EDITORIAL

റബറിൽ പ്രതീക്ഷ - ന്യൂഏജ് എഡിറ്റോറിയൽ

Newage News

07 Dec 2020

ർഷകന് റബർ നല്ലതേ വരുത്തിയിട്ടുള്ളു. അത് തുടരുകയാണ്. കോവിഡിൽ പകരുന്നത് വലിയ ആശ്വാസം. വില സമീപകാലത്തെ ഏറ്റവും മികച്ച നിലയിൽ എത്തിയിരിക്കുന്നു. പരമാവധി നേട്ടുണ്ടാക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ സമീപനം. ഉല്പാദനം കഴിയുന്നത്ര വർധിപ്പിക്കുക. വില കൂടി നിൽക്കുന്ന സമയത്ത് തന്നെ വിറ്റ് നേട്ടമുണ്ടാക്കുക. 

ഈ വില ചിലപ്പാൾ കുറച്ച് കൂടി മുന്നോട്ട് പോയേക്കാം. പക്ഷെ എക്കാലവും ഈ മികവ് പുലർത്താൻ കഴിയണമെന്നില്ല. അന്താരാഷ്ട്ര വിപണികളും, പെട്രോളിയവും ഒക്കെയായി കെട്ടുപിണഞ്ഞു കിടക്കുന ഒന്നാണ് റബർ വില. പ്രധാന റബർ ഉല്പാദക രാജ്യങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ഉല്പാദനം ഗണ്യമായി കുറഞ്ഞു. ഇതാണ് റബർ വില പെട്ടെന്ന് ഇത്ര ഉയരാൻ കാരണം. ആ പ്രവണത ദീർഘകാലത്തേക്ക് തുടരണമെന്നില്ല. 

റബർ ഒരു പ്രതിസന്ധിയെ അതി വിദൂരത്തല്ലാതെ പ്രതീക്ഷിക്കുന്നുണ്ട്. പെട്രോളിയം വില താഴേക്ക് പോകാൻ ഇടയുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റമാണ് കാരണം. 

സിന്തറ്റിക് റബറിന് സ്വാഭാവികമായും വില കുറയും. റബർ അധിഷ്ഠിത വ്യവസായങ്ങൾ കൂടുതൽ സിന്തറ്റിക് റബർ ഇൻപുട്ട് എടുക്കും. നാച്വറൽ റബറിൻ്റെ ഡിമാൻഡ് ഇത് കുറയ്ക്കാൻ ഇടയുണ്ട്. 

ടയർ വ്യവസായത്തിലാണ് നാച്വറൽ റബർ കൂടുതലായി ഉപയോഗിക്കുന്നത്. മറ്റുള്ള വ്യവസായ മേഖലകളിൽ ഉപഭോഗം കുറവാണ്. 

കേരളത്തിൽ റബർ മൂല്യവർധന താരതമ്യേന ദുർബലമാണ്. കർഷകർ റബർ പാലായോ, ഷീറ്റാക്കിയോ വിൽക്കുന്നു. sയർ ഒഴിച്ചാൽ ബലൂൺ, റബർ ബാൻസ് പോലുള്ള കൊച്ചു വ്യവസായങ്ങളിലാണ് നാച്വറൽ റബറിൻ്റെ ഉപയോഗം. 

ചില വമ്പൻ സാധ്യതകളെ നാം ഉപയോഗിച്ചിട്ടില്ല. ഇന്ത്യയിൽ എത്ര കോടി കിലോമീറ്റർ റോഡ് ഒരു വർഷത്തിൽ പുതുതായി ഉണ്ടാക്കുകയാ, പുനർ നിർമിക്കുകയോ ചെയ്യുന്നു. റബറൈസ്ഡ് റോഡുകൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. കേന്ദ്രം റോഡ് പോളിസിയിൽ ഇത്തരം ഒരു മാറ്റം വരുത്തി ടാറിങ്ങിന് റബർ ഉപയോഗിച്ച് തുടങ്ങിയാൽ വലിയ മാറ്റം ഉണ്ടാകും. ടയർ മേഖലയെക്കാൾ വലുപ്പമേറെയുള്ളതാണ് റോഡ് നിർമാണ രംഗം. 

റബർ ബോർഡ് കാതലായ ചില ഇടപെടലുകൾ നടത്തുന്നുണ്ട്. മുല്യവർധനയിൽ അടക്കം. ടാപിങ്ങിൽ പുതിയ പരീക്ഷണങ്ങൾ. ഇടവിളകൾ, അങ്ങനെ പലതും. 

