EDITORIAL

ബജറ്റ് സമ്പത്വ്യവസ്ഥയ്ക്ക് ദൃഢത പകരുമോ ? - ന്യൂഏജ് എഡിറ്റോറിയൽ

Newage News

03 Feb 2021

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ സാമ്പത്തിക സങ്കീര്‍ണ്ണതകള്‍ ക്ക് പരിഹാരമാവുന്ന ബജറ്റ് എന്ന നിലയില്‍ രാജ്യം വളരെ ശ്രദ്ധാപൂര്‍വ്വം കാതോര്‍ത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. മുമ്പെങ്ങും പരിചിതമല്ലാത്ത സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുന്ന വിവിധ മേഖലകള്‍ക്ക് കൈത്താങ്ങ് ആവുക എന്ന വലിയ ലക്ഷ്യമാണ് ധനമന്ത്രിക്ക് മുന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ചരിത്രപരമായ ബജറ്റ് ആവും അവതരിപ്പിക്കുക എന്ന് ഒരു ഘട്ടത്തില്‍ ധനമന്ത്രി അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളില്‍ ഈ ബജറ്റില്‍ അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തേണ്ട എന്ന ചിന്തയും സാമ്പത്തിക വിദഗ്ധര്‍ പങ്കുവെച്ചിരുന്നു.വലിയ പദ്ധതികള്‍ക്ക് വേണ്ട പണം എങ്ങനെ കണ്ടെത്തും എന്ന ചിന്തയും സാമ്പത്തിക ലോകത്ത് സജീവമായിരുന്നു.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ സമകാലിക സാമ്പത്തിക സങ്കീര്‍ണ്ണതകള്‍ പൂര്‍ണമായി മറികടക്കാന്‍ പര്യാപ്ത മല്ലെങ്കില്‍ കൂടി കോവ്ഡിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യമേഖലയിലും അടിസ്ഥാന വികസന മേഖലയിലും പരമാവധി ഊന്നല്‍ നല്‍കി എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, അതിലേക്ക് അധിക വിഭവസമാഹരണത്തിന് കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍ എത്രമാത്രം പ്രായോഗികതയിലേക്ക് എത്തും എന്നത് ചിന്തിക്കേണ്ടതുണ്ട്. നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ സാമ്പത്തിക ദുരവസ്ഥയില്‍ നിന്ന് 11 ശതമാനം വളര്‍ച്ചയിലേക്കുള്ള ഒരു തിരിച്ചു കയറ്റം തൊട്ടുമുന്നില്‍ ഉണ്ടെന്ന പ്രതീക്ഷയാണ് സാമ്പത്തിക സര്‍വേയില്‍ തെളിഞ്ഞത്. ഓഹരി വിറ്റഴിക്കലിലെ പ്രതീക്ഷ നിലവില്‍ 9 ശതമാനത്തിനു മുകളില്‍ എത്തിയ ധനക്കമ്മി 5 ശതമാനത്തിലും താഴേക്ക് എത്തിക്കാമെന്ന വിശ്വാസവും ധനമന്ത്രിക്ക് നല്‍കിയിരിക്കുന്നു.

പ്രതിസന്ധി കാലത്തെ ബജറ്റ് എന്ന് ധനമന്ത്രി ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ടൂറിസം മേഖലയിലും മറ്റും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന വസ്തുത അവശേഷിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ തൊഴില്‍ സൃഷ്ടി ലക്ഷ്യം വെക്കുന്നണ്ടെങ്കിലും തൊഴില്‍ നഷ്ടത്തിന്റ് ഭീതിതമായ അവസ്ഥ വേണ്ടത്ര കണക്കിലെടുത്തു എന്ന് കരുതാനാവില്ല.എന്നാല്‍ ആരോഗ്യ മേഖല കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് 2.23 ലക്ഷം കോടി രൂപ നീക്കിവെച്ചു എന്നത് പ്രധാനമാണ്. അടിസ്ഥാന ആരോഗ്യമേഖലയുടെ വികസനവും കോവിട് വാക്‌സിന്‍ വിതരണവും ശുചിത്വവും മാലിന്യ സംസ്‌കരണവും എല്ലാം വേണ്ടവിധം തന്നെ പരിഗണിക്കപ്പെട്ടു. കേരളത്തിന് ലഭിച്ച 65,000 കോടിയുടെ ദേശീയപാത വികസനവും കൊച്ചി മെട്രോ രണ്ടാം ഘട്ടവും കൊച്ചി തുറമുഖ വികസനവു മല്ലാം ശ്രദ്ധേയമാണ്. ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ച ലക്ഷ്യമാക്കി 1500 കോടിയും റെയില്‍വേ വികസനത്തിന് 1.10 ലക്ഷം കോടിയും ഊര്‍ജ്ജ മേഖലയില്‍ 3.05 ലക്ഷം കോടിയും ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു.

