EDITORIAL

ഗൾഫ് വീണ്ടുമുദിക്കും - ന്യൂഏജ് എഡിറ്റോറിയൽ

Newage News

04 May 2020

ലയാളിക്ക് പെറ്റ മണ്ണ് തന്നെയാണ് ഗൾഫ്. തിരിചു ഗൾഫിനും അങ്ങനെ തന്നെ. കേരളത്തിന് കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഗൾഫ് തുറന്ന് തന്നത് താരതമ്യമില്ലാത്ത അവസരങ്ങളായിരുന്നു. ലക്ഷക്കണക്കിന് മലയാളികൾക്ക് ഈ മണലാരണ്യം തൊഴിൽ നൽകി. ആയിരങ്ങൾ ചെറുതും വലുതുമായ സംരംഭങ്ങളിലൂടെ വളർന്നു. അത് ഏതാനും പേരുകളിൽ ചുരുക്കാനാവില്ല. ഒരു പ്രതിഭാസമായി അടയാളപ്പെടുത്തണം. 

മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയങ്കരമായ തൊഴിൽ- ബിസിനസ് ലാവണമാണ് ഗൾഫ്. അവിടെ എന്ത് സംഭവിച്ചാലും നമ്മുടെ മനസ് പിടയ്ക്കും. 

കുറേക്കാലമായി കേൾക്കുന്നു, ഗൾഫ് വസന്തം അസ്തമിക്കുകയാണെന്ന സൂചനകളുള്ള വാർത്തകൾ, സന്ദേശങ്ങൾ അങ്ങനെ പലതും. അത് ഉൾക്കൊള്ളാൻ മലയാളിക്ക് സമ്മതമല്ല. 

എങ്ങനെയാണ് ഇന്നത്തെ ഗൾഫ് ബൂം ഉണ്ടായതെന്ന വസ്തുത നമുക്കറിയാമല്ലോ. ഊറിയൊഴുകിയ എണ്ണ ആ മേഖലയെ സമ്പന്നമാക്കിയ ചരിത്രം. സൗദി മുതൽ യുഎഇ വരെ. ഗൾഫ് ഭരണാധികാരികൾ നല്ല ദീർഘ വീക്ഷണമുള്ളവരാണ്. എണ്ണ ഒരിക്കലും വറ്റാത്ത ഉറവ ആയിരിക്കില്ല എന്ന ചിന്ത അത് കണ്ടെത്തിയ നാൾ മുതലേ അവർക്കുണ്ടായിരുന്നു. അവർ തങ്ങളുടെ രാജ്യങ്ങളുടെ സമഗ്ര വളർച്ച സാധ്യമാക്കി. ട്രേഡ്, ടൂറിസം, റിയൽ എസ്റ്റേറ്റ്, അഗ്രികൾച്ചർ, എനർജി എന്നിവയിലെല്ലാം ശ്രദ്ധിച്ചു. എണ്ണ സൃഷ്ടിച്ച പണമൊഴുക്ക് ഉപയോഗിച് ഐടി, ഹെൽത്ത് കെയർ, നോളജ് എന്നിവയിലെല്ലാം മുന്നേറ്റമുണ്ടാക്കി. ഫ്രീ ഇക്കോണമി പലയിടത്തും സൃഷ്ടിച്ചു. ലോകത്തിന്റെ ഹബുകളിലൊന്നായി ദുബായ് മാറി. ഒരു വലിയ റീ ഏക്സ്‌പോർട്ട് കേന്ദ്രമായി. ട്രേഡും, ടൂറിസവും പൂത്തുലഞ്ഞു. 