ഇത്തരം മാറ്റങ്ങൾ ഉണ്ടായേ മതിയാകൂ. കർഷകന് റബർ തണലാകാൻ ഇത്തരം പൊളിച്ചെഴുത്തുകൾ ഉണ്ടായേ മതിയാവൂ.


ആഗോള സാഹചര്യങ്ങളുടെ പ്രതിഫലനമാണ് ആഭ്യന്തര മാർക്കറ്റിലും കാണുന്നത് - ഡോ: കെ എൻ രാഘവൻ

പ്രതീക്ഷാവഹമായ മുന്നേറ്റമാണുണ്ടായത്. ലോക്ക്ഡൌൺ സമയത്ത് വിപണിയെല്ലാം ആകെ നിശ്ചലമായ അവസ്ഥയായിരുന്നു. നാലാം ഗ്രേഡ് റബ്ബറിന് വില 125 രൂപ വരെയായി താഴ്ന്നിരുന്നു. മുന്നോട്ടുള്ള അവസ്ഥയെക്കുറിച്ചു വ്യക്തതയില്ലായിരുന്നു. അതിനാലാണ് റബ്ബർ ബോർഡ്‌തന്നെ 100 രൂപ അഡ്വാൻസായി നൽകി സാധാരണ കർഷകരുടെ ഇടയിൽ നിന്ന് റബ്ബർ സംഭരിച്ചത്. പിന്നീട് വിപണി തുറന്നപ്പോൾ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ഇപ്പോൾ വില കൂടാനുള്ള കാരണം വിപണിയനുസരിച്ചുള്ള വിലനിയന്ത്രണമാണ്. ഒരു വ്യക്തിയോ ഒരു സർക്കാരോ നിശ്ചയിക്കുന്നതല്ല, ഡിമാൻഡും സപ്ലൈയും തമ്മിലുള്ള അന്തരം കാരണമുണ്ടായ വിലവർദ്ധനവാണ് ഇപ്പോഴത്തേത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവുമധികം റബ്ബർ ഉൽപ്പാദിപ്പിക്കുന്നത് തായ്ലൻഡ് ആണ്. അതിന് പിറകിൽ ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും. മുൻനിര ഉൽപ്പാദക രാജ്യങ്ങളിൽ ഈ വർഷം ഉൽപ്പാദനം കുറഞ്ഞു. തായ്‌ലൻഡിൽ ഇത്തവണ തെരഞ്ഞെടുപ്പ് വർഷമായതിനാൽ വില ഉയർന്നു നിൽക്കേണ്ടത് അവരുടെ ആവശ്യമാണ്. മാത്രമല്ല കാലാവസ്ഥയുടെ മാറ്റവും അവിടുത്തെ ഉൽപ്പാദനത്തെ ബാധിച്ചു. മറ്റൊന്ന് കോവിഡ് കാലത്ത് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി. അതോടെ റബ്ബർ മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായി. അതുപോലെ ഇലകൊഴിച്ചിൽ രോഗം അവിടെ ഇപ്പോൾ വ്യാപകമാണ്. ഇതെല്ലം കാരണം റബ്ബറിന്റെ ഉത്പാദനം വളരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗണിന് ശേഷം ഉപഭോഗം വളരെയധികം കൂടി. ലോകത്തേറ്റവുമധികം റബ്ബർ ഉപയോഗിക്കുന്ന രാജ്യം ചൈനയാണ്. അത് ഇത്തവണ കൂടി. അവിടെയുള്ള റബ്ബർ ഉത്പാദനം വളരെ കുറവാണ് താനും. അങ്ങനെയുള്ള ആഗോള സാഹചര്യങ്ങളുടെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വില കൂടിയത്. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര മാർക്കറ്റിലും കാണുന്നത്. മറ്റൊന്ന് കാണേണ്ടത്, ജൂൺ മാസത്തിൽ ടയറിന്റെ ഇറക്കുമതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ്. ചൈനീസ്, തായ്‌വാൻ ടയറുകൾ ധാരാളമായി ഇന്ത്യയിലേക്ക് വരുന്നുണ്ടായിരുന്നു. ലൈസൻസിങ് ഏർപ്പെടുത്തിയതോടെ അത്തരം ഇറക്കുമതികൾ കുറഞ്ഞു. അതോടെ ആഭ്യന്തര ടയർ ഉല്പാദകർക്ക് വിൽപ്പന കൂടി, റബ്ബറിന്റെ ആവശ്യകത വർധിച്ചു. അങ്ങനെ റബ്ബറിന്റെ വില വർധിച്ചു. ഈ സമയത്ത് പരമാവധി ഉൽപ്പാദനം കൂട്ടി കർഷകർ മെച്ചമെടുക്കണം. മറ്റൊന്ന് ഇപ്പോഴുള്ള ഉയർന്ന വില എത്ര നാൾ നിലനിൽക്കുമെന്ന് പറയാനാകില്ല. സാഹചര്യങ്ങൾ മാറാം.

