EDITORIAL

വിപണിയിൽ വിത്തിടാൻ തുടങ്ങാം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

07 Sep 2020

കോവിഡ് വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറങ്ങാൻ 8 - 10 മാസങ്ങൾ കൂടി എടുത്തേക്കും. അതു വരെ ഈ പ്രതിസന്ധി ലോകത്ത് പല മേഖലകളിലും കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് ഒട്ടൊക്കെ ഉറപ്പിക്കാം. അമിതമായ ആശങ്കയോ, അതിരുവിട്ട പ്രതീക്ഷയോ ആവശ്യമില്ലാത്ത ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. 

ബിസിനസ്, നിക്ഷേപം അങ്ങനെ എത് രംഗം നോക്കിയാലും കൂടുതൽ ജാഗ്രത ആവശ്യമുള്ള സമയമാണിത്. 

പ്രത്യക്ഷത്തിൽ ഇത് നിക്ഷേപത്തിന് ഉചിതമായ സമയം എന്ന് എല്ലാവരും പറയും. അത് ഒരു പൊതു നിഗമനം എന്ന നിലയിൽ ശരി തന്നെ. പക്ഷെ ഒരു കാര്യം ഉറപ്പിച്ച് പറയാം - 

കോവിഡ് ​ ഒരു താൽക്കാലികം പ്രതിഭാസം മാത്രമാണ്​. കോവിഡ്​ പ്രതിസന്ധി അകലുന്നതോടെ വിപണികൾ ശക്തമായി തന്നെ തിരിച്ചുവരും. ​​അപ്പോൾ കരുതലുള്ള നിക്ഷേപകർ ഇത്​ മികച്ച നിക്ഷേപ അവസരമായി വേണം കാണാൻ. എന്നാൽ, ഈ നിക്ഷേപത്തിന് സൂക്ഷ്​മ വിലയിരുത്തലുകളും കരുതലും അനിവാര്യമാണ്. ഓഹരി വിലയിലെ കുറവ്​ മാത്രമല്ല നിക്ഷേപത്തിന്​ മുമ്പ്​ 

ശ്രദ്ധിക്കേണ്ടത്​. കമ്പനിയുടെ മൂല്യവും ഭാവി സാധ്യതകളും കൃത്യമായി വിലയിരുത്തി വേണം നിക്ഷേപം നടത്താൻ. കോവിഡ്​ പ്രതിസന്ധിയിൽനിന്ന്​ കരകയറാൻ കമ്പനികൾക്ക്​ കുറഞ്ഞത്​ രണ്ടുവർഷമെങ്കിലും വേണ്ടിവരും എന്നതുകൂടി കണക്കിലെടുത്ത്​ വേണം നിക്ഷേപതീരുമാനങ്ങൾ എടുക്കാൻ.

ഒാഹരി വിപണിയിൽ പണം ഇറക്കുന്നതിനുമുമ്പ്​ നിക്ഷേപകന്​ ലക്ഷ്യത്തെക്കുറിച്ച്​ കൃത്യമായ ധാരണ ഉണ്ടാകണം. പല നിക്ഷേപകരും ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ പുലർത്തുന്നതായി കാണുന്നില്ല. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻ നിർത്തി വ്യക്തമായ ലക്ഷ്യം നിക്ഷേപകർ മുന്നിൽ കാണണം. വ​ളരെ കുറഞ്ഞ കാലംകൊണ്ട്​ വൻ നേട്ടം ഉണ്ടാക്കാനുള്ള കുറുക്ക്​ വഴിയല്ല ഓഹരി വിപണിയെന്ന്​ മനസ്സിലാക്കുക. കുറഞ്ഞത്​ അഞ്ചു വർഷമെങ്കിലും കാത്തിരിക്കാൻ തയാറായാൽ ഇന്ന​ത്തെ സാഹചര്യത്തിൽ ഓഹരി നിക്ഷേപങ്ങൾ മികച്ച നേട്ടം തന്നെ ലഭ്യമാക്കും.