ലോകത്തെ ഏറ്റവും വലുതും, മികച്ചതും, മനോഹരവുമായുള്ള എല്ലാം തങ്ങളുടെ രാജ്യങ്ങൾക്ക് വേണം എന്ന് ഗൾഫ് ഭരണാധികാരികൾക്ക് എപ്പോഴും നിർബന്ധമുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങളിൽ ഇത്രമേൽ മുന്നേറ്റം നടത്താൻ അവർക്കായത് ഈ ചിന്താഗതികൊണ്ടാണ്. അംബരചുംബികളായ കെട്ടിടങ്ങൾ, സ്മാർട്ട് റോഡുകൾ, മെട്രോ, മികച്ച ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ, മാളുകൾ, ഷോപ്പിംഗ് ഹബ്ബുകൾ ഒക്കെ കൊണ്ടുവരുന്നതിൽ ഇവർ പരസ്പരം മത്സരിച്ചു. ദുബായ് അതിനെ മുന്നിൽ നിന്ന് നയിച്ചു. എണ്ണ ഇല്ലാതെ ദുബായ് അത് സാധിച്ചു എന്നോർക്കണം. ഒരു സ്വപ്നവും അവർ വെറും സ്വപ്നമാക്കി നിറുത്തിയില്ല. എമിറേറ്റ് എയർലൈൻസ് ലോകത്തെ ഏറ്റവും മികച്ചതായി, ദുബായ് എയർ പോർട്ട് യുഎസ്, യുകെ എയർപോർട്ടുകളെ പോലും അമ്പരപ്പിച്ചു, ഫ്രീസോണുകൾ അവസരങ്ങളുടെ പറുദീസയാക്കി. കടലിൽ നിർമിതിയുടെ വിസ്മയങ്ങൾ തീർത്തു. സൗദി കൃഷിയിൽ ഏറെ മുന്നേറി. ലോകത്തെ ഏറ്റവും വലിയ ഫാമുകൾ ഉണ്ടാക്കി.

ഗൾഫ് ബൂം ഒരു ഘട്ടത്തിലും ബബിൾ ആയിരുന്നില്ല. വലിയ സ്വപ്‌നങ്ങൾ പടുത്തുയർത്തുമ്പോൾ സംഭവിക്കാവുന്ന ചില അപകടങ്ങൾ അവിടെയും ഉണ്ടായി. പ്രത്യേകിച്ചും ദുബായിൽ. റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയിലായി. ഡിമാൻഡിനേക്കാൾ വലിയ സപ്ലൈ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓപ്പൺ ഇക്കോണമിക്ക് ചില പരിമിതികൾ ഉണ്ടായി. 

ഇത് അവർ മുൻകൂട്ടി കണ്ടിരിക്കാം. അത് പോലെ എണ്ണയെ എന്നും ആശ്രയിക്കാം എന്ന് ഒരു ഗൾഫ് രാജ്യവും ഇപ്പോൾ ചിന്തിക്കുന്നില്ല. എന്നാൽ എണ്ണ ഒറ്റയടിക്ക് ഇല്ലാതാകും എന്ന് പുറം ലോകവും അനുമാനിക്കേണ്ടതുമില്ല. സമീപ ഭാവിയിൽ അങ്ങനെ ഉണ്ടാകില്ല എന്ന് തന്നെ കരുതാം. 

അതിജീവനത്തിന് പല വഴികൾ അവർ നോക്കുന്നുണ്ട്. അവിടുത്ത ഭരണാധികാരികൾ നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ്. ഖത്തറിനെ നോക്കുക. എല്ലാ അയൽ രാജ്യങ്ങളും ഒറ്റപ്പെടുത്തിയിട്ടും അവർ കൂസാതെ നിന്നു. സ്വയം പര്യാപ്തത കൈവരിച്ചു. 

ചില ഇന്ത്യൻ ബിസിനസുകാർക്ക് അടുത്തിടെ ഉണ്ടായ തിരിച്ചടികൾ വലിയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതൊക്ക ഗൾഫ് ബൂം അവസാനിക്കുന്നതിൻ്റെ സൂചനയായി ചിലർ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ തല്ക്കാലം പർവതീകരിക്കേണ്ടതില്ല. 

കോവിഡ് ലോകത്തെ മറ്റ് എവിടെയുമെന്നതുപോലെ ഗൾഫിനെയും ബാധിക്കും. അത്ര തന്നെയേ ബാധിക്കൂ. 

മടങ്ങി വരുന്ന പ്രവാസികൾക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമെന്നൊന്നും ഇപ്പോൾ പറയാറായിട്ടില്ല. 

നമുക്ക് തൽക്കാലം ഗൾഫിനെ വിശ്വസിക്കാം. ആ മണ്ണിനെ, അവിടുത്തെ മനുഷ്യരെ, ഭരണാധികാരികളെ വിശ്വസിക്കാം. ഗൾഫ് അങ്ങനെ തന്നെ നിൽക്കേണ്ടത് അവരുടെ മാത്രം ഒരാവശ്യമായി മലയാളികളെങ്കിലും കാണില്ല എന്ന് ഉറപ്പാണ്. കാരണം ശരാശരി മലയാളിയുടെ ജീവിതത്തെ കരുപ്പിടിപ്പിച്ചത് ഈ നാട് കൂടി ചേർന്നാണ്. മലയാളിയുടെ സംരംഭകത്വം തളിർത്ത ഇടമാണ്.