കർഷകർ വളരെ വിവേകത്തോടെയാണ് സാഹചര്യങ്ങളെ നേരിട്ടത്. ഈ വർഷം റെയ്ൻ ഗാർഡിങ് നടക്കുമോയെന്ന് സംശയിച്ചു നിന്ന ഘട്ടത്തിൽ സഹകരണ ബാങ്കുകൾ വായ്പകൾ ലഭ്യമാക്കി കർഷകർക്ക്. എല്ലാവരും ഒരുമിച്ചു നിന്നു. ഈ വർഷം ഒക്ടോബറിൽ 75000 ടൺ ഉൽപ്പാദനമുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അത് 65000 ടൺ ആയിരുന്നു. ഏകദേശം 15 ശതമാനത്തോളം ഉൽപ്പാദനം കൂട്ടാനായിട്ട് നമ്മുടെ കർഷകർക്ക് സാധിച്ചു. പുതിയൊരു പ്രവണത കാണുന്നത്, ആളുകൾ സ്വന്തമായി റബ്ബർ ടാപ്പിങ് ആരംഭിക്കുന്നു എന്നതാണ്. അഭ്യസ്ഥവിദ്യർ ഉൾപ്പെടെ സ്വന്തം മരങ്ങൾ ടാപ്പ് ചെയ്യുന്നു. അതുപോലെ വെട്ടാതിട്ടിരുന്ന തോട്ടങ്ങളുടെ എണ്ണം കുറഞ്ഞു. ഇതെല്ലം പോസിറ്റീവായ മാറ്റങ്ങളാണ്. നമ്മൾ ഉൽപ്പാദനം കൂട്ടിയാൽ തീർച്ചയായും ഇറക്കുമതി കുറയ്ക്കാൻ കമ്പനികളും സർക്കാരും നിർബന്ധിതമാകും.

തായ്‌ലൻഡിലെ വിലയാണ് അന്താരാഷ്ട്ര വിപണിയിൽ പ്രതിഫലിക്കുക. വിലകുറച്ചു കൂടി ഉയർന്നേക്കാം എന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്.

400 സീരിസിൽ പെട്ട തൈകളുടെ ഗവേഷണമാണ് ഇപ്പോൾ റബ്ബർ ബോർഡ് ചെയ്യുന്നത്. ഏറ്റവും വിജയിച്ച ക്ലോൺ 105 ആണ്. ഏറ്റവും നല്ല വരുമാനം തരുന്ന വിഭാഗവുമാണത്. പുതിയതരം തൈകൾ കണ്ടെത്തുവാനുള്ള ഈ ഗവേഷണം തുടർന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള തൈകളും വികസിപ്പിക്കുവാൻ ശ്രമം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. റബ്ബർ ബോർഡിന്റെ പ്രയോറിറ്റി രാജ്യത്തെ ആകെ റബ്ബറിന്റെ 70 ശതമാനത്തോളം ഉൽപ്പാദിപ്പിക്കുന്ന കേരളം തന്നെയാണ്.

(എക്സിക്യൂട്ടീവ് ഡയറക്ടർ, റബ്ബർ ബോർഡ്)


