Editorial Team
06 Jul 2020
ഒളിമ്പിക്സ് നടക്കാതിരുന്നത് നന്നായി. നടന്നിരുന്നെങ്കിൽ ഇന്ത്യ നാണം കെട്ടേനെ. പറയുന്നത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറൽ ജിജി തോംസൺ. തൽക്കാലം തട്ടിക്കൂട്ടുന്ന ടീമുകളും, ഏതാനും മാസങ്ങളുടെ പരിശീലനം മാത്രം നേടിയ കായിക താരങ്ങളുമായി പതിവ് ചടങ്ങൊപ്പിക്കലായി ഇന്ത്യൻ ഒളിമ്പിക്സ് പര്യടനം ഇപ്രാവശ്യവും മാറിയേനേ.
വികസിത രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ 5 ശതമാനം വരെ കായിക രംഗം സംഭാവന ചെയ്യുന്നു. ഇന്ത്യക്ക് സ്പോർട്സ് ഇക്കോണമി എന്നത് തന്നെ പുതുമയാണ്.
ഇന്ത്യയിൽ ക്രിക്കറ്റിൻ്റെ വളർച്ച ഒന്ന് നന്നായി പഠിക്കേണ്ടതാണ്. സർക്കാരിൻ്റെ പങ്കാളിത്തം ഒന്നും ഇല്ലാതെയാണ് ക്രിക്കറ്റ് ഇവിടെ വളർന്നത്. ബിസിസിഐയുടെ തലപ്പത്ത് മലയാളിയായ എസ്കെ നായർ വന്ന കാലയളവാണ് ഈ കായിക സംഘടനയുടെ സമീപനം ആകെ മാറിയത്. ക്രിക്കറ്റ് അപ്പോഴേക്കും ദേശിയതയുടെ പ്രതീകമായും, ഇന്ത്യൻ ജനതയുടെ ജീവിതചര്യയുടെ ഭാഗമായും ക്രിക്കറ്റ് മാറിക്കഴിഞ്ഞിരുന്നു. ടെലിവിഷൻ്റെ വരവും വളർച്ചയും ക്രിക്കറ്റിൻ്റെ മുന്നേറ്റത്തെ തുണച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യൻ ജനതയെ ക്രിക്കറ്റ് കോർത്തിണക്കി. യുവാക്കളുടെ അഭിനിവേശം ഉയർന്നു. തെക്കും, വടക്കും, കിഴക്കും, പടിഞ്ഞാറും പ്രതിഭകൾ ഉദിച്ചു. ഗാംഗുലി ഇന്ത്യയെ ജയിപ്പിക്കാൻ പഠിപ്പിച്ചു. ധോനി ഇന്ത്യൻ പോരാട്ട വീര്യത്തിൻ്റെ പോസ്റ്റർ ബോയ് ആയി മാറി. കോഹ്ലിയിലെത്തുമ്പോഴേക്കും പ്രതിഭാ ധാരാളിത്തമായി. ഐപിഎൽ ലോകത്തിൻ്റെ ശ്രദ്ധ നേടി. ക്രിക്കറ്റ് വെറും കളിയല്ലാതായി. ബന്ധപ്പെട്ട എല്ലാവരും നേട്ടമുണ്ടാക്കി.
ക്രിക്കറ്റ് എന്ന വിജയ പാഠം മറ്റ് കായിക മേഖലകളിലുള്ളവർ നന്നായി പഠിക്കണം.
ബിസിസിഐ ഒഴിച്ചാൽ ഇന്ത്യയിലെ ഒരു കായിക സംഘടനയും പ്രൊഡക്ടീവ് അല്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അടക്കം വെറും പാഴ് വേലയാണ്. ഇന്ത്യയിലെ ഈ കായിക സംഘടനകൾ ഒറ്റയടിക്ക് പിരിച്ച് വിട്ടാലും ഒന്നും സംഭവിക്കില്ല. ഒരു ഉടച്ചുവാർക്കലിന് അത് ചിലപ്പോൾ സഹായകമാകും.
ഫുട്ബോളിൽ ഇപ്പോഴുള്ള ലീഗ് ഘടന ഫലപ്രദമല്ല. ഒരു തട്ടിക്കൂട്ട് ലീഗാണ് ഐഎസ്എൽ. ഫുട്ബോളിന് നല്ലത് യുറോപ്യൻ ലീഗ് ഘടനയാണ്.
അത്ലറ്റിക്സിൽ കേരളം ഒരു താര ഖനിയാണ്. പിടി ഉഷക്കാലം മുതൽ ഒളിമ്പിക്സ് മെഡൽ കൈവിട്ട് പോയത് സർക്കാരിൻ്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമാണ്. പലർക്കും കൃത്യസമയത്ത് മികച്ച പരിശീലനം നൽകാനായെങ്കിൽ അത് സാധിക്കുമായിരുന്നു. കായിക കളരികളായി ദേശിയ ശ്രദ്ധ നേടിയ ഒരു ഡസൺ സ്കൂളുകൾ കേരളത്തിലുണ്ട്. മികവിൻ്റെ കേന്ദ്രങ്ങളെന്ന് നിസംശയം പറയാവുന്നവ. ഒരു നൂറ് മീറ്റർ സിന്തറ്റിക് ട്രാക്ക് ഉണ്ടാക്കിക്കൊടുക്കാൻ സർക്കാരിന് പറ്റിയില്ല.
