EDITORIAL

ആര് മുറിക്കും ഈ കണ്ണികൾ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

06 May 2020

ബ്രേക്ക് ദി ചെയിൻ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വിജയമായി മാറി. കോവിഡ് പ്രതിരോധത്തിന്റെ ചരിത്രത്തിൽ അത് സുവർണ അക്ഷരങ്ങളിൽ അടയാളപ്പെടുത്താതിരിക്കില്ല. ലോകം മുഴുവൻ കേരള മാതൃക ശ്രദ്ധിക്കപ്പെട്ടു. അത് അഭിമാനകരം തന്നെ. 

കേരളത്തിന് മുന്നോട്ട് നോക്കുമ്പോൾ അത്ര നിസാരമായി കാണാൻ കഴിയാത്ത ചില വെല്ലുവിളികളുണ്ട്. കൊറോണാനന്തര കേരളത്തെ വിഭാവന ചെയ്യുമ്പോൾ അത് മുന്നിൽ കണ്ടേ മതിയാകൂ. 

ടൂറിസത്തിൽ വളരണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. പക്ഷെ പൊതു ശുചിത്വത്തിൽ വട്ടപ്പൂജ്യമാണ്. അടിസ്ഥാന സൗകര്യങ്ങളിൽ ശരാശരിക്കും വളരെ താഴെയാണ് നമ്മൾ. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പോലും താരതമ്യത്തിൽ അത്ര മികച്ചതല്ല. റോഡുകൾ നിലവാരമുള്ളതല്ല. നഗരങ്ങൾ സുന്ദരമല്ല. ടൂറിസം വളരണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ ഈ രണ്ടു കാര്യങ്ങളിലും- ശുചിത്വം, അടിസ്ഥാന സൗകര്യം- കാതലായ മാറ്റം ഉണ്ടാകണം. എന്ത് കൊണ്ടാണ് നമ്മുടെ റോഡുകൾ ഇങ്ങനെ കിടക്കുന്നത്. നമ്മുടെ പദ്ധതികൾ എപ്പോഴും ചെറുതായിരിക്കുന്നത്? നമ്മൾ വലുതായി ചിന്തിക്കാത്തത് കൊണ്ട് തന്നെയാണ്. ചിന്തക്ക് ആരോ ചങ്ങല ഇട്ടിരിക്കുന്നു. സ്വപ്നങ്ങൾക്ക് ആരോ പരിധി നിശ്ചയിച്ചിരിക്കുന്നു. ഈ ചങ്ങലക്കണ്ണികൾ പൊട്ടിക്കേണ്ടതല്ലേ? 

നമുക്ക് ദുബായും, സിംഗപ്പൂരും ആകേണ്ട, നമ്മളായാൽ മതി എന്നൊരു വിഭാഗം ചിന്തിക്കുന്നു. സ്വത്വ ബോധം കൊണ്ടാകാം. വളർന്ന നാടുകളുടെ നല്ല മാതൃകകൾ എന്തെ നമുക്ക് പകർത്തിക്കൂടാ. നാലുവരിപ്പാത വന്നപ്പോൾ എന്തിന് ഇതെന്നായിരുന്നു ചിലരുടെ ചോദ്യം? ഇപ്പോൾ 6 വരിപ്പാത മതിയാകാതെ ആയി. റോഡ് അവിടെ നിൽക്കട്ടെ. മാലിന്യത്തിന്റെ കാര്യമോ? ഇത്ര മോശമായി മാലിന്യ മാനേജ്‌മെന്റ് നടത്തുന്ന മറ്റൊരു ഇടം എടുത്തു കാട്ടാൻ ഉണ്ടാകില്ല. ഇതൊരു നല്ല അവസരമാണ്. ശുചിത്വ ബോധവും, ശീലങ്ങളും പതിയെ ആളുകളിലേക്കിറങ്ങി. വ്യക്തി ശുചിത്വവും, പൊതു ശുചിത്വവും ഒരു ആവശ്യകതയായി തിരിച്ചറിയുന്നു. പൂച്ചക്ക് മണി കെട്ടാൻ പറ്റിയ സമയമാണിത്. മാലിന്യ മാനേജ്‌മെന്റിൽ ഒരു ശക്തമായ മുന്നേറ്റത്തിന് സമയമായിരിക്കുന്നു. പൊതു വഴി, ബസ്, റെയിൽവെ‌ സ്റ്റേഷനുകൾ, മാർക്കറ്റുകൾ ഒക്കെ കണ്ടാൽ അ റയ്ക്കാത്ത നിലയിലാക്കണം.