ഓഹരി വിപണിയുടെ ചരിത്രം പരിശോധിച്ചാൽ വിപണിയുടെ തിരിച്ചുവരവും അത്​ ലഭ്യമാക്കിയ നേട്ടവും സുവ്യക്തമാകും. ഹർഷത്​ മേത്ത അഴിമതിയിലും 2008ലെ ആഗോള പ്രതിസന്ധിയിലും നോട്ടുനിരോധന സമയത്തും ഓഹരിവിലകൾ താഴെപ്പോയി. ആ സമയത്ത്​ നല്ല ഓഹരികൾ വാങ്ങിക്കൂട്ടിയവർ ഏറെ ലാഭം കൊയ്​തു. എന്നാൽ, ആ സമയത്ത്​ നല്ല മൂല്യമുള്ള ഓഹരികൾ വിറ്റവരോ?  അതുപോലെ തന്നെയാണ്​ കോവിഡ്​ സമയവും. നിക്ഷേപകർക്ക്​ നല്ല ഒാഹരികൾ വാങ്ങാൻ പറ്റിയ സമയം. വാങ്ങു​മ്പോൾ വിലയെ ​കുറിച്ച് ആശങ്കപ്പെടാ​തെ കമ്പനിയുടെ പ്രവർത്തനവും മൂല്യവും കൂടി മനസ്സിലാക്കി വേണം നിക്ഷേപം നടത്താനെന്ന്​ മാത്രം.

ഇന്ത്യ വലിയൊരു മികച്ച വിപണിയാണ്​. കൂടാതെ അതിവേഗം വളരുന്ന മധ്യവർഗവും. അടിസ്ഥാന സൗകര്യവികസനത്തിലും സേവനമേഖല വികസനത്തിലും വലിയ ആവശ്യമാണ്​ ഇത്​ ഉണ്ടാക്കുക​. ഇത് ഇന്ത്യയിലെ കമ്പനികൾക്ക്​ ലഭ്യമാക്കുക മികച്ച അവസരങ്ങളും.

കോവിഡ്​ തിരുത്തലിൽ പല മികച്ച ഒാഹരികളുടെ വില ഏറെ താഴെയെത്തി. ഇവയെല്ലാം ദീർഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകർക്ക്​ മികച്ച അവസരമാണ്​. എച്ച്​.ഡി.എഫ്​.സി, ഹിന്ദുസ്ഥാൻ യുനിലിവർ, ​ഐ.ടി.സി, നെസ്​ലെ, വിഗാർഡ്​, മാരുതി, ഇൻഫോസിസ്​, ടി.സി.എസ്​, ഫെഡറൽ ബാങ്ക്​, എൻ.ടി.പി.സി. എസ്​.ബി.​ഐ, വി ഗാർഡ്​, പി.എഫ്​.സി, എൻജിനീയേഴ്​സ്​ ഇന്ത്യ, ​യെസ്​ ബാങ്ക്​ എന്നിവ ഹ്രസ്വ, ദീർഘകാല നിക്ഷേപങ്ങൾക്ക്​ അനുയോജ്യമായ ഓഹരികളാണ്​. തൽക്കാലം മൾട്ടി ബാഗറുകൾക്ക് പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്. ഊഹക്കച്ചവട സ്വഭാവം ഇപ്പോഴത്തെ സാഹചര്യത്തിൽ  മാറ്റിവയ്ക്കാം. മുല്യവത്തായ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങാം.

നമുക്ക് നല്ല വിശ്വാസം തോന്നുന്ന കമ്പനികളുടെ ഓഹരികൾ മാത്രം തെരെഞ്ഞെടുക്കുക. എപ്പോൾ വാങ്ങുന്നു എന്നത് പോലെ പ്രധാനമാണ് എപ്പോൾ വിൽക്കുന്നു എന്നതും. 

ലോങ്ങ് ടേമിനെ നമ്മൾ തന്നെ നിർവചിക്കണം. സമയാസമയങ്ങളിൽ ലാഭമെടുത്ത് മാറാനും പഠിക്കണം. എൻട്രി, എക്സിറ്റ് പോയിൻ്റുകളെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടാകേണ്ടിയിരിക്കുന്നു. മറ്റ് ഏത് നിക്ഷേപ മാർഗത്തെക്കാളും ഇപ്പോൾ നല്ലത് മികച്ച കമ്പനികളുടെ ഓഹരികളിലുള്ള നിക്ഷേപം തന്നെയാണ്.


