EDITORIAL

അടിമുടി മാറ്റത്തിന് വേദിയായി രാജ്യത്തെ വാഹന വിപണി - ന്യൂഏജ് എഡിറ്റോറിയൽ

Newage News

03 Feb 2021

വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയാവുകയാണ് കോവിഡ് അനന്തരകാലത്തെ ഇന്ത്യൻ വാഹന വിപണി.  ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനമാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെ നടത്തിയത്. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. വാഹനമലിനീകരണം, ഇന്ധനഇറക്കുമതി വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പദ്ധതിയുടെ വിശദവിവരങ്ങൾ കേന്ദ്ര ഗതാതമന്ത്രാലയം ഉടൻ പുറത്തുവിടും. എട്ടു വർഷത്തിലേറെ പഴമക്കമുള്ള കമേഴ്സ്യൽ വാഹനങ്ങൾക്കും 15 വർഷത്തിലേറെ പഴമക്കമുള്ള സ്വകാര്യ വാഹനങ്ങൾക്കും ഹരിത നികുതി ഏർപ്പെടുത്തുക എന്ന തീരുമാനവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

വാഹന ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ 20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി ബജറ്റിനു പിന്നാലെ വ്യക്തമാക്കിയത്. ഓട്ടോമൊബൈൽ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകുമെന്നും റോഡ് സുരക്ഷ വർധിക്കുമെന്നും അന്തരീക്ഷ മലിനീകരണം 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബീൽ മേഖലയ്ക്ക് പിന്തുണയേകുകയെന്ന ലക്ഷ്യത്തിലാണ് ഈ നയം പെട്ടെന്നുതന്നെ നടപ്പാക്കാൻ  സർക്കാർ ഒരുങ്ങുന്നത്. പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കേണ്ട സാഹചര്യം വരുമ്പോൾ പുതിയ വാഹനങ്ങൾക്ക് ഡിമാന്റ് ഉണ്ടാകുമെന്നും  അതിൽ കുറച്ചുപേരെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നുമൊക്കെ സർക്കാർ കണക്ക് കൂട്ടുന്നു.  എന്നാൽ  പുതിയ നയം വാഹനലോകത്ത് ഉള്‍പ്പെടെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിര്‍ദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. പൊളിക്കല്‍ പോളിസിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വാഹന ഉടമകള്‍ക്ക് നഷ്‍ടപരിഹാരം നല്‍കിക്കൊണ്ടാവണം സ്‍ക്രാപ്പ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കേണ്ടതെന്ന നിർദേശം ഡ്രാഫ്റ്റ് പോളിസിയിൽ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പൊളിച്ച  വണ്ടിയുടെ ഉടമസ്ഥൻ പുതിയ വണ്ടി വാങ്ങുമ്പോൾ അതിന്‍റെ റോഡ് ടാക്‌സ് ഉൾപ്പടെ ഇളവ് ചെയ്‍തുകൊടുക്കാനും നിർദേശമുണ്ടെന്നാണ് വിവരം. 2022 ഏപ്രിൽ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.

രാജ്യത്ത് നിലവിൽ 15 വയസ് പൂർത്തിയായ വണ്ടികളുടെ എണ്ണം ഏകദേശം 80 ലക്ഷം ആണെന്നാണ് കണക്കുകള്‍. ഈവർഷം അവസാനത്തോടെ ഇത് 90 ലക്ഷമോ ഒരുകോടിയോ ആകും. 2025 ഓടെ എണ്ണം 2.8 കോടി കടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.  ബജറ്റ് പ്രഖ്യാപനം വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കും. സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉല്‍പ്പാദന ചെലവ്‌ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.  2030-ഓടെ രാജ്യത്തെ ഉരുക്ക് ഉത്പാദനം വര്‍ഷം 30 കോടി ടണ്‍ ആയി ഉയര്‍ത്താനാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല പഴയ വാഹനങ്ങൾ പൊളിക്കേണ്ടതിനാൽ, പുതിയ വാഹനങ്ങളുടെ വില്‍പ്പന വർദ്ധിക്കുമെന്നാണ് വാഹന നിർമാണക്കമ്പനികളുടെ പ്രതീക്ഷ. സ്ക്രാപ്പിങ് വിപണി തന്നെ പുതുതായി സൃഷ്‌ടിക്കാമെന്ന വാദവും ചില വാഹന നിര്‍മ്മാതാക്കള്‍ ഉയർത്തുന്നുണ്ട്. ഇതുവഴി വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകുമെന്നും കരുതുന്നു.