കേരള മാതൃക കാണാനും പഠിക്കാനും ഇവിടേക്ക് കുത്തൊഴുക്കുണ്ടാകും എന്നാണ് അനുമാനം. ഉണ്ടാക്കിയ നല്ല പേര് കളയരുത്. ഹെൽത്ത് കെയർ ഡെസ്റ്റിറ്റിനേഷൻ, മെഡിക്കൽ ടൂറിസം ഹബ്, ട്രാവലേഴ്‌സ് പാരഡൈസ് എന്നൊക്കെ സ്വപ്നം കാണുമ്പോൾ സമാന്തരമായി മാലിന്യക്കണ്ണികൾ നമുക്ക് പൊട്ടിക്കണം.

നമുക്ക് ഐടി, ടൂറിസം ഇതൊക്കെ മതി എന്ന ഒരു ചിന്ത കുറേക്കാലമായുണ്ട്. പലതിനും പറ്റിയ സ്ഥലമല്ലത്രെ. കേരളത്തിന്റെ പ്രത്യേക അവസ്ഥ, സാഹചര്യം എന്നൊക്കെ ചിലർ ആവർത്തിച്ചു പറഞ്ഞു കാണുന്നുണ്ട് . അത് പോളിയേണ്ട ഒരു ധാരണയാണെന്ന് തോന്നുന്നു. നമുക്ക് അത് മാത്രം പോര. നമുക്ക് സംരംഭങ്ങളുടെ മഴവില്ല് വേണം. മാനുഫാക്ച്ചറിങ് ഇവിടെ പറ്റില്ലെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധർ 12000 തൊഴിലാളികൾ പണിയെടുക്കുന്ന കിറ്റക്സിനെയും, സിന്തൈറ്റിനെയും, പോപ്പീസിനെയും, ഡെന്റ കെയറിനെയും മറക്കണ്ട. അത്തരം 100 സ്ഥാപനങ്ങൾ വരട്ടെ. വരട്ടു തത്വ വാദങ്ങൾക്ക് തല്ക്കാലം അവധി കൊടുക്കാം. 

അതി തീവ്ര പരിസ്ഥിതി വാദമാണ് മുറിക്കേണ്ട മറ്റൊരു കണ്ണി. എന്തിനും വഴി മുടക്കാൻ കേരളത്തിൽ ഏറ്റവും പറ്റിയ  ആയുധമാണത്. 

പണത്തോടുള്ള  മനോഭാവവും പൊളിക്കേണ്ടത് തന്നെ. സമ്പത്തിനോടും അത് സൃഷ്ടിക്കുന്നവനോടുമുള്ള പുച്ഛം മാറണം. സ്വകാര്യ നിക്ഷേപണത്തോട് ഇപ്പോഴും ചിലർക്ക് അയിത്തമാണ്. കേരളത്തിലെ ബുദ്ധിജീവി പൊതു ബോധ്യം ഇപ്പോഴും കേരളത്തെ  സോവിയറ്റ് യുണിയനായി തെറ്റിദ്ധരിക്കുന്നു. 

ചൈന തുറന്ന ഇക്കോണമിയിലേക്ക് കടന്നത് വലിയൊരു ചങ്ങല പൊട്ടിച്ചായിരുന്നല്ലോ? പൂച്ച കറുത്തതോ, വെളുത്തതോ ആകട്ടെ, എലിയെ പിടിച്ചാൽ മതി എന്ന് അവർ തീരുമാനിച്ചില്ലായിരുന്നെങ്കിൽ ചൈന ഇന്ന് ഏത് അവസ്ഥയിലാകുമായിരുന്നു എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

കേരളത്തിന് കുതിക്കാൻ കുറച്ചധികം കണ്ണികൾ പൊട്ടിക്കേണ്ടതായി വരും. സിദ്ധാന്തങ്ങളുടെ, മനോഭാവത്തിന്റെ, നിലപാടുകളുടെ, കാഴ്ചപ്പാടുകളുടെ, വിശ്വാസങ്ങളുടെ ഒക്കെ കണ്ണികൾ മുറിക്കേണ്ടതുണ്ട്. ബ്രേക്ക് ദി ചെയിൻ തുടങ്ങിയിട്ടേയുള്ളൂ.