ഗൾഫ് ഭരണാധികാരികൾ പുതു വഴികൾ കണ്ടെത്താതിരിക്കില്ല. അത് വരെ എണ്ണയുടെ ഉറവ് വറ്റില്ല. മലയാളിയുടെ  വിളക്കുകൾ അണയില്ല.


2022ൽ പുതിയ രൂപത്തിൽ തിരിച്ചു വരും - റോയ് ജോസഫ് 

കോവിഡിന് മുൻപ് തന്നെ, ഏതാണ്ട് ഒരു വർഷമായി ഗൾഫിൽ സാമ്പത്തിക രംഗത്ത് ചില വെല്ലുവിളികളുണ്ട്. ഉദാഹരണമായി റീ ഏക്സ്‌പോർട്ട് മോഡൽ. അതിപ്പോൾ ആവശ്യമില്ലാതെയായി. ഉല്പാദകരിൽ നിന്നും ഏതു രാജ്യത്തെ വിതരണക്കാർക്കും നേരിട്ട് എടുക്കാം. പ്രത്യേകിച്ച് ചൈനയിൽ നിന്നും. പിന്നെ എന്തിനാണ് ഒരു എക്സ്പോർട്ട് ഹബ്. ഓയിൽ വില ഭേദപ്പെട്ട അവസ്ഥയിൽ എത്താൻ ഓഗസ്റ്റ് എങ്കിലും ആകും. അതും അത്ര ഉറപ്പില്ല. 

ഗൾഫിലെ ഇന്ത്യൻ കമ്പനികളുടെ ബിസിനസ് സംബന്ധിച്ചു പല വാർത്തകളും പുറത്തു വരുന്നുണ്ട്. യുഎഇ എക്സ്ചേഞ്ച സംബന്ധിച്ച കാര്യങ്ങളിൽ വലിയ ദുരൂഹതയുണ്ട്. അതുകൊണ്ടാകാം ഗൾഫിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട ഇന്ത്യൻ  സ്ഥാപനങ്ങൾക്ക് അവർ നൽകിയിരുന്ന വായ്പകൾ ഓഹരികൾ ആക്കി മാറ്റുന്നത്. അറ്റ്ലസിന് ശേഷവും ചില ഗോൾഡ് സ്ഥാപനങ്ങളെ കുറിച്ചു അഭ്യൂഹങ്ങളുണ്ട്. 

ദുബായ് ൽ റീറ്റെയ്ൽ പ്രോപ്പർട്ടി, റെസിഡൻഷ്യൽ അപാർട്മെന്റ് എന്നിവയിൽ ഓവർ സപ്ലൈ ആണ്. വില 60 ശതമാനം വരെ താഴ്ന്നു. നിർമാണങ്ങൾ ആകട്ടെ തുടരുന്നു. കാരണം മറ്റെന്തെങ്കിലുമാകാം.  

ഡോളർ ഇടപാടുകൾ കൂടുതൽ നിയമ വിധേയവും കർക്കശവുമായി. പഴയ രൂപത്തിലുള്ള ഫ്രീ ഇക്കോണമി ഇപ്പോഴില്ല. നിയമ വിധേയമല്ലാത്ത പണം ഇടപാടുകൾക്ക് വലിയ പിഴ ഒടുക്കേണ്ടി വരുന്നു. ഏതാണ്ട് ഇന്ത്യയിലേത് പോലായി ഫിനാൻഷ്യൽ മാർക്കറ്റ്. അനധികൃത പണമിടപാടുകൾ തീരെ ഇല്ലാതെയായി.

ഗൾഫ് ബബിൾ സ്വാഭാവികമായും പോട്ടിയെ തീരൂ. അത് ഗൾഫ് ഭരണാധികാരികൾക്കും അറിയാം. അവർ പുതിയ വഴികൾ നോക്കുന്നുണ്ട്. ശരിയായ വിഭവ ശേഷികളെ കണ്ടെത്തുകയാണ് അതിലൊന്ന്. ഓയിൽ ഇത്ര വിഭവ ശേഷികൾ അവർക്കുണ്ട്. അലുമിനിയത്തിന്റെ സംസ്കരണത്തിലും, ഉത്പാദനത്തിലും അവർക്ക് മേൽക്കൈ ഉള്ളത് ഓർക്കുക. 

