EDITORIAL

പ്രതീക്ഷ നൽകി ഗൾഫ് - ന്യൂഏജ് എഡിറ്റോറിയൽ

Newage News

03 Aug 2020

ൾഫ് തിരിച്ചു വരിക തന്നെ ചെയ്യും. അതിൽ ഏറ്റവും സന്തോഷിക്കുന്നത് മലയാളി  ആയിരിക്കും. പെറ്റ നാട് പോലെ നമുക്ക് അത്രമേൽ വിലപ്പെട്ടതാണ് ഗൾഫ്.

ലോകം വലിയ പ്രതിസന്ധിയെ തരണം ചെയ്യുന്ന സന്നിഗ്ധ ഘട്ടത്തിൽ അതിജീവനത്തിന്റെ ഏത് സൂചനകളും പ്രതീക്ഷ നൽകുന്നു.

ഗൾഫിൽ നിന്നും അത്തരം ചില സൂചനകൾ വന്നു തുടങ്ങി.

ദുബായ് ആണ് ഈ പ്രതീക്ഷയെ മുന്നിൽ നിന്ന് നയിക്കുന്നത്. ഒരു ഗൾഫ് രാജ്യവും പ്രതിസന്ധികൾക്ക് മുന്നിൽ പതറിയ ചരിത്രമില്ല. എണ്ണയുടെ വിലത്തകർച്ച കോവിഡിന് ഒപ്പം അവരെ ഉലച്ചു എന്നതിൽ തർക്കമില്ല. അത് ഈ രാജ്യങ്ങളെ വലിയ തോതിൽ ബാധിക്കുകയും ചെയ്തേക്കാം. അത് അവർ മുൻകൂട്ടി കണ്ടിട്ടുണ്ടാകണം. കാരണം ഈ അവസ്ഥാ വിശേഷം ഒരു ദശകത്തിലേറെയായി പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്.

ബദൽ ഊർജസ്രോതസുകൾ ലോകം ഉറ്റു നോക്കുകയാണെന്ന് അവർക്ക് നന്നായി അറിയാം.

സൗരോർജം അടക്കമുള്ള അത്തരം സ്രോതസ്സുകളിൽ അവർ നിരന്തരമായി പരീക്ഷണ ഗവേഷണങ്ങൾ നടത്തുന്നുമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ തന്നെ ഈ തീമിൽ എത്രയോ കോൺഫറൻസുകൾ അവർ സംഘടിപ്പിച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളും ഇത് ചെയ്തു.

എണ്ണ എന്ന സാധ്യത അസ്തമിച്ചാലും മുന്നോട്ടു പോകാനുള്ള പല വഴികൾ ഓരോ ഗൾഫ് രാജ്യവും ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാകാം.

ദുബായ് ഒരിക്കലും എണ്ണയെ ആശ്രയിക്കുന്നില്ല. എണ്ണ നിക്ഷേപം പേരിന് മാത്രമേയുള്ളൂ. പക്ഷെ 200 രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കാൻ തക്ക മികവ് ദുബായ് ആർജ്ജിച്ചു. അത് മിഡിലീസ്റ്റിന്റെ വാണിജ്യ തലസ്ഥാനമെന്ന രീതിയിലാണ്. സ്വതന്ത്ര സമ്പദ്ഘടന എന്നത് അവർക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

റീ എക്സ്പോർട്ട് ഹബ് ആയി അവർ ദീർഘകാലമായി പൊസിഷൻ ചെയ്തിരിക്കുന്നു.  

കോവിഡാനന്തരം എക്സ്പോ 2021 നെ അവർ ഗംഭീരമാക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും, ജി ടെക്കും നടത്തി നല്ല അനുഭവസമ്പത്തുള്ള ദുബായ് ഒരു പുതിയ കുതിപ്പിന് അതിലൂടെ തുടക്കമിടും എന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.

ഖത്തർ ലോകകപ്പ് ഒരുക്കങ്ങളിൽ കുറവ് വരുത്തിയിട്ടില്ല. ഗൾഫിൽ ഏറ്റവും കൂടുതൽ പ്രകൃതി വാതക നിക്ഷേപമുള്ളത് അവർക്കാണ്. അതിൻ്റെ വാണിജ്യ സാദ്ധ്യതകൾ അസ്തമിച്ചിട്ടില്ല. ഖത്തർ പ്രതീക്ഷ അർപ്പിക്കുന്നതും അതിൽ തന്നെയാണ്. ലോകകപ്പ് ചരിത്ര സംഭവമാക്കുന്നതിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റാൻ അവർക്ക് കഴിയും. ദുബായ്ക്ക് പല അർത്ഥത്തിലും ബദലാവാൻ അവർക്ക് കഴിഞ്ഞേക്കും.