ഒരു 'പ്രത്യേക അവസ്ഥയും' കേരളത്തിലില്ല - വി സുനിൽ കുമാർ

സ്വകാര്യ തൊഴിൽ സംരഭങ്ങൾ വളരാത്ത ഒരു 'പ്രത്യേക അവസ്ഥ' കേരളത്തിൽ  ഉണ്ടെന്നാണ് പൊതു ധാരണ. എന്നാൽ ഈ അവസ്ഥ എന്താണെന്നതിൽ ആർക്കും വ്യക്തതയുമില്ല. സർവീസ്, ഐടി മേഖലകൾക്ക് മാത്രമേ കേരളത്തിൽ വളരാനാകൂ എന്ന തെറ്റായ ധാരണ കേരളത്തിലെ ആളുകൾക്കുണ്ട്.  ഇനിയെങ്കിലും ഈ പ്രത്യേക അവസ്ഥ മാറണം. നമ്മുടെ തൊഴിൽ സംസ്‍കാരം മാറണം. നാലുപേർക്ക് തൊഴിൽ കൊടുക്കുന്ന സ്ഥാപനങ്ങൾ ഇവിടെ ഉണ്ടാകണം. സർക്കാർ മൂലധനം പോലെത്തന്നെ വിലപിടിച്ചതാണ് സ്വകാര്യ മൂലധനവും എന്ന് മലയാളി തിരിച്ചറിയണം. ബന്ദും ഹർത്താലും, ലോക്ക്ഡൗണും ലേഓഫുമില്ലാത്ത 5 വർഷം ഒരുക്കാൻ സർക്കാരിന് സാധിക്കണം. വിവരാവകാശം എന്നൊക്കെ പറഞ്ഞു നാലുപേർക്ക് തൊഴിൽ നൽകുന്ന ഏതൊരു സ്വകാര്യ സംരംഭകനെയും വഴിയാധാരമാക്കുന്നതിൽ ആഹ്ലാദിക്കുന്ന ചില മലയാളികളുടെ മനസ്സിന് മാറ്റം വരണം. കാരണം ഇവർക്കാർക്കും ഒരാൾക്കുപോലും തൊഴിൽ കൊടുക്കാൻ പറ്റില്ല.  ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. സ്വകാര്യ സംരംഭകർ ലാഭമുണ്ടാക്കുമ്പോഴും ഒരുപാട് പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അവരെ സംരക്ഷിക്കുന്നുമുണ്ട്. ഈ കോവിഡ് കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളെപ്പോലും  അതിഥികൾക്കപ്പുറം സ്വന്തം  കുടുംബാംഗങ്ങളായി കാണുന്നവരാണ് മിക്ക സംരഭകരും.  മറ്റുള്ളവർക്ക് തൊഴിൽ നൽകുന്നതാണ് യഥാർത്ഥ സംരഭക സംസ്കാരം. മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയുള്ളവർക്കാണ് ആദരം ലഭിക്കുന്നത്. ഒരാൾക്കെങ്കിലും ജോലി നൽകുന്നവരെ അവിടുത്തുകാർ കാലിൽ തൊട്ട് വന്ദിക്കും. ഇവിടെ കാലിൽ പിടിച്ചു വലിച്ചിടും. മറ്റുള്ളവർക്ക് തൊഴിൽ നൽകുന്നവരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്. കേരളത്തിലെ സ്വകാര്യ സംരംഭകർ ഏതെങ്കിലും മാഫിയയുടെ ഭാഗമല്ല. പ്രവാസിയാകാൻ പറ്റാത്തത് കൊണ്ട് , പഠനത്തിനനുസരിച്ചുള്ള ജോലി ലഭിക്കാത്തത്കൊണ്ട്, സ്വന്തം  നാട്ടിലുള്ളവർക്ക് ഉപകാരമാകട്ടെ എന്ന് ചിന്തിക്കുന്നതുകൊണ്ട് ഒക്കെയാണ് മിക്കവരും ഇവിടെ സംരഭങ്ങൾ തുടങ്ങുന്നത്. അതിനു തടസ്സങ്ങൾ ഉണ്ടാകരുത്. അടുത്ത അഞ്ചുകൊല്ലം നാടിൻറെ പുരോഗതിക്ക് വേണ്ടി, കാലിയായ ഖജനാവ് നിറയാൻ വേണ്ടി, ഇവിടുള്ളവർക്ക് തൊഴിൽ ലഭിക്കാൻ വേണ്ടി, അടുത്ത തലമുറക്ക് വേണ്ടി സംരംഭക സംസ്കാരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്ക് കഴിയണം. ഈ കോവിഡ് കാലം നൽകുന്ന തിരിച്ചറിവ് അതാണ്. ഇതിനെ സഹായിക്കുന്നതാകണം നമ്മുടെ ട്രേഡ് യൂണിയനും, രാഷ്ട്രീയവുമെല്ലാം.