ജിമ്മി ജോർജിനെ പോലെ ഒരു ലോകോത്തര താരത്തെ ലോകത്തിന് സംഭാവന കേരളം പുരുഷ വനിതാ വിഭാഗങ്ങളിൽ എത്ര മിന്നും താരങ്ങളെ തുടർച്ചയായി സമ്മാനിച്ചു. ബാസ്കറ്റിൽ ഗീതു അന്ന ജോസ് ലോക താരം തന്നെ. നീന്തലിൽ സെബാസ്റ്റ്യൻ സേവ്യർ മുതൽ സജൻ പ്രകാശ് വരെ. എന്തിന് ക്രിക്കറ്റിൽ പോലും ശ്രീശാന്തിനെയും, സഞ്ജു സാംസണെയും കേരളം നൽകി.
ഒരു കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കാൻ ഏറ്റവും പറ്റിയ സംസ്ഥാനം കേരളമാണ്. ഒരു പരീക്ഷണത്തിന് ഏറ്റവും പറ്റിയ ഇടം.
ക്രിക്കറ്റ് കഴിഞ്ഞാൽ ഇന്ത്യയിൽ കാണുന്ന പ്രവണത ഇൻഡോർ ഗെയിമുകളിൽ മികച്ച ചില പ്രതിഭകളുടെ കുതിപ്പാണ്. ടെന്നീസിൽ സാനിയ മിർസ, പെയ്സ്, ബാറ്റ്മിൻഡനിൽ സിന്ധു അങ്ങനെ ഒറ്റയ്ക്ക് ഇന്ത്യയുടെ അഭിമാനം ഉയർത്തിയവർ. ആ പ്രവണത ഇനിയും തുടർന്നേക്കും.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പല ഇനങ്ങളിലും മികച്ച പ്രതിഭകളുണ്ട്. വടക്കു കിഴക്കിന് മാത്രമായി ഒരു സ്പോർട്സ് മിഷൻ ആലോചിക്കാവുന്നതാണ്.
കോവിഡ് ഓർമിപ്പിക്കുന്നത് ആരോഗ്യമുള്ള ഒരു തലമുറയെക്കുറിച്ചാണ്. അതിന് എല്ലാ ഗ്രാമങ്ങളിലും കളിക്കളങ്ങൾ വേണം. എല്ലാ സ്ക്കൂളുകളിലും കായികാധ്യാപകർ വേണം. എല്ലാ പ്രായ വിഭാഗങ്ങളിലും ഉള്ളവർ താല്പര്യമുള്ള ഏതെങ്കിലും കായിക ഇനങ്ങൾ ശീലിക്കണം. കുട്ടികളുടെ കായിക പരിശീലനം കരിക്കുലത്തിൻ്റെ ഭാഗമാക്കണം. ഒളിമ്പിക്സ് പരിശീലനം പത്തു വർഷം മുന്നിൽ കണ്ട് തുടങ്ങണം.
അസോസിയേഷൻ ഘടന ഉടച്ചു വാർക്കണം. കേരളത്തിന് ഇക്കാര്യത്തിൽ രാജ്യത്തിന് മാതൃക കാട്ടാം. ക്രിക്കറ്റ് തന്നെയായിരിക്കും പിന്തുടരാവുന്ന പാഠം.
വേണ്ടത് ഉടച്ചുവാർക്കൽ - ജിജി തോംസൺ
സ്പോർട്സ് ഇന്ന് ബില്യൺ ഡോളർ ബിസിനസ് ആയി മാറിക്കഴിഞ്ഞു. പ്രത്യക്ഷമായി സൃഷ്ടിക്കുന്ന വരുമാനത്തിനും കരിയർ അവസരങ്ങൾക്കും അപ്പുറം ഒരു രാജ്യത്തിന്റെ ജിഡിപിയിൽ ഒന്ന് മുതൽ അഞ്ച് ശതമാനം വരെ സംഭാവന ചെയ്യാൻ സ്പോർട്സിന് കെൽപ്പുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യുഎസ് പോലുള്ള ഡെവലപ്ഡ് ഇക്കോണമികളിൽ ജിഡിപിയുടെ നാല് ശതമാനമാണ് സ്പോർട്സിന്റെ സംഭാവന. ഇന്ത്യയിലാകട്ടെ അത് 0.5 ശതമാനവും. ഇത് വ്യക്തമാക്കുന്നത് നമ്മുടെ സാധ്യതകൾ അനന്തമാണെന്നാണ്. നമുക്ക് അത്ര പരിചിതമല്ലാത്ത സ്പോർട്സ് ടൂറിസം പോലുള്ള മേഖലകൾ പല മുൻനിര രാജ്യങ്ങളുടെയും വലിയ വരുമാന സ്രോതസാണ്. ന്യൂയോർക്ക് സിറ്റി മാരത്തൺ പ്രതിവർഷം ജിഡിപിയിലേക്ക് കൂട്ടിച്ചേർക്കുന്നത് 340 മില്യൺ ഡോളറാണ്. ഇല്ലിനോയ്സ് സംസ്ഥാനത്തെ ചിക്കാഗോ കബ്സ് ബേസ്ബോൾ ടീമിന്റെ വാർഷിക വരുമാനം 450 മില്യൺ യുഎസ് ഡോളർ. ഇന്ത്യയിലും സ്പോർട്സ് വളരുകയാണ്. ഇന്നിപ്പോൾ വിവിധ സ്പോർട്സ് ഇനങ്ങളിലായി രാജ്യത്ത് പതിനാലോളം പ്രമുഖ ലീഗുകൾ നടക്കുന്നു. ഐപിഎൽ എന്ന ഒറ്റ ടൂർണമെന്റിന്റെ മൂല്യം 5.7 ബില്യൺ യുഎസ് ഡോളറിലധികമായിരിക്കുന്നു. വള്ളംകളിയിൽ പോലും ഒരു ചാമ്പ്യൻസ് ലീഗ് ഇതാദ്യമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഫെസ്റ്റിവൽ ബേസ്ഡ് സ്പോർട്സ് ടൂറിസത്തിലേക്കുള്ള ഒരു ശ്രദ്ധേയ ചുവടുവയ്പായി ഇതിനെ കാണാം.