തുറമുഖ നവീകരണം ലക്ഷ്യമിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ 2000 കോടി രൂപയുടെ പദ്ധതി, പൊതുമേഖലാ ബാങ്കുകള്‍ക്ക് 20,000 കോടി, ബസ് സര്‍വീസ് നവീകരണം മുന്‍നിര്‍ത്തി 18,000 കോടി, വാതക വിതരണ ശൃംഖലക്ക്1000 കോടി... അങ്ങനെ അടിസ്ഥാന മേഖലയില്‍ വലിയ ഊന്നല്‍ തന്നെ ബജറ്റ് നല്‍കിയിട്ടുണ്ട്.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തിയ നടപടി ബജറ്റിലെ ശ്രദ്ധേയ നീക്കമാണ്. രാജ്യത്തേക്കുള്ള വിദേശനിക്ഷേപത്തിലെ ഒഴുക്കിനെ അത്  ത്വരിതമാക്കും.അധിക വിഭവസമാഹരണം മുന്‍നിര്‍ത്തി രാജ്യത്തെ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ അടക്കം പൊതുമേഖലാ ഓഹരി വില്പന ഊര്‍ജിതമാക്കുമന്ന സൂചനയാണ് ബജറ്റ്‌നല്‍കുന്നത്. എന്നാല്‍ അത് എത്ര ത്തോളം പ്രായോഗികമാവും എന്നതാണ് അറിയേണ്ടത്.

കാര്‍ഷിക മേഖലയില്‍ തറവില വഴിയുള്ള സംഭരണം ബജറ്റ് ഉറപ്പു നല്‍കിയിരിക്കുന്നു എന്നതും പ്രധാനമാണ്. കര്‍ഷകരുടെ ഒരു പ്രധാന ആവശ്യം ഇവിടെ പരിഗണിക്കപ്പെട്ടിരിക്കുന്നു. കര്‍ഷകര്‍ക്ക് 75,060 കോടിയുടെ പാക്കേജും 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുണ്ട.നിലവിലെ ആദായനികുതി സ്ലാബ്കളില്‍ മാറ്റം വരുത്താതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകപരിഗണന നല്‍കിയിരിക്കുന്നു. 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഇനി ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതില്ല. 

പെട്രോള്‍, ഡീസല്‍ വിലയില്‍ അടക്കം അഗ്രി സെസ്  കൊണ്ടുവന്നത് വഴിയുള്ള ആഘാതം എക്‌സൈസ്, കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ നല്‍കിയത് വഴി ലഘൂകരിക്കപ്പെട്ടു എന്നാണ് വിലയിരുത്തുന്നത്. ഇടത്തരം ചെറുകിട സംരംഭകരുടെ  ആശ്വാസത്തിനായി പല മെറ്റീരിയലുകള്‍ക്കും നികുതിയിളവുകളും ഇറക്കുമതി തീരുവ ഉയര്‍ത്തലും ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. രാജ്യം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികള്‍ക്ക് സമഗ്രമായ പരിഹാരമാവുന്നില്ലെങ്കിലും  ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന സമ്പത് വ്യവസ്ഥയ്ക്ക് ദൃഢത പകരാന്‍ ഈ ബജറ്റിന് ആവുമോ എന്നതാണ് ഇനി അറിയാനുള്ളത്.


