EDITORIAL

സ്പോർട്സ് ഇക്കോണമിക്ക് കളമൊരുക്കണം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

04 Jun 2020

ബംഗളുരുവിൽ ഹോം ടീമായ ബംഗളുരു എഫ് സി യുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നു. പതിവായി നീല പുതയ്ക്കാറുള്ള ശ്രീ കൺഠേരവ   സ്റ്റേഡിയത്തിൽ മൂന്നിൽ രണ്ടു ഭാഗം നിറച്ചു മഞ്ഞപ്പട ബാംഗ്ലൂരിനെ ഞെട്ടിച്ചു. അതാണ് മലയാളികളുടെ പന്ത് കളി ആവേശം. ലോകകപ്പ് വിരുന്നെത്തുമ്പോൾ  കേരളം അതിനെ വരവേൽക്കുന്നത് കണ്ടാൽ ഫുട്ബോൾ മെക്ക- ബ്രസീൽ പോലും അത്ഭുതപ്പെടും. തിരുവനന്തപുരത്തിന്റെ തീരം മുതൽ കാസറഗോഡിന്റെ മലയോരം വരെ ആവേശത്തിരയിളകും. അതിന് ഗ്രാമ, നഗര വ്യത്യാസമില്ല. തെരുവുകൾ മുഴുവൻ ബിഗ് സ്ക്രീനുകൾ നിറയും. ബാനറുകളും, ഫ്ലെക്സുകളും ഉയരും. ഇന്ത്യക്ക് എത്തിനോക്കാൻ കഴിയാത്ത ലോകകപ്പ് ഫുട്ബോളിനെ മലയാളി നെഞ്ചേറ്റുന്നത് ഇങ്ങനെയാണ്. കോപ്പാ അമേരിക്ക വന്നാലും, യൂറോകപ്പ് വന്നാലും, അതല്ല ഇനി ആഫ്രിക്കൻ നേഷൻസ് കപ്പായാലും അങ്ങനെ തന്നെ. സ്പാനിഷ് ലീഗും, ഇംഗ്ലീഷ് പ്രീമിയർ ലീഗും, ഇറ്റാലിയൻ, ജർമ്മൻ ലീഗുകളും മലയാളിക്ക് നാട്ടു കാര്യം.

അത്‍ലറ്റിക്സിലോ? - ഇന്ത്യൻ അത്‌ലറ്റിക്‌സിൽ കേരളം മുന്നേറ്റം തുടങ്ങിയിട്ട് പതിറ്റാണ്ടുകളാകുന്നു. പിടി ഉഷയും, എം ഡി വത്സമ്മയും, ഷൈനി വിൽസനുമൊക്കെ തുടക്കമിട്ട മികവ് തലമുറകൾ കൈമോശം വരാതെ കൈമാറി. സ്‌കൂൾ അത്‌ലറ്റിക്‌സിൽ കേരളം കുത്തക തുടരുന്നു. ട്രാക്കിൽ നിന്നും ഫീൽഡിൽ നിന്നും എത്രയോ പ്രതിഭകൾ ജീവിതം കരുപ്പിടിപ്പിച്ചു. അവരുടെ ജീവിതത്തിൽ, കുടുംബങ്ങളിൽ എത്ര വലിയ പരിവർത്തനമുണ്ടായി. ആയിരങ്ങൾ കായിക മികവിൽ റെയിൽവേ അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി നേടി. ഈ ആവേശത്തിൽ  സ്‌കൂളുകൾ ഉദിച്ചുയർന്നു. തോമസ് മാഷിന്റെ കോരുത്തോട്, രാജു സാറിന്റെ സെന്റ് ജോർജ്, കോതമംഗലത്തിന്റെ മാർ ബേസിൽ, പാലക്കാട്ടെ ത്രയങ്ങൾ, പുല്ലൂരാംപാറ. അങ്ങനെ എത്രയോ ചാമ്പ്യൻ സ്‌കൂളുകൾ.

കേരളത്തിന് സ്വന്തം എന്ന് പറയാവുന്ന ഒരു ഫുട്ബോൾ രൂപമുണ്ട്. ആഫ്രിക്കൻ മുത്തുകൾ ബൂട്ടുകെട്ടുന്ന 'സെവൻസ്', 7 പേരുടെ പന്തുകളി. കേരളത്തിലുടനീളം മുള ഗാലറികളിൽ ഒരു അനുഷ്ഠാനം പോലെ കൊണ്ടാടുന്ന ടൂർണമെന്റുകൾ. നിറഞ്ഞു തുളുമ്പുന്ന ഗാലറികൾ. വടം വലിയാണ് പുതിയ ആവേശം. അതും നാട്ടിൻപുറങ്ങളെ ആവേശം കൊള്ളിക്കുന്നു. വടക്ക് ഫുട്ബോളെങ്കിൽ മലയോരത്ത് വോളിയാണ്. ജിമ്മി ജോർജിനെ സംഭാവന ചെയ്ത പേരാവൂർ. വോളിബോളിലും എണ്ണമറ്റ പ്രതിഭകൾക്ക് കേരളം ജൻമം നൽകി. ഇപ്പോഴും അത് തുടരുന്നു. ബാസ്കറ്റ്ബോളിലും കേരളത്തിന് പ്രതിഭാ ദാരിദ്ര്യമില്ല. ഗീതു അന്ന ജോസ് ഒരു പ്രതീകം. തനത് കായിക രൂപങ്ങളിൽ വള്ളം കളി മറക്കാൻ പാടില്ല. ഇപ്പോൾ അത് പ്രൊഫഷണലിസം കൈവരിക്കുന്നു. ജല കായികവിനോദമായ കയാക്കിങിന് കേരളത്തിലെ പുഴകളിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് വരെ മത്സരാർത്ഥികൾ എത്തുന്നു. നമ്മുടെ നാട്ടിലെ പല പ്രദേശങ്ങളും വിവിധയിനം സാഹസിക കായിക വിനോദങ്ങൾക്ക് അനുയോജ്യമാണ്. ഒരു സ്പോർട്സ്  ഇക്കോണമിക്ക് പറ്റുന്ന അടിസ്ഥാന ഘടകങ്ങൾ കേരളത്തിലുണ്ട്. മികച്ച കായിക സംസ്കാരവും, ഉറവ് വറ്റാത്ത പ്രതിഭാ ധാരാളിത്തവുമാണ് അതിന്റെ അടിത്തറ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾക്കെല്ലാം  ഉറച്ച കായിക സമ്പദ്ഘടനയുമുണ്ട്. ചൈന, യുഎസ്, റഷ്യ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ ഇത് കാണാം. അവിടെ സ്പോർട്സ് അടി മുടി വാണിജ്യവൽക്കരിക്കപ്പെട്ടു. അത്രമേൽ പ്രൊഫഷണലായി മാറിയിരിക്കുന്നു. ഒരു കായിക സമ്പദ്ഘടന രൂപീകരിക്കാൻ ആലോചിക്കുമ്പോൾ മുന്നിലുള്ള മാതൃകകൾ ഇവ തന്നെയാണ്.