2013ൽ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്നപ്പോൾ ചൈനയിലെ വുഹാൻ സന്ദർശിക്കുകയുണ്ടായി. അഞ്ച് വയസോളം പ്രായമുള്ള പതിനായിരക്കണക്കിന് കുട്ടികൾ വുഹാൻ സ്പോർട്സ് ഇൻസ്റ്റിട്യൂട്ടിൽ 2020 ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള കഠിന പരിശീലനം നടത്തുന്നതാണ് കാണാൻ കഴിഞ്ഞത്. ഇത്തരത്തിൽ പ്രാഥമിക തലത്തിൽ തന്നെ സജീവമായ ഒരു കായിക സംസ്കാരമുണ്ടവിടെ. അത്തരമൊരു സംസ്കാരമാണ് നമുക്കും വളർത്തിയെടുക്കേണ്ടത്. വിദേശരാജ്യങ്ങളിൽ സ്പോർട്സ് ആരോഗ്യകരമായ ജീവിതത്തിന്റെ കൂടി ഭാഗമാണ്. പലപ്പോഴും കൊച്ചുടീമുകളെയും മറ്റും സൗജന്യമായി പരിശീലിപ്പിക്കാൻ പലരും വോളണ്ടീയർ ചെയ്യുകയാണ്. ബർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് കരിക്കുലത്തിന്റെ ഭാഗമാണ്. ഇത്തരത്തിൽ ഒരു സ്പോർട്സ് ആഭിമുഖ്യം നമ്മുടെ നാട്ടിലും പൊതുജീവിതത്തിന്റെ ഭാഗമാവണം.
ഇങ്ങനെയൊരു സാഹചര്യം ഇവിടെ സൃഷ്ടിക്കണമെങ്കിൽ നമ്മുടെ സിസ്റ്റം അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ തലത്തിലും മറ്റും ഈ രംഗത്ത് ചുമതലയേൽക്കുന്നത് സ്പോർട്സിൽ വലിയ താല്പര്യമുള്ളവരാകണം. അവർക്ക് പെർഫോം ചെയ്യാൻ വേണ്ട സമയവും സാഹചര്യങ്ങളും ലഭ്യമാവണം. കേന്ദ്രഗവണ്മെന്റിന് കീഴിലുള്ള സ്പോർട്സ് വകുപ്പിൽ അഞ്ച് വർഷത്തിനിടെ അര ഡസനോളംസെക്രട്ടറിമാരാണ് വന്നത്. ഒരാൾക്ക് ഒരു വർഷം പോലും തികച്ച് കിട്ടുന്നില്ലെന്നതാണ് വസ്തുത. യഥാർത്ഥത്തിൽ ഒരു സ്പോർട്സ് മന്ത്രാലയം പോലും അത്യാവശ്യമുള്ള ഒന്നല്ല എന്നാണെന്റെ അഭിപ്രായം. സ്പോർട്സ് രംഗത്ത് ഏറ്റവും മുൻനിരയിലുള്ള യുഎസിൽ ഒരു സ്പോർട്സ്മന്ത്രാലയം ഇല്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും സ്പോർട്സ് അതോറിറ്റി തലത്തിൽ എടുക്കുന്ന തീരുമാനങ്ങളുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങളൊന്നും തന്നെ സെക്രട്ടറി തലങ്ങളിൽ നിന്നുണ്ടാകാറില്ല എന്നതും യാഥാർഥ്യമാണ്. തീരുമാനം എടുക്കുന്ന കാര്യത്തിലും വലിയ കാലതാമസം നേരിടുന്നു. സ്പോർട്സ് നമുക്കിപ്പോഴും ഒരു പ്രയോറിറ്റി ആയി മാറിയിട്ടില്ല. ഗവണ്മെന്റിന്റെ സ്പോർട്സ് സെക്രട്ടറി എന്ന പദവി എന്നത് ഒരു പ്രെസ്റ്റീജിയസ് പദവിയായി ഇനിയും മാറിയിട്ടില്ല എന്നതാണ് വസ്തുത.
ഒരു സ്ട്രക്ച്ചറൽ ചേഞ്ച് പ്രധാനമാണ്. യഥാർത്ഥത്തിൽ പ്രൈം മിനിസ്റ്ററുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാണ് സ്പോർട്സ് വരേണ്ടത്. അങ്ങനെയെങ്കിൽ തീരുമാനങ്ങളിലും അത് നടപ്പാക്കുന്നതിലും ചടുലതയുണ്ടാകും. കാര്യങ്ങൾ കൂടുതൽ റിസൾട്ട് ഓറിയന്റഡ് ആയി മാറും. ജിഡിപിയുടെ അഞ്ച് ശതമാനം സംഭാവന ചെയ്യാൻ കഴിയുന്ന സ്പോർട്സിന്റെ സാധ്യതകൾ പൂർണമായി വിനിയോഗിക്കാൻ ഇത്തരമൊരു ഉടച്ചുവാർക്കൽ കൊണ്ടേ കഴിയൂ.