സ്വകാര്യമൂലധനം എന്ന കിട്ടാക്കനിയില്‍ നട്ട ഔഷധബജറ്റ് - എം സരിതാ വര്‍മ്മ

തീര്‍ത്തും ഔഷധബജറ്റായാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021 - 22 ലെ ബജറ്റിനെ പാക്കേജ് ചെയ്യുന്നതെങ്കിലും, സൂക്ഷ്മമായി  നോക്കുമ്പോള്‍ അതിലെ വിഭവസമാഹരണത്തിന്റെ പുഷ്ടി പോലും വെന്റിലേറ്ററില്‍, ആണെന്ന് വേണം സംശയിക്കാന്‍.

അതേ സമയം,  സര്‍ക്കാരിന്റെ മൂലധനചെലവ് 34 .5  % വര്ധിപ്പിക്കല്‍, നാഷണല്‍ അസ്സെറ്റ് റീകണ്‍സ്ട്രക്ഷന്‍  കമ്പനി  എന്ന പൊതുമേഖല കമ്പനി സ്ഥാപിയ്ക്കാനുള്ള തീരുമാനം എന്നിവയൊക്കെ മാന്ദ്യം ലഘൂകരിച്ച് സമ്പത്ഘടനയെ ഉത്തേജിപ്പിയ്ക്കാന്‍ പോന്ന സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണ്  താനും.

പ്രതീക്ഷിച്ചപോലെ,  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് , കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ച്,  മാന്ദ്യത്തില്‍ നിന്ന് കര കേറുന്ന കെയ്നീഷ്യന്‍ ( ജോണ്‍ മെയ്‌നാഡ്  കെയ്‌ന്‌സ്  എന്ന ബ്രിട്ടീഷ്‌സാമ്പത്തികശാസ്ത്രജ്ഞന്റെ) പാതയിലാണ് ഇന്ത്യയുടെ ധനമന്ത്രിയും.  വാങ്ങല്‍ശേഷി വര്‍ധിപ്പിച്ച്, സമ്പദ്ഘടനയുടെ ക്രയവിക്രയങ്ങള്‍ ത്വരിതപ്പെടുത്തുന്ന നടപടികളില്‍ പെടും റോഡ് നിര്‍മ്മാണവും, മെട്രോ റെയില്‍ നിര്‍മ്മാണവുമൊക്കെ .  ഊബര്‍ , ഓല തുടങ്ങി  ട്രാന്‍സ്പോര്‍ട്ട് മേഖലയിലും , സ്വിഗ്ഗി , സോമറ്റോ തുടങ്ങി ഭക്ഷണവിതരണ മേഖലയിലും മറ്റുമായുള്ള  അസംഘടിതരായ   കോണ്‍ട്രാക്ട് തൊഴിലാളികളെ,  സാമൂഹ്യാസുരക്ഷാപാക്കേജില്‍ കൊണ്ടുവരുന്നതുമൊക്കെ വാങ്ങല്‍ ശേഷി നില നിര്‍ത്താന്‍ ഉപകരിക്കും . 

നാഷണല്‍ അസ്സെറ്റ് റീകണ്‍സ്ട്രക്ഷന്‍  കമ്പനി (NARC ) എന്നത് അഞ്ചു വര്‍ഷമായി  പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും നീതി ആയോഗിന്റെയും ഫയലുകളില്‍ കറങ്ങിയടിച്ച്, എങ്ങുമെത്താതെ കിടക്കുന്ന ഒരു ആശയമായിരുന്നു . എല്ലാം സ്വകാര്യവല്‍ക്കരണത്തിനു വിടുന്ന ഒരു ഘട്ടത്തില്‍ , ഇങ്ങിനെയൊരു പൊതുമേഖലസ്ഥാപനം  രൂപീകരിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ  അപ്രതീക്ഷിതമായ ധീരതയായി .