എന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സാമൂഹികമായി ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു തീരുമാണിതെന്ന് വാദിക്കുന്നവരും ഏറെയാണ്. ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്ന സാധാരണക്കാർ മുതൽ വിന്‍റേജ്, മോഡിഫൈഡ്  വാഹനപ്രേമികള്‍ക്കും പുതിയ നയങ്ങൾ തിരിച്ചടിയായേക്കാം. സാധാരണക്കാരായ വാഹന ഉടമകൾക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും സെക്കൻഡ് ഹാൻഡ് വാഹനവിപണി തകരുമെന്നും വിമർശനം ഉയരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയാകും ഉണ്ടാവുക.  കെഎസ്ആർടിസിയെയും മറ്റും  പുതിയ നയങ്ങൾ രൂക്ഷമായി ബാധിക്കും. മലിനീകരണം എന്നത് പഴക്കം കാരണം മാത്രം സംഭവിക്കുന്നതല്ലെന്നാണ് മറ്റൊരു വാദം. മാത്രമല്ല പുതിയ വാഹനങ്ങളിൽ പരമാവധി റീസൈക്കിള്‍ പാർട്ട്സ് ഉപയോഗിക്കാറില്ലെന്നും റീ സൈക്കിള്‍ ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും വാദങ്ങളുണ്ട്. എന്തൊക്കെയായാലും ആദ്യപടിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ കാര്യത്തിൽ നയം നടപ്പാക്കിക്കൊണ്ട് മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ.


സ്ക്രാപ്പേജ് പോളിസിയുടെ ലക്‌ഷ്യം മലിനീകരണത്തോതിൽ ഗണ്യമായ കുറവ് - ദിലീഷ് ഇ. കെ.

ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറെ സന്തോഷം നൽകുന്നൊരു കാര്യമാണ് വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി അടുത്ത ഏപ്രിൽ ഒന്നോട് കൂടി രാജ്യത്തു നടപ്പിലാക്കും എന്നത്. ഇരുപതു വർഷത്തിനു മുകളിൽ ഉള്ള സ്വകാര്യ വാഹനങ്ങളും 15 വർഷമായ കൊമേഴ്‌സ്യൽ വാഹനങ്ങളും ഇനിയൊരു തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങുന്ന കാര്യം സംശയമാണ്. തീർച്ചയായും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സാമൂഹികമായി ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു തീരുമാണിത്. ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്ന സാധാരണ ഡ്രൈവർമാർ മുതൽ ന്യൂജെൻ ഫ്രീക്കന്മാരെ വരെ ബാധിച്ചേക്കാവുന്ന വിഷയം. തീർച്ചയായും നഷ്ടപരിഹാരം നല്കിക്കൊണ്ടല്ലാതെ സ്ക്രാപ്പ് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കാരുതെന്ന നിർദേശം ഡ്രാഫ്റ്റ് പോളിസിയിൽ തന്നെ പറയുന്നുണ്ട്. ഉടമസ്ഥൻ പുതിയ വണ്ടി വാങ്ങുമ്പോൾ അതിന്റെ റോഡ് ടാക്‌സ് ഉൾപ്പടെ ഇളവ് ചെയ്തുകൊടുക്കാനും നിർദ്ദേശമുണ്ട്. 

ഇതിന്റെ ഏറ്റവുമധികം ഗുണം ലഭിക്കുക നമ്മുടെ പരിസ്ഥിതിക്കാണ് എന്നതിൽ സംശയമില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ഗവണ്മെന്റുകൾ അർബൻ ഇടങ്ങളിലേക്ക് ഇറങ്ങുന്നതിന്റെ സൂചനയാണ് ഇത്തരം നീക്കങ്ങൾ. എപ്പോഴും പശ്ചിമഘട്ട സംരക്ഷണം മാത്രം പോരല്ലോ. 1991 മുതലാണ് ഇൻഡ്യയിൽ ഭാരത് സ്റ്റേജ് എമിഷൻസ് സ്റ്റാൻഡേർഡ് നിലവിൽ വരുന്നത്. അതിനു മുൻപൊക്കെ ഒരു വാഹനത്തിന്റെഎക്സ്ഹോസ്റ്റ് പൈപ്പിലൂടെ എന്തൊക്കെ മലിനീകരണ വസ്തുക്കൾ പുറംതള്ളപ്പെടുന്നുവെന്നതിനു റെഗുലേഷൻസ് ഇല്ലായിരുന്നു. 91 ലെ ബിഎസ്1 ൽ നിന്നും ക്രമമായി എമിഷൻ സ്റ്റാൻഡേർഡുകൾ മെച്ചപ്പെടുത്തി നമ്മളിപ്പോൾ ബിഎസ്6 ൽ എത്തിനിൽക്കുകയാണ്. യൂറോപ്യൻ നിലവാരത്തിലുള്ള എമിഷൻ സ്റ്റാൻഡേർഡ് ആണ് നമ്മളിപ്പോള്‍ ഫോളോ ചെയ്യുന്നത്‌. 

