ടാക്കാനായി ഉപയോഗിക്കാം, കാലിത്തീറ്റ ഉൽപാദിപ്പിക്കാം, ഇല ഉപയോഗിച്ച് പൈനാപ്പിൾ ഫൈബർ ഉണ്ടാക്കാം. ചില എൻസൈമുകൾ ഉൽപ്പാദിപ്പിക്കുവാനും പൈനാപ്പിൾ ഗുണകരമാണ്. അങ്ങനെ അനവധിയായ ഉൽപ്പന്നങ്ങളും ഉപോല്പന്നങ്ങളും ഉണ്ടാക്കുവാൻ പൈനാപ്പിൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി സീറോ വേസ്റ്റ് എന്ന അവസ്ഥ സൃഷ്ടിക്കാനാകും. എന്നാൽ ഇത്രയും ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനാകുന്ന തരത്തിൽ ഓർഗനൈസ്ഡ് ആയിട്ടുള്ള മാർക്കറ്റ് വരണം. എങ്കിലേ നിലവിലെ അവസ്ഥ മെച്ചപ്പെടുത്താനാകു.

(കാർഷിക സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറും പൈനാപ്പിൾ റിസർച്ച് സ്റ്റേഷൻ മുൻ തലവനുമാണ് ലേഖകൻ)

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story