സൗദി ഒരു മാറ്റത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. എണ്ണയുടെ സുവർണകാലത്ത് സൗദി നേടിയ വളർച്ച താരതമ്യമില്ലാത്തതാണ്. ഹജ്, മെക്ക എന്നീ ഘടകങ്ങൾ സൗദിയുടെ തന്ത്രപ്രധാനമായ പദവി അതേപടി നിലനിറൂത്തും. അതവരുടെ ഇക്കോണമിയുടെ നെടുംതൂണുമാണ്. കോവിഡിന് ശേഷം അടുത്ത ഹജ് സീസണിൽ തീർത്ഥാടക പ്രവാഹം ആ രാജ്യം പ്രതീക്ഷിക്കുന്നു.

പല ഗൾഫ് രാജ്യങ്ങളിൽ നിന്നും ആളുകൾ നാട്ടിലേക്ക് മടങ്ങി പോരുന്നുണ്ട്. എല്ലാവരും ജോലി ഉപേക്ഷിച്ചു പോരുന്നവരല്ല. മാത്രമല്ല അങ്ങനെ തിരിച്ചു വരുന്നവരുടെ ഒരു കുത്തൊഴുക്കൊന്നും കാണാനുമില്ല.

എന്തെങ്കിലും സാദ്ധ്യതകൾ അവശേഷിക്കുന്നെങ്കിൽ ഗൾഫിൽ തുടരാൻ തന്നെയാകും മലയാളിയുടെ താല്പര്യം.

കേരളം തിരിച്ചെത്തുന്നവർക്കായി പല കരുതലുകളും എടുക്കുന്നുണ്ട്. അത് പ്രവാസികൾക്ക് ആശ്വാസവും, സന്തോഷവും നൽകുന്നു. പക്ഷെ ഇത്തരം കാര്യങ്ങൾക്ക് പരിധിയും, പരിമിതിയുമുണ്ടെന്ന് അവർക്കറിയാം. അത് കരുതി തന്നെയാണ് പ്രവാസികളും മുന്നോട്ട് പോകുന്നത്.

ഗൾഫിന്റെ തിരിച്ചു വരവ് എങ്ങനെയായിരിക്കുമെന്ന് ലോകം ആകാംഷയോടെ നോക്കുന്നു. വീണ്ടുമൊരു ഗൾഫ് ബൂം എന്ന് കേൾക്കാൻ ആണ് മലയാളികൾക്ക് ഇഷ്ടം.


പ്രവാസികളുടെ സംഭാവനകൾ പ്രയോജനപ്പെടുത്താൻ ഒരുങ്ങണം - വി. സുനിൽ കുമാർ 

ഗോള സമ്പദ്‌വ്യവസ്ഥയെ കോവിഡ് സാരമായിത്തന്നെ ബാധിച്ചിരിക്കുന്നു. കേരളത്തെ സംബന്ധിച്ച് പല ബിസിനസുകളും പ്രവാസികളെ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് മേഖലയെ ആശ്രയിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം മുടക്കുന്നവരിൽ ഒരു പ്രധാന വിഭാഗം അറുപത്തിമൂന്നോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. അവരെയെല്ലാം തന്നെ ഈ മഹാമാരി വല്ലാതെ ബാധിച്ചിട്ടുമുണ്ട്.  അതേ സമയം കോവിഡ് കാലത്ത് ബിസിനസ് എൻക്വയറികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എത്രത്തോളം പേർ മടങ്ങി വരുന്നു എന്ന തരത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിൽ കൂടി, മുൻകാലങ്ങളിലും സമാനമായ സാഹചര്യങ്ങളിൽ കുറേപ്പേരെങ്കിലും ഇങ്ങോട്ട് മടങ്ങിവരികയും ഇവിടെ നിക്ഷേപം നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പ്രവാസികൾ വൻതോതിലുള്ള സാമ്പത്തിക നിക്ഷേപങ്ങളാണ് കേരളത്തിൽ നടത്തിയിരുന്നതെങ്കിൽ ഇനിയുള്ള കാലം ബുദ്ധികൊണ്ടും പ്രവർത്തനമികവ് കൊണ്ടും ഒക്കെയുള്ള പ്രൊഫഷണൽ ഇൻവെസ്റ്റ്‌മെന്റ് ആകും. കേരളത്തിന് വലിയ പുരോഗതിയും കുതിപ്പ് നൽകാൻ പ്രവാസികൾക്ക് തീർച്ചയായും കഴിയും. അതിന് കേരളം എത്രത്തോളം ഒരുങ്ങിയിട്ടുണ്ട് എന്നതാണ് പ്രധാനം.  