മികച്ച സ്റ്റേഡിയങ്ങൾ, അക്കാദമികൾ, പല തട്ടിലുള്ള ഗ്രൗണ്ടുകൾ, ക്ലബ്ബുകൾ, ലീഗുകൾ, ടൂർണമെന്റുകൾ, ഉപകരണ നിർമാണം, സ്പോർട്സ് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, സ്പോർട്സ് മെഡിസിൻ അങ്ങനെ ഒട്ടേറെ ഘടകങ്ങൾ ചേർന്ന് വരുമ്പോഴേ ഒരു സമഗ്ര കായിക സമ്പദ്ഘടന സാധ്യമാകൂ. അത് സൃഷ്ടിക്കുന്ന തൊഴിലുകൾ, തുറക്കുന്ന അവസരങ്ങൾ, വാണിജ്യ സാദ്ധ്യതകൾ എന്നീ ഘടകങ്ങൾ പരിഗണിക്കപ്പെടണം. സ്പോർട്സിൽ പല അനുബന്ധ മേഖലകളെയും ചേർത്ത് പിടിക്കേണ്ടി വരും- ഹെൽത്ത് കെയർ പോലുള്ളവയെ. എല്ലാ അർത്ഥത്തിലും പ്രൊഫഷണലിസം വേണ്ടി വരും. കൃത്യമായ ഡാറ്റ വേണം. അതിന്റെ വിശകലനം ആവശ്യമുണ്ട്. ഒരു കാര്യം സംശയമില്ലാതെ പറയാം- ഒരു കായിക സമ്പദ്ഘടന സാധ്യമെങ്കിൽ ഇന്ത്യയിൽ അതിന് കഴിയുക കേരളത്തിൽ മാത്രമായിരിക്കും. കാരണം ഒന്നിലധികം കായിക ഇനങ്ങൾക്ക് ഇത്ര വളക്കൂറുള്ള മണ്ണ് വേറൊരിടത്തില്ല. ഹോക്കി കാണാത്ത കേരളം പിആർ ശ്രീജേഷിനെ ഇന്ത്യക്ക് സമ്മാനിച്ചു.  ഏറ്റവും ആരാധകരുള്ള ക്ലബ്ബാക്കി മലയാളി ബ്ലാസ്‌റ്റേഴ്‌സിനെ വളർത്തി. ക്രിക്കറ്റിൽ പോലും കുത്തക തകർക്കുകയാണ് കേരളം; പ്രതിഭകളെക്കൊണ്ടും, ആരാധകരെക്കൊണ്ടും.


അവസരങ്ങളുടെ വാതായനം തുറക്കുന്നു - സലാം കാവാട്ട്

ഇംഗ്ലണ്ടിലെ ലൈയിംസ് ഫീൽഡിൽ 1863 ഡിസംബർ 19ലെ സായാഹ്നത്തിൽ ഉരുണ്ടു തുടങ്ങിയ ഒരു പന്തിലൂടെയാണ് ഈ ഭൂഗോളത്തിലെ ജനകോടികൾഫുട്ബോൾ എന്ന ആവേശവികാരത്തെ ഹൃദയത്തിലേറ്റിയത്. അങ്ങനെ ലോകജനതയുടെ ഹൃദയതാളമായി മാറി ഫ്ട്ബോൾ എന്ന കാൽപ്പന്തുകളി. ഫുട്ബോളും മറ്റിതര കായിക ഇനങ്ങളും ഇന്ന് വലിയൊരു വിപണനവഴിയിലൂടെയും വ്യവസായവൽക്കരണത്തിലൂടെയുമാണ് കടന്നു പോകുന്നത്. "ഫുട്ബോൾ ഇൻഡസ്ട്രി അല്ലെങ്കിൽ സ്പോർട്ട്സ് ബിസിനസ് " എന്നത് കേവലമൊരു പദാവലിയല്ല. അതിനുമപ്പുറം ആഗോളമായ പണക്കിലുക്കത്തിൻ്റെയും പുതിയതരം തൊഴിൽ അവസരങ്ങളുടെയും പര്യായപദമായി മാറിക്കഴിഞ്ഞ ഭാഗ്യവാതായനം കൂടിയാണ്. നമ്മുടെ കേരളത്തിലെ ISL ഫുട്ബോൾ താരങ്ങൾ മുതൽ സ്പാനിഷ് ലാലിഗയിലേയും ജർമ്മൻബുണ്ടസ് ലിഗയിലേയും ഇംഗ്ലീഷ് പ്രിമിയർ ലീഗിലേയും ഇറ്റാലിയൻ സീരിAയിലേയുമെല്ലാം വ്യത്യസ്തരായ മുൻനിര താരങ്ങളായ 'സോക്കർ പണച്ചാക്കുകൾ' കടന്നു വന്നത് സ്പോർട്ട്സ് ബിസിനസ്സിൻ്റെ ഭാഗമായി  തുറന്നിട്ട വാതിലിലൂടെ തന്നെയാണ്. ആ അർത്ഥത്തിൽ ഫുട്ബോൾ എന്ന മാസ്മരിക വികാരത്തെ പുണർന്ന മലയാളക്കരയുടെ ഇനിയുള്ള കോവിഡാനന്തരകാല ഫുട്ബോൾ ആസൂത്രണത്തിൽ കണ്ണിചേർത്ത് സ്പോർട്സ് ബിസിനസ്സിനെ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോൾ ഫുട്ബോളിന് നല്ല വേരോട്ടമുള്ള കേരളത്തിൻ്റെ സാമൂഹിക ചുറ്റുവട്ടത്തിനകത്ത് കൽപ്പന്തുകളിയുടെ കാലികമായ വികസനത്തിന് ചില തിരുത്തലുകളും വമ്പിച്ച പൊളിച്ചെഴുത്തുകളും നടക്കണം. ആ ദിശയിൽ ഇനി എന്ത് വേണമെന്ന തുറന്ന ചർച്ചയും നമ്മുടെ സ്വയം പരിമിതികൾ മറികടക്കാനുള്ള ശരിയായ പരിശ്രമവും ഉണ്ടാകണം.