(മുൻ ചീഫ് സെക്രട്ടറി, സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറൽ)
കായികമേഖലക്ക് ആത്മവിശ്വാസമേകാൻ സാമ്പത്തിക സുരക്ഷിതത്വം പ്രധാനം - ഡോ: കെ. എൻ. രാഘവൻ
സ്പോർട്സ് ഇക്കോണമി എന്ന നിലയിൽ നമ്മുടെ രാജ്യത്ത് കൃത്യമായി സാധ്യതകൾ പ്രയോജനപ്പെടുത്തിയ ഒരു മേഖലയാണ് ക്രിക്കറ്റ് എന്നത് യാഥാർഥ്യമാണ്. യഥാർത്ഥത്തിൽ ഇന്ന് കാണുന്ന ശക്തമായ ഇക്കണോമിക് ആസ്പെക്ടിലേക്ക് ക്രിക്കറ്റ് വളർന്നിട്ട് അധികകാലമായില്ല. പണ്ട് മുതലേ ലക്ഷക്കണക്കിന് ഫാൻ ബേസ് ഉണ്ടായിരുന്നിട്ടും 1983 ഇന്ത്യ ലോകജേതാക്കളായിട്ടും തൊണ്ണൂറുകളുടെ തുടക്കം വരെ ക്രിക്കറ്റിന്റെ കൊമേഴ്സ്യലൈസേഷൻ വിജയകരമായി നടന്നിരുന്നില്ല. 1992 ൽ എസ് കെ നായർ ബിസിസിഐ പ്രസിഡന്റ് ആകുന്ന കാലഘട്ടത്തിലാണ് ക്രിക്കറ്റിന്റെ വാണിജ്യസാധ്യതകൾ കണ്ടറിഞ്ഞ് ടെലിവിഷൻ കവറേജ് പരമാവധി ഉപയോഗപ്പെടുത്തി ഇന്ന് കാണുന്ന നിലയിലേക്കുള്ള വളർച്ചക്ക് തുടക്കമിട്ടത്. തുടർന്ന് ക്രിക്കറ്റ് ക്യാഷ് റിച്ച് ഗെയിം ആയി മാറി. മറ്റിനങ്ങളെ സംബന്ധിച്ച് അത്തരമൊരു നേട്ടം ഇനിയുമുണ്ടായിട്ടില്ല. എന്നാൽ ഫുട്ബോളിലുൾപ്പെടെ മാറ്റത്തിന്റെ വലിയ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്.
ടീം ഗെയിമുകളിലും ചുരുക്കം ചില ഫീൽഡ് ഇനങ്ങളിലും ഒഴികെ പലപ്പോഴും കായിക താരങ്ങൾക്ക് ഒരു സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് നൽകാൻ കഴിയാത്തത് അവരുടെ മികവിനെ ബാധിച്ചേക്കാം. അത്ലറ്റിക്സ് പോലുള്ള ട്രാക്ക് ഇനങ്ങളിൽ പ്രത്യേകിച്ചും. നിലവിൽ ഗവണ്മെന്റ് ജോലി നൽകുന്നതും മറ്റുമുണ്ട്. എന്നാൽ ഇത് പരിമിതമായ അളവിലേ സാധിക്കുന്നുള്ളൂ. സ്വകാര്യ മേഖലയിൽ നിന്നും ഇതിന് പിന്തുണ ഉറപ്പാക്കാൻ കഴിയുമോ എന്ന് ചിന്തിക്കണം. ക്രിക്കറ്റിനെ സംബന്ധിച്ച് ബിസിസിഐയുടെ പെൻഷൻ ഉണ്ട്. ഒപ്പം മറ്റ് കരിയർ മേഖലകളുണ്ട്. ഇതിന് സമാനമായി മറ്റിനങ്ങളിലും പ്രത്യേകിച്ച് ട്രാക്കിനങ്ങളിലും മറ്റും കരിയർ സംബന്ധമായ ഒരുറപ്പും പിന്തുണയും കായിക താരങ്ങൾക്ക് ലഭിക്കേണ്ടിയിരിക്കുന്നു. മറ്റൊന്ന് സ്പോർട്സിന്റെ റവന്യു സാധ്യതകളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മാരത്തോണുകളിൽ ഒന്നാണ് കൊച്ചിയിൽ നടക്കുന്ന സ്പൈസ്കോസ്റ്റ് മാരത്തോൺ. ഇത്തരത്തിൽ എണ്ണൂറോളം മാരത്തോണുകൾ ഇന്ത്യയിൽ പ്രതിവർഷം നടത്തപ്പെടുന്നു. ഇത്തരത്തിൽ കൂടുതൽ ഇവന്റുകൾ മികവോടെ നടത്തപ്പെടുകയും സ്പോർട്സ് ആരോഗ്യകരമായ നിത്യജീവിതത്തിന്റെ ഭാഗമാവുകയും ചെയ്താൽ സ്വാഭാവികമായും സ്പോർട്സ് ഇക്കോണമി വളരും.
(റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ, മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയർ)
പോളിസി തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാവണം - അബ്ദുള്ള മാളിയേക്കൽ
പാരാഗ്ലൈഡിങ്, പാരാസെയിലിംഗ്, കൈറ്റ് സർഫിങ് എന്നിവയൊക്കെ ഉൾപ്പെടുന്ന എയ്റോ സ്പോർട്സ് മേഖലക്ക് വലിയ സാധ്യതകളാണുള്ളത്. ടൂറിസവുമായി കണക്ട് ചെയ്യുക വഴി നമ്മൾ കരുതുന്നതിനപ്പുറമുള്ള ഇക്കോണമിക് ബെനഫിറ്റ് സൃഷ്ടിക്കാൻ ഈ സെക്ടറിന് കഴിയും. ഒരു ഉദാഹരണമെടുത്താൽ പാൻ ഇന്ത്യ ലെവലിൽ ആയിരത്തി അഞ്ഞൂറോളം കൈറ്റ് സർഫിങ് പ്രൊഫഷനലുകളുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രൊഫഷണൽ സർഫിങ് കിറ്റിന് ചെലവാകുന്നത് ശരാശരി മൂവായിരം മുതൽ അയ്യായിരം ഡോളർ വരെയാണ്. വ്യാപകമായി ഇനിയും പ്രചാരം നേടാത്ത ഒരു ഇനത്തിലെ കാര്യമാണിത്.
ഇന്ത്യക്ക് പുറത്ത് ഇത്തരം രംഗങ്ങളിൽ വളരെയധികം പ്രാമുഖ്യം നൽകുന്ന രാജ്യം ചൈനയാണ്. രണ്ട് ലക്ഷത്തിലധികം സന്ദർശകർ എത്തുന്ന നാൽപ്പതിലധികം കൈറ്റ് ഫെസ്റ്റിവലുകൾ ചൈനയിൽ പ്രതിവർഷം നടക്കുന്നുണ്ട്. ഗവണ്മെന്റ് തന്നെ ഇത്തരം ഉദ്യമങ്ങൾക്ക് പിന്തുണയും പ്രചാരണവും നൽകുന്നു. ഇവ മികച്ച ടൂറിസം പ്രൊഡക്ടുകൾ കൂടിയായി മാറുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് സർക്കാർ തലത്തിലുള്ള ശ്രദ്ധേയമായ ഇടപെടലുകൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. വാഗമണിൽ മാത്രമാണ് നമുക്ക് ഒരു പാരാസെയിലിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. വാഗമണിനെ ഒരു മികച്ച അഡ്വഞ്ചർ ടൂറിസം ഡെസ്റ്റിനേഷൻ ആക്കി മാറ്റിയതിൽ ഈ ഫെസ്റ്റിവലിനു വലിയ പങ്കുണ്ട്. ദേശീയ തലത്തിൽ ഹിമാചൽ പ്രദേശ് ഒരു ശ്രദ്ധേയ കേന്ദ്രം ആയി മാറിയിട്ടുണ്ട്.
കേരളത്തെ സംബന്ധിച്ച് ഫാമിലി ഓറിയന്റഡ് സ്പോർട്സ് ഇനങ്ങൾ വളർത്തിയെടുക്കാൻ വലിയ അവസരമുണ്ട്. നമ്മുടെ സുദീർഘമായ തീരപ്രദേശങ്ങൾക്ക് ഇത്തരത്തിൽ ശ്രദ്ധേയ കേന്ദ്രങ്ങളാകാൻ കഴിയും. ഇക്കഴിഞ്ഞ വർഷങ്ങളിൽ കാപ്പാട് ബീച്ചിൽ നടന്ന കൈറ്റ് ഫെസ്റ്റിവലിന് രണ്ട് ലക്ഷത്തിലധികംസന്ദർശകർ ഉണ്ടായിരുന്നു എന്ന വസ്തുത, ഇക്കോണമിക്ക് ഇതെത്ര ഗുണപരമാവും എന്ന സൂചന നൽകുന്നുണ്ട്. നമുക്ക് വലിയ സാധ്യതകളുള്ള മേഖലകൾ തിരിച്ചറിയുകയും പ്രൊമോട്ട് ചെയ്യുകയുമാണ് വേണ്ടത്. സ്പെയിനിലെ കാളപ്പോര് പോലെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനെ നമുക്ക് വളർത്തിയെടുക്കാൻ കഴിയണം. എത്രയോ പതിറ്റാണ്ടുകളായി കേരളത്തിൽ നമ്മൾ വള്ളംകളി നടത്തുന്നു. അതിന് ടെലിവിഷനിൽ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചത് പോലും ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രമാണ്.എന്നാൽ ചൈന അവരുടെ ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിനെ ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള ഒരു ഇന്റർനാഷണൽ കൾച്ചറൽ സ്പോർട്സ് ഫെസ്റ്റിവൽ ആക്കി മാറ്റിയെടുത്തു.
പോളിസി തലത്തിലുള്ള ശക്തമായ ഇടപെടലുകളാണ് വേണ്ടത്. സ്പോർട്സ് ഐക്കണിമയെ സംബന്ധിച്ചുള്ള വിശദമായ ഒരു ധവളപത്രം പുറത്തിറക്കാനുള്ള സമയമായിരിക്കുന്നു. കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ തുകയിൽ ഒരു നിശ്ചിത ശതമാനമെങ്കിലും സ്പോർട്സിന് മാറ്റി വയ്ക്കുന്നതു പോലുള്ള നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. സ്പോർട്സ് കേന്ദ്രീകൃതമായ സ്റ്റാർട്ടപ്പ് കമ്പനികളും ഉയർന്നുവരേണ്ടതുണ്ട്.