പ്രവാസികളുടെ സംഭാവനകൾ പ്രയോജനപ്പെടുത്താൻ പര്യാപ്തമായ ഒരു സംവിധാനം ഒരുക്കാൻ കേരളം ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. കേവലം മാറ്റങ്ങൾക്കപ്പുറം ഗവണ്മെന്റ് പോളിസികളും മലയാളികളുടെ ആറ്റിട്യൂഡും ഒക്കെ അതിനനുസരിച്ച് മെച്ചപ്പെടണം. പുതിയൊരു തൊഴിൽ സംസ്കാരം ഉയർന്ന് വരണം. ലോകോത്തര നിലവാരമുള്ള സ്ഥലങ്ങളിൽ നിന്ന് പ്രവാസികൾ ഇങ്ങോട്ട് വരുമ്പോൾ അവിടെ ലഭിച്ച സൗകര്യങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇവിടെയും ലഭ്യമാവേണ്ടതുണ്ട്. റെഡ് റെപ്പിസവും മറ്റും പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. ഇത് കേരളത്തിന് കിട്ടാവുന്ന ലാസ്റ്റ് ബസ് ആണെന്ന് മനസിലാക്കി പ്രവാസികളുടെ നിക്ഷേപങ്ങളും മറ്റും വിനിയോഗിക്കപ്പെടാൻ അവസരമൊരുക്കണം. ആത്മവിശ്വാസം കൈവിടാതെ യോജിച്ചു മുൻപോട്ട് പോവുക എന്നതാണ് ഈ ഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടുന്ന  സംരംഭക സമൂഹം ചെയ്യേണ്ടത്. തീർച്ചയായും വലിയൊരു മുന്നേറ്റത്തിനുള്ള അവസരം വൈകാതെ കൈവരും എന്ന ശുഭപ്രതീക്ഷയാണുള്ളത്.

(അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ)


വിനിയോഗിക്കേണ്ട അവസരങ്ങൾ ഇനിയുമുണ്ട് - റോബിൻ മത്തായി

ഴിഞ്ഞ ഏതാനും വർഷങ്ങളായി മിഡിൽ ഈസ്റ്റിൽ പ്രത്യേകിച്ച് യുഎഇയിൽ ബിസിനസ് ഒരു ട്രാൻസിഷൻ പീരിയഡിലൂടെ കടന്ന് പോവുകയാണ്. കൂട്ടത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഒരു നിർണായക ഘടകം ആയി മാറിക്കഴിഞ്ഞിരുന്നു. യഥാർത്ഥത്തിൽ കോവിഡിന്റെ വരവ് ഈ മേഖലയിലെ  ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഗണ്യമായ തോതിൽ നടപ്പാക്കാൻ കാരണമായി. ഇത് മൊത്തത്തിൽ ബിസിനസിന് ഗുണപരമാവും. എഫിഷ്യൻസി കൂടും, ബിസിനസിന്റെ ലാഭക്ഷമത വർധിക്കും അങ്ങനെ ഒട്ടേറെ പോസിറ്റിവ് കാര്യങ്ങൾ. അതോടൊപ്പം ചില ജോലി അവസരങ്ങൾ നഷ്ടമാകുന്നത് പോലുള്ള ഘടകങ്ങളുമുണ്ട്. എങ്കിലും ലോങ്ങ് ടേമിൽ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ സംഭവിക്കാനാണ് സാധ്യത.ദുബായ് ഒരു എക്സ്പോർട്ട് ഹബ് ആണ്.ലോജിസ്റ്റിക്സ് രംഗത്ത്  ഡിജിറ്റലൈസേഷനിലേക്ക് ചുവടുമാറ്റിയ ബിസിനസുകൾക്ക് യഥാർത്ഥത്തിൽ പോസിറ്റീവ് ആയ പല നേട്ടങ്ങളും ഈ കാലയളവിൽ ഉണ്ടാകുന്നുണ്ട്. 

മിഡിൽ ഈസ്റ്റിനെ സംബന്ധിച്ച് യുഎഇ ഇക്കോണമിക്ക് ഇനിയും വലിയ സാധ്യതകളുണ്ട്. ഇക്കാലമത്രയും അവർ പുലർത്തിപ്പോന്ന ദീർഘവീക്ഷണം യഥാർത്ഥത്തിൽ യുഎഇക്ക് തുണയാവുന്നുണ്ട്. ഡിജിറ്റലൈസേഷനിലേക്കുള്ള ചുവടുവയ്പുകൾ രാജ്യം 2017 ൽ തന്നെ ആരംഭിച്ചു. കോവിഡിനെ നേരിടുന്ന കാര്യത്തിലും രാജ്യം മാതൃകയാണ്. കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളുടെ പട്ടികയിലും യുഎഇ ഇടംപിടിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസിലും മുന്നേറ്റം തുടരുന്നു. ഒപ്പം തീർച്ചയായും നിലവിലെ പ്രതിസന്ധികൾ പ്രവാസികളുടെ കേരളത്തിലേക്കുള്ള റെമിറ്റൻസിനെ ബാധിക്കാൻ സാധ്യതകളുണ്ട്. ഇത്തരം വെല്ലുവിളികൾ നമ്മൾ നേരിട്ടേ മതിയാവൂ. അതേ സമയം തിരിച്ചുവരവിന്റെ പാതയിൽ യുഎഇ മുൻപന്തിയിൽ തന്നെയുണ്ടാവും. അതിൽ നിർണായക റോൾ വഹിക്കാൻ മലയാളികൾക്കും കഴിയും. 