2021ലും വിപണിയിൽ കൂടുതൽ ചാഞ്ചാട്ടം ഉണ്ടായേക്കും - ബിനു ജോസഫ്

ഹരിവിപണിയിലെ ഇപ്പോഴുള്ള റാലിക്ക് കാരണം ലിക്വിഡിറ്റിയും സെന്റിമെന്റിലുണ്ടായ മാറ്റവുമാണ്. എന്നാൽ മുന്നോട്ട് ഇതേ ആനുകൂല്യം കിട്ടുമോയെന്ന് സംശയമുണ്ട്. യുഎസിൽ തെരഞ്ഞെടുപ്പ് വരികയാണ്. അതിന്റ ഫലം ആഗോള പണമൊഴുക്കിനെ സ്വാധീനിക്കും. അടുത്ത വർഷവും ഇപ്പോഴുള്ള ലിക്വിഡിറ്റി ഫ്ലോ ഇന്ത്യൻ മാർക്കറ്റിലേക്ക് ഉണ്ടാകുമോയെന്നുള്ളത് ഈ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. ട്രംഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അതിന്റെ പ്രതിഫലനം യുഎസ് മാർകെറ്റിൽ ഉണ്ടാകും. അത് ഇന്ത്യ പോലുള്ള ഉയർന്നുവരുന്ന വിപണികളെയും ബാധിക്കും.

അടുത്തത്, ഇപ്പോൾ കാണുന്ന പോസിറ്റീവ് റാലി കോവിഡ് വാക്‌സിൻ ഉടനെത്തും എന്ന പ്രതീക്ഷയിൽ ഉണ്ടാകുന്നതാണ്. പക്ഷെ ഇത് എത്രമാത്രം യാഥാർഥ്യമാകും എന്നത് സംശയമാണ്. വാക്‌സിൻ വൈകിയാൽ അത് ആഗോളതലത്തിൽ തന്നെ വിപണികളിൽ പ്രതിഫലിക്കും. അതിനാൽ തന്നെ ഇപ്പോൾ കാണുന്ന റാലി എത്രനാൾ തുടരും എന്നതിൽ എനിക്ക് ആശങ്കയുണ്ട്.

ലോക്ക് ഡൌൺ കാലം കഴിഞ്ഞു മോറട്ടോറിയം പീരീഡ് കൂടി കഴിഞ്ഞാലേ നമ്മുടെ സമ്പദ്ഘടനയുടെ യഥാർത്ഥ ചിത്രം ലഭിക്കു. ഇപ്പോൾ പറയുന്ന ജിഡിപി കണക്കുകളൊക്കെ സത്യമാണോയെന്ന് എനിക്ക് സംശയമുണ്ട്. 40 ശതമാനമെങ്കിലും ജിഡിപിയിൽ കുറവുണ്ടാകുമെന്നാണ് എന്റെ കണക്കുകൂട്ടൽ. അടുത്ത വര്ഷം 50 ശതമാനം ഉയരുന്ന ഒരു റാലി ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകില്ല. കൂടുതൽ ചാഞ്ചാട്ടം 2021ലും ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇപ്പോഴത്തെ മാർക്കറ്റിന്റെ അവസ്ഥ തീർത്തും വ്യത്യസ്തമാണ്. വിപണി വളരെ വേഗതയിലാണ് നീങ്ങുന്നത്. ഇൻവെസ്റ്റ്മെന്റുകളുടെ കാലപരിധി മാറി. ദീർഘകാല നിക്ഷേപങ്ങൾ എന്നത് മാറി. വളരെ പെട്ടന്ന് ഇൻഡസ്ട്രിയുടെ ഭാഗ്യം മാറിമറിയാം. അതിനാൽ അത്തരം ഇടപെടലുകൾക്ക് നിക്ഷേപകരും തയ്യാറാകണം. ഉദാഹരണത്തിന്, കഴഞ്ഞ അഞ്ച് വർഷമായി മോശം പ്രകടനം നടത്തിയിരുന്ന ഫർമാ ഇൻഡസ്ടറി അവസാന ആറു മാസമായി മികച്ച പ്രകടനം നടത്തുന്നു. അടുത്ത ഏതാനും വര്ഷങ്ങളിലേക്ക് ഈ ട്രെൻഡ് നിലനിന്നേക്കാം. മികച്ച പ്രകടനം നടത്തിയിരുന്ന ബാങ്കിങ് &  ഫിനാൻസ് മേഖലയിൽ തിരിച്ചൊരു ട്രെൻഡ് പ്രകടമാണ്. ആ ഒരു ഗ്യാപ്പിലേക്ക് വരുന്നത് ഒരുപക്ഷെ ഫാർമയാകാം. മെറ്റൽ, ഐടി സെക്ടറുകളെയും പ്രതീക്ഷിക്കാം. അതായത് രണ്ടോ മൂന്നോ വര്ഷം കൂടുമ്പോൾ ലോങ്ങ് ടെം എന്നത് റീഡിഫൈൻ ചെയ്യണം. ആ രീതിയിലേക്ക് മാറുവാനായിട്ടുള്ള മെന്റാലിറ്റി നിക്ഷേപകർക്ക് പുതിയ കാലഘട്ടത്തിൽ അത്യാവശ്യമാണ്.