(അസറ്റ് ഹോംസ് മാനേജിങ്ങ് ഡയറക്ടറാണ് ലേഖകൻ)


മാമൂലുകൾ മാറണം - ജോർജ് മാത്യു 

മ്മൾ ചില കാര്യങ്ങൾ പാഠമായി എടുക്കണം. പ്രത്യേകിച്ച് മിതവ്യയശീലം. ലോക്ക്ഡൗൺ അത് നമ്മെ ശീലിപ്പിച്ചു. ആ ശീലം ഇനിയും തുടരണം. കാരണം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ വരാനിരിക്കുന്നു. അത് കൂടി മുൻകൂട്ടി കണ്ടുകൊണ്ട് വേണം കുടുംബത്തിലായാലും, സ്ഥാപനങ്ങളിലായാലും സാമ്പത്തികാസൂത്രണം നടത്താൻ. വരുമാനം കുറയും എന്ന അനുമാനത്തിൽ ബജറ്റ് നിയന്ത്രിക്കണം. 

നമ്മൾ ബ്രേക്ക് ചെയ്യേണ്ടത് പ്രധാനമായും നമ്മുടെ ചിന്താഗതികളും, മനസികാവസ്ഥയുമാണ്. ആർഭാടങ്ങൾ, അനാവശ്യ ചെലവുകൾ, മുൻഗണനകൾ ഇവയിലെല്ലാം ഉണ്ടായിരുന്ന പരമ്പരാഗത ചിന്താഗതികൾ ബ്രേക്ക് ചെയ്യണം. യുവ തലമുറ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക അച്ചടക്കം എന്നത് വലിയൊരു മൂല്യമാണ്. അത് കാലഘട്ടം ഇപ്പോൾ ആവശ്യപ്പെടുന്ന ഒന്നാണ്. 