മൂന്നരകോടിയോളം  വരുന്ന കേരളജനതയിൽ കാൽപ്പന്തുകളിയെ ജീവനു തുല്യം പ്രണയിക്കുന്നവർ വലിയൊരു ശതമാനം വരും. കേരളക്കരയുടെ തെക്കും വടക്കുമായി ഫുട്ബോളിനെ ഒരു അഭിനിവേശമായി കാണുന്നവർ അടുത്ത 2022 ലെ ലോകകപ്പ് നടത്താൻ തയ്യാറായിക്കൊണ്ടിരിക്കുന്ന ഖത്തറിലെ മൊത്തം ജനസംഖ്യയേക്കാൾ അധികമായിരിക്കുമെന്ന കണക്ക് അതിശയോക്തിയല്ല. ഇത്തരത്തിലുള്ള ദശലക്ഷക്കണക്കായ ഫുട്ബോൾ ആരാധകക്കൂട്ടമാണ് ആ നിലയിൽ കേരളനാടിൻ്റെ ഏറ്റവുംവലിയമുതൽക്കൂട്ട്. ലഹരിപിടിപ്പിക്കുന്ന ഈ കായികകലയ്ക്ക്ചുറ്റും ആവേശത്തോടെ ചുറ്റിക്കറങ്ങുന്ന ദശലക്ഷക്കണക്കായ കളി പ്രേമികളുടെ വികാരാവേശങ്ങളെ ശരിയായ സമൂഹം മനസ്സിലാക്കി പ്രയോജനപ്പെടുത്തിയിട്ടണ്ടോ എന്നചോദ്യം ഒട്ടുംഅസ്ഥാനത്തല്ല.

ഇന്ത്യൻസൂപ്പർലീഗ് ഫുട്ബോളിലൂടെ മലയാളിയുടെ കളിക്കമ്പത്തെ ത്രസിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞപ്പടയ്ക്ക് വേണ്ടി പല ക്ലബ്ബ്ടീമുകളേക്കാളും ആരാധകക്കൂട്ടം ആർത്തിരമ്പിയത് അതിൻ്റെ മുഴുവൻ ഇഫക്റ്റിലുംനമ്മൾ കണ്ടതാണല്ലോ. സെവൻസ് മുതൽ ഇലവൻസ് വരെയുള്ളതും ഇപ്പോൾ ഫൈവ്സായും ത്രീസായും എന്തിനേറെ പറയുന്നു പെനാൽറ്റി ഷൂട്ടൗട്ട് മത്സരമായുമൊക്കെ കേരള ഫുട്ബോൾ ഇന്ന് വൈവിധ്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. അതിൻ്റെയെല്ലാം അടിത്തറയിൽ നിന്നുകൊണ്ട് ഇനിയുള്ളകാലം നിർമ്മാണാത്മകമായി പ്രവർത്തിച്ചാൽ നമുക്കിവിടെ സ്പോർട്ട്സ് ബിസിനസ്സിനെ കെട്ടിപ്പടുത്ത് ഈ രംഗത്തെ പുഷ്ടിപ്പെടുത്താൻ പറ്റും.

അതിനായി നമുക്ക് ഇന്ന് വേണ്ടത് ഫുട്ബോൾ മേഖലയുമായി ബന്ധപ്പെട്ട വിവിധഘടകങ്ങളുടെ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യവികസനമാണ്.