നിക്ഷേപകർക്ക് ഫർമാ സെക്ടറിലെ മിഡ്,ലാർജ് ക്യാപ് സ്റ്റോക്കുകൾ തെരഞ്ഞെടുക്കാം. മെറ്റൽ സെക്ടറിലും അത്തരമൊരു നേട്ടം ഉണ്ടായേക്കും.

(ചോയ്സ് സെക്യൂരിറ്റീസ് റിസർച്ച് ഹെഡ്)


ക്വാളിറ്റി ഇക്വിറ്റീസ് സ്വന്തമാക്കാനുള്ള മികച്ച സമയമാണിത് - സൂരജ് നായർ

ക്കോണമിയിലും സ്റ്റോക്ക് മാർക്കറ്റിലും നല്ല വാർത്തകളൊന്നും കേൾക്കുന്നില്ല. എന്നാൽ നമ്മൾ കാണുന്നത് സൂചികകൾ ദിവസവും മുകളിലേക്ക് പോകുന്നതാണ്. യുഎസ് എത്രത്തോളം കറൻസി പ്രിന്റ് ചെയ്യുന്നുവോ, ലോകമാർക്കറ്റുകൾ അതിനോട് പ്രതികരിക്കുന്നു എന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കുവാൻ. അതിന്റെ ഒരു പ്രതിഫലനം തന്നെയാണ് ഇന്ത്യൻ മാർക്കറ്റിലും കാണുന്നത്. അതല്ലാതെ അനുകൂല വാർത്തകൾ ഒരിടത്തുമില്ല. പൊതുവെ സാഹചര്യം ഇങ്ങനെയാണെങ്കിലും പല കമ്പനികളുടെയും റിസൾട്ട് പ്രതീക്ഷിച്ചതിലും മോശമായതിന് ശേഷവും നമ്മൾ കാണുന്നത് ഒരു ദിവസത്തെ തിരുത്തലിന് ശേഷം ഓഹരി വില വീണ്ടും അടുത്ത കുതിപ്പ് നടത്തുന്നതാണ്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. നല്ല ബിസിനസ്സുകളുടെ ക്വാളിറ്റി ഇക്വിറ്റീസ് സ്വന്തമാക്കാനുള്ള മികച്ച സമയമാണിതെന്ന് മനസ്സിലാക്കുന്നവരാണ് ഇ സ്റ്റോക്കുകളെ പിന്തുടരുന്നത്. ഇതൊരു മികച്ച അവസരമാണ്. അത് ഉപയോഗപ്പെടുത്തുക. എന്നാൽ പക്വതയോടെ വേണം ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുവാൻ.

കോവിഡ് ലോകത്തെ ഒന്നടങ്കം ബാധിച്ച ഒരു മഹാമാരിയാണ്. എല്ലാവരുടെയും ബിസിനസിനെ അത് ബാധിച്ചു. അങ്ങനെ വരുമ്പോൾ പുതിയ അവസരങ്ങൾ കണ്ടെത്തേണ്ടത് ആവശ്യകതയാണ്. അവിടെയാണ് റിലയൻസിലേക്കുള്ള തുടർച്ചയായ വിദേശ നിക്ഷേപങ്ങളെ കാണേണ്ടത്. ഇന്ത്യയുടെ സാധ്യതകളാണ് അത് തുറന്നുകാട്ടുന്നത്. മൂന്നോ നാലോ മാസത്തിനുള്ളിൽ ഇന്ത്യൻ വിപണി സാധാരണ നിലയിലേക്ക് തിരിച്ചെത്തും. അതിൽ സംശയമില്ല. തെരഞ്ഞെടുത്ത കമ്പനികൾക്കും ബിസിനെസ്സുകൾക്കും സെക്ടറുകൾക്കും ഇത് ജീവിതത്തിൽ ഒരിക്കൽമാത്രം ലഭിക്കുന്ന അവസരമാണ്. അത് ഉപയോഗപ്പെടുത്തണം.