ബാങ്കുകളുടെ ജഡആസ്തി ഡിസ്‌കൗണ്ട് ചെയ്ത്  ഏറ്റെടുക്കുന്ന 10 -12   ARC കള്‍ നിലവിലുണ്ട് . പക്ഷെ, അവയെല്ലാം സ്വകാര്യമേഖലയിലാണ് . പൊതുമേഖലാബാങ്കുകള്‍ക്ക്  തങ്ങളുടെ കിട്ടാക്കടങ്ങള്‍ ഈ കമ്പനികള്‍ തീരുമാനിയ്ക്കുന്ന നിരക്കില്‍  ഏല്പിയ്ക്കാന്‍ ശങ്കയുണ്ട്.  കിട്ടാക്കടത്തിന്റെ ഭാരം ഒഴിക്കാനുള്ള ആത്മവിശ്വാസം നല്‍കുക വഴി , ഈ പൊതുമേഖലാ ബാങ്കുകളെ ഉല്‍പ്പാദനമേഖലകളില്‍ വായ്പ നല്‍കാന്‍ കൂടുതല്‍ പ്രാപ്തമാക്കുന്നു എന്നതാണ്  bad  bank  എന്ന ഓമനപ്പേരുള്ള  NARC  കൊണ്ടുണ്ടാവുന്ന ഗുണം.

എങ്കിലും, ഇതിനിടയില്‍   മൗലികമായ , ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇടക്കാലത്തേയ്ക്ക് ( medium  term ) സമ്പദ്ഘടനയ്ക്ക് കുതിപ്പുണ്ടാക്കാന്‍ പോന്നതാണല്ലോ മൂലധന ചെലവുകള്‍ക്കുള്ള 34 .5 % വര്‍ദ്ധനവ് . സാമ്പത്തികചാക്രികതയെ തല്‍ക്കാലത്തേക്ക് ബ്രേക്കിടാന്‍ ഇതുകൊണ്ട് സാധിക്കുമായിരിക്കും . പക്ഷെ,  അതിനുള്ള മൂലധനം വരാനുള്ള അമാന്തം , ഈ തിരുത്തല്‍ പ്രക്രിയയെ തകിടം മറിച്ചേക്കും എന്നും ബാങ്കിങ്ങ് വൃത്തങ്ങള്‍   ജാഗ്രതപ്പെടുത്തുന്നു .

ലോകം മുഴുവന്‍ മഹാമാരി മൂലമുള്ള മാന്ദ്യതത്തില്‍ നില്‍ക്കുമ്പോള്‍ , ഇന്‍ഷ്വറന്‍സ് മേഖലയിലെ ഉദാരമായി തുറന്നിട്ട വാതിലുകള്‍ വഴി വിദേശമൂലധനം എവിടെ നിന്ന് വരാന്‍! പൊതുമേഖലയുടെ ഓഹരിവിലപ്ന, സമ്പദ്വ്യവസ്ഥ ഇത്ര ആതുരമല്ലാത്ത കാലത്ത്  തന്നെ നാമമാത്രമായേ നടന്നുള്ളു . സ്വകാര്യനിക്ഷേപകര്‍ കൂടുതല്‍ പ്രത്യുല്പാദനക്ഷമമായ താവളങ്ങള്‍ തേടുന്ന കാലത്ത്,  ശുഭകരമായ വ്യവസ്ഥകളോടെ ഓഹരിവില്പന എങ്ങിനെ സാദ്ധ്യമാവാന്‍! ദുഷ്‌കരമായ  ഈ വരുമാനസ്രോതസ്സാണ് ബജറ്റ്‌സ്വപ്നങ്ങള്‍ മുമ്പോട്ട് കൊണ്ടുപോവാന്‍ ധനമന്ത്രി കണ്ടു വച്ചിരിക്കുന്നത് എന്നത് വിശ്വാസ്യതയെ സാരമായി ബാധിക്കുന്നുണ്ട് .