ഒപ്പം ആഫ്രിക്ക എന്ന വലിയൊരു ഡെസ്റ്റിനേഷനും ഇന്ത്യയെ സംബന്ധിച്ച് മുന്നിലുണ്ട്. എന്നാൽ അവിടെ വിജയം വരിക്കാൻ കഴിഞ്ഞ കമ്പനികൾ കുറവാണ്. യുഎഇയെ സംബന്ധിച്ചും ആഫ്രിക്ക അവസരങ്ങൾ തുറക്കുന്നുണ്ട്. എങ്കിലും അവിടെ വിജയിക്കാൻ കഠിനമായ പരിശ്രമം വേണ്ടിവരും.

(ബിസിനസ് അനലിസ്റ്റ്, ദുബായ്)


പ്രതിസന്ധിയിൽ നിന്ന് വൈകാതെ തന്നെ ഗൾഫ് മടങ്ങിയെത്തും - ബിജു ആബേൽ ജേക്കബ്

ൾഫിൽ നിന്ന് തിരിച്ചുവരവിന്റെ ശുഭകരമായ വാർത്ത കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. ഗൾഫിനൊരു ഫീനിക്സ് പക്ഷിയുടെ സ്വഭാവമുണ്ട്. 20 വർഷം മുൻപ് ഉണ്ടായ ഗൾഫ് യുദ്ധം ഗൾഫിനെ ഒന്നാകെ തകർത്തു. എന്നാലവർ അതിൽ നിന്ന് പെട്ടന്ന് കരകയറി. പിന്നീട് എണ്ണവിലയിൽ ഉണ്ടായ പ്രതിസന്ധി ഗൾഫിനെ കാര്യമായി ബാധിച്ചു. ആഗോള സാമ്പത്തീക പ്രതിസന്ധി ഗൾഫിനെ തളർത്തി. സൗദിയിലെ ഹൂതി ആക്രമണങ്ങൾ, ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ... ഇങ്ങനൊക്കെയാണെങ്കിലും ഗൾഫിൽ വലിയ സാമ്പത്തീക സാമൂഹിക പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് വിലയിരുത്താം. അതിനാൽ തന്നെ ഇതും വലിയൊരു പ്രശ്നമായി മാറാനുള്ള സാധ്യതയില്ല. എങ്കിലും ചില യാഥാർഥ്യങ്ങൾ കാണാതിരുന്നുകൂടാ. അവിടെ ഒരുപാട് പേർക്ക് തൊഴിൽ നഷ്ട്ടം ഉണ്ടാകുന്നുണ്ട്. ഏതാണ്ട് 8 ലക്ഷം ഇന്ത്യക്കാർക്ക് ജോലി നഷ്ട്ടമായേക്കാവുന്ന ബില്ല് കുവൈറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. നിതാഖാത് പോലുള്ള പ്രശ്നങ്ങൾ ഒരുപാട് പേരെ ഇതിനകം ബാധിച്ചുകഴിഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് കോറോണവൈറസ് ഒരു ഇരുട്ടടിയായി വലിയ നഷ്ടങ്ങൾ സൃഷ്ടിക്കുന്നത്. എങ്കിലും പ്രതീക്ഷയാകുന്നത് തിരിച്ചുവരുന്ന ഗൾഫിന്റെ ആ സ്വഭാവം തന്നെയാണ്. പ്രതിസന്ധിയിൽ നിന്ന് വൈകാതെ തന്നെ ഗൾഫ് മടങ്ങിയെത്തും.  

പ്രവാസികളുടെ ഇപ്പോഴത്തെ തിരിച്ചുവരവിന്റെ കുത്തൊഴുക്കിനെ താങ്ങുവാനുള്ള ശേഷി കേരളത്തിലെ സർക്കാരിന് ഇല്ല എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കും. തിരിച്ചുവരവിന്റെ ഈ സമയത്ത് മലയാളികളുടെ ജീവിതത്തിന്റെ പുനഃസംഘാടനത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സത്യത്തിൽ മലയാളിയുടെ ജീവിതമെന്നത് പ്രവാസിയുടെ സമ്പത്തിന്റെ ഹരിതാഭയുടെ ചുവടു പിടിച്ചുള്ളതാണ്. അതുകൊണ്ട് തന്നെ അനാവശ്യ ചെലവുകൾക്ക് നിയന്ത്രണം വരേണ്ടിയിരിക്കുന്നു. പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാരിന്റെ ഇടപെടലുകൾ കാര്യക്ഷമമല്ല. അതിൽ സർക്കാരിന് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടിയിരിക്കുന്നു.