(വൺ ഇന്ത്യ കൈറ്റ് ടീം ഫൗണ്ടർ & സിഇഒ)
പുതിയ മേഖലകൾ ഉയർന്നു വരുന്നു - ആരോമൽ വിജയൻ
സ്പോർട്സ് വീഡിയോ അനാലിസിസിന് വലിയ തോതിൽ സ്വീകാര്യത ഏറുന്നുണ്ട്; സിനിമാ രംഗത്തുൾപ്പെടെ. കേരളത്തിലും ഈ മേഖല ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഞാൻ വീഡിയോ അനാലിസിസ് പഠിച്ചത് മുംബൈയിൽ ആണ്. പഠനം പൂർത്തിയാക്കിയ ശേഷം സിനിമാ രംഗത്ത് ആകസ്മികമായി അവസരം ലഭിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലെത്തിയതിന് ശേഷം സ്പോർട്സ് കൊറിയോഗ്രാഫി ചെയ്യാൻ അവസരം ലഭിച്ചതും മുംബൈയിൽ തന്നെയായിരുന്നു. ഒരു ഹിന്ദി സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇത്. തുടർന്ന് നാട്ടിലെത്തി ഏതാനും മലയാള സിനിമകൾക്ക് വേണ്ടി ഒറ്റയ്ക്ക് സ്പോർട്സ് കൊറിയോഗ്രാഫി ചെയ്യാനും കഴിഞ്ഞു. ആനപ്പറമ്പിലെ വേൾഡ് കപ്പ് ഉൾപ്പെടെ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു. തീർച്ചയായും ഏറെ സാധ്യതകളുള്ള ഒരു മേഖല തന്നെയാണിത്. സ്പോർട്സിന്റെ മുഖ്യധാരയിൽ നിന്ന് മാറി ഇത്തരം സ്പെഷ്യലൈസ്ഡ് മേഖലകൾ ഈ നാളുകളിൽ ധാരാളമായി വളർന്നു വരുന്നുണ്ട്. പുതിയ തൊഴിലവസരങ്ങളും ഉയർന്നു വരുന്നു. ലോക ഫുട്ബോളിൽ വീഡിയോ അനലിസ്റ്റ് എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു തസ്തിക ആയിക്കഴിഞ്ഞു. ഇന്ത്യയിലും ആ മാതൃക വ്യാപകമായി സ്വീകരിക്കപ്പെടുകയാണ്. ഫുട്ബോൾ കൂടുതൽ ജനകീയമാവുന്നതോടെ ഈ രംഗത്ത് തീർച്ചയായും വലിയ മുന്നേറ്റമുണ്ടാകും.
(പ്രശസ്ത ഫുട്ബോൾ താരം ഐ. എം. വിജയന്റെ പുത്രനായ ആരോമൽ വീഡിയോ അനലിസ്റ്റും നിരവധി സിനിമകളുടെ സ്പോർട്സ് കൊറിയോഗ്രാഫറുമാണ്)
ഒരുപാട് സാദ്ധ്യതകൾ ഉള്ള മേഖലയാണ് സ്പോർട്സ് - നവാസ് മീരാൻ
ഏത് സ്പോർട്സ് വളരണമെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങൾ ആൾക്കാർക്ക് മനസ്സിലാക്കണം. അതാണ് നമ്മൾ സ്കൂൾ ലെവലിൽ തന്നെ കുട്ടികൾക്ക് നൽകേണ്ടത്. അങ്ങനെ കിട്ടിയാലേ അവർക്ക് അടുത്ത തലത്തിലേക്ക് വളരാനാകു. അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നതോടെ നമുക്ക് സ്പോർട്സിനോട് ഒരു അടുപ്പം ഉണ്ടാകും. അങ്ങനെയാണ് വ്യൂർഷിപ് ഉയരുന്നത്. സ്പോർട്സിനോടുള്ള ഈ അടുപ്പമാണ് കൂട്ടേണ്ടത്. ഇതിനായി ഞങ്ങൾ പുതിയൊരു തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഫുട്ബോളിന് വേണ്ടി കോച്ചിങ് സെന്റേഴ്സ് തുടങ്ങി.ഇതിനകം 50 എണ്ണം പ്രവർത്തനം ആരംഭിച്ചു. ഓരോന്നിലും ഏകദേശം 200 കുട്ടികൾ പങ്കെടുക്കുന്നു.
സർക്കാർ ജോലി ലഭിച്ചില്ലെങ്കിൽ പല കളിക്കാരുടെയും ജീവിതം അത്ര സുരക്ഷിതമാകില്ല. അവർക്ക് ഒരു ജോലി നൽകുക എന്നതും ഇതിന്റെ ഭാഗമാണ്. അതുവഴി ഫുട്ബോൾ ലൈഫ് കഴിഞ്ഞിട്ടുള്ള ബാക്കി സമയം അവർക്ക് ഇവിടെ കോച്ച് ആയി പ്രവർത്തിക്കാനാകും. അതൊരു വരുമാന സാധ്യതയാണ്. ഒപ്പം ചെറിയ കുട്ടികളുടെ ടൂര്ണമെന്റ്സ് സംഘടിപ്പിക്കുന്നു.