സിന്തെറ്റിക് റബർ സമീപ ഭാവിയിൽ കൂടുതൽ പ്രാധാന്യം നേടും - വി കിരൺ 

ജൂൺ 15ന്  ടയർ ഇറക്കുമതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളോടെ ആഭ്യന്തര ടയർ ഉല്പാദകർക്ക് വിൽപ്പന കൂടി, റബ്ബറിന്റെ ആവശ്യകത വർധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോള തലത്തിൽ നോക്കുമ്പോൾ ടയർ ഇൻഡസ്ട്രിയാണ് റബറിന്റെ പ്രധാന ആവശ്യക്കാർ. എന്നാൽ ആഗോള ടയർ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന റബറിൽ 75 ശതമാനവും സിന്തറ്റിക്ക് റബറാണ്. 25% മാത്രമേ പ്രകൃതിദത്ത റബ്ബർ ഉള്ളൂ. എന്നാൽ ഇന്ത്യയിൽ ഇത് 1:1 അനുപാതത്തിലാണെന്ന് കാണാം. ടയർ ഉത്പാദകരെ സംബന്ധിച്ച് അവർ എപ്പോഴും അസംസ്കൃത വസ്തുക്കളുടെ (റബർ) വിലയിൽ ഒരു സ്ഥിരത ആഗ്രഹിക്കുന്നു. അതേസമയം നമ്മുടെ റബർ വിലയിൽ കയറ്റിറക്കങ്ങൾ വലുതായുണ്ട്. പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ സിന്തെറ്റിക് റബ്ബറിന് പ്രകൃതിദത്ത റബറിന്റെ മിക്കവാറും സവിശേഷതകൾ നേടാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവിക റബ്ബറിന്റെ വില ഉയർന്ന് പോകുന്നത് ടയർ ഉത്പാദകർ സിന്തെറ്റിക്ക് റബറിനെ കൂടുതലായി ആശ്രയിക്കുന്നതിന് ഇടയാക്കിയേക്കും. നിലവിൽ വിപണിയിലെ ഉയർന്ന ഡിമാൻഡും എന്നാൽ നിയന്ത്രണങ്ങൾ മൂലം ടയർ കിട്ടാനില്ലാത്തതുമാണ് വില ഉയർത്തിയിരിക്കുന്നത്. ലോങ്ങ് ടേമിൽ റബർ വില ഉയർന്നു പോകുന്നത് സിന്തെറ്റിക് റബ്ബറിലേക്ക് ഇൻഡസ്ട്രിയുടെ ഫോക്കസ് ഷിഫ്റ്റ് ചെയ്യാനാണ് സാധ്യത. കേന്ദ്ര ഗവണ്മെന്റിന്റെ ഇറക്കുമതി നിരോധന നിയമം വിപണിയിൽ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മിഷെലിൻ പോലുള്ള മുൻനിര രാജ്യാന്തര കമ്പനികളെ ഇത് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇന്ത്യൻ കമ്പനികളുമായി തട്ടിച്ചുനോക്കുമ്പോൾ ഉയർന്ന ക്വളിറ്റിയുള്ള രാജ്യാന്തര ബ്രാൻഡുകളുടെ കോസ്റ്റ് താരിഫുകളെല്ലാം അടച്ചതിന് ശേഷവും വളരെ കുറവാണെന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ ഇന്ത്യൻ ടയർ ഇൻഡസ്ട്രിയിലെ കോസ്റ്റ് വളരെ ഉയർന്നതാണ്. ഇത് ഉപഭോക്താവിന്റെ പോക്കറ്റിനെയാണ് ബാധിച്ചിരിക്കുന്നത്. കമ്പനികളുടെ ഫോക്കസ് ഇനി കൂടുതൽ സിന്തെറ്റിക് റബറിലേക്ക് തന്നെ മാറും. അതിനെ ചെറുക്കാൻ കർഷകരുടെ കൂട്ടായ്മക്ക് വലിയ തോതിൽ സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ടയറിന്റെ നിർമാണഘടകങ്ങളിൽ 50% മാത്രമേ റബർ വരുന്നുള്ളൂ. അത് സ്വാഭാവിക റബർ ആയാലും സിന്തെറ്റിക് ആയാലും. ഒപ്പം ടയറിന് പുറമെ മറ്റ് ഉത്പന്നങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്ന ആശയം മികച്ചതാണ്. പക്ഷെ ഇത് എത്രത്തോളം സാധ്യമാണ് എന്നത് പ്രധാനമായ ചോദ്യമാണ്. ഇതിന് പുറമെ സിന്തെറ്റിക് റബറിന്റെ അസംസ്കൃത വസ്തു എന്ന നിലയിൽ പെട്രോളിയത്തിന്റെ അവൈലബിലിറ്റി ഭാവിയിൽ ഇനിയും കൂടാനാണ് സാധ്യത. ഇത് വീണ്ടും സിന്തെറ്റിക് റബറിന്റെ അവൈലബിലിറ്റി കൂട്ടുകയും ചെയ്യും. 