(മുതിർന്ന മാധ്യമപ്രവർത്തകൻ; ഏഷ്യാനെറ്റ്, ജയ്‌ഹിന്ദ്‌ ചാനലുകളുടെ മിഡിലീസ്റ്റ് ഹെഡ് ആയിരുന്നു)


ഗൾഫ് പഴയ പ്രൗഢിയിലേക്ക് തിരിച്ചു വരുന്നത് പ്രതീക്ഷ നൽകുന്നു - ഫസ്‌ലു റഹ്മാൻ

ദുബായിലുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന സമയത്തേക്ക് പോകുകയാണ്. ഇത്തവണത്തെ ഐപിഎല്ലിനു വേദിയാകാൻ പോകുന്നത് യുഎഇ ആണ് എന്നതാണ് ഇവിടെയുള്ള സ്പോർട്സ് പ്രേമികളെയും ബിസിനസ്സുകാരെയും സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട കാര്യം. വലിയ ബിസിനസ് സാധ്യത കൂടിയാണത്. രണ്ടാമത്, ദുബൈയുടെ അതിജീവനം എന്നത് അതിന്റെ  എമിരേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നീ നാല് ചിറകുകളിലേന്തിയാണ്. ആ ചിറകുകളൊന്ന് താഴ്ത്തിവെക്കേണ്ടി വന്ന സമയത്ത് സ്വാഭാവികമായും ഒരു പരിഭ്രാന്തിയിലൂടെയായിരുന്നു കടന്നുപോയത്. പക്ഷെ യുഎഇ ഇപ്പോൾ പറഞ്ഞിരിക്കുന്നത്, നാട്ടിൽ നിന്ന് കോവിഡ് ടെസ്റ്റ് നടത്തി ഇങ്ങോട്ട് വരാം, ഇവിടെയെത്തിയിട്ട് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണം. ഈ നിർദ്ദേശത്തോടെ ആർക്കും ഇങ്ങോട്ടേയ്ക്ക് വരാവുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള കുറെ രാജ്യങ്ങൾക്ക് വിസിറ്റിംഗ് വിസ തുറന്നു നൽകിക്കഴിഞ്ഞു യുഎഇ. വീണ്ടും ആളുകളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. അതും ബിസിനസ് കമ്മ്യൂണിറ്റിക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ്.

കേരളത്തിന് പുറത്തു ഏറ്റവുമധികം ആളുകൾ താമസിക്കുന്ന നാടാണ് യുഎഇ. അതുകൊണ്ട് തന്നെ മാർച്ചിൽ ലോക്ക്ഡൗൺ വന്നപ്പോൾ വല്ലാത്ത പാനിക് കണ്ടിഷൻ ഉണ്ടായിരുന്നു ഇവിടെ. എന്നാൽ ജൂൺ മാസമൊക്കെ ആയതോടെ അതിൽ മാറ്റമുണ്ടായി. ഇപ്പോൾ ഏറ്റവുമധികം അന്വേഷണം നാട്ടിൽ നിന്ന് ഇങ്ങോട്ട് വരാനായിട്ടാണ്. അങ്ങനെ എല്ലാ തരത്തിലും ഗൾഫ് മാർക്കറ്റ് പഴയൊരു പ്രൗഢിയിലേക്ക് വരുന്നു എന്നത് പ്രതീക്ഷ നൽകുന്നതാണ്. ഏപ്രിൽ മാസത്തിൽ ബിസിനസ് പൂജ്യമായിരുന്നു. മെയിൽ അത് 10 - 20 ശതമാനം ആയി. ജൂൺ ആയതോടെ അത് 50 ശതമാനമായി. ജൂലായിൽ 60 ശതമാനമായി. ഇപ്പോൾ ആഗസ്റ്റിലേക്ക് എത്തുമ്പോൾ 60 - 65 ശതമാനമെങ്കിലും പഴയ ബിസിനസിലേക്ക് എത്താൻ കഴിഞ്ഞു എന്നത് ശുഭകരമാണ്.

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഹോസ്പിറ്റലായിരുന്നു ദുബായ് വേൾഡ് ട്രേഡ് സെന്റർ. അവിടുത്തെ അവസാന രോഗിയെയും ഡിസ്ചാർജ് ചെയ്ത് അടുത്ത ആഴ്ച തന്നെ ഇവിടത്തെ വലിയൊരു ബിസിനസ് മീറ്റ് നടക്കുകയാണ്. അത് വലിയൊരു പ്രഖ്യാപനമാണ്. ഡിസംബറോടു കൂടി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.  

പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് സർക്കാരിന്റെ ഇടപെടലുകളിൽ പ്രവാസികൾക്ക് കാര്യമായ നിരാശയുണ്ടാകില്ല. കാരണം ഇത്രയധികം പേരെ താങ്ങുവാനുള്ള ശേഷി സർക്കാരിനില്ല എന്ന തിരിച്ചറിവോടെയാണ് പ്രവാസികൾ ജീവിക്കുന്നത്.

മലയാളികൾ കൂടുതലും ഇവിടെ നടത്തിയിരുന്നത് ചെറിയ ബിസിനസ്സുകളായിരുന്നു. അതിനെല്ലാം ഈ സമയത്ത് വലിയ തിരിച്ചടിയുണ്ടായി. പക്ഷെ ഏറ്റവും പ്രതീക്ഷ നൽകുന്നത്, കോവിഡ് മുക്തമായി ബിസിനസ് ചെയ്യാനാകുന്ന നാട് എന്നൊരു പ്രതീതി സൃഷ്ടിക്കുവാൻ യുഎഇ ശ്രമിക്കുന്നുണ്ട്, അതിൽ അവർ ഒരു പരിധിവരെ വിജയിക്കുന്നുണ്ട് എന്നതാണ്. ആ ബിസിനസ് വിജയം നേട്ടമാകുന്നത് ഇന്ത്യക്കാരായ പ്രവാസികൾക്ക് കൂടിയാണ്.