കേരള ഫുട്ബോളിൻ്റെ ഈറ്റില്ലമായി അറിയപ്പെടുന്ന മലപ്പുറത്തും കോഴിക്കോട്ടും മാത്രമല്ല കാസർഗോഡു മുതൽ തിരുവനന്തപുരം വരെയും പിന്നെ ഭൂമിശാസ്ത്രപരമായ പ്രതിസന്ധികളുള്ള ഇടുക്കി മുതൽ വയനാട് വരെയും സർക്കാർ പരിധിയിലും അല്ലാതെയും  ഒട്ടേറെകളി മൈതാനങ്ങൾ ഇന്ന് നമുക്കുണ്ട്. അവയെല്ലാം അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള കളിക്കളങ്ങളാക്കി മാറ്റുകയും അനുബന്ധമായി സ്ഥിരം ഗാലറി സംവിധാനം സജ്ജമാക്കിയുമുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഒന്നാമതായി നടക്കേണ്ടത്. ഇത്തരമൊരു വികസനം സാദ്ധ്യമായാൽ ഓരോനഗരങ്ങളിലും ഗ്രാമങ്ങളിലും കാൽപ്പന്തുകളിയ്ക്ക് വൻ ഡിമാൻഡാവും. ഇതോടെ ഇവിടങ്ങളിലെല്ലാം ഒത്തുകൂടിയ സോക്കർ ക്ലബുകളും കൂട്ടായ്മകളും കൂടുതൽ സജീവമാകും. ഗ്രാസ്സ്റൂട്ട്ലെവൽ കോച്ചിംങ്ങ് ക്യാമ്പുകൾ മുതൽ ചെറുതും വലുതുമായ ടൂർണ്ണമെൻ്റുകൾ വരെയായി നമ്മുടെ കേരളാ ഫുട്ബോൾ ശാക്തീകരിക്കപ്പെടും. അതിന് ഒന്നാന്തരം തെളിവാണ് ഐ.എസ്.എൽ. മൽസരങ്ങളും നമ്മുടെ നാട്ടിൻപുറങ്ങളിൽ നടന്ന നൂറുകണക്കായ ചെറുകിട ഫുട്ബോൾ ടൂർണ്ണമെൻ്റുകളും. ഇതോടൊപ്പം തന്നെ നാളിതുവരെ കേരള ഫുട്ബോളിൻ്റെ ചാലകശക്തിയായി പ്രവർത്തിച്ചത് എന്തായിരുന്ന എന്ന കാതലായ ചോദ്യം ഉയരുന്നുണ്ട്. അതിനുള്ള ശരിയായ ഉത്തരം നമ്മുടെ സ്വന്തം ബ്രാൻഡായ 'സെവൻസ് ' ഫുട്ബോളാണ് എന്ന യാഥാർത്ഥ്യമാണ്. മലബാറിൽ വലിയ ഓളങ്ങളുണ്ടാക്കിയും മദ്ധ്യകേരളത്തിലും പിന്നെ തെക്കൻ കേരളത്തിലുമെല്ലാം പുത്തൻ  അലയടിയായും നടന്നുവന്ന സെവൻസ് ടൂർണ്ണമെൻ്റുകൾ നമ്മുടെ ഫുട്ബോൾ സംസ്ക്കാരത്തെതന്നെ മാറ്റിമറിച്ച് ഉത്തേജിപ്പിച്ചിട്ടുണ്ട്. വി.പി.സത്യൻ, ഐ.എം.വിജയൻ, ഷറഫലി, പാപ്പച്ചൻ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, എൻ.പി.പ്രദീപ് തുടങ്ങി പുതു തലമുറയിലെ റാഫിയും റിനോ ആൻ്റോയും രാഹുലുമടക്കമുള്ള കേരള താരനിരയെ വാർത്തെടുക്കുന്നതിലും വളർത്തിയെടുക്കുന്നതിലും സെവൻസ് ഫുട്ബോൾ കളിക്കളങ്ങൾ വഹിച്ചപങ്ക് ഒട്ടുംചെറുതല്ല. ഇത്തരം കളിയിടങ്ങളാണ് കേരള ഫുട്ബോളിൻ്റെ താരനിർമ്മാണഫാക്ടറികൾ എന്നുള്ള സത്യവും നമ്മൾ മറക്കരുത്. അങ്ങനെയുള്ളയിടങ്ങളിൽ ഐക്കൺ താരങ്ങളെല്ലാം നിറഞ്ഞാടിയ സെവൻസ് ഫുട്ബോൾ മൈതാനങ്ങളിലെ ആൾക്കൂട്ട ആരവങ്ങളുള്ള കളികളാണ് ഫുട്ബോളിനെ മടക്കി കൊണ്ടുവന്നത്. നഗര കേന്ദ്രീകൃതമായിരുന്ന സേട്ട്നാഗ്ജി, ചാക്കോളകപ്പ്, നെഹ്രുട്രോഫി അടക്കമുള്ള വൻകിടടൂർണ്ണമെൻ്റുകളുടെ സമ്പന്നമേൽവിലാസമുണ്ടായിരുന്ന കേരളഫുട്ബോളിൻ്റെ മൂന്ന് പതിറ്റാണ്ട്മുമ്പ് അസ്തമിച്ചുപോയ പ്രതാപത്തെയാണ് യഥാർത്ഥത്തിൽ സെവൻസ് ഫുട്ബോളിലൂടെ നമ്മുടെ ഗ്രാമങ്ങൾ തിരിച്ചുപിടിച്ചത്.

എല്ലായിടങ്ങളിലും നോവൽ കൊറോണ വൈറസ് മുഖ്യ താരമായി കളിച്ചു കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാസങ്കൽപ്പങ്ങളും ഇന്ന് മാറിയിരിക്കുന്നു.

കോവിഡ് മഹാമാരിയിൽ ഫുട്ബോൾ ലോകവും സ്തംഭിച്ച കാലം.വിവിധരാജ്യങ്ങളിലെ ലോക്ക് ഡൗൺ നടപടികളിൽ നിശ്ചലമായിപ്പോയ ഫുട്ബോൾ മേഖലയെ ഉണർത്താൻ ഫിഫ മുതൽ  വിവിധ ഫുട്ബോൾ ഏജൻസികൾവരെ വമ്പിച്ച അതിജീവന പദ്ധതികളാണ് അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. അതിന് ചുവടു പിടിച്ച് നമ്മുടെ സാമൂഹിക-സാമ്പത്തിക-കായിക യാഥാർത്ഥ്യങ്ങളെ കണ്ടറിഞ്ഞുകൊണ്ട് കേരള ഫുട്ബോളിനെ വളർത്തുന്ന സമഗ്രമായ ഒരു ഫുട്ബോൾ വികസന അജണ്ട ആസൂത്രണം ചെയ്യേണ്ടത് കാലികമായ ആവശ്യമാണ്. അതിനോടൊപ്പം കേരള ഫുട്ബാളിൻ്റെ വൈവിധ്യവൽക്കരണവും ആധുനികവൽക്കരണവുമാണ് പ്രധാനമായും വേണ്ടത്. ഇതിനായി സർക്കാർ തലത്തിലും കായിക വിദഗ്ദരും ഈ രംഗത്ത് നിർമ്മാണാത്മക നിക്ഷേപത്തിന് ലക്ഷ്യം വയ്ക്കുന്നവരും കൂടിയാലോചിച്ച് നമ്മുടെ പരിമിതികളെ ലംഘിച്ച് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിയ്ക്കണം. എല്ലാ കളിക്കളങ്ങളും ആധുനിക വൽക്കരിയ്ക്കണം. ഗ്രാമ പഞ്ചായത്ത് തലത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് നവകേരള നിർമ്മിതിയുടെ ഭാഗമായി പ്രത്യേകമായ സ്പോർട്ട്സ് ഫണ്ട് വകയിരുത്തണം. കൂടാതെ, ഫുട്ബോളിൻ്റെ വൈവിധ്യവൽക്കരണത്തിൻ്റെ ഗണത്തിൽ വരുന്നതായി നമ്മൾകരുതുന്ന സെവൻസ്, ഫൈവ്സ്, ത്രീസ് മൽസരങ്ങളെ ഇലവൻസ് മൽസരങ്ങൾക്ക് തുല്യമായി പരിഗണിച്ച് പരിപോഷിപ്പിയ്ക്കണം. ഇതിനായി ഏറെ പോരായ്മകളുള്ളതായി ആരോപിക്കപ്പെടുന്ന കേരള ഫുട്ബോൾ അസോസിയേഷൻ്റെ പ്രവർത്തന ശൈലി പുന:പരിശോധനയ്ക്ക് വിധേയമാക്കാൻ അതിൻ്റെ നേതൃത്വം വിശാലമനസ്കത കാണിയ്ക്കണം.