ഞാൻ മുന്നോട്ട് വെക്കുന്നത് എംപിഎസ്, ക്യസ് കോര്പറേഷന്, N100 ETF എന്നിവയാണ്.

(സിഇഒ, മോട്ട് ഫിനാൻഷ്യൽ സര്വീസസ്)


ചടുലമായ നീക്കങ്ങൾ ഇനി വിപണിയിൽ പ്രതീക്ഷിക്കാം - ജയദീപ് മേനോൻ

പ്പോഴത്തെ മാർക്കറ്റിലെ റാലി പൂർണമായും ലിക്വിഡിറ്റി മൂലമുള്ളതാണ്. ഒരു തരം കൃത്രിമത്വം. 2008 മുതൽ യുഎസ് സർക്കാർ ആരംഭിക്കുകയും ഇപ്പോൾ നമ്മളുൾപ്പെടെ പിന്തുടരുകയും ചെയ്യുന്ന സിസ്റ്റം ആണ് ഇതിന് പിന്നിൽ. അവിടെ ഇതുവരെ പ്രിന്റ് ചെയ്തിട്ടുള്ള കറൻസികളിൽ അധികം കറൻസി കഴിഞ്ഞ പകുതി വര്ഷത്തിനുളളിൽ അവർ പുറത്തിറക്കി കഴിഞ്ഞു. ഇന്ത്യയിലെ സാഹചര്യം പരിഗണിച്ചാൽ എപ്പോൾ ലോക്ക്ഡൌൺ പിൻവലിക്കുന്നോ അപ്പോൾ ഈ റാലി അവസാനിക്കാനാണ് സാധ്യത. താഴേക്കാണെങ്കിലും മുകളിലേക്കാണെങ്കിലും ചടുലമായ നീക്കങ്ങൾ ഇനി പ്രതീക്ഷിക്കാം. അൽഗോരിതം ട്രേഡിങ്ങ് പോലുള്ള കാര്യങ്ങളും ഇതിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

ഇൻഡക്സ് പരിഗണിച്ചാൽ അതൊരു മാനേജീരിയൽ പ്രോഡക്റ്റ് ആണ്. അതിനാൽ തന്നെ ഇൻഡക്സ് ഉയരുന്നു എന്നാൽ എക്കോണമിയിലെ പ്രശ്നങ്ങൾ മുഴുവൻ തീർന്നു എന്നർത്ഥമില്ല. നിലവിൽ ഒരു തിരുത്തൽ തുടങ്ങിയിട്ടുണ്ട്. അത് എങ്ങാനാകുമെന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു.

സ്തംഭനാവസ്ഥ ഇതുവരെ ഒരിടത്തും ഉണ്ടായിട്ടില്ല. സർക്കാർ നിയന്ത്രങ്ങങ്ങൾ ശക്തമായതുകൊണ്ട് സ്തംഭനാവസ്ഥ ഉണ്ടാകാനും സാധ്യതയില്ല. എന്നാൽ രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ട് സ്വർണം, റിയൽ എസ്റ്റേറ്റ് പോലുള്ള മേഖലകളിലേക്ക് പണച്ചുരുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ലോക്ക് ഡൌൺ തുടങ്ങിയ സമയത്ത് ചുരുക്കം ചില ബിസിനെസ്സുകൾ ഒഴിച്ചു ബാക്കിയെല്ലാം നിർത്തിവച്ചിരുന്നു. അങ്ങനെ വന്നപ്പോൾ ആ മേഖലകളിൽ നിന്നുള്ള ഫണ്ട് ഓഹരിവിപണിയിലേക്ക് എത്തി. അത് അവിടെ സ്ഥിരമായി നിൽക്കുന്ന ഒന്നല്ല. എന്തെങ്കിലും ഒരു ബിസിനസ് ചെയ്യാൻ വേണ്ടിമാത്രം വന്നിരിക്കുന്നതാണവർ. ബിസിനസ്സുകൾ വീണ്ടും തുടങ്ങുന്നതോടെ ഈ ഫണ്ട് മുഴുവൻ പുറത്തേക്ക് തിരിച്ചുപോകും.

പത്ത് വർഷമെങ്കിലും തുടർച്ചയായി സെയിൽസ് ഗ്രോത് കാണിച്ചിട്ടുള്ള, അതല്ലെങ്കിൽ റിട്ടേൺ ഓൺ ക്യാപിറ്റൽ ഉള്ള കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരെ സംബന്ധിച്ച് ഒരിടത്തും പണം പോയിട്ടുണ്ടാകില്ല.