അതിനോട് ചേർത്ത് ആലോചിക്കേണ്ട കാര്യം സ്വയം പര്യാപ്തത ആണ്. വ്യക്തിയും, കുടുംബവും, സമൂഹവും, രാജ്യവും അതിന് ശ്രമിക്കണം. യുവാക്കൾ മാതാപിതാക്കളെ ആശ്രയിക്കുന്ന, നിലവിലുള്ള മനസ്ഥിതി ഇല്ലാതാകണം. മാറാനുള്ള മനസ്സുണ്ടാകണം എന്നതാണ് മറ്റൊരു കാര്യം . വിപണിക്കും സാഹചര്യങ്ങൾക്കുമൊത്ത് മാറണം. നൈറ്റി അടിച്ചിരുന്ന തയ്യൽക്കാർ മാസ്ക് അടിക്കണം. അങ്ങനെ മാറുന്നത് കാണുമ്പൊൾ സന്തോഷം. എൻപിഒൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഗവേഷണ സ്ഥാപനമാണല്ലോ. അവർ കോവിഡ് പ്രതിരോധത്തിനായി ചെയ്തത് എത്രയോ വലിയ കാര്യങ്ങളാണ്. N 99 മാസ്ക്, ചുമയിൽ നിന്നും (ശബ്ദത്തിൽ നിന്നും) രോഗം തിരിച്ചറിയുന്നതിനുള്ള സംവിധാനം എന്നിങ്ങനെ സാഹചര്യം ആവശ്യപ്പെടുന്ന നിരവധി കണ്ടെത്തലുകൾ നടത്തി. ഗവേഷണ സ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ മാത്രമല്ല എല്ലായ്പോഴും ഈ രീതിയിൽ പ്രവർത്തിക്കണം. ഇന്നവേഷൻ നമ്മുടെ യുവാക്കൾ ജീവിതചര്യയുടെ ഭാഗമാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ലോകവും തമ്മിൽ നല്ല നെറ്റ്‌വർക്ക് ഉണ്ടാകണം. എങ്കിലേ നൂതന പരീക്ഷണ ഗവേഷണങ്ങൾ മനുഷ്യർക്ക് പ്രയോജനപ്പെടൂ. എപ്പോഴും പുതുമ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു മനസ്സാണ് രൂപപ്പെടുത്തേണ്ടത്. പഴകിയ ആശയങ്ങളുടെ ചങ്ങലകൾ പൊട്ടണം. 

മാറ്റങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധതയാണ് മറ്റൊന്ന്. പഠിപ്പിക്കാനും, പഠിക്കാനുമുള്ള അവസരങ്ങൾ ഡിജിറ്റൽ ലോകത്ത് വൻതോതിൽ വർദ്ധിച്ചു. അത് പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടോ എന്ന കാര്യം ആലോചിക്കണം. 

ഒന്നുപോയാൽ മറ്റൊന്ന് വരും. അത് ലോക തത്വമാണ്. റിയൽ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകൾക്ക് തിരിച്ചടി നേരിടുമ്പോൾ വേറെ ചിലത് ഉദിക്കും. അതിലേക്ക് നോക്കാനും പ്രയോജനപ്പെടുത്താനുമാവണം. ഒന്നിലും കുടുങ്ങിക്കിടക്കരുത്. 

ഗൾഫ് മലയാളിക്ക് നല്ല അഡാപ്റ്റബിലിറ്റി ഉണ്ട്. അവർ 35 ഡിഗ്രി ചൂടിനോടും,140 രാജ്യങ്ങളിലെ ആളുകളോടും മത്സരിച്ച് അതിജീവനം നടത്തിയവരാണ്. അവർ തിരിച്ചു വന്നാലും പ്രയാസപ്പെടില്ല. സംരംഭങ്ങൾ വിജയിപ്പിക്കാൻ അവർക്ക് കഴിയും. ഉപയോഗിക്കാത്തതിനെ ഉപയോഗിക്കണം. ഉദാഹരണമായി വെള്ളം. അത് ഒരു കമ്മോഡിറ്റിയായി അംഗീകരിക്കണം. ഗൾഫിന് എണ്ണ പോലെയാണ് നമുക്കത്. നാം ഇപ്പോഴും പാഴാക്കുന്നു. ഒരു തുള്ളി കളയരുത്. അത് വിൽക്കണം. ഇതുപോലെ ശുദ്ധവും, ഔഷധ സമ്പന്നവുമായ വെള്ളം എവിടെ കിട്ടും. അത് പറ്റില്ലെന്ന ചിന്ത നമ്മുടെ മനസ്സിൽ കിടക്കുന്നു. ഇത്തരം ചിന്തകളാണ് മാറേണ്ടത്.  

(പ്രമുഖ ബിസിനസ് ജേർണലിസ്റ്റാണ് ലേഖകൻ)