(ദുബായ് ഹിറ്റ് 96.7 എഫ്എം അവതാരകൻ)


യുഎഇ അടുത്തവർഷത്തേക്ക് വേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു - ഡോ. സിൻസൺ ജോസഫ്

കോവിഡ് സൃഷ്ട്ടിച്ചത് സമാനതകളില്ലാത്ത സാഹചര്യം തന്നെയാണ്. എങ്കിലും എല്ലാ പ്രതിസന്ധികളും ഒരു അവസരമാണല്ലോ. രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഒരു വ്യാവസായിക വിപ്ലവമാണ് ലോകം കണ്ടതെങ്കിൽ കോവിഡിന് ശേഷം കാണുക ഒരു ടെക്നോളജി വിപ്ലവമായിരിക്കും. അത് നമ്മുടെ സമസ്ത മേഖലകളെയും ബാധിക്കും. ആരോഗ്യരംഗം മുതൽ ഭാവന നിർമ്മാണം വരെ അത് മാറ്റങ്ങൾ കൊണ്ടുവരും. 1911ലെ സ്പാനിഷ് ഫ്ലൂവും 1930ലെ വലിയ സാമ്പത്തീക മാന്ദ്യവും ചേർന്നാലുണ്ടാകുന്ന അവസ്ഥയാകും കോവിഡ് സൃഷ്ടിക്കുക. അതിനെ അതിജീവിക്കുവാൻ നിരന്തരം ശ്രമിക്കുന്ന രാജ്യങ്ങളും മേഖലകളുമേ അതിജീവിക്കുകയും വലിയ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യൂ എന്നത് ഉറപ്പാണ്.

യുഎഇ അടുത്തവർഷത്തേക്ക് വേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം മെഡിക്കൽ ടൂറിസ്റ്റുകളെയാണ് അടുത്ത വർഷത്തേക്ക് യുഎഇ പ്രതീക്ഷിക്കുന്നത്. എല്ലാത്തിന്റെയും പ്രോട്ടോടൈപ്പ് അവരുടെ കൈവശമുണ്ട്. ചൊവ്വാദൗത്യത്തിന് അവർ തുടക്കമിട്ട് കഴിഞ്ഞു. പെന്റാഹേർട്സ് ശേഷിയുള്ള സൂപ്പർ കമ്പ്യൂട്ടർ യുഎഇയിൽ വന്നുകഴിഞ്ഞു. കോവിഡാനന്തര കോൺഫറൻസ് എങ്ങനെയാകണമെന്ന് യുഎഇ കാണിച്ചുതന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, ഡാറ്റ സയൻസ് എന്നിവയിൽ വലിയ സാദ്ധ്യതകൾ ഉയർന്നുവരും. ചില മേഖലകളിൽ തളർച്ചയുണ്ടായേക്കാം. മെഡിക്കൽ മേഖലയിൽ വലിയ മാറ്റങ്ങളാകും ഉണ്ടാകുക. ആ സാധ്യതകളെ ആരാദ്യം ഉപയോഗിക്കുന്നുവോ അവരാകും വളർച്ച നേടുക. ഇതിൽ ഗൾഫ് നടത്തുന്ന മുന്നേറ്റത്തിൽ മലയാളികൾക്കും നിർണായക പങ്ക് വഹിക്കാനുണ്ട്.

ലോകം ഇന്ന് സെക്കന്റുകളിൽ നിന്ന് മൈക്രോസെക്കന്റുകളിലേക്ക് പോയിത്തുടങ്ങി. പണം കൈമാറ്റം നിമിഷങ്ങൾക്കുള്ളിൽ. ടെക്നോളോജിയാണ് ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകുക. ടെക്നോളജി റിവൊല്യൂഷൻ ഒരു രാജ്യത്തെ എങ്ങനെ മാറ്റും എന്നതിനൊരു മികച്ച ഉദാഹരണമാണ് എസ്തോണിയ. ട്യുണീഷ്യയും ബഹ്‌റിനും പോലുള്ള രാജ്യങ്ങളും മാതൃകാപരം തന്നെ.

മലയാളികൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു. എങ്കിലേ നമുക്ക് ഇനി അവസരങ്ങളുള്ളൂ. അല്ലെങ്കിൽ ഫിലിപ്പൈനികളോ വിയറ്റ്നാമികളോ ചൈനക്കാരോ ആ അവസരങ്ങൾ കൈക്കലാക്കും. കോവിഡ് പുതിയൊരു ന്യൂ നോര്മലാണ്‌ ലോകത്തിന് നൽകുന്നത്. 

