EDITORIAL

വാൾസ്ട്രീറ്റിലെ ഗെയിംസ്റ്റോപ് കഥ നൽകുന്ന പാഠം

Newage News

05 Feb 2021

ഴിഞ്ഞ കുറേ ആഴ്ചകളായി യുഎസ് ഓഹരി വിപണിയിലെ പ്രമുഖ ചർച്ചാവിഷയമാണ് ഗെയിംസ്റ്റോപ്പ് എന്ന ഇലക്ട്രോണിക്സ് റീടെയ്ൽ ശൃംഖല. അമേരിക്കയിൽ ഇലക്ട്രോണിക് ഉൽപന്നങ്ങളും വിഡിയോ ഗെയിമുകളുമൊക്കെ വിൽക്കുന്ന, വലിയ ലാഭമൊന്നും ഇതുവരെ  ഉണ്ടാക്കിയിട്ടില്ലാത്ത, വെറും 10 ഡോളറിൽ താഴെ മാത്രം ഓഹരിക്കു വിലയുണ്ടായിരുന്ന  കമ്പനി. എന്നാൽ  ഗെയിംസ്റ്റോപ്പ് എന്ന കൊച്ചു കമ്പനി ഇന്ന് ലോകമെമ്പാടുമുള്ള നിക്ഷേപക വിദഗ്ദ്ധർക്കിടയിൽ ഒരു കേസ് സ്റ്റഡിയാണ്; വൻകിട ഹെഡ്ജ് ഫണ്ടുകളെ ചെറുകിട നിക്ഷേപകർക്ക് കൂട്ടംകൂടി എങ്ങനെ തറപറ്റിക്കാമെന്നതിന്റെ അപൂർവമായൊരു കേസ് സ്റ്റഡി.

ഏതാനും വർഷങ്ങളായി നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന ഒരു ഇലക്ട്രോണിക്സ് റീടെയ്ൽ ശൃംഖലയാണ് ഗെയിംസ്റ്റോപ്. ഷോറൂമുകൾ ഓരോന്നായി പൂട്ടി. 2021 ജനുവരി ആദ്യം ഗെയിംസ്റ്റോപ്പ് ഓഹരി വില 18 യുഎസ് ഡോളറിലായിരുന്നു. എന്നാൽ മാസാവസാനം വില 350 ഡോളർ. ഇത് പിന്നീട് 482 ഡോളർ വരെ ഉയർന്നു. യഥാർത്ഥത്തിൽ വാൾസ്ട്രീറ്റിലെ പുത്തൻകൂറ്റുകാരായ ചെറുകിട നിക്ഷേപകരാണ് ഗെയിം സ്റ്റോപ്പിന്റെയും അതുപോലെതന്നെ സിനിമാ കമ്പനിയായ എഎംസി എന്റർടൈൻമെന്റിന്റേയും ബ്ലാക്ക്ബെറിയുടെയുമൊക്കെ ഓഹരിയിലെ കുതിച്ചുകയറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത്. ചെറുകിട നിക്ഷേപകർ റെഡിറ്റ് ഉൾപ്പെടെയുള്ള ചില സമൂഹമാധ്യമ കൂട്ടായ്മകളുടെ പിൻബലത്തിൽ നടത്തിയ വാൾസ്ട്രീറ്റ് ജനകീയ വിപ്ലവമാണ് ഗെയിംസ്റ്റോപ്പിന്റെ ഭാഗ്യജാതകം തിരുത്തിയത്.