KFA യുടെ നയവുംസമീപനവും സങ്കൽപ്പവും മാറ്റേണ്ടതാണെങ്കിൽ അവ മാറ്റത്തിന് വിധേയമാക്കണം. കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ വൻതരംഗമായി മാറിയസിന്തറ്റിക് ടർഫ് ഗ്രൗണ്ടുകളെ KFA ഇടപെട്ട് ഉപയോഗപ്പെടുത്തണം. ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി ആധുനിക രീതിയിലുള്ള സോക്കർ അക്കാദമികളും ഉയർന്ന പരിശീലനങ്ങളും മൽസരങ്ങളും സംഘടിപ്പിക്കാൻ പദ്ധതിയിടണം. അപ്പോൾ അതെല്ലാം കേരളത്തിൻ്റെ ഫുട്ബോൾ വളർച്ചയെ ത്വരിതപ്പെടുത്തുകയും യഥാർത്ഥത്തിൽ നമ്മൾ നേരിടുന്ന 'താരവരൾച്ച'യെ ഇല്ലാതാക്കുകയും ചെയ്യും. ഇതിലൂടെ നമ്മുടെ ഫുട്ബോൾ രംഗം അഭിവൃദ്ധിപ്പെടും. ഇത്തരത്തിൽ  നിർമ്മിക്കപ്പെടുന്ന കഴിവും മികവുമുള്ള പ്രൊഫഷണൽ താരനിരയെ വച്ച് ദേശീയ- അന്തർ ദേശിയ ഫുട്ബോൾ വിപണിയിലേക്ക് ചുവടുവയ്ക്കണം. ഇങ്ങനെ നാനാവിധത്തിലുള്ള പ്രായോഗികവും ശാസ്ത്രീയവുമായ  സോക്കർ വികസന വീക്ഷണത്തിലൂടെയാകണം നമ്മുടെ ഭാവി മുന്നേറ്റങ്ങൾ. പ്രതിസന്ധികൾ ഏറെയുള്ള ഈ കോവിഡ് കാലത്തിൻ്റെ പുതിയ ജീവിത ശൈലിയിൽ പുതിയൊരു ആക്ഷൻ പ്ലാനാണ് കേരള ഫുട്ബോളിൻ്റെ അതിജീവനത്തിനായി നമ്മൾ രൂപപ്പെടുത്തേണ്ടത്.

പുതിയ ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾക്കും മറ്റും ഉള്ളിൽ നിന്നുള്ള അപരിചിതമായതും മുൻഅനുഭവങ്ങളില്ലാത്തതുമായ കളിയും കളിക്കള പരിസരവുമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്. സാമൂഹിക അകലം പാലിക്കലിന് സാഹചര്യമുള്ള സെവൻസ് മുതൽ ത്രീസ് വരെയുള്ള കളിക്കളങ്ങൾക്ക് വമ്പൻ മൈതാനങ്ങളേക്കാൾ പ്രസക്തി ഏറെയാണിന്ന്. കേരളത്തിൻ്റെ ഭൂവിസ്തൃതി കുറവും ഉയർന്ന ജനസാന്ദ്രതയും വച്ച് താരതമ്യം ചെയ്യുമ്പോൾ സെവൻസിൻ്റെയടക്കം പ്രാധാന്യം ഇരട്ടിയ്ക്കുന്നു. ഇവിടെയാണ് നമ്മുടെ സെവൻസ് എന്ന ബ്രാൻഡിനെ വളർത്തിയെടുക്കാനുള്ള അവസരവും അനുകൂല സാഹചര്യവുംതുറന്നു കിടക്കുന്നത്.

ജനവിനോദത്തിനൊപ്പം നമ്മുടെ കളിക്കളങ്ങളെ ഒന്നാകെ വരുമാന സ്രോതസ്സുകൂടിയാക്കി മാറ്റാൻ ദീർഘവീക്ഷണത്തോടു കൂടിയ കേരള ഫുട്ബോളിൻ്റെ വികസന ചിന്തയ്ക്കാണ് നാമിനി മുതിരേണ്ടത്.അല്ലായെങ്കിൽ മുന്നിലുള്ള മികച്ച അവസരങ്ങളെ അവഗണിച്ച് സ്വയം നഷ്ടപ്പെടുത്തിയ നിർഭാഗ്യ സമൂഹമായിരിക്കും കേരളം.

ഷൈജു ദാമോദരൻ എന്ന പഴയ ഒരു സ്പോർട്ട്സ് ജേർണ്ണലിസ്റ്റിൻ്റെ സവിശേഷമായ ഫുട്ബോൾ കമൻ്ററി പോലും ഐ.എസ്.എൽ.ആരവങ്ങൾക്കൊപ്പം ലോകഫുട്ബോളിൻ്റെ അകത്തളങ്ങളിൽ പ്രതിദ്ധ്വനിയുണ്ടാക്കിയത് നമ്മൾ കണ്ടറിഞ്ഞതാണല്ലോ. ഇത്തരത്തിൽ മലയാളിയായ ഒരു കളിപറയലുകാരൻ വരെ വൻതോതിൽ മാർക്കറ്റ് ചെയ്യപ്പെട്ട ഫുട്ബോൾ ഇൻഡസ്ട്രിയുടെ ഈ മുന്നറ്റകാലത്ത് സെവൻസ് ഫുട്ബോളിനെയടക്കം ബ്രാൻഡ്ചെയ്ത് നമ്മുടെ ഫുട്ബോൾ ഐഡൻ്റിറ്റിയെ ആഗോളതലത്തിൽ അഡ്രസ്സ് ചെയ്യാൻ അനന്ത സാദ്ധ്യതകളായിരിക്കും കോവിഡാനന്തരം നമുക്ക് മുന്നിലുള്ളതെന്ന് പ്രതീക്ഷിക്കാം. മാറിമറിയുന്ന ലോക സാഹചര്യത്തെ മറികടന്നു പോകുന്ന പുതിയകാലത്തിൻ്റെ ഫുട്ബോൾ സ്വപ്നങ്ങളുമായി നമുക്ക് മുന്നോട്ട് നടക്കാം.