നമുക്ക് ഒരുപാട് സാദ്ധ്യതകൾ ഉള്ള ഒരു മേഖലയാണ് സ്പോർട്സ്. അതുപോലെ ഒരു ഹെൽത്തി സൊസൈറ്റി വളർത്തിയെടുക്കുവാനും ഇതുവഴി സാധിക്കും.
(ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ)
കായിക പരിശീലനത്തിനൊപ്പം അടിസ്ഥാന വിദ്യാഭ്യാസവും താരങ്ങൾക്ക് ഉറപ്പാക്കണം - അശോക് കുമാർ
സ്പോർട്സിന് ഇന്ത്യയിൽ അനന്തമായ സാധ്യതകളാണുള്ളത്. നമ്മൾ ഇതുവരെ അത് ഉപയോഗിച്ചട്ടില്ല. എനിക്ക് ബാങ്കിങ് മേഖലയിൽ 25 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ആ മേഖല വിട്ടത് സ്പോര്ടിസിനോടുള്ള അതിയായ അഭിനിവേശം മൂലമാണ്. കേരളവും തമിഴ്നാടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അവിടെ കുട്ടികൾ സ്കൂളുകളിലും കോളേജുകളിലും ക്രിക്കറ്റ് ആണ് കളിച്ചു വളരുന്നത്. എന്നാൽ ഇവിടെ കേരളത്തിൽ ഫുട്ബോൾ ആണ് ഹരം. ഇവിടെ 75 ശതമാനം പേരും ജന്മനാ കളിക്കാരാണ്. ഫുട്ബോളിന് ഇവിടെ ലഭിക്കുന്ന സ്വീകാര്യത അത്ഭുതാവഹമാണ്. ഇവിടെ വാണിജ്യ പിന്തുണ നൽകുവാൻ ബിസിനസ് സ്ഥാപനങ്ങളും തയ്യാറാണ്.
ഫുട്ബോൾ എല്ലാവര്ക്കും സുപരിചിതമായ ഉൽപ്പന്നമാണ്. എന്നാൽ ഇതുവരെയും അതിനെ മാർക്കറ്റ് ചെയ്യുവാൻ സാധിച്ചിട്ടില്ല. നമുക്ക് ഒരുപാട് സ്റ്റേഡിയങ്ങൾ ഉണ്ട്. എന്നാൽ അതിനെ വേണ്ട വിധത്തിൽ മൈന്റൈൻ ചെയ്യാനുള്ള ഫണ്ട് ഇല്ല എന്നതാണ് സത്യം. സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അതിന് താല്പര്യമുള്ള നിരവധി കോര്പറേറ്റുകൾ ഇവിടെ ഉണ്ട്. അവരെ ഏൽപ്പിക്കണം.
എനിക്ക് സ്പോർട്സ് മതമാണ്, ഫുട്ബോൾ ജീവിതമാണ്. അത് അങ്ങനെ ആകുണമെങ്കിൽ ചെറുപ്രായത്തിലേ കുട്ടികളിൽ അതിനുള്ള പരിശീലനവും ശിക്ഷണവും തുടങ്ങണം. കായിക പരിശീലനത്തിനൊപ്പം അടിസ്ഥാന വിദ്യാഭ്യാസവും നമ്മുടെ താരങ്ങൾക്ക് ഉറപ്പാക്കണം. അത് ഭാവിയിൽ അവർക്ക് ഗുണമാകും.
മാക്രോ ലെവൽ മുന്നിൽ കണ്ടുകൊണ്ട് മൈക്രോ ലെവലിൽ പദ്ധതികൾ ആവിഷ്കരിക്കണം.
(ഗോകുലം ഫുട്ബോൾ ക്ലബ് സിഇഒ)
കേരളത്തിൽ തന്നെ കൂടുതൽ ടൂർണമെന്റുകൾ ഉണ്ടാകണം - ടിനു യോഹന്നാൻ
ക്രിക്കറ്റിന്റെ വളർച്ചയിൽ ബിസിസിഐക്കുള്ള പങ്ക് വലുതാണ്. ഞങ്ങളെല്ലാം അതിന്റെ ഫലം അനുഭവിക്കുന്നവരാണ്. എന്നാൽ ഭാവി എന്താണ് എന്നതിൽ ഈ സമയത്ത് ഒരു അനിശ്ചിതത്വമുണ്ട്. പക്ഷെ ക്രിക്കറ്റ് സോഷ്യൽ ഡിസ്റ്റൻസിങ് ഉള്ളൊരു കളിയാണ് എന്നതാണ് ആശ്വാസം. എന്നാൽ കാഴ്ചക്കാർ കൂടുതൽ ഡിജിറ്റലാകുകയാണ്. അതിനാൽ തന്നെ പ്രാദേശിക തലം മുതൽ അന്താരാഷ്ട്ര തലത്തിൽ വരെ ഒരുപാട് ടൂർണമെന്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നേരിട്ടുള്ള കാഴ്ചക്കാരുടെ അഭാവം ഒരു പ്രശ്നമാകില്ല. അതിനാൽ തന്നെ സ്പോർട്സിന്റെ ഭാവി അവസാനിക്കുന്നില്ല.