(ഡയറക്ടർ, ടയറെക്സ് ടയർ ട്രേഡിങ്)


റബർ ഉപഭോഗത്തിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തണം - സെബിൻ പൗലോസ്

വിലവർദ്ധനക്കായി വലിയൊരു പൊളിറ്റിക്കൽ പ്രെഷർ ചെലുത്താൻ റബർ കർഷകർക്ക് കഴിയില്ല. ഇപ്പോൾ കിട്ടുന്ന വില റബറിന് കിട്ടിയേക്കാവുന്ന മികച്ച വിലയാണ്. അതുകൊണ്ട് തന്നെ ക്രിയാത്മകമായ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻപ് ശ്രീ പി സി സിറിയക്ക് ചുമതല വഹിച്ചിരുന്നപ്പോൾ കർഷകർക്ക് സഹായകമായ സഹകരണ സംഘങ്ങൾ പോലുള്ള ആശയങ്ങൾ നടപ്പാക്കിയിരുന്നു. അതിനു ശേഷം ഇപ്പോളാണ് ശ്രീ കെ എൻ രാഘവന്റെ നേതൃത്വത്തിൽ ചില നൂതന ആശയങ്ങൾ നടപ്പാക്കുന്നത്.  ദിവസത്തെ ടാപ്പിങ് പോലുള്ള കാര്യങ്ങൾ ഈ മേഖലയുടെ നിലനിൽപിന് കൂടുതൽ സഹായകമാവുമെന്നതിൽ സംശയമില്ല.അതിപ്രധാനമായ മറ്റൊരു കാര്യം റബർഉപഭോഗവുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങൾ കണ്ടെത്തുക എന്നതാണ്. തീർച്ചയായും അതൊരു വളരെ എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഡിസ്‌റപ്റ്റീവ്  ആയ ഒരു സമീപനം പുലർത്തിക്കൊണ്ട് റബർ വലിയ തോതിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഇന്ഡസ്ട്രികൾ ഏതെന്ന് മനസിലാക്കി അതിലേക്ക് മാറിത്തുടങ്ങുകയെന്നത് പ്രധാനമാണ്. ഗവണ്മെന്റിനും വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി കൊണ്ടുവന്ന ഒരു പരിഷ്‌കാരം ഈ അവസരത്തിൽ ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ റോഡ് നിർമാണത്തിൽ ഉപയോഗപ്പെടുത്തുന്ന സ്വാഭാവിക റബറിന്റെ അളവ് വർധിപ്പിക്കാനുള്ള തീരുമാനം റബർ ഇന്ഡസ്ട്രിയെ സംബന്ധിച്ച് പ്രതീക്ഷ പകരുന്നതാണ്. സ്വാഭാവിക റബർ ഉപയോഗപ്പെടുത്തി ഏതാണ്ട് അമ്പതിനായിരത്തോളം വ്യാവസായിക ഉത്പന്നങ്ങൾ നിർമിക്കാൻ കഴിയുമെന്ന് രാജ്യാന്തര റബർ മാനുവൽ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. ഒപ്പം ഇപ്പോൾ റബറിന് ലഭിക്കുന്ന വില അതിന്റെ പരമാവധിയാണെന്ന തരത്തിൽ വിലയിരുത്തി മുന്നോട്ട് പോയാലേ കാര്യങ്ങൾ ഗുണകരമാവൂ.

(ന്യൂഏജ് മാനേജിങ് എഡിറ്റർ)