(എഴുത്തുകാരനും, സ്പോർട്സ് സംഘാടകനും, മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ. കായിക രംഗത്തെ വിദഗ്ധനുമാണ്)


ചൈനയുടേത് അനുകരണീയ മാതൃക - അബ്ദുള്ള മാളിയേക്കൽ

സ്പോർട്സ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യക്ക്  പൊതുവെയും കേരളത്തിന് പ്രത്യേകിച്ചും അനുകരണീയമായ ഒരു മാതൃകയാണ് ചൈനയുടേത്. ജനസംഖ്യയിൽ നമ്മളെക്കാൾ മുൻപിൽ നിൽക്കുന്ന ചൈനയിൽ  പ്രാഥമിക തലത്തിൽ തന്നെ സജീവമായ ഒരു  കായിക സംസ്കാരമുണ്ട്. സ്വിമ്മിങ്, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളിലെല്ലാം വളരെ ചെറുപ്പം മുതലേ ചിട്ടയായ പരിശീലനം. എല്ലാ പ്രായത്തിലുള്ളവർക്കും സ്പോർട്സ് ഇഷ്ടവിഷയമാണ്. വൈവിധ്യമാർന്ന നിരവധി തദ്ദേശീയ കായിക ഇനങ്ങളും ചൈനയിൽ പ്രചാരത്തിലുണ്ട്. പ്രൈസ് മണിയുടെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് ചൈനീസ് പ്രീമിയർ ലീഗാണ്. ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമന്മാരായ വാൻഡ ഗ്രൂപ്പ് ആണ് മുഖ്യ സ്പോൺസർ.

ലോകത്ത് പല രാജ്യങ്ങൾക്കും ചില പ്രത്യേക കായിക ഇനങ്ങളെ ആശ്രയിച്ചുള്ള സ്പെഷ്യലൈസ്ഡ് സ്പോർട്സ് ഇക്കോണമി തന്നെയുണ്ട്. അമേരിക്കയിൽ ബാസ്കറ്റ്ബോൾ, ഫ്രാൻസിൽ സൈക്ലിങ് എന്നിങ്ങനെ.  ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിവർഷം ഇരുപതോളം   സൈക്ലിങ് ടൂറുകൾ നടക്കുന്നു. മിഡിൽ ഈസ്റ്റിൽ പ്രത്യേകിച്ച് യുഎഇയിൽ കുതിരയോട്ടത്തിന് ഏറെ പ്രചാരമുണ്ട്. ആഗോളതലത്തിൽ തന്നെ ജനങ്ങളിൽ ഏറ്റവും സ്വാധീനമുളവാക്കുന്ന സ്പോർട്സ് ഇനം ഫുട്ബോൾ ആയിരിക്കും. ആഗോളതലത്തിൽ തന്നെ ഫിഫയുടെ ഗ്രാസ്‌റൂട്ട് ലെവലിലുള്ള ഇടപെടലുകൾ ഇന്ത്യയിലും ഫുട്ബോളിനെ ജനകായേമാക്കിയിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ച് സ്പോർട്സ് ഇക്കോണമി എന്നത് വലിയൊരു സാധ്യതയാണ്. ഏറ്റവും സ്വീകാര്യതയുള്ള കായിക ഇനം എന്ന നിലയിൽ ഫുട്ബോളിന് പൊട്ടൻഷ്യൽ ഏറെയുണ്ട്. സെവൻസ് ആണ് കേരളത്തിൽ ഫുട്ബോളിനെ ഇത്ര ജനകീയമാക്കിയത്. ഘാന, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ താരങ്ങൾ പോലും വളരെ മുൻപ് തന്നെ കേരള സെവന്സിന്റെ ഭാഗമായി. മലബാർ മേഖലയിൽ പ്രത്യേകിച്ചും സെവൻസ് ഫുട്ബോളിന് ഇക്കോണമിയിൽ വലിയ സ്വാധീനമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ പഠനങ്ങളോ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള  വിലയിരുത്തലുകളോ നടക്കാത്തതു കൊണ്ട് തന്നെ 'സെവൻസ് ഇക്കോണമി'യുടെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.

മികച്ച നിലവാരമുള്ള ഗ്രൗണ്ടുകൾ ഇല്ലാതിരുന്നത് കേരളത്തിന്റെ വലിയ പോരായ്മയായിരുന്നു. എന്നാൽ അടുത്തകാലത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള  ഫുട്ബോൾ ടർഫുകൾ ധാരാളമായി വന്നത് സംസ്ഥാനത്ത് മൊത്തത്തിൽ സ്പോർട്സിന്റെ ആവേശം തിരികെ കൊണ്ടുവന്നു. ഈ അടുത്തകാലത്ത് സംഭവിച്ച ഒരു കായിക വിപ്ലവമായിത്തന്നെ ഇതിനെ വിലയിരുത്തുന്നതിൽ തെറ്റില്ല. ഗ്രൗണ്ട് ഫീ മുതൽ ടീം ജഴ്‌സി വരെ ഈ ട്രെൻഡിന്റെ ഭാഗമായി വന്നു. ഇത് തീർച്ചയായും ഒരു സ്പോർട്സ് ഇക്കോണമിയുടെ വളർച്ചക്ക് വിത്തിട്ടു.