മാത്രമല്ല പുതിയ പ്രഖ്യാപനങ്ങൾ ഗൾഫ് രാജ്യങ്ങൾ നടത്തുന്നുണ്ട്. നിക്ഷേപകരുടെ ആത്മവിശ്വാസം നില നിർത്തുവാനും ശ്രദ്ധിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ കാര്യങ്ങൾ നേരെയാകാൻ 2022 വരെ എടുത്തേക്കാം. വേൾഡ് എക്സ്പോ 2021 ലേക്ക് മാറ്റി. പ്രതിസന്ധിയോട് പൊരുതി അതിജീവിക്കാൻ എടുക്കുന്ന സ്വാഭാവിക സമയം തിരിച്ചു വരവിന് എടുക്കും.

ദുബായ് ഒരു ടൂറിസം, പ്ലഷർ, എന്റർടൈൻമെന്റ് ഹബ് ആയി രൂപാന്തരപ്പെട്ടേക്കാം. ട്രേഡിങ്ങ് സാദ്ധ്യതകൾ കുറയുകയാണ്. ടൂറിസവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് സാധ്യതകൾ നിലനിൽക്കുന്നു. ഓയിലിൽ നിന്നും പുതിയ ഇക്കോണമിയുടെ സാധ്യതകളിലേക്ക് മാറാൻ ശ്രമിക്കുന്നതായി അവർ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. 3 പതിറ്റാണ്ടെങ്കിലുമായി. പക്ഷെ സൂക്ഷ്മ തലത്തിൽ പരിവർത്തനം ഒന്നും നടന്നില്ല. ഐടി യിൽ ഒക്കെ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഫലപ്രദമായില്ല. മാനുഫാക്‌ചറിംഗ് സാദ്ധ്യതകൾ കുറവാണ്. ഉയർന്ന ഉല്പാദന ചെലവാണ് കാരണം. 

ഓയിൽ അല്ലാതുള്ള വിഭവങ്ങളുടെ വലിയ ശേഖരം ഉള്ളതായി ചില ഗൾഫ് രാജ്യങ്ങൾ അവകാശപ്പെടുന്നുണ്ട്. വാസ്തവം എത്രത്തോളമെന്ന് അറിയില്ല. അതവർ ഇനി ഉപയോഗിക്കാൻ ശ്രമിക്കും. ദുബൈക്ക് കൂടുതൽ അനുയോജ്യം ടൂറിസം, പ്ലഷർ, വിനോദം എന്നിവ തന്നെ. ഫിനാൻസിൽ ഹബ് സാധ്യതകളുമുണ്ട്. സിംഗപ്പൂർ, തായ്‌ലൻഡ് മാതൃകകൾ ഇവിടെ പകർത്താവുന്നതാണ്. മനുഷ്യ, ധന ശേഷികൾ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷാ മേഖലകളിലേക്ക് തിരിച്ചു വിടണമെന്ന് യുഎഇ ഭരണാധികാരികൾ അടുത്തിടെ നിര്ദേശിക്കുകയുണ്ടായി.  

ബാങ്ക് വായ്പകൾ പല ബിസിനസിനും തലവേദന ആയിട്ടുണ്ട്. ബാങ്കിങ് രംഗത്തെയും ബാധിക്കാം. 

സമഗ്ര മാറ്റങ്ങൾ ഗൾഫിൽ വേണ്ടി വരും. മത കേന്ദ്രീകൃതമായ ഭരണം, ഇക്കോണമി എന്നിവയിൽ നിന്നും സമ്പൂർണ പരിഷ്കരണം വേണ്ടി വന്നേക്കാം. മുന്നോട്ടുള്ള കുതിപ്പിന് അത് വേണ്ടി വരും. സൗദി, ഇറാൻ എന്നിവിടങ്ങളിൽ ജനസംഖ്യ ഒരു വിഷയമാണ്. വിഭവങ്ങൾ പെരുകുന്നില്ല, ജനസംഖ്യ ഇരട്ടിക്കുന്നു. 

ഏതായാലും വളരെ യാഥാർഥ്യ ബോധത്തോടെ നോക്കിയാൽ 3 വർഷം വരെ തിരിച്ചു വരവിന് എടുത്തേക്കാം. 