'വലുതായി ചിന്തിക്കാൻ തുടങ്ങണം'. -നവീൻ ഫിലിപ്

ടിസ്ഥാന സൗകര്യങ്ങളിൽ കേരളം വളരെ വലുതായി ചിന്തിക്കണം. ദുബായ്, സിംഗപ്പൂർ ഒക്കെ ചെയ്തത് പോലെ വലുതായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. റോഡ്, എയർപോർട്ട് എന്നിവയൊക്കെ മികച്ചതാകണം. കേരളത്തിലെ നികുതി  ഭാരം കുറയ്ക്കണം. നമുക്ക് ടാക്സ്  ലഭിക്കുന്ന മേഖലകൾ കുറവാണ്. അതുകൊണ്ട് ആ മേഖലകളിൽ നിന്നും പരമാവധി നികുതി ഈടാക്കുന്നു. അതിന് പകരം കൂടുതൽ ബിസിനസ് വളർന്നാൽ കൂടുതൽ പേരിൽ നിന്നും നികുതി ലഭിക്കും. അപ്പോൾ നികുതി ഭാരം കുറയും. മലയാളികളുടെ ഒരു ചിന്ത, സ്വന്തം വീട്ടിൽ മാത്രം ശുചിത്വം മതി എന്നാണ്. പുറത്ത് എങ്ങനെയെങ്കിലുമാകട്ടെ എന്നവർ കരുതുന്നു. അതാണ് നമ്മുടെ പൊതു സ്ഥലങ്ങൾ ഇത്ര മോശമായും, വൃത്തി ഹീനമായും കിടക്കുന്നത്. വികസിത രാജ്യങ്ങളിൽ എവിടെ നോക്കിയാലും പൊതു ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയൊക്കെ മികച്ച നിലയിൽ ആണ്. ഹെൽത്ത് കെയർ, ടൂറിസം, എഡ്യൂക്കേഷൻ എന്നിവയുടെ വളർച്ചക്ക് ഇത് അത്യന്താപേക്ഷിതമാണ്. ഈ രംഗത്ത് വളർന്ന രാജ്യങ്ങളെ നോക്കിയാൽ അത് ബോധ്യമാകും. 

മറ്റൊന്ന് നമുക്ക് മികച്ച എന്റർടെയിൻമെന്റ് ഹബ്ബുകൾ വേണമെന്നതാണ്. പബ്ബുകളും മറ്റും അടങ്ങുന്ന വിനോദ കേന്ദ്രങ്ങൾ. അവിടം 10 മണിക്ക് അടച്ചു പൂട്ടരുത്. നൈറ്റ് ലൈഫ് ഉണ്ടാകണം. നിക്ഷേപകർക്കും ഇത് ആകർഷകമായിരിക്കും. പല രാജ്യങ്ങളും ഇത് നന്നായി ചെയ്യുന്നു. അവയെ മാതൃക ആക്കാവുന്നതാണ്.

(പോപ്പുലർ മെഗാ മോട്ടോർസ് എം.ഡിയാണ് ലേഖകൻ)


ബ്രേക്ക് ദി സ്റ്റിഗ്മ - ഡോ. കെഎ മാത്യു 

രു അടിമുടി മാറ്റം ആണ് നമുക്കിപ്പോൾ ആവശ്യം. അതിന് ഏറ്റവും പറ്റിയ സാഹചര്യമാണ് ഇത്. നിയമങ്ങൾ മാറ്റി എഴുതേണ്ട സമയമാണിത്. കോവിഡ് കുറെ നിയമങ്ങൾ മാറ്റി എഴുതി. ബ്രേക്ക് ദി ചെയിൻ അതിന്റെ വിജയ മാതൃക ആണല്ലോ? കേരളം ഇനി കുതിക്കണം. അതിന് ആദ്യം വേണ്ടത് ബ്രേക്ക് ദി ബാരിയേർസ് (Break the Barriers) ആണ്. ചിലതൊക്കെ എടുത്തുമാറ്റാം, പൊളിച്ചു മാറ്റം. പക്ഷെ അത് ഒട്ടൊക്കെ ഭൗതികമാണ്. പ്രത്യക്ഷത്തിലുള്ളതുമാണ്. നമുക്ക് പക്ഷെ വേണ്ടത് വളരെ ഗുണപരമായ, ആഴത്തിലുള്ള മാറ്റമാണ്. ബ്രേക്ക് ദി സ്റ്റിഗ്മ (Break the Stigma) എന്ന് ഞാൻ അതിനെ വിളിക്കാൻ ആഗ്രഹിക്കുന്നു. മനസ്സിൽ, ചിന്താഗതിയിൽ മാറ്റം ഉണ്ടാകണം. ചെറുപ്പക്കാരിലാണ് ഇത് ആദ്യം വേണ്ടത്. ഇന്നത്തെ ചെയ്യൂ, ചെയ്യാവൂ എന്ന മനസ്ഥിതി മാറണം. ഞാനൊരു കോളേജ് അധ്യാപകനായത് കൊണ്ട് പഠിപ്പിക്കാൻ മാത്രമേ പാടുള്ളൂ എന്ന ചിന്ത പാടില്ല. രാജ്യത്തിന് ആവശ്യമെങ്കിൽ, എന്തും ചെയ്യണം. എന്ത് ജോലി ചെയ്യുന്നതിലും അഭിമാനം അഭിമാനമുള്ള യുവതലമുറ വളർന്ന് വരണം. 