ഫുട്ബോൾ പോലെ വലിയ ജനപിന്തുണ ആർജിച്ചിട്ടില്ലെങ്കിലും തനതായ സവിശേഷതകളുള്ള നിരവധി കായിക ഇനങ്ങൾ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. ഇന്ത്യയിൽ പട്ടം പറത്തലിന്റെ മെക്ക എന്നറിയപ്പെടുന്ന ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ 32 വർഷമായി ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നു. 110 ഓളം രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ ഇതിന്റെ ഭാഗമാവുന്നുണ്ട്. ഗുജറാത്ത് ടൂറിസത്തിന്റെ വളർച്ചക്കും ഇത് സഹായകമാകുന്നുണ്ട്. ചൈനയിലാകട്ടെ, മുപ്പതോളം പ്രൊവിൻസുകളിലായി പ്രതിവർഷം ഇത്തരത്തിലുള്ള അൻപതോളം ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലുകളാണ് നടക്കുന്നത്. ഇതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് അഡ്വഞ്ചർ ടൂറിസത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊള്ളിച്ച് വൺ ഇന്ത്യ കൈറ്റ് ടീം എന്ന സംരംഭത്തിന് ഞങ്ങൾ തുടക്കമിട്ടത്.

മികച്ച ഫെസ്റ്റിവലുകൾ ആയി രൂപപ്പെടുത്തിക്കൊണ്ടാണ് ഇത്തരം കായിക ഇനങ്ങൾ സ്വീകാര്യത നേടേണ്ടത്. അക്കാര്യത്തിൽ നമ്മൾ ഇനിയും ബഹുദൂരം മുന്നേറേണ്ടി ഇരിക്കുന്നു. എത്രയോ പതിറ്റാണ്ടുകളായി കേരളത്തിൽ നമ്മൾ വള്ളംകളി നടത്തുന്നു. അതിന് ടെലിവിഷനിൽ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചത് പോലും ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രമാണ്.എന്നാൽ ചൈനയെ നോക്കൂ; ചൈനക്കാർ അവരുടെ ഡ്രാഗൺ ബോട്ട്ഫെസ്റ്റിവൽ മനോഹരമായി മാർക്കറ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത് നമ്മൾ കണ്ടുപഠിക്കണം. നമ്മുടെ ചുണ്ടൻ വള്ളങ്ങൾക്ക് സമാനമായ വള്ളങ്ങൾ; ഓരോ വള്ളങ്ങൾക്കും മുൻപിലായി ഒരു ഡ്രാഗൺ രൂപമുണ്ടാകും. ചൈന ഇതിനെ ആഗോള തലത്തിൽ അവതരിപ്പിച്ച രീതിയാണ് ശ്രദ്ധേയം. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള ഒരു ഇന്റർനാഷണൽ കൾച്ചറൽ സ്പോർട്സ് ഫെസ്റ്റിവൽ ആക്കി അവരിതിനെ മാറ്റിയെടുത്തു.

വടക്കൻ കേരളത്തിൽ നമുക്ക് സെവൻസ് ഉണ്ട്; തെക്കൻ കേരളത്തിൽ ബോട്ട് റേസും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് നോക്കിയാൽ  ഹരിയാനയിലെ  വില്ലേജ് ഒളിമ്പിക്സ്, തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്, കബഡി എന്നിങ്ങനെ എത്രയെത്ര സാധ്യതകൾ?വിശ്വപ്രസിദ്ധമായ സ്‌പെയിനിലെ കാളപ്പോര് പോലെ ജെല്ലിക്കെട്ടിനെ നമുക്ക് വളർത്തിയെടുക്കാൻ കഴിയാത്തതെന്തേ? ഏറെ സാധ്യതകൾ ഉള്ള പ്രൊഡക്ടുകൾമികച്ച ബ്രാൻഡിങ്ങിന്റെ പിൻബലത്തിൽ ഭംഗിയായി പാക്കേജ് ചെയ്ത് അവതരിപ്പിക്കാത്തതിന്റെ പ്രശ്നമാണത്.

ആ നിലയ്ക്ക് നോക്കിയാൽ  നമ്മൾ കൃത്യമായി സാധ്യതകൾ പ്രയോജനപ്പെടുത്തിയ ഒരേയൊരു ഇനം ക്രിക്കറ്റ് ആണെന്ന് കാണാം. അതിലേക്ക് നയിച്ചത്  1990 കളിൽ മൻമോഹൻസിങ് ധനമന്ത്രി ആയിരിക്കെ നടപ്പാക്കിയ പോളിസി മാറ്റങ്ങളും തുടർന്നുണ്ടായ ഗ്ലോബലൈസേഷന്റെ ഗുണഫലങ്ങളുമാണെന്ന് പറയേണ്ടി വരും. ദൂരദർശൻ കൈയടക്കി വച്ചിരുന്ന ക്രിക്കറ്റ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ് ഏറ്റെടുത്തതോടെ ക്രിക്കറ്റ് ആഗോള പ്രതലത്തിലേക്ക് മാറി. വൻ കോർപറേറ്റുകൾ സ്പോൺസർമാരായെത്തി.

കേരളത്തിൽ സ്പോർട്സ് ഇക്കോണമി വളരണമെന്നതിൽ സംശയമില്ല. അതിന്  ഗവൺമെന്റ് തലത്തിൽ സുതാര്യവും സുശക്തവുമായ പോളിസികൾ

ഉണ്ടാകണം. സംഘാടകർക്ക് ആഗോള കാഴ്ചപ്പാട് വേണം. ഓരോ മത്സരങ്ങളും കൂടുതൽ പേരിലേക്കെത്തണം. അതിനായി ടെക്‌നോളജി പരമാവധി പ്രയോജനപ്പെടുത്തണം. ലോക്ക്ഡൗൺ കാലത്ത് പ്രചുര പ്രചാരം നേടിയ ഒടിടി പോലുള്ള സങ്കേതങ്ങൾ സ്പോർട്സ് രംഗത്തും പ്രയോജനപ്പെടുത്തണം. നമ്മുടെ നാട്ടിൽ കൂണുപോലെ പൊട്ടിമുളച്ചിട്ടുള്ള സ്പോർട്സ് അസോസിയേഷനുകൾ ഒരു ശാപമാണ്. പോളിസി, പ്രൊഫഷണലിസം, ഇൻഫ്രാസ്ട്രക്ച്ചർ, പാക്കേജിങ് എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള സമഗ്രമായ സമീപനമാണ് വേണ്ടത്.