അടുത്ത കുറച്ചു മാസങ്ങളിലേക്ക് ഞാൻ പ്രതീക്ഷ വയ്ക്കുന്നത് മീഡിയ, ഫാർമ, മിഡ് ക്യാപ് ഐടി തുടങ്ങിയ മേഖലകളിലാണ്.

(സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധൻ)


പ്രതിസന്ധികൾ ഗുണകരമാകുന്ന കമ്പനികൾ നോക്കി നിക്ഷേപിക്കുക - കൃഷ്ണൻ തമ്പി

മാർക്കറ്റിനെ നയിക്കുന്നത് ലിക്വിഡിറ്റി തന്നെയാണ്. 2008യുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന് സമാനമോ മോശമോ ആയ സാഹചര്യം സമ്പദ്ഘടനയിൽ ഉണ്ടെങ്കിലും ഇപ്പോഴത്തെ വിത്യാസം എന്നത് 2008ൽ ലിക്വിഡിറ്റി ഇല്ലായിരുന്നു. മാർക്കറ്റിനെ മൊത്തത്തിൽ പരിശോധിച്ചാൽ രണ്ട് ഘട്ടമായി പരിഗണിക്കേണ്ടി വരും, കോവിഡിന് മുമ്പും ശേഷവും. പല കമ്പനികളും മോശം റിസൾട്ട് വന്നതിന് ശേഷവും ഓഹരിവില മുന്നോട്ട് പോകുന്നുണ്ട്. കോവിഡിന് ശേഷം പൂജ്യത്തിൽ നിന്ന് തുടങ്ങുന്ന രീതിയിലാണ് നിക്ഷേപകർ കാര്യങ്ങൾ കാണുന്നത്. എന്നാൽ ലിക്വിഡിറ്റി നിൽക്കുന്നിടത്തോളം വാലുവേഷൻ പ്രശ്നമാകില്ല. യുഎസ് ഇലെക്ഷനും രാഷ്ട്രീയ അതിർത്തി തർക്കങ്ങളും വിപണിയെ ബാധിക്കും. അങ്ങനെ വന്നാൽ വിപണി താഴേക്ക് വരാം. അത്തരം തിരുത്തലുകൾക്കുള്ള സാധ്യതയാണുള്ളത്. അത് അവസരമാക്കി എടുക്കാം.

ഈ സാഹചര്യത്തിൽ നേട്ടമുണ്ടാക്കിയ ചില മേഖലകളുമുണ്ട്. ബ്രോക്കിങ് മേഖലയിൽ തന്നെ, ശരാശരി മൂന്ന് ലക്ഷം അക്കൗണ്ടുകളാണ് സിഡിഎസ്എൽ-നു കീഴിൽ പ്രതിമാസം പുതിയതായി തുറന്നിരുന്നതെങ്കിൽ കോവിഡിന് ശേഷം അത് പത്ത് ലക്ഷം വരെയായി ഉയർന്നു.

പ്രതിസന്ധികൾ ഗുണകരമാകുന്ന കമ്പനികൾ നോക്കി നിക്ഷേപിക്കുക. നഷ്ട്ടം സംഭവിക്കുന്ന കമ്പനികൾ കൂടുതലും ഫിക്സഡ് കോസ്റ് കൂടുതലുള്ളതും ഡെബ്റ് ഉയർന്നു നിൽക്കുന്നതുമാകും. അത്തരം കമ്പനികളെ ഒഴിവാക്കുക.

ഇന്നത്തെ ലോങ്ങ് ടെം എന്നത് സമയപരിധിയേക്കാൾ ദൃശ്യപരതയാണ്. ഒരു കമ്പനിക്ക് എത്ര കാലത്തേക്ക് ബിസിനസ് വിസിബിലിറ്റി നല്കാനാകുമോ അതാണ് അതിലെ ഇൻവെസ്റ്റ്മെന്റ്. വിസിബിലിറ്റി എന്ന് നഷ്ടമാകുന്നോ അന്ന് പിന്മാറാം.

കുറച്ചു കയറിയെങ്കിലും സിഡിഎസ്എൽ ഇനിയും മികച്ച നിക്ഷേപ അവസരമായിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് ഗ്യാസ്, ടാറ്റ കൺസ്യൂമർ, എച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മികച്ച നേട്ടം നൽകിയേക്കും.