പഠിക്കുന്ന കുട്ടികൾ തൊഴിൽ ചെയ്യാനും സമയം ഉല്പാദനക്ഷമമായി ഉപയോഗിക്കാനും ശീലിക്കണം. അതൊരു പുതിയ സംസ്കാരത്തിന്റെ രൂപപ്പെടലാണ്. സ്‌കൂൾ, കോളേജ് സമയം അതിനനുസരിച്ചു മാറണം. അതിന് നയപരമായ തീരുമാനം വേണ്ടി വരും. ഒറ്റയടിക്ക് ഇത് നടക്കില്ല. പക്ഷെ ആ മാറ്റത്തിന് വേണ്ടിയുള്ള ചർച്ചകൾ ഇപ്പോഴേ തുടങ്ങണം.              

(സാമ്പത്തിക വിദഗ്ധനും, നിരീക്ഷകനുമാണ് ലേഖകൻ. നിരവധി മാനേജ്‌മെന്റ് സ്‌കൂളുകളുടെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. തൃക്കാക്കര ഭാരതമാതാ കോളേജ് കൊമേഴ്‌സ് വിഭാഗം പ്രൊഫസറായിരുന്നു)


ശുചിത്വം വലിയ വെല്ലുവിളി - തോമസ് ചെറുകര 

ശുചിത്വമാണ് കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്ന് തോന്നുന്നു. നമ്മുടെ പൊതു സ്ഥലങ്ങളിൽ, ട്രെയിനിൽ, ബസിൽ ഒക്കെ ശുചിത്വമില്ലായ്മ കാണാം. ജനലിൽ കൂടി റോഡിലേക്ക് തുപ്പുന്നത് ഇപ്പോഴും പലർക്കും ശീലമാണ്. നിരന്തരം ബോധവത്കരണം നടത്തി ഇത് മാറ്റിയെടുക്കണം. നിയമങ്ങളും കർക്കശമാകണം. റോഡ് സുരക്ഷയിലോക്കെ    നടക്കുന്നതുപോലുള്ള വിപുലമായ പ്രചാരണം ഈ രംഗത്തുണ്ടാവണം. ഒരു മാസ്സീവ് ഡ്രൈവ് (Massive Drive) തന്നെ നടക്കണം. ചെറുപ്പം മുതലേ ഇത് പഠിപ്പിക്കുകയും, ശീലിപ്പിക്കുകയും ചെയ്യണം. പ്രായഭേദമെന്യേ എല്ലാ വിഭാഗങ്ങൾക്കിടയിലും ഇത് നടത്തണം. ചുമയുള്ള ഡ്രൈവർ വണ്ടിയോടിക്കുന്നതിനിടയിൽ മുഖം പൊത്തി തുമ്മിയ ശേഷം വീണ്ടും സ്റ്റിയറിങിൽ കൈ തൊടുന്നത് നമ്മൾ കാണാറില്ലേ? നമ്മുടെ റെസ്റ്റോറന്റുകളിലെ വെയിറ്റർമാർ മേശകൾ വൃത്തിയാക്കുന്നത് കാണാറില്ലേ? അവർ രാവിലെ മുതൽ ഒരേ തുണി കൊണ്ട് മേശ തുടക്കുന്നു. ഇതൊന്നും ആരുടേയും കുഴപ്പമല്ല. ഒരു ശീലത്തിന്റെ ഭാഗമാണ്. അതൊക്കെ മാറണമെങ്കിൽ വലിയ ശ്രമം ഉണ്ടാകണം.കൂട്ടായ പരിശ്രമം ഉണ്ടായേ മതിയാകൂ. കോവിഡ് മാത്രമല്ല, എല്ലാ വൈറസും പ്രശ്നമാണ്. അത് തടയണമെങ്കിൽ മുഖ്യമായി വേണ്ടത്  ശുചിത്വമാണ്. കേരളത്തിന്റെ വളർച്ചയിലുള്ള ഒരു പ്രധാന തടസം ശുചിത്വമില്ലായ്മ ആണ്.