ഇന്ന് നിലവിൽ വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ 25 ശതമാനത്തോളം മേൽപ്പറഞ്ഞ 20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ  ഉണ്ടാക്കുന്നതായി കാണാൻ കഴിയും. ഏതാണ്ട് 51 ലക്ഷം സ്വകാര്യവാഹനങ്ങളും 30 ലക്ഷത്തോളം കൊമേഴ്‌സ്യൽ വാഹനങ്ങളുമാണ് ഈ 25% മലിനീകരണം നടത്തിപ്പോരുന്നത്. സ്ക്രാപ്പേജ് പോളിസി നടപ്പിൽ വരുമ്പോൾ ഇവയുടെ മലിനീകരണ തോത് ഏതാണ്ട് 96%ത്തോളം കുറയുന്നതായി കാണാം. റീസൈക്കിൾ ചെയ്യുന്ന സ്റ്റീൽ, പ്ലാസ്റ്റിക്,റബ്ബർ ഭാഗങ്ങൾ പുതിയ വാഹനങ്ങളുടെ വില കുറയ്ക്കാൻ കാരണമാകുമെന്നു മാത്രമല്ല , ഇവയുടെ പുതിയ പ്രൊഡക്ഷൻ റോമെറ്റിരിയലുകൾ (അയൺ ഓർ മുതലായവ) ഖനനം ചെയ്തെടുക്കുന്ന തോത് കുറയ്ക്കാനും പരിസ്‌ഥിതി സംരക്ഷിക്കാനും കഴിയും. 

ഭാരത് ബെൻസിന്റെ പുതിയ ബിഎസ്6 ലോറി അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വിലപ്പെട്ട ഭാഗങ്ങളിലൊന്ന് ലക്ഷങ്ങൾ വിലവരുന്ന പുതിയ എക്സ്ഹോസ്റ്റ് സിസ്റ്റം ആണ്. മാരുതി സുസുക്കിയാകട്ടെ ഡീസൽ എൻജിൻ ബിഎസ്6 ലേക്ക് കൺവർട്ട് ചെയ്യാൻ കഴിയാത്തതുകൊണ്ട് പട്രോൾ വാഹനങ്ങൾ മാത്രം പുറത്തിറക്കാനുള്ള പദ്ധതിയിയിലാണ്. എമിഷൻ സ്റ്റാൻഡേർഡ്സ് അനുസരിച്ച് വാഹന നിർമാണം ഉറപ്പാക്കുകയെന്നത്  കോർപ്പറേറ്റുകൾക്ക് കോടികളുടെ ഇൻവെസ്റ്റ്‌മെന്റ് ആവശ്യമായ സംഗതിയാണ്. ചുരുക്കത്തിൽ സ്ക്രാപ്പേജ് പോളിസി സെൻട്രൽ ഗവണ്മെന്റിന്റെ മികച്ച തീരുമാനങ്ങളിൽ ഒന്നാണ്.

(സാമൂഹിക നിരീക്ഷകൻ)


പുതിയ ചട്ടങ്ങൾ കെഎസ്ആർടിസിയെയും മറ്റും സാരമായി ബാധിക്കും - ശ്രീകണ്ഠൻ എസ്.

കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് വരുന്നു. മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പഴയ വാഹനങ്ങൾക്ക് ഹരിത നികുതി ചുമത്താൻ കേന്ദ്ര സർക്കാർ ഗൗരവമായി  ആലോചിക്കുന്നു. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം ഹരിത നികുതി തത്വത്തിൽ അംഗീകരിച്ചു കഴിഞ്ഞു. ഇനി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് നിയമം ആവേണ്ട സമയമേയുള്ളൂ. എട്ടു വർഷത്തിലേറെ പഴമക്കമുള്ള കമേഴ്സ്യൽ വാഹനങ്ങളും 15 വർഷത്തിലേറെ പ്രായമുള്ള സ്വകാര്യ വാഹനങ്ങളും ഹരിത നികുതി നൽകേണ്ടി വരും. റോഡ് ടാക്സിൻ്റെ 10 മുതൽ 25 ശതമാനം വരെ ഹരിത നികുതി ഇനത്തിൽ നൽകേണ്ടി വരും.കമേഴ്സ്യൽ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ഗ്രീൻ ടാക്സ് അടയ്ക്കേണ്ടി വരും. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തിനു ശേഷം രജിസ്ട്രേഷൻ പുതുക്കി കിട്ടണമെങ്കിൽ ഹരിത നികുതി നൽകണം. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പ്രത്യേക നിരക്കിൽ നികുതി ചുമത്താനും ആലോചിക്കുന്നുണ്ട്. ഇലക്ട്രിക്, സിഎൻജി , എഥനോൾ, എൽപിജി വാഹനങ്ങൾക്ക് നികുതി ഒഴിവ് കിട്ടാൻ ഇടയുണ്ട്. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറ്ററുകൾ, ടില്ലറുകൾ, കൊയ്ത്ത് യന്ത്രങ്ങൾ, സിറ്റി സർവീസ് അടക്കമുള്ള പൊതു മേഖലാ സംവിധാനങ്ങൾക്ക് കുറഞ്ഞ നികുതി പരിഗണിക്കുന്നു. മലിനീകരണം രൂക്ഷമായ നഗരങ്ങളിൽ 50 ശതമാനം വരെ ഗ്രീൻ ടാക്സ് ചുമത്താനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന പണം മലിനീകരണ നിയന്ത്രണത്തിന് മാത്രമാവും വിനിയോഗിക്കുക. നൂതന മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാൻ ഈ പണം സംസ്ഥാനങ്ങൾക്കും ഉപയോഗിക്കാം. സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും പൊളിച്ചു വിൽക്കാനും കേന്ദ്രം തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. നിയമം വിജ്ഞാപനമായി ഇറങ്ങുന്നതോടെ 2022 ഏപ്രിൽ ഒന്നോടെ ഇത് പ്രാബല്യത്തിലാവും. നമ്മുടെ കെഎസ്ആർടിസിയെയും പുതിയ ചട്ടം സാരമായി ബാധിക്കും. പുക തുപ്പുന്ന പഴയ വാഹനങ്ങൾ ഇനി അധിക നാൾ ഓടിക്കാനാവില്ല. അതിനെയൊക്കെ അതിജീവിക്കാൻ അവർക്ക് ത്രാണി ഉണ്ടാവുമോ ആവോ ?         

(ന്യൂഏജ് ഫൗണ്ടർ എഡിറ്റർ)


പുതിയ നയങ്ങൾ വരുമ്പോഴും ചെലവുകുറഞ്ഞ പൊതുഗതാഗതം സാധ്യമാവണം 

കേരളത്തിൽ 15 കൊല്ലത്തിൽ കൂടുതൽ പഴക്കമുള്ള ഇരുനൂറോളം സ്വകാര്യ ബസുകൾ നിലവിൽ ഫിറ്റ്നസ് തെളിയിച്ച് ഓടുന്നുണ്ട് . ഇരുപത് വർഷം വരെ ബസുകൾ ഓടിക്കാനുള്ള സംസ്ഥാന സർക്കാർ അനുമതി നേടിയെടുത്താണ് ഈ ബസുകൾ സർവീസ് നടത്തി വരുന്നത്. ഇവയുടെ ആയുസ്സ് തീരുന്നതോടെ ഉടമകൾ പുതിയ ബസുകൾ വാങ്ങേണ്ടതായിട്ടുണ്ട്. 1. പതിനഞ്ച് കൊല്ലം ആയുസ്സ് നിർണ്ണയിക്കപ്പെടുന്നതോടെ വിവിധ തരം ക്ലാസുകളിൽ ഓടുന്നതിന് ബസുകളുടെ പ്രായം പുനർനിർണയിക്കപ്പെടണം. ഇപ്പോൾ സൂപ്പർ ക്ലാസ് ബസുകൾക്ക് ഏഴ് വർഷം വരെ സർവീസ് നടത്താമെന്നിരിക്കെ ബാക്കി 13 വർഷത്തോളം ജനോപകാരപ്രദമായ രീതിയിൽ ചെലവ് കുറഞ്ഞ ഓർഡിനറി സർവീസുകൾ ഗ്രാമങ്ങൾക്കും സാധാരണക്കാരായ ജനങ്ങൾക്കും ഗുണകരമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ബസുകളുടെ ആയുസ്സ് കുറഞ്ഞാലും പരമാവധി സൂപ്പർ ക്ലാസുകൾ ഓടിക്കുക എന്ന രീതി തുടർന്നാൽ ഓർഡിനറി സർവീസുകളുടെ എണ്ണം വൻതോതിൽ കുറയും . 13 വർഷത്തിന് പകരം  8 വർഷം മാത്രം ആണ് ഒരു സൂപ്പർ ക്ലാസ് ൽ സർവീസ് നടത്തിയ ബസിന് പിന്നീട് ഓർഡിനറി ആയി സേവനം നടത്തുവാൻ അവശേഷിക്കുന്ന  ആയുസ്സ് . ഈ അവസരത്തിൽ പൊതുഗതാഗതം  സമതുലിതമാക്കി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

('പ്രൈവറ്റ് ബസ് കേരള' ഫേസ്‌ബുക്ക് പേജിൽ നിന്ന്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story