(ഹെഡ്ജ് ഇക്വിറ്റീസ് റിസർച്ച് ഹെഡ്)


മറ്റുള്ള വ്യവസായ മേഖലകളുടെ തളർച്ച വിപണിക്ക് ഗുണമായി - സനൽ പെരുംതോട്ടത്ത്

ല്ലാ കമ്പനികളും ഓൺലൈൻ സൗകര്യങ്ങളിലേക്ക് മാറിക്കഴിഞ്ഞു. സ്റ്റോക്ക് ട്രേഡ് തന്നെയാണ് ഉദാഹരണം. ജോലിക്കാരായി 400 - 500 പേരുണ്ടായിരുന്ന പല സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾക്കും ഇപ്പോൾ മനസ്സിലായി 50 - 60 പേരെ വെച്ചിട്ടാണെങ്കിലും ബിസിനസ് നന്നായി നടത്താനാകുമെന്ന്. മിക്കവാറും എല്ലാ വ്യവസായ മേഖലകളിലും തൊഴിലില്ലായ്മ രൂക്ഷമാകും. എന്നാൽ പുതിയ മേഖലകൾ തുറന്നു കിട്ടുകയും ചെയ്യും.

മോറട്ടോറിയം നീട്ടേണ്ട സാഹചര്യത്തിലേക്ക് സർക്കാർ തന്നെ എത്തുകയാണ്. ഓഹരി വിപണിയിൽ അത് ബാങ്കിങ് മേഖലയെ കാര്യമായി ബാധിക്കും. എന്നാൽ അതുകൊണ്ടുള്ള നേട്ടം സാധാരക്കാരനാണ് ലഭിക്കുന്നത്.

ചില കാര്യങ്ങൾ ശ്രദ്ധാപൂർവം കാണണം. അതിലൊന്ന് റീറ്റെയ്ൽ നിക്ഷേപകരുടെ വരവ് ആണ്. മറ്റുള്ള വ്യവസായ മേഖലകളുടെ തളർച്ച വിപണിക്ക് ഗുണമായി. കൊറോണ കാലം ശരിക്കും വസന്തമാണ് ഓഹരിവിപണിക്ക് സമ്മാനിച്ചത്. സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും നന്നായി പ്രയത്നിക്കുന്നു.

പുതിയ നിയമങ്ങൾ വരുന്നതോടെ വിപണിയുടെ വിശ്വാസ്യത കൂടുകയാണ്. ശോഭനമായ ഭാവിയാണ് വിപണിക്ക് മുന്നിലുള്ളത്. അതുപോലെ ടെക്‌നിക്കലിൽ വിശ്വസിക്കുന്നതിൽ കൂടുതൽ ഫണ്ടമെന്റലിൽ വിശാസിക്കുന്ന കാലമാണ് വരാൻ പോകുന്നത്.

(ഫിനാൻഷ്യൽ ബ്ലോഗറും സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധന്യൂമാണ്)


2021 വിപണിക്ക് വളരെ മികച്ച വർഷമായിരിക്കും - രഞ്ജിനി ലിസ വർഗീസ്

റിലയൻസിന്റെ ഒരു റാലി നമ്മൾ കണ്ടു. ആഗോള വിപണികളിൽ നിന്ന് ലഭിക്കുന്ന പ്രതീക്ഷ 2021 എന്നത് വളരെ മികച്ച ഒരു വർഷമായിരിക്കും എന്നതാണ്. ഏതാണ്ട് അമ്പത് ശതമാനത്തോളം വളർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനൊരു പ്രകടനം ആഗോള തലത്തിൽ സംഭവിച്ചാൽ അതിന്റെ അനൂകൂല്യം ഇന്ത്യൻ വിപണികളിലും കാണാനാകും. ഇന്ത്യൻ കമ്പനികളിൽ ബാങ്കിങ് സ്ഥാപനങ്ങൾക്ക് പ്രതികൂലമായ അവസ്ഥയാണ് മാർകെറ്റിൽ നിലനിൽക്കുന്നത്. എന്നാൽ ഫിൻടെക്ക് കമ്പനികൾ ഉൾപ്പെടെയുള്ളവ വ്യത്യസ്തമാണ്. അവ തൊഴിൽ നൽകുകയും ചെയ്യുന്നുണ്ട്.