(ദുബായ് സിസ്‌കോൺ FZE ജനറൽ മാനേജരാണ് ലേഖകൻ)


ഗൾഫിൽ ഹെൽത്ത് കെയർ അവസരങ്ങൾ കുറയില്ല - അനൂപ് കെഎ 

കോവിഡിന് ശേഷം എത്രമാത്രം തൊഴിൽ  അവസങ്ങൾ ഉണ്ടാകും എന്ന ചോദ്യം പലയിടത്തു നിന്നും ഉയരുന്നുണ്ട്. ഹെൽത്ത് കെയറിൽ ധാരാളം അവസരങ്ങൾ ഉണ്ടാകും. അക്കാര്യത്തിൽ സംശയം വേണ്ട. ഇപ്പോഴും അന്വേഷണങ്ങൾ ഉണ്ട്. മിഡിൽ ഈസ്റ്റിൽ എല്ലാ രാജ്യങ്ങളിലും അവസരങ്ങൾ ഉണ്ടാകും.ഖത്തർ,  സൗദി, യുഎഇ അടക്കം.  നഴ്‌സ്മാർക്കും, ഡോക്റ്റർമാർക്കും ആവശ്യകത ഉണ്ട്. കൂടുതൽ സാധ്യത നഴ്സുമാർക്കാണ്. ഡോക്റ്റർമാർക്ക് പ്രത്യേകിച്ച് സ്പെഷ്യലൈസ്ഡ് ഡോക്റ്റർമാർക്ക് ഇന്ത്യയിൽ കിട്ടുന്ന അത്ര ശമ്പളം ഗൾഫിൽ ഇല്ല. അതുകൊണ്ട് ഇന്ത്യയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്റ്റർമാർ പോകണമെന്നില്ല.നഴ്സുമാർക്കാകട്ടെ  ഇവിടുത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫിൽ മെച്ചപ്പെട്ട വേതനം ഉണ്ട്. 

യുകെ യിൽ 50000 ഓളം നഴ്സിംഗ് അവസരങ്ങളുണ്ട്. അന്വേഷണങ്ങൾ വന്നു കഴിഞ്ഞു. നേരത്തെ പീഡിയാട്രിക്ക്സ്, ഗൈനക്കോളജി എന്നിവയിൽ അധികം ആളുകളെ അവിടെ എടുക്കുന്നില്ലായിരുന്നു. കാരണം അവിടെത്തന്നെ ആളുകൾ ഉണ്ടായിരുന്നു. പക്ഷെ ആ ലഭ്യത കുറഞ്ഞു. കഴിഞ്ഞ ദിവസം പീഡിയാട്രിക്ക്സിൽ അന്വേഷണം വന്നിരുന്നു. ജർമനിയിൽ യുകെയിൽ ഉള്ളതിനേക്കാൾ അവസരങ്ങളുണ്ട്. മാൽദിവ്സിലും ഉണ്ട്. അവിടേക്ക് ധാരാളം പേരെ അയച്ചിരുന്നു. ഇപ്പോൾ ട്രാവൽ ബാൻ കാരണം നിറുത്തി വച്ചിരിക്കുകയാണ്. 

അതിനിടെ യൂറോപ്യൻ രാജ്യങ്ങളിൽ എൻട്രി ടെസ്റ്റുകൾ നിറുത്തി എന്ന രൂപത്തിലുള്ള വ്യജ പ്രചാരണങ്ങൾ ചില സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു. അത്തരമൊരു ഇളവും ഇത് വരെ ഇല്ല.  

ഒഡെപെക്, എൻഎച്എസിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഗവണ്മെന്റ് ഏജൻസിയായ ഹെൽത്ത് എജുക്കേഷൻ ഇംഗ്ലണ്ടുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അവിടെ ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാം എന്നൊരു പ്രോഗ്രാമുണ്ട്. അതിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഈ പ്രോഗ്രാമിൽ മാത്രം 50000 നഴ്സിംഗ് അവസരങ്ങൾ ഉണ്ടെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ 

മിഡിൽ ഈസ്റ്റിൽ  നഴ്സിങ്ങിലെ സാധ്യത കുറയില്ല. യുകെ, ജർമനി എന്നിവിടങ്ങളിലെ സാദ്ധ്യതകൾ വർധിക്കുകയുമാണ്.