എന്നാൽ ഷോർട്ട് സെല്ലിങിലൂടെ ഓഹരിവിപണിയിൽ കോടികൾ കൊയ്യുന്ന വൻകിട ഹെഡ്ജ് ഫണ്ടുകൾക്ക് വൻതിരിച്ചടിയാണ് ഗെയിംസ്റ്റോപ്പിന്റെ സ്വപ്നനേട്ടം സമ്മാനിച്ചത്.  വൻകിട നിക്ഷേപകർ  വിലതാഴുമെന്ന് ഉറപ്പുള്ള കമ്പനികളുടെ ഓഹരികൾ ഷോർട് സെൽ ചെയ്യുന്ന പതിവുണ്ട്. കയ്യിലില്ലാത്ത ഓഹരി വിൽപന നടത്തുകയാണ്, അല്ലെങ്കിൽ കടംവാങ്ങിയ ഓഹരി വിൽക്കുകയാണ് ഇതിലൂടെ നടപ്പാക്കുന്നത്. പിന്നീട് ഓഹരി വില ഇടിഞ്ഞു കഴിയുമ്പോൾ തിരികെ വാങ്ങി കടമായി നൽകിയ ആൾക്ക് മടക്കി നൽകും. ഇത്തരത്തിൽ  ഏറെക്കാലമായി ഫണ്ട് മാനേജർമാർക്ക് ഷോർട്സെല്ലിങ്ങിന് ഇഷ്ട ഓഹരിയായിരുന്നു ഗെയിംസ്റ്റോപ്.

ഇത്തരത്തിൽ മെൽവിൻ ക്യാപ്പിറ്റൽ പോലെ ഒട്ടേറെ വൻകിട ഹെഡ്ജ് ഫണ്ടുകൾക്ക് ഗെയിംസ്റ്റോപ്പിൽ ഷോർട്ട് പൊസിഷനുണ്ടെന്ന് കണ്ടെത്തിയ വോൾസ്ട്രീറ്റ്ബെറ്റ്സ് എന്ന റെഡ്ഡിറ്റ് നിക്ഷേപക കൂട്ടായ്മ വിപണിയിൽ ഒരു ജനകീയ യുദ്ധത്തിനു തുടക്കമിടുകയായിരുന്നു. വൻകിടക്കാരെ കുടുക്കി അവർ ഗെയിംസ്റ്റോപ് ഓഹരി വാങ്ങിക്കൂട്ടി. സമൂഹ മാധ്യമങ്ങളിലൂടെ കൈമാറി കൈമാറി വലിയൊരു മുന്നേറ്റമായി ഇതു പടർന്നു. ഒരു മാസത്തിനിടെ ഗെയിംസ്റ്റോപ് ഓഹരി വിലയിലെ വർധന 1800 ശതമാനമായി. ഒറ്റദിവസം മാത്രം 200 ഡോളറിന്റെ വരെ വില വ്യതിയാനമുണ്ടായി.

ഇതിനെത്തുടർന്ന് ഗെയിംസ്റ്റോപ് ഓഹരിയിൽ ഷോർട്സെല്ലിങ് നടത്തിയ വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്കും വൻ നിക്ഷേപകർക്കും ശതകോടിക്കണക്കിനു ഡോളറാണ് നഷ്ടം സംഭവിച്ചത്. വില വർധ തടയാൻ കൂടുതൽ ഓഹരി ഷോർട്സെൽ ചെയ്ത് നഷ്ടം പെരുക്കി. ഏതാനും ദിവസങ്ങളിൽ യുഎസിലെ ഓഹരി വിപണികൾ കൂപ്പുകുത്തി. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് രാഷ്ട്രീയ നേതൃത്വം വരെ ഇടപെട്ടു. സമൂഹ മാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പിൻബലത്തിൽ ഒരു കൂട്ടം ആളുകൾ വാൾസ്ട്രീറ്റിന്റെ വ്യവസ്ഥാപിത രീതികളെ വെല്ലുവിളിച്ച‌ിരിക്കുന്നത് ആഗോളതലത്തിൽ തന്നെ വിപണികളിൽ  ദൂരവ്യാപക ഫലങ്ങൾ ഉളവാക്കിയേക്കും.