പെർഫോമൻസ് നന്നാകുന്നവർക്ക് ടീമിൽ വരാനുള്ള സാധ്യത കൂടി. അതിനാൽ മത്സരവും കൂടി. അതിൽ ബിസിസിഐയുടെ സിസ്റ്റവും നന്നായി പ്രവർത്തിച്ചു.
സ്ഥിരതയുള്ള പ്രകടനമാണ് മുകളിലേക്കുള്ള സെലക്ഷൻ കിട്ടുവാൻ പ്രധാനം. അവർക്ക് അതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക എന്നതാണ് നമുക്ക് ചെയ്യാനാകുക. അടിസ്ഥാന സൗകര്യങ്ങൾ നൽകുക, പരിശീലനം നൽകുക എന്നതെല്ലാം പ്രധാനമാണ്. കേരളത്തിൽ തന്നെ കൂടുതൽ ടൂര്ണമെന്റ്സ് ഉണ്ടാകണം. കാരക്റ്റർ റീഫോർമേഷനും അത്യാവശ്യമാണ്. അത് ചെറിയ പ്രായത്തിൽ തന്നെ തുടങ്ങണം. അത് എല്ലാ തരാം സ്പോർട്സിനും നല്ലതാണ്. ഒപ്പം സ്പോർട്സിലൂടെ കുട്ടികളെ ജീവിതം പഠിപ്പിക്കാനാകും എന്നതും ശ്രദ്ധിക്കണം. തോൽവിയെ നേരിടാൻ അത് കുട്ടികളെ പ്രാപ്തരാക്കും. പക്ഷെ ശ്രമങ്ങൾ കുട്ടികളുടെ ചെറു പ്രായത്തിലെ തുടങ്ങണം.
(മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും കേരളാ രഞ്ജി ടീം കോച്ചുമാണ്)
നമ്മുടെ കൈയെത്തും ദൂരത്താണ് ഒളിമ്പിക്സ് മെഡൽ - രാജു പോൾ
ട്രാക്ക്&ഫീൽഡ് ഒരു പ്രൊഫഷണൽ രീതിയിലേക്ക് വന്നാൽ കുറച്ചു കൂടി നന്നാകും. മത്സരങ്ങൾ നന്നായാൽ താരങ്ങളുടെ പ്രകടനവും മെച്ചപ്പെടും. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർ ആണ് അത്ലറ്റിക്സിലേക്ക് വരുന്നത്. ഈ മേഖല കൂടുതൽ പ്രൊഫഷണൽ ആകുന്നതോടെ കുട്ടികൾ കൂടുതലായി വരും, സാമ്പത്തീകമായി അവസ്ഥ മെച്ചപ്പെടും. കുട്ടികളുടെ സാമ്പത്തീക പരാധീനതകൾക്ക് മാറ്റമുണ്ടാകണം. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാകാനാകണം.
ചെറിയ ക്ലാസ്സുകളിൽ കായികാധ്യാപകരുടെ പോസ്റ് ആവശ്യമാണ്. കുട്ടികളെ കണ്ടുപിടിച്ച് പരിശീലിപ്പിക്കുന്ന അവസ്ഥ വരണം. പഞ്ചായത്തുകൾ തോറും ഗ്രൗണ്ടുകൾ ഉണ്ടാകണം. ആവശ്യത്തിന് പരിശീലകർ ഉണ്ടാകണം. അങ്ങനെയായാലേ കുട്ടികൾക്ക് കൂടുതൽ വളരാനാകു.
യുപി സ്കൂളിൽ 500 കുട്ടികൾ ഉണ്ടെങ്കിലേ കായികാധ്യാപകരുടെ പോസ്റ്റ് അനുവദിക്കൂ. അതൊരു പ്രശ്നമാണ്. ഇത് മരണം. ആവശ്യത്തിന് കായികാധ്യാപകർ സ്കൂളുകളിൽ ഉണ്ടാകണം. എങ്കിലേ പുതിയ താരങ്ങളെ കണ്ടെത്താനാകു. കോതമംഗലം സെന്റ്. ജോർജിന്റെയൊക്കെ അവസ്ഥ പരിതാപകരമാണ്. അഭിമാനകരമായ എത്രയോ നേട്ടങ്ങൾ ഈ സംസ്ഥാനത്തിന് നൽകിയ സ്ഥാപനമാണത്. അവരുടെയൊക്കെ ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. കോർപറേറ്റുകൾക്ക് സ്പോന്സറിങ്ങിനുള്ള അവസരവും അതുമൂലമുള്ള ഗുണം അവർക്ക് തിരിച്ചും ഉണ്ടാകണം. താഴെ തട്ടിൽ നിന്നാണ് മാറ്റം ഉണ്ടാകേണ്ടത്. അല്ലാതെ നമുക്ക് ഒരിക്കലും ഒളിമ്പിക്സ് നേടാനാകില്ല. കായിക താരങ്ങളെ സർക്കാരിന്റെ സ്വത്തായി ഏറ്റെടുക്കണം. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അത്ലറ്റിക്സ് വളരില്ല.
നമ്മുടെ കൈയെത്തും ദൂരത്താണ് ഒളിമ്പിക്സ് മെഡൽ. അതിനായി കൂടുതൽ തീഷ്ണമായി ശ്രമിക്കണം. സൗകര്യങ്ങൾ ഒരുക്കണം.
(ജിവി രാജ സ്പോർട്സ് സ്കൂളിന്റെ ചീഫ് കോച്ച് ആണ്)