ഓട്ടോ സെക്ടർ മുഴുവൻ തകർന്നടിഞ്ഞു എന്ന് പറയുമ്പോഴും മാരുതിയുടെ റിസൾട്ട് കൂടി പരിശോധിക്കണം. അതായാത് ഒരു പോസിറ്റീവ് സെന്റിമെന്റ്സ് ഇന്ത്യൻ മാർകെറ്റിൽ നിലനിൽക്കുന്നുണ്ട്. അതായത് ഓരോ സെക്ടർ എടുത്ത് പരിശോധിച്ചാൽ ചില കമ്പനികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നല്ലൊരു അവസരമാണിത്. അത് ഉപയോഗിക്കുന്നവരുണ്ട്.

ദീർഘകാല നിക്ഷേപകർ എന്നത് ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ്. ആ ഒരു മാറ്റം നമ്മൾ കണ്ടുകഴിഞ്ഞു. ഇനിയുണ്ടാകുക ഒരു അവസരമുണ്ടാകുമ്പോൾ വിറ്റൊഴിഞ്ഞു അടുത്ത സ്റ്റോക്കിലേക്ക് പോകുന്ന നിക്ഷേപകരായിരിക്കും.

സൈക്ലിക് ചേഞ്ച് വിപണിയിൽ നമ്മൾ സ്ഥിരം കണ്ടിട്ടുണ്ട്. ഫാർമ മേഖലയുടെയും അത്തരത്തിലൊന്നാണ്. ലാർജ് ക്യാപ് സ്റ്റോക്കുകളേക്കാൾ കൂടുതൽ സ്‌മോൾ,മിഡ് ക്യാപ് ഓഹരികൾ മുന്നിലേക്ക് വരുമെന്നത് ഈ കോവിഡ് കാലത്ത് നമ്മൾ കേട്ടിരുന്നതാണ്. അത് ഇപ്പോൾ നമ്മൾ കാണുന്നു. അത്തരം പാറ്റേൺ മാറ്റങ്ങൾ ഇന്ത്യൻ വിപണിയിൽ ഇനിയുമുണ്ടാകും.

2021 വരുമ്പോഴേക്കും കൂടുതൽ ഐപിഒകൾ പ്രതീക്ഷിക്കാം. സെപ്തംബര് പാദം കഴിയുന്നതോടെ മാറ്റമുണ്ടാകുമെന്ന് ആർബിഐ ഉൾപ്പെടെ പറയുന്നുണ്ട്. മികച്ച റിട്ടേൺ നൽകുന്ന മറ്റ് ബിസിനസ്സുകൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ സ്റ്റോക്ക് മാർകെറ്റിൽ നിക്ഷേപം കുറച്ചു നാൾ കൂടി കാണും. അത് ഒരുപക്ഷെ ഹ്രസ്വകാലമായിരിക്കാം.

നാല് മേഖലകളാണ് നമുക്ക് മുന്നോട്ട് നോക്കാനാകുക. ഹെൽത്ത് കെയർ, സ്പെഷ്യലിറ്റി കെമിക്കൽ സെക്ടർ, റീറ്റെയ്ൽ & എഫ്എംസിജി, ഡിജിറ്റൽ&ഇന്റർനെറ്റ് കമ്പനികൾ.

(എക്സിക്യൂട്ടീവ് എഡിറ്റർ, ഹൈക്കു ബിസിനസ് ചാനൽ)


മോശമായത് അവസാനിച്ചു - വി. രാജേന്ദ്രൻ

രും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലാണ് നടന്നത്. മാർച്ച് മാസത്തിൽ സെൻസെക്സ് വലിയ രീതിയിൽ തകർന്നിരുന്നു. ഈ പ്രതിസന്ധി കാലത്ത് പാദഫലങ്ങൾ മോശമായിരിക്കും എന്നത് നമ്മൾ മനസ്സിലാക്കേണ്ടതാണ്. എന്നാൽ ഇതെലാം മാർക്കറ്റ് നേരത്തെ തന്നെ ഡിസ്‌കൗണ്ട് ചെയ്തു കഴിഞ്ഞു. ഇനി അത് താഴോട്ട് പോകില്ല. മാർക്കറ്റ് മുകളിലേക്ക് പോകുമ്പോൾ തിരുത്തലുകൾ ഉണ്ടാകും. എന്നാലും  മോശമായത് അവസാനിച്ചു എന്നാണ് എന്റെ അഭിപ്രായം.

(ക്യാപ്‌സ്റ്റോക്‌സ് മാനേജിങ് ഡയറക്ടർ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story