(സംസ്ഥാന സർക്കാരിന് കീഴിലുള്ള ODEPEC മാനേജിങ് ഡയറക്റ്ററാണ് ലേഖകൻ)


മടങ്ങി വരവിൽ ദുബായ് ലോകത്തിൻ്റെ നിക്ഷേപ തലസ്ഥാനമാകും - അനൂപ് സേവ്യർ 

ർവീസ്, റീട്ടെയിൽ, കൺസ്ട്രക്ഷൻ എന്നിങ്ങനെ നമുക്ക് ദുബയിലെ ബിസിനസിനെ  മൂന്നായി തിരിച്ചു പരിഗണിക്കാം. എയർപോർട്ടുകൾ അടച്ചതോടെ സർവീസ് ഇൻഡസ്ട്രിയെ അത് വലിയ തോതിൽ ബാധിച്ചു. ടൂറിസം ഇല്ലാതായി. ഹോട്ടലുകൾ, അനുബന്ധ പരിപാടികൾ ഒക്കെ നിലച്ചു. മൂന്ന് പ്രധാന എയർലൈൻ കമ്പനികളാണ് ഇവിടെ ഉള്ളത്. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ എന്നിവ. അവ പൂർണമായും സർവീസുകൾ നിറുത്തി വച്ചിരിക്കുന്നു. എയർ ക്രാഫ്റ്റ് മെയ്ന്റനൻസും മറ്റുമാണ് നടക്കുന്നത്. പലയിടത്തും നിർബന്ധിത അവധി കൊടുക്കുന്നു. ശമ്പളം പിടിക്കുന്നു. പിരിച്ചു വിടൽ തൽക്കാലം കേട്ട് തുടങ്ങിയിട്ടില്ല. അത് ഉണ്ടാകാനുള്ള സാധ്യത കാണുന്നു.  

വേൾഡ് എക്സ്പോ 2020 അടുത്ത വർഷത്തേക്ക് മാറ്റി. യുഎഇ യുടെ അഭിമാനമായി മാറുമായിരുന്ന ഒന്നാണത്. ടൂറിസം രംഗത്ത് 25 മില്യൺ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചാണ് അത് ഒരുക്കിയിരുന്നത്. അത് മാറുന്നത് വലിയ തിരിച്ചടിയാകും. 

റീട്ടെയിൽ 

അടുത്തത് റീട്ടെയിൽ ആണ്. ദുബായ് ഒരു വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയിരുന്നു. ഏഷ്യയുടെയും യൂറോപ്പിൻ്റെയും ഷോപ്പിംഗ് ഡെസ്റ്റിനേഷൻ. ഇപ്പോൾ ഇവിടുത്തെ വമ്പൻ മാളുകൾ അവശ്യ സാധനങ്ങൾ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളു.  ഇക്കൊല്ലം അവസാനമേ അതൊക്കെ സജീവമാകാൻ സാധ്യത ഉള്ളൂ. ഭീമമായ തൊഴിൽ നഷ്ടം അത് മൂലം ഉണ്ടാകാം.

കൺസ്ട്രക്ഷൻ 

കൺസ്ട്രക്ഷൻ നിലയ്ക്കരുതെന്ന് സർക്കാർ നിദേശം ഉണ്ടായിരുന്നു. പക്ഷെ വേഗത കുറഞ്ഞു. ദുബായ് എക്സ്പോ മുന്നിൽ കണ്ടാണ് ഇവ പലതും അതിവേഗം നടന്നുകൊണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ എക്സ്പോ കഴിയുന്നതോടെ പ്രോജക്റ്റുകൾ  കുറയാം. എക്സ്പോ 2020 ക്ക് ശേഷമേ സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനിടയുള്ളൂ. ഇപ്പോൾ ഉള്ളത് സമയബന്ധിതമായി തീർത്തേക്കാം. പെട്ടെന്ന് തൊഴിൽ നഷ്ടം ഉണ്ടാകില്ല. പക്ഷെ പ്രോജക്റ്റുകൾ തുടർന്ന് കിട്ടാത്തിടത്തോളം കമ്പനികൾ അനിശ്ചിതത്വത്തിലാകും.

ടൂറിസം 

ദുബൈയുടെ ജീവനാഡി ടൂറിസം ആണ്. 2019 ൽ 17 മില്യൺ ടൂറിസ്റ്റുകൾ എത്തി. ഈ വർഷത്തെ ലക്‌ഷ്യം 20 മില്യൺ ആയിരുന്നു.  എക്സ്പോയുടെ പശ്ചാത്തലത്തിൽ അത് 25 മില്യൺ വരെ പ്രതീക്ഷ ഉണ്ടായിരുന്നു. 

സൗദിയിലാകട്ടെ തീർത്ഥാടക ടൂറിസം പരമ പ്രധാനമാണ്. ഹജ് സീസൺ കോവിഡ് മൂലം നഷ്ടമായി. 19 മില്യൺ ആളുകൾ ഹജ് തീർത്ഥാടനത്തിന് മാത്രമായി എത്താറുണ്ട്. സൗദിയെ ഇത് തീർച്ചയായും ബാധിക്കും. 