(മെഡിക്കൽ ഡയറക്ടർ, ദുബായ് ലേക്ഷോർ മെഡിക്കൽ സെന്റർ, ടെക്നോളജി എക്സ്പെർട്ട്)


പ്രധാനപ്പെട്ട ഇൻഫ്രാസ്ട്രക്ച്ചർ വർക്കുകളെ കോവിഡ് ബാധിച്ചില്ല - ഡോ. അരുൺ കുമാർ

രു സുപ്രഭാതത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപനം വരുന്നത്. എന്നാൽ സർക്കാർ നിർദേശമുണ്ടായിരുന്നു ക്ലിനിക് പൂർണമായും വർക്ക് ചെയ്യണമെന്ന്. ഒരു ക്ലോഡ് ഏരിയ മാത്രമാണ് ലോക്കഡോൺ ആയത്. മറ്റെല്ലാ ബിസിനസ്സും ലൈഫും സാധാരണപോലെ മുന്നോട്ട് പോയി. എല്ലാ ഘട്ടത്തിലും ഇങ്ങനെത്തന്നെ ആയിരുന്നു. കൈവശമുള്ള മെഡിക്കൽ സകാര്യങ്ങൾ വളരെ നന്നായി ഉപയോഗിച്ചു സർക്കാർ. കുറെയധികം നിയന്ത്രണങ്ങളിൽ ഇപ്പോൾ ഇവിടെ ഇളവ് വരുത്തി, വിമാന സർവീസ് ഉൾപ്പെടെ. ആളുകൾ കൂടുന്ന ബിസിനസ് ഹബുകളും തുറക്കുകയാണ്.

കോവിഡ് വ്യാപനത്തിൽ ഒന്നര മാസം കഴിഞ്ഞപ്പോൾ എനിക്ക് ചെറിയൊരു പണി വന്നു. മൂന്നാം ദിവസം സ്മെല്ല് നഷ്ടമായി. അതോടെ ഇത് കൊറോണയാണെന്ന് ഉറപ്പിച്ചു. പക്ഷെ മാനസികമായി തയ്യാറെടുത്തിരുന്നതുകൊണ്ട് അതിനെ നന്നായി നേരിടുവാൻ സാധിച്ചു. ഈ കാലഘട്ടത്തിൽ ഒരുപാട് കോളുകൾ വരുമായിരുന്നു. അവർക്കെല്ലാം പോസിറ്റീവ് ഫീൽ നൽകി. അത് അവരിലും മാറ്റമുണ്ടാക്കി.  

ആദ്യമുണ്ടായിരുന്ന പേടി ഇപ്പോൾ ആൾക്കാർക്കില്ല. അവർ കാര്യങ്ങളെക്കുറിച്ചു കൂടുതൽ ബോധവാന്മാരാണ്. കൂടുതൽ സിസ്റ്റമാറ്റിക് ആയിട്ടുള്ള ചികിത്സയാണ് ഇവിടുള്ളത്. ഏത് സമയത്തും സർക്കാരിനെ സമീപിക്കാൻ ഇവിടെ സൗകര്യമുണ്ട്. വയസായവർക്ക് പ്രത്യേക പരിഗണന നൽകുന്നു. നാട്ടിലേക്ക് പോകണം എന്ന് ആദ്യസമയത്ത് ചിന്തിച്ചിരുന്നവർ ഇപ്പോൾ മാറിത്തുടങ്ങി. അവസരങ്ങൾ ഒരുപാടുണ്ടിവിടെ. അത് ഉപയോഗിക്കാനാകുന്നവർക്ക് മികച്ച നേട്ടം സ്വന്തമാക്കാനാകും. ഒരുപാട് സൗകര്യങ്ങൾ സർക്കാർ ചെയ്ത് തരുന്നുണ്ട്. കോവിഡ് കന്റയിൻമെൻറ് സോണുകൾ തിരിച്ചിരുന്നതിനാൽ പ്രധാനപ്പെട്ട ഇൻഫ്രാസ്ട്രക്ച്ചർ വർക്കുകളെ ഒന്നും അത് ബാധിച്ചില്ല. അതിനാൽ തന്നെ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായില്ല. എല്ലാ പ്രതിസന്ധികളെയും പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കണം. അതിനൊപ്പം പുതിയ അവസരങ്ങൾക്കായി കണ്ണും കാതും തുറന്ന് കാത്തിരിക്കുക.