(ചെറുകര മോട്ടോഴ്സിന്റെ മാനേജിങ് ഡയറക്റ്ററാണ് ലേഖകൻ)


പഠിച്ചതേ ചെയ്യൂ എന്ന വാശി വേണ്ട -സന്തോഷ് കുമാർ പി 

ഠിച്ചതേ ചെയ്യൂ എന്നൊരു പരമ്പരാഗത രീതി നമുക്കുണ്ട്. ഞാൻ പഠിച്ചത് കൊമേഴ്‌സ് ആയിരുന്നു. കൊമേഴ്സ് പഠിച്ചാൽ ബാങ്ക് മാനേജർ, അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നാണല്ലോ പൊതുവെ ഒരു കാഴ്ചപ്പാട്. ഒരു ബന്ധവുമില്ലാത്ത ഇവന്റ് മാനേജ്‌മെന്റ് ആണ് ഞാൻ ആദ്യം കൈ വച്ചത്. അന്ന് ഇവന്റ് മാനേജ്‌മെന്റ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും മനസിലാകാത്ത കാര്യമാണ്. 2017 വരെ തുടർന്നു. പിന്നീടും പഠിച്ചതുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല. പഠിച്ചത് മാത്രമേ ചെയ്യൂ എന്ന ചിന്താഗതി ബ്രേക്ക് ചെയ്യപ്പെടണം. പഠിച്ചത് അവിടെ ഇരിക്കട്ടെ. ചുറ്റും കണ്ണ് തുറന്ന് നോക്കുക. പുറം രാജ്യങ്ങളിലേക്കൊന്നും നോക്കണ്ട. അടുത്ത സംസ്ഥാനങ്ങളിലേക്ക് നോക്കിയാൽ മതി. പുതിയ സാദ്ധ്യതകൾ നമുക്ക് കണ്ടെത്താൻ കഴിയും. ഞങ്ങൾ ഇപ്പോൾ ഗ്ലോബൽ ഗാർനർ എന്നൊരു പുതിയ പ്രൊജക്റ്റിലാണ്. ഇത്തരം വേറിട്ട  കണ്ടെത്തലാണത്. ആകെത്തുകയായി എനിക്ക് പറയാനുള്ളത് പരമ്പരാഗത ചിന്താഗതി മാറണമെന്നാണ്. 

ഇത്രയധികം അതിഥി തൊഴിലാളികൾ ഇവിടെ ഉണ്ടെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. ഇവിടെ തൊഴിൽ ചെയ്യാൻ താല്പര്യമുള്ള ആർക്കും അവസരം ഇല്ലാതില്ല. പത്താം ക്‌ളാസുകാരൻ ഹോട്ടൽ ജോലിക്ക് പോകില്ല. ദുരഭിമാനമാണ് പ്രശ്നം. അതിനേക്കാൾ നല്ലത് വെറുതെ ഇരിക്കുന്നതാണെന്ന് അവൻ തീരുമാനിക്കുന്നു. ജോലിയുടെ മാന്യത അത് ചെയ്യുന്നവനാണ് നിശ്ചയിക്കുന്നത്. ഇവിടെ പണി കിട്ടാത്ത അവസ്ഥ ഉണ്ടാകാൻ ഇടയില്ല. പണി കണ്ടെത്താത്ത, പണി ചെയ്യാത്ത അവസ്ഥയാണ് ഉള്ളത്.

(ലേഖകൻ ഗ്ലോബൽ ഗാർനറിന്റെ കേരള മേധാവിയും അന്താരാഷ്ട്ര പരിശീലകനുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story