ദുബായ് ഒരു ട്രേഡ് ഹബാണ്. പല രാജ്യങ്ങളുടെ  വളർച്ചയുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. ബന്ധപ്പെട്ട രാജ്യങ്ങളെല്ലാം കുഴപ്പത്തിലാണ്. സ്വാഭാവികമായും അത് ദുബായിയെ ബാധിക്കും.  

ഒരു അതിജീവന വർഷമായിട്ടാണ് 2020 നെ വിദഗ്ധർ കാണുന്നത്. ഒരു വി ഷേപ്പ് ആയിട്ടുള്ള തിരിച്ചു വരവ് ആരും പ്രതീക്ഷിക്കുന്നില്ല.യൂ ഷേപ്പ്‌ ആണ് എല്ലാവരും കണക്കുകൂട്ടുന്നത്. പൊടുന്നനെയുള്ള തിരിച്ചു വരവല്ല, പടി പടിയായുള്ള മടങ്ങി വരവാണ്. സെപ്റ്റംബറിന് ശേഷം കാര്യങ്ങൾ ശരിയാകും, അടുത്ത വർഷം ആദ്യ പാദത്തിനൊടുവിൽ സാധാരണ നിലയിലെത്തും, ഒക്റ്റോബറിൽ ഏക്സ്‌പോയോട് കൂടെ വീണ്ടും ഒരു കുതിപ്പിലേക്ക് തിരിച്ചു വരും എന്ന് പരക്കെ പ്രതീക്ഷിക്കുന്നു.

ശമ്പളം കുറയും, പിരിച്ചുവിടൽ പ്രവചിക്കാറായിട്ടില്ല 

വൻ തോതിലുള്ള അടച്ചു പൂട്ടലോ, പിരിച്ചു വിടലോ ഇതു വരെ എവിടെ നിന്നിലും കേട്ടില്ല. പക്ഷെ മുൻകരുതലുകൾ എല്ലാവരും എടുത്തു തുടങ്ങി. ശമ്പളം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉണ്ടാകാം. 

എന്നാൽ ദുബായിലെ നിർണായക സ്ഥാപനങ്ങളിലൊന്നായ എമിറേറ്റ് എയർലൈൻസ് പോലുള്ള സ്ഥാപനങ്ങൾ ഇപ്പോഴും നല്ല ശുഭാപ്തി വിശ്വാസത്തിലാണ്. അത് ആശ്വാസം നൽകുന്നു. 2020 ൽ പിടിച്ചു നിൽക്കുക എന്നതാകും ഒരു പ്രവാസിയെ സംബന്ധിച്ചു പ്രധാനം. തൽക്കാലം ശമ്പളത്തിൽ ഒരു പുനഃ ക്രമീകരണം ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കേണ്ടി വരും. നീക്കിയിരുപ്പ് ഉണ്ടാകില്ല. പിടിച്ചു നിന്നാൽ സമ്പദ്ഘടനയുടെയും, കമ്പനികളുടെ  തിരിച്ചു വരവിൽ പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്താം.   

തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവർ 25000 മാത്രം 

നോർക്ക റൂട്സിൽ 25000 പേര് മാത്രമാണ് തൊഴിൽ നഷ്ടപ്പെട്ടു എന്ന കാരണത്താൽ മൊത്തം ജിസിസി രാജ്യങ്ങളിൽ നിന്നും തിരിച്ചു വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളു. അത് വാസ്തവത്തിൽ ചെറിയൊരു സംഖ്യ ആണ്. എൻ്റെ ഒരു ഊഹം കോവിഡ് ലോക്ക് ഡൗൺ കഴിഞ്ഞു കമ്പനികൾ വീണ്ടും തുറന്നു കഴിഞ്ഞാലേ അവരുടെ ഒരു പുനസംഘടനാ പ്ലാൻ വ്യക്തമാകൂ. പിരിച്ചു വിടൽ, ശമ്പളം കുറയ്ക്കൽ ഒക്കെ ഉണ്ടാകാം. ശമ്പളം തൽക്കാലത്തേക്ക് അല്പം കുറച്ചാലും മലയാളികൾ പിടിച്ചു നിൽക്കും. അവർ മടങ്ങി പോകാൻ തയ്യാറായേക്കില്ല. നാട്ടിൽ മടങ്ങി വന്ന് ഒരു ജോലി കണ്ടെത്തുന്നത് അവസാന ഓപ്‌ഷൻ ആയിരിക്കും. അവർ മറ്റ് രാജ്യങ്ങളിൽ പോകാം, മറ്റ് നഗരങ്ങളിൽ പോകാം. പക്ഷെ നാട്ടിലേക്കുള്ള മടക്കം അവസാന ഓപ്‌ഷൻ ആയിരിക്കും.  