(സ്പെഷ്യലിസ്റ്റ് ഇൻ ഇന്റേണൽ മെഡിസിൻ, ദോഹ; കോവിഡ് സർവൈവർ കൂടിയാണ്


വിനിയോഗിക്കേണ്ട അവസരങ്ങൾ ഇനിയുമുണ്ട് - തങ്കച്ചൻ മണ്ഡപത്തിൽ

കോവിഡിന് മുൻപ് തന്നെ ദുബായിലെ ബിസിനസ് രംഗത്ത് വെല്ലുവിളികൾ ഉണ്ടായിരുന്നു. ഇപ്പോൾ കോവിഡ് ഭീഷണി ഒഴിഞ്ഞതിനെ തുടർന്ന്  ബിസിനസ് രംഗത്ത് ഉണർവ് കണ്ടുതുടങ്ങി എന്ന് പറയാം. കോവിഡിനെ തുടർന്ന് യുഎഇ സെൻട്രൽ ബാങ്ക് 100 ബില്യന്റെ ഒരു TES (ടാർഗെറ്റഡ് ഇക്കണോമിക് സപ്പോർട്ട്) പ്രോഗ്രാം അനൗൺസ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബിസിനസ് രംഗത്ത് കോൺഫിഡൻസ് ലെവൽ ഉയർന്നിട്ടുണ്ട്. വേൾഡ് എക്സ്പോ 2021 ലേക്ക് മാറ്റിവച്ചെങ്കിലും അത് ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ പകരുന്നതാണ്. യുഎഇ ഇക്കോണമിയുടെ തിരിച്ചുവരവ് 2022 ഓടെ സംഭവിക്കുമെന്നാണ് വിദഗ്ദ്ധർ  കണക്ക് കൂട്ടുന്നത്. ബിസിനസ് സമൂഹത്തെ സംബന്ധിച്ച് ബിസിനസ് പ്രോസസ് കൂടുതൽ സുതാര്യവും സിസ്റ്റമാറ്റിക്കും ആകേണ്ടതിന്റെ ആവശ്യകത ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്റ്റാട്യൂട്ടറി കാര്യങ്ങളിലും മറ്റും സംരംഭകർ ഏറെ ശ്രദ്ധ വയ്ക്കുന്നു. അത്തരത്തിൽ അക്കൗണ്ടിംഗ് രംഗത്തും മറ്റും അവസരങ്ങൾ ഉയർന്നു വരുന്നുണ്ട്. അത് പ്രയോജനപ്പെടുത്താൻ മലയാളികൾക്കും അവസരമുണ്ട്. നമ്മുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് നിർണായകം.

(ചാർട്ടേർഡ് അക്കൗണ്ടന്റ്, ദുബായ്)


പ്രതീക്ഷിക്കുന്നത് പടിപടിയായുള്ള തിരിച്ചുവരവ് - മെർലി ടൈറ്റസ്

മൂന്ന് മാസത്തെ ലോക്ക്ഡൗണിന് ശേഷം ഒമാൻ ഇക്കോണമി പ്രവർത്തിച്ചു തുടങ്ങുമ്പോൾ രാജ്യം പ്രതീക്ഷയിലാണ്. വിപണി നിശ്ചലാവസ്ഥയിൽ ആയിരുന്നു. വീണ്ടും തുറക്കുമ്പോൾഎല്ലാ ബിസിനസുകൾക്കും ഉപഭോക്താക്കളെ ലഭിച്ചു തുടങ്ങി എന്ന വാർത്തകൾ തന്നെയാണ് ലഭിക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ സൗഹാർദ്ദം പുലർത്തുന്ന രാജ്യമാണ് ഒമാൻ. ഇന്ത്യൻ പ്രവാസികൾക്ക് ഇനിയും ഏറെ അവസരങ്ങൾ ഒമാനിൽ ഉണ്ടാകും എന്ന വിലയിരുത്തലാണുള്ളത്. മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിൽ പോപ്പുലേഷൻ കൂടുതലുണ്ട്. ഒപ്പം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായതുപോലുള്ള സ്ഥിതിവിശേഷവുമുണ്ട്. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് ഒരു തിരിച്ചുവരവിന് പകരം ക്രമേണ പടിപടിയായുള്ള ഒരു തിരിച്ചുവരവാകും ഇക്കോണമിയുടേത്. ഇനിയും തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാവില്ല. യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ടൂറിസം പോലുള്ള മേഖലകളിൽ അവസരങ്ങൾ ഉള്ളപ്പോഴും പരമ്പരാഗത രീതികളിൽ നിന്ന് മാറി ദുബൈ നടത്തിയതുപോലുള്ള വൻ കുതിപ്പ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. എങ്കിലും ഓയിൽ ആൻഡ് ഗ്യാസ് രംഗങ്ങളിലും മറ്റും അവസരങ്ങളുണ്ട്. കോവിഡ് കാരണം പല വലിയ പ്രോജക്ടുകളും നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു. വലിയൊരു മെട്രോ പ്രോജക്ട് ഉൾപ്പെടെ ഇങ്ങനെ സംഭവിച്ചിരുന്നു. കോവിഡ്  ഭീഷണി അകലുന്നതോടെ ആ പ്രോജക്ടുകൾ പുനരാരംഭിക്കുക വഴി ഇക്കോണമിക്ക് വളർച്ചയുണ്ടാകും. 2007 ൽ വലിയൊരു സൈക്ളോണിനെ തുടർന്ന് ഒമാൻ വലിയൊരു പ്രതിസന്ധി നേരിട്ടതിന് ശേഷവും അതിശക്തിമായിത്തന്നെ തിരിച്ചുവന്നിരുന്നു. അതിന് സമാനമായൊരു തിരിച്ചുവരവിനാണ് രാജ്യം കാത്തിരിക്കുന്നത്.

(മാനേജ്‌മെന്റ് പ്രൊഫഷണൽ, മസ്കറ്റ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story