------------------------------------------------------------------------------------------------------


ഇന്ത്യൻ വിപണിയിലും സംഭവിക്കുമോ 'ഗെയിംസ്റ്റോപ് ട്വിസ്റ്റ്'! - പ്രമോദ് തോമസ്

(ബിസിനസ് ജേർണലിസ്റ്റ്)

ഗെയിം സ്‌റ്റോപ്പ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഓഹരിവില ഒരാഴ്ചയില്‍ ഉയര്‍ന്നത് 700 ശതമാനം. ഈ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്. ശതകോടി ഡോളറുകള്‍ കൈകാര്യം ചെയ്യുന്ന വമ്പന്‍ യുഎസ് ഹെഡ്ജ് ഫണ്ടുകള്‍ ഗെയിം സ്‌റ്റോപ്പ്  ഓഹരികള്‍ ഷോര്‍ട്ട് ചെയ്തു. കൈവശം ഓഹരികള്‍ ഇല്ലാതെ ഓഹരികള്‍ വില്‍ക്കുന്നതിനെയാണ് ഷോര്‍ട് ചെയ്യുക എന്ന് പറയുക. ഒരു നിശ്ചിത കാലയളവില്‍ ഇത് തിരികെ വാങ്ങണം എന്ന മാത്രം. ഓഹരി വിപണിയില്‍ ഇത് നിയമവിധേയമാണ്.

ഹെഡ്ജ് ഫണ്ടുകള്‍ ഈ കമ്പനിയുടെ ഓഹരികള്‍ വിറ്റത്, നിലവിലെ വിലയില്‍ നിന്ന് ഭാവിയില്‍ വില വീണ്ടും താഴേക്ക് പോകും എന്ന കണക്ക് കൂട്ടലിലാണ്. ഇവിടെയാണ് കഥയിലെ ട്വിസ്റ്റ്. ഗെയിം സ്‌റ്റോപ്പ്  എന്ന കമ്പനി വീഡിയോ ഗെയിം റീറ്റെയ്‌ലറാണ്. ഹെഡ്ജ് ഫണ്ടുകള്‍ ഷോര്‍ട്ട്  പൊസിഷന്‍ എടുക്കുന്നതറിഞ്ഞ ഒരു കൂട്ടം ആളുകള്‍ ഈ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് വലിയ ചര്‍ച്ചയായി. ഇതേതുടര്‍ന്ന് കൂടുതല്‍ ആളുകള്‍ ഈ ഓഹരികള്‍ വാങ്ങി.ഇതിലെ തമാശ എന്തെന്നാല്‍ വില കുറയും എന്ന കരുതി ഓഹരികള്‍ ഷോര്‍ട്ട്  ചെയ്ത ഹെഡ്ജ് ഫണ്ടുകള്‍ ഇപ്പോള്‍ കൈ പൊള്ളിയ അവസ്ഥയിലാണ്. വില വലിയ രീതിയില്‍ ഉയര്‍ന്നതിനാല്‍ ഇവയ്‌ക്കൊക്കെ നഷ്ടം നേരിടും എന്ന തീര്‍ച്ചയാണ്.

എന്താണ് ഈ മുന്നേറ്റത്തിന്റെ പ്രസക്തി എന്ന് നോക്കാം. സാധാരണ ഓഹരിവിപണിയിലെ ഓഹരികളുടെ വില നിയന്ത്രിക്കുക ഹെഡ്ജ് ഫണ്ടുകള്‍, വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ ഇവയൊക്കെയാണ്. അതായത്, ഇവര്‍ വിചാരിച്ചാല്‍ മിക്ക ഓഹരിയും വലിച്ചു കയറ്റാം, ചവിട്ടി താഴെയിടാം. അവര്‍ അവരുടെ ബിസിനസ് താല്പര്യത്തിന് വേണ്ടി ഇതൊക്കെ ചെയ്യും. സാധാരണ നിക്ഷേപകന് ഇക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല.എന്നാല്‍, ഗെയിം സ്‌റ്റോപ്പ്  കമ്പനിയുടെ കാര്യത്തില്‍ വന്‍കിട ഫണ്ടുകളെ ചെറുകിട നിക്ഷേപകര്‍ വെല്ലുവിളിക്കുകയാണുണ്ടായത്. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. എന്റെ അഭിപ്രായത്തില്‍ ഓഹരി വിപണിയിലെ കുത്തക വല്‍ക്കരണത്തിനെതിരെയുള്ള ആദ്യത്തെ 'വലിയ പണി' യാണിത്. 'റോബ് വാള്‍സ്ട്രീറ്റ്' എന്ന ഈ മുന്നേറ്റം ഇപ്പോള്‍ അമേരിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ ചര്‍ച്ചയാണ്.

ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ അധികമായി നിയന്ത്രിക്കുന്നത് സ്വദേശികളും, വിദേശികളുമായ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളാണ്. വരുന്ന രണ്ട് പതിറ്റാണ്ട് കൂടിയെങ്കിലും ഇത് അപ്രകാരം തുടരുകയും ചെയ്യും. ഇന്ത്യയില്‍ ആകെയുള്ള നാല് കോടി ഡീമാറ്റ് അക്കൗണ്ടുകളില്‍ 75 ശതമാനവും വെറുതെ കിടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും, മെട്രോ നഗരങ്ങളിലും മാത്രമാണ് ആളുകള്‍ ഓഹരി വിപണിയിലെ നിക്ഷേപത്തെ ഗൗരവമായി കാണുന്നത്.

കേരളത്തില്‍ എന്‍.എസ്. ഡി.എല്ലിന്റെ കണക്കനുസരിച്ച് 642,314 ഡീമാറ്റ് എക്കൗണ്ടുകള്‍ ഉണ്ട്. സി.ഡി.എസ്.എല്ലില്‍ ഏതാണ്ട് ആറ് ലക്ഷത്തോളം എക്കൗണ്ടുകള്‍ കാണും. എന്നാല്‍ ഇവയില്‍ പകുതിയില്‍ അധികം വെറുതെ കിടക്കുന്നു.സാഹചര്യം ഇങ്ങനെ ആയതുകൊണ്ട് റോബ് വാള്‍സ്ട്രീറ്റ് രീതിയിലുള്ള മുന്നേറ്റം ഒന്നും ഇന്ത്യയില്‍ സമീപഭാവിയില്‍ നടക്കാന്‍ സാധ്യതയില്ല. പക്ഷെ, ഇത്തരം മുന്നേറ്റങ്ങള്‍ വിപണിയിലെ കുത്തക സ്ഥാപനങ്ങളെ വെല്ലുവിളിക്കാന്‍ ലോകമാകമാനമുള്ള ചെറുകിട നിക്ഷേപകര്‍ക്ക് ശക്തി പകരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ ഒരു ശതമാനം എങ്കിലും വിജയിച്ചാല്‍ അത് വലിയൊരു നേട്ടമാണ്. പതിയെ, ഇതിന്റെ അലയൊലികള്‍ ഇന്ത്യയിലേക്ക് എത്തിക്കൂടെന്നുമില്ല.

(ധനംഓൺലൈൻ.കോം - ൽ പ്രസിദ്ധീകരിച്ചത്)


അനുകരണീയ മാതൃകയെന്ന് അഭിപ്രായമില്ല - ബൈജു സ്വാമി

(സാമ്പത്തിക വിദഗ്ദ്ധൻ)