സ്വകാര്യ സംരംഭകർക്ക് കൂടുതൽ ക്രിയാത്മകമായി ഇടപെടാനുള്ള അവസരം പ്രധാനമാണ്. സ്പോർട്സ് ഉപകരണ നിർമാണ രംഗത്ത് സംരംഭകരെ ഉയർത്തിക്കൊണ്ട് വരണം. അത്തരത്തിലുള്ള മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററുകൾ സാധ്യമാകണം. ഇൻഡസ്ട്രിയുടെ വളർച്ചക്ക് ഉതകുന്ന തരത്തിലുള്ള,   തൊഴിലധിഷ്ഠിതമായ സ്പോർട്സ് മാനേജ്‌മെന്റ് കോഴ്‌സുകൾ വരണം. ഒപ്പം കോർപ്പറേറ്റ് കമ്പനികൾ ചെലവഴിക്കുന്ന സിഎസ്ആർ തുകയുടെ ഒരു നിശ്ചിത ശതമാനമെങ്കിലും സ്പോർട്സിന് മാറ്റി വയ്ക്കുകയും വേണം. കോർപ്പറേറ്റുകൾ സ്പോർട്സ് രംഗത്തേക്ക് മുന്നിട്ടിറങ്ങുന്നത് ഗുണപരമാവുമെന്നത് നമ്മൾ തിരിച്ചറിഞ്ഞതാണ്.ഐഎസ്എലിന്റെ വിജയമാതൃക കണ്മുന്നിലുണ്ട്. ഫുട്ബോളിൽ ഗോകുലം എഫ്‌സിയുടേത് പോലുള്ള മാതൃകകളും ഉണ്ടാകുന്നു. സ്പോർട്സ് കേന്ദ്രീകൃതമായ സ്റ്റാർട്ടപ്പ് കമ്പനികളും ഉയർന്നുവരേണ്ടതുണ്ട്.

(ലേഖകൻ വൺ ഇന്ത്യ കൈറ്റ് ടീം ഫൗണ്ടറും സിഇഒയുമാണ്)


കായിക രംഗത്തെ വാണിജ്യവൽക്കരിക്കണം - ആന്തണി ഡയസ്  

ഇന്ത്യയിൽ കായിക സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുന്നതിന്, കായിക മേഖലയെ വാണിജ്യവത്ക്കരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മൾ  ക്രിക്കറ്റിനെ മാറ്റിനിർത്തിയാൽ, ഇന്ത്യയിലെ മിക്ക കായിക ഇനങ്ങളും കേവലം ശാരീരിക പ്രവർത്തനങ്ങളോ സാമൂഹിക കാഴ്ചകളോ ആണ്. ദേശീയ വളർച്ചയ്ക്കും തൊഴിലിനും കാര്യമായ സംഭാവന നൽകി സ്പോർട്സിനെ ഒരു പ്രധാന വ്യവസായമായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്.

സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങൾ  കെട്ടിപ്പടുക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സ്പോർട്സ് അധിഷ്ഠിത  സമ്പദ്‌വ്യവസ്ഥയെയും കായിക വളർച്ചയെയും ഗണ്യമായി സഹായിക്കും. ടെലിവിഷൻ കാഴ്ചക്കാരുടെ കാര്യത്തിൽ നമ്മൾ ഒരു ശക്തമായ രാജ്യമാണ്. കൂടാതെ ഐ‌പി‌എൽ, ഐ‌എസ്‌എൽ, പി‌കെ‌എൽ, എച്ച്ഐ‌എൽ എന്നിവയിലൂടെ ഇത്രയും വലിയ വിജയം നേടി.

നമ്മുടെ ഓരോ സംസ്ഥാനത്തിനും ചില കായിക ഇനങ്ങളോട് താൽപ്പര്യമുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. ഞാൻ ഗോവയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഞങ്ങൾ കടുത്ത ഫുട്ബോൾ പ്രേമികളാണ്. താൽപ്പര്യം സജീവമായി നിലനിർത്തുന്നതിന് ഇവിടെ സർക്കാരും സ്റ്റേറ്റ് അസോസിയേഷനും വലിയ പിന്തുണ നൽകുന്നുണ്ട്. എന്നാൽ അത് നേരിടുന്ന വെല്ലുവിളികളെയും നടത്തിപ്പ്  ചെലവുകളെയും നേരിടാൻ ഇത് പര്യാപ്തമല്ല. കായിക സമ്പദ്‌വ്യവസ്ഥയുടെ ഒരു ഭാഗമായാണ് ഞങ്ങൾ ഫുട്‌ബോളിനെ പരിഗണിക്കുന്നതെങ്കിൽ, ഈ കായിക വിനോദത്തിലൂടെ വാണിജ്യപരമായി വളർന്ന രാജ്യങ്ങളിൽ നിന്ന് പഠിച്ചാൽ അതിന്റെ സാധ്യത വളരെ വലുതാണ്.

പ്രവചിച്ചതുപോലെ, വരും വർഷങ്ങളിൽ ഇന്ത്യ പല വ്യവസായങ്ങൾക്കും പവർഹൗസായിരിക്കും, സ്പോർട്സ് അവയിലൊന്നാണ്. ഇന്ത്യയിലെ കായിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കൈവരിക്കുന്നതിന്, കായിക വാണിജ്യവത്ക്കരണം എന്ന ആശയം സൃഷ്ടിക്കുകയും വാണിജ്യവത്ക്കരണത്തിനുള്ള  നിയമവും നയവും രൂപീകരിക്കുകയും വേണം. പ്രത്യേക കായിക ഇനങ്ങളിൽ താൽപ്പര്യം കാണിക്കുന്ന സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.  കായിക രംഗത്ത് അനാവശ്യ  നിയന്ത്രണങ്ങൾ  ഉണ്ടാവാ തിരിക്കാൻ കർശനമായി നിരീക്ഷിക്കുകയും വേണം.

(ഗോവയിലെ ഓൾവെയ്‌സ് ബിലീവ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ആണ് ലേഖകൻ. ഗോവ സെവൻസ് പ്രീമിയർ ലീഗ് ഫൗണ്ടർ ആണ്. ഫുട്സാൽ ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് ചുക്കാൻ പിടിക്കുന്നു) 

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story