ക്രൂഡ് വില 

ക്രൂഡ് വില താഴെ പോയതാണ് ഈ മേഖലയ്ക്ക് ഏറ്റ വലിയൊരു തിരിച്ചടി. അപ്രതീക്ഷിതമായിരുന്നു ഇത്. 2020 ൽ ബാരലിന്  60 ഡോളർ ആയിരുന്നു അവർ പ്രതീക്ഷിച്ച ശരാശരി വില . അത് 40 ഡോളറാക്കി ചുരുക്കേണ്ടി വന്നു.   

സർക്കാർ ബജറ്റുകൾ ഇത് മൂലം താളം തെറ്റി. സൗദിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിഷൻ -2030 ൽ  ഓയിൽ ഇതര മേഖലകളിൽ വലിയ നിക്ഷേപത്തിന് ഒരുങ്ങി നിൽക്കുകയായിരുന്നു. അത് മുഴുവൻ ഓയിൽ ബജറ്റിൽ പ്രതീക്ഷ അർപ്പിച്ചായിരുന്നു. ഗൾഫിലെ എല്ലാ രാജ്യങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. 

യുഎഇ എക്സ്ചേഞ്ച്

പ്രതിസന്ധിക്ക് ശേഷം യുഎഇ സെൻട്രൽ ബാങ്ക് ആണ് ഇപ്പോൾ യുഎഇ എക്സ്ചേഞ്ച് നിയന്ത്രിക്കുന്നത്. പരിശോധനകൾ നടക്കുന്നു. മണി ട്രാൻസ്ഫർ, മണി എക്സ്ചേഞ്ച് എന്നീ കാര്യങ്ങൾ നടക്കുന്നില്ല. എന്നാൽ ഗ്രൂപ്പിന്റെഭാഗമായ എൻഎംസി ആശുപത്രി ഭംഗിയായി പ്രവർത്തിക്കുന്നു. വലിയ നെറ്റ്‌വർക്ക് അവർക്കുണ്ട്. ഇവ രണ്ടും ഏറ്റെടുക്കാൻ ചില വലിയ ഗ്രൂപ്പുകൾ  രംഗത്തുണ്ട്. സർക്കാർ എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ അത്തരമൊരു ഏറ്റെടുക്കലിന് സാധ്യത ഉള്ളൂ.

ലുലു ഓഹരി ഏറ്റെടുക്കൽ 

ലുലു ഔദ്യോഗികമായി ഓഹരി ഏറ്റെടുക്കൽ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് ഒരു പ്രതികരണം നടത്തുന്നതിൽ ഔചിത്യക്കുറവുണ്ട്.  

പെട്ടെന്ന് തിരിച്ചു വരുന്ന ഒരു രാജ്യമാണ് യുഎഇ. മലയാളിയുടെ വിയർപ്പ് അതിന് പിന്നിലുണ്ട്. മലയാളികളോട് ഈ രാജ്യത്തിന് വലിയ കടപ്പാടും, മമ്തയുമുണ്ട്. മലയാളികളെ ഒഴിവാക്കാൻ അവർ ഒരിക്കലും മുതിരില്ല.

ഭാവിയുടെ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷൻ 

മികച്ച ഇൻഫ്രാസ്ട്രക്ച്ചറുള്ള നാടുകളിലാകും ഭാവി നിക്ഷേപം ഒഴുകി എത്തുക. അത് പെട്ടെന്ന് ഉണ്ടാക്കാവുന്നതല്ല  ദുബൈക്ക് നല്ല ഇൻഫ്രാസ്റ്റേക്ച്ചർ ഉണ്ട്. അത് നിക്ഷേപകർക്ക് ആകർഷകമായിരിക്കും. നിക്ഷേപകർ മികച്ച സൗകര്യങ്ങളും, സുരക്ഷയും, ഉള്ള സ്ഥലങ്ങൾ നോക്കും. ദുബായ് അങ്ങനെ നോക്കുമ്പോൾ ഭാവിയുടെ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം.         

(കെഎൽഎം ഗ്രൂപ്പ് ഡയറക്റ്ററാണ് ലേഖകൻ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story