റെഡിറ്റ് ൽ ഒത്തുകൂടിയ റീറ്റെയ്ൽ നിക്ഷേപക കൂട്ടായ്മ ഗെയിംസ്റ്റോപ്പ് കമ്പനിയിൽ ഷോർട് സെല്ലിങ് നടത്തിയ ഹെഡ്ജ്  ഫണ്ടുകളെ തോൽപിച്ച സംഭവം വലിയ വാർത്തയായിരിക്കുകയാണ്. സത്യത്തിൽ ഇത്തരം നിക്ഷേപരീതിയോട് എതിർപ്പാണുള്ളത്. ഓഹരി വിപണിയിലെ വിചിത്ര രീതികളെ അകറ്റി നിർത്തുക എന്നതാണ് ഈ രംഗത്തെ ലെജൻഡ്‌സ് എന്ന് വിലയിരുത്താവുന്നവർ ചെയ്തിട്ടുള്ളത്. മുൻനിര ഇൻവെസ്റ്റ്‌മെന്റ് ബാങ്കറും ഗുരുസ്ഥാനീയനുമായ ശ്രീ വല്ലഭ് ബൻസാലി പലപ്പോഴും പറയുമായിരുന്നു,  "സമ്പത്തുണ്ടാകുന്നത് ഊഹക്കച്ചവടത്തിലല്ല, അർപ്പണ ബോധത്തോടെ കമ്പനികൾ ഓഹരിയുടമയുടെ പണം (ക്യാപിറ്റൽ ) പ്രൊഡക്ടീവ് ആയി വിനിയോഗിക്കുന്നതിലാണ്. ചീട്ട് കളിച്ചും കുതിരപ്പന്തയത്തിലൂടെയും ആരും ഇന്ന് വരെയും ബില്യനെയർ ആയിട്ടില്ല. അത്തരം കഥകൾ വായിക്കുന്ന നേരത്തു ബെഞ്ചമിൻ ഗ്രഹമിനെയും  ജെസ്സി ലിവർമൂറിനെയും  വായിക്കൂ; എന്നിട്ട് ജെസ്സി ലിവർമൂർ എന്ത് കൊണ്ട് ലോകം അത് വരെയും കണ്ട ഏറ്റവും മികച്ച സ്വിങ് ട്രേഡർ ആയിട്ടും ചില്ലി കാശ് പോലുമില്ലാതെ വാൾ സ്ട്രീറ്റിൽ നിന്നും കരഞ്ഞു കൊണ്ട്  ഇറങ്ങിപ്പോയി എന്ന് സ്വയം മനസിലാക്കൂ. സമ്പത്ത് സൃഷ്ടിക്കപ്പെടുന്നത് ഒരിക്കലും പ്രതിവാരമോ പ്രതിമാസമോ അല്ലെങ്കിൽ ഏതെങ്കിലുമൊരു പ്രത്യേക സമയത്തുണ്ടാകുന്ന ആവശ്യകതയുടേയും വിതരണത്തിന്റേയും താൽക്കാലിക വ്യതിചലനത്തിലൂടെയല്ല, മറിച്ച് മികവുറ്റ സംരംഭകർ തങ്ങളുടെ മൂലധനം ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നതിലൂടെയാണ്".

ഗെയിംസ്റ്റോപ്പ് മാതൃക ഇനിയും മറ്റ് കുറെ ഓഹരികളിൽ കൂടി സംഭവിച്ചു കൂടായ്കയില്ല. എന്നാൽ കൂടുതൽ സ്മാർട്ട് ആയ ഒരു ഹെഡ്ജ് ഫണ്ട് അല്ലെങ്കിൽ സ്മാർട്ട് ഓപ്പറേറ്റർ ഓർക്കസ്ട്രേറ്റഡ് ഹൈ ഫ്രീക്യുൻസി സർക്കുലർ ട്രേഡിങിൽ ഇത്തരം റീട്ടെയിൽ നിക്ഷേപക കൂട്ടായ്മയെ ഇല്ലായ്മ ചെയ്‌തെന്നും വരും. എസ് ഇ സി യും ഫിനാൻഷ്യൽ ഫ്രോഡിന് ദീർഘകാലത്തെ ജയിൽ ശിക്ഷയുമൊക്കെ  ഉള്ളിടത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ നടക്കുമെന്നേ പറയാനുള്ളൂ.ഒരു കൂട്ടർ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുമ്പോൾ അതിന്റെ പ്രതിപ്രവർത്തനം ആണ് ഹെഡ്ജ് ഫണ്ടുകൾ ചെയ്യുന്നത്. അതേസമയം, വാൾസ്ട്രീറ്റിൽ ഓപ്പർച്യൂണിറ്റി എൻക്യാഷ് ചെയ്യുന്നത് ക്രിമിനൽ കുറ്റമൊന്നുമല്ല. ഫ്രോഡ് ഉണ്ടാകരുതെന്ന് മാത്രം.

(ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചത്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story