ലോകമെമ്പാടുമുള്ള കോവിഡ് മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ,  ഇന്ത്യയിലെയ്‌ക്കൊഴുകാന്‍  ദുഷ്‌കരമായ വിദേശമൂലധനത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ , അപ്പാടേ ചാരിനില്‍ക്കുന്നു  എന്നതാണ്  നിര്‍മ്മലാ സീതാരാമന്റെ   കേന്ദ്രബജറ്റിന്റെ ദൗര്‍ബല്യം.  അതാകട്ടെ, ഒരു രാഷ്ട്രത്തിന്റെ പ്രധാനസാമ്പത്തിക രേഖയെ സംബന്ധിച്ചിടത്തോളം , അത് സാരമായ ഒരു ക്ഷീണമാണ് താനും.

(മുന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ്)


ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ട്, എങ്ങനെ നടപ്പാക്കുമെന്നത് കണ്ടറിയണം - പി.സി. സിറിയക്

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പല വിധത്തിലുള്ള പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പന്നമാണ്. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതാണ് അറിയാനുള്ളത്. പദ്ധതികള്‍ക്കുള്ള പണം എങ്ങനെ കണ്ടെത്തും എന്നതാണ് പ്രധാനം. ഓരോ പദ്ധതികള്‍ക്കും ലക്ഷങ്ങളും കോടികളും വകയിരുത്തിയിട്ടുണ്ട്. അതിലേക്കായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, ഭൂമി പണയം വെക്കലും ഒക്കെയാണ് പ്രധാനമായി മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഇതിനുമുമ്പും മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ എത്രമാത്രം വിഭവസമാഹരണം നടത്താനായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് ഈ പദ്ധതികളുടെ പ്രായോഗികതയെ കുറിച്ച് ചിന്തിച്ചുപോകുന്നത്.

മറ്റൊന്നു വായ്പാ പദ്ധതികള്‍ ആണ്. കര്‍ഷകര്‍ക്കും വായ്പാപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പകള്‍ക്ക് മേല്‍ വായ്പ  എന്നതാണ് അവസ്ഥ. ഇത് ജനങ്ങള്‍ക്കുമേല്‍ വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നത്. കര്‍മ്മ പദ്ധതികള്‍ കുറവും മറ്റു വായ്പാ പദ്ധതികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു.ഇതെല്ലാം ചേര്‍ന്ന് സാമ്പത്തിക രംഗം കൂടുതല്‍ കുഴപ്പത്തിലേക്ക് ചെന്നെത്താന്‍ ആണ് സാധ്യത. നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നതായി കരുതുന്നില്ല. പല പദ്ധതികളിലും കഴിഞ്ഞ കാര്യങ്ങളുടെ ആവര്‍ത്തനം തന്നെയാണ് ഉണ്ടായത്. അഗ്രി സെസ്സും മറ്റും മൂലം  ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിക്കാനാണ് സാധ്യത. മറ്റ്ഡ്യൂട്ടികള്‍ കുറഞ്ഞു എന്നത് കൊണ്ട് ഫലം ഉണ്ടാകും എന്ന് തോന്നുന്നില്ല.                                                 

(ധനകാര്യ വിദഗ്ധന്‍, മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്)


സാധാരണ ജനങ്ങളെ അവഗണിക്കുന്ന ബജറ്റ് - അഡ്വ. എം. ലിജു

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ആണ് ഏറെയും ബാധിച്ചത്. അതുകൊണ്ടുതന്നെ സാധാരണജനങ്ങളുടെ ബുദ്ധിമുട്ടുകളാണ് പ്രധാനമായും പരിഹരിക്കപ്പെടേണ്ടത്. ഇവിടെ ബജറ്റ് സാധാരണക്കാരായ ജനങ്ങളെ അവഗണിച്ചിരിക്കുന്നു. ഇവിടെ പ്രശ്‌നങ്ങള്‍ കോവിട് മുതല്‍ മാത്രമല്ല ഉടലെടുത്തിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ സമ്പത് രംഗത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.  

സാധാരണ ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ പല തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ ബജറ്റില്‍  അവര്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ല. ഡയറക്ട് ക്യാഷ് ബെനിഫിറ്റ് ഒന്നും തന്നെ ഉണ്ടായില്ല. സാധാരണക്കാരായ കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടി രൂപയുടെ വായ്പ ആണ് പ്രഖ്യാപിച്ചത്. ഇതിനു സമാനമായ വായ്പാ പദ്ധതികള്‍ സര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെ പദ്ധതിയില്‍ മുന്നോട്ടുവച്ചിരുന്നു. അതിലെന്താണ് നേട്ടം ഉണ്ടായത്. 65,000 കോടിയുടെ പദ്ധതി കേരളത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനം മാത്രമാണ്. 

പല പദ്ധതികള്‍ക്കും പണം കണ്ടെത്താന്‍ പൊതുമേഖല ഓഹരി വിറ്റഴിക്കല്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് വിത്തെടുത്ത് കുത്തുന്ന രീതിയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും മറ്റും സെസ് കൊണ്ടുവരുന്നത് വിലവര്‍ധന  മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയായി മാറും. ജനങ്ങള്‍ക്ക് അമിത ജീവിതഭാരം ആണ് വരുത്തുന്നത്. രാജ്യത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളെയും അവഗണിച്ച ബജറ്റ് ആയി മാത്രമേ ഈ ബജറ്റിനെ കാണാന്‍ സാധിക്കുകയുള്ളൂ.                  

(പ്രമുഖ കോണ്‍ഗ്രസ് നേതാവ്, ആലപ്പുഴ ഡിസിസി പ്രസിഡന്റും ആണ്)


കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട് - അനില്‍കുമാര്‍ ശര്‍മ്മ

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടിരുന്നത് പോലെ നൂറു കൊല്ലത്തിനിടയില്‍ ഉണ്ടാവാത്ത ബജറ്റ് എന്ന നിലയില്‍ ബജറ്റ് വളര്‍ന്നിട്ടില്ല. പ്രതീക്ഷക്കൊപ്പം ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെങ്കിലും ഇന്നത്തെ സവിശേഷ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോവിഡിലെ സവിശേഷ സാഹചര്യം കണക്കിലെടുത്തുകൊണ്ട് ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങിയവയില്‍ വേണ്ട പരിഗണന ധനമന്ത്രി നല്‍കിയിട്ടുണ്ട്. ആരോഗ്യരംഗത്ത് പ്രത്യേക പരിഗണന ആവശ്യമുള്ള സന്ദര്‍ഭം തന്നെയാണ്. ആ മേഖലയില്‍ വേണ്ടത്ര തുക വകയിരുത്തിയിട്ടുണ്ട്. അതുപോലെ അടിസ്ഥാന മേഖലകളില്‍ കൂടുതല്‍ തുക വിലയിരുത്തിയത് സമ്പദ്ഘടനയ്ക്ക് ഊര്‍ജദായകമാണ്.

എന്നാല്‍ കോവിട് പ്രതിസന്ധിയില്‍ വലിയ പരിഗണന ലഭിക്കേണ്ട ടൂറിസം പോലുള്ള മേഖലകളില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല. യാത്ര, താമസം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കേണ്ടിയിരുന്നു. അത് ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ട തുമാണ്. കാര്‍ഷിക രംഗത്ത് ചില നിര്‍ദേശങ്ങള്‍ ഉണ്ട്. കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് മുന്നോട്ടുവെച്ട്ടുണ്ട്. വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ല്‍ കേരളത്തിലും ബംഗാളിലും ഒക്കെ ഉണ്ടായ പദ്ധതികള്‍ ഒരു തെരഞ്ഞെടുപ്പിന്റ് കൂടി പശ്ചാത്തലത്തില്‍ ഉള്ളവയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ എത്രമാത്രം പ്രായോഗികമാണ് എന്നത് ചിന്തിക്കണം. ഇതിനു മുമ്പ് ഉണ്ടായ അനുഭവങ്ങള്‍ തൃപ്തികരം ആയിരുന്നില്ല. സമ്പദ്ഘടന 2021- 22 വര്‍ഷം കൂടുതല്‍ പുരോഗതിയിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. 

(ധനകാര്യ വിദഗ്ധനും ' കേരളകൗമുദി യുടെ ബിസിനസ് എഡിറ്ററുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story