സമീപ ഭാവിയിൽ സ്വാഭാവിക റബറിന് ഭീഷണിയില്ല - സതീഷ് ചന്ദ്രൻ

ഇന്ത്യൻ ടയർ ഇൻഡസ്ട്രിയിൽ സ്വാഭാവിക റബറും സിന്തെറ്റിക് റബറും  ഫിഫ്റ്റി - ഫിഫ്റ്റി നിലയിലാണുള്ളത്. പെട്ടെന്ന് അതിൽനിന്നൊരു മാറ്റം സംഭവിക്കുമെന്ന് തോന്നുന്നില്ല. അതിന് സാങ്കേതിക വെല്ലുവിളികളുമുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഒരു പക്ഷെ വെല്ലുവിളികളുണ്ടാകാം. ഈ വിലയുടെ അടിസ്ഥാനത്തിൽ ടയർ ഇൻഡസ്ട്രിയുമായി ബന്ധപ്പെടുത്തി വെല്ലുവിളികൾക്ക് സാധ്യതയില്ല. വിലയെ സംബന്ധിച്ച്, ഇനിയും കാര്യമായി വില വർധിക്കാൻ സാധ്യതയില്ല എന്നതാണ് അഭിപ്രായം. രാജ്യാന്തര തലത്തിൽ അവൈലബിലിറ്റി കുറഞ്ഞതും ചൈനയുടെ ഉയർന്ന ഡിമാൻഡും കൊണ്ടുണ്ടായ നേട്ടം അധിക കാലത്തേക്ക് തുടരണമെന്നും നിര്ബന്ധമില്ല. എന്നാൽ ഇപ്പോഴത്തെ വില മികച്ചതാണെന്ന സാഹചര്യമുണ്ട്. ഉത്പാദനമുയർത്തിയും മറ്റും അതിന്റെ പ്രയോജനം എടുക്കാൻ കർഷകർക്കാവണം. സമീപഭാവിയിൽ വില വലിയ തോതിൽ താഴേക്കുപോകുമെന്ന ആശങ്കകകൾക്ക് അടിസ്ഥാനമില്ല. ടയർ ഇൻഡസ്ട്രിയിൽ ഉണ്ടാകുന്ന വളർച്ചയും തളർച്ചയും റബർമേഖലയെ  സംബന്ധിച്ച് ഏറെ നിർണായകമാണ്. രാജ്യത്ത് സ്വാഭാവിക റബർ ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ ഉത്പാദനം വർധിപ്പിക്കാനും കൃഷിഭൂവിസ്തൃതി ഉയർത്താനുമുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു. റബർ ഒരു ദീർഘകാല വിലയാണ്. അത് വെട്ടിക്കളഞ്ഞിട്ട് പുതിയ കൃഷിയിലേക്ക് പോകുന്നതും മറ്റും പ്രായോഗികമല്ല. അതുകൊണ്ട് തന്നെ അനുകൂല സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന സമീപനമാവണംകർഷകർ പുലർത്തേണ്ടത്.  

(മുൻ പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ, റബ്ബർ ബോർഡ്)


വാല്യൂ അഡീഷൻ അനുകരണീയ മാർഗം - പ്രൊഫ: ജോസ് ജോർജ് കടവൂർ 

റബർ വിലയെ നിയന്ത്രിക്കുന്നത് രാജ്യാന്തര ടയർ ഇൻഡസ്ട്രിയാണെന്ന വാദങ്ങളോട് യോജിപ്പില്ല. റബർ ബോർഡ് ധാരാളം മോഹന വാഗ്ദാനങ്ങൾ കർഷകർക്ക് നൽകുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. കർഷകർക്ക് ടാപ്പിംഗ് സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതിനിയും നടപ്പാക്കിയിട്ടില്ല. ഇതിന് പുറമെ കർഷകർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന പല കാര്യങ്ങളും ഇനിയും യാഥാർഥ്യത്തിൽ എത്തിയിട്ടില്ല. ഇതിന് പുറമെ വൻതോതിൽ ലാഭമുണ്ടാക്കുന്ന ടയർ കമ്പനികൾ റബ്ബർ വില കുറയുന്നതു കൊണ്ട് കൂടിയാണ് ലാഭമുണ്ടാക്കാൻ കഴിയുന്നതെന്ന യാഥാർഥ്യം അംഗീകരിക്കാൻ മടി കാണിക്കുന്നു.

റബർ മേഖലയിൽ വാല്യൂ അഡീഷൻ പ്രാധാന്യം നേടേണ്ട സമയമായിരിക്കുന്നു. മേഖലയുടെ മുന്നോട്ടുള്ള പോക്കിന് വാല്യൂ അഡീഷൻ സഹായിക്കും. റബർ ബാൻഡ് പോലുള്ള ചെറിയ ഉത്പന്നം മുതൽ വലിയ ഉത്പന്നങ്ങൾ വരെ ഇപ്പോൾ ചൈനയിൽ നിന്ന് വരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും ലോ ക്വാളിറ്റി ഉത്പന്നങ്ങളാണെന്ന യാഥാർഥ്യമുണ്ട്. അതുകൊണ്ട് തന്നെ നമുക്കും ഇത്തരമൊരു ചുവടുവയ്പ് നടത്താൻ അനുകൂല സാഹചര്യമുണ്ട്. എന്നാൽ അതിന് അനുകൂലമായ ഒരു പരിതസ്ഥിതി ഇവിടെ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അങ്ങനെ വന്നാൽ നമ്മുടെ പല വ്യവസായങ്ങളും സ്വയംപര്യാപ്തമാവും. നാടിന് ഗുണകരമാവുകയും ചെയ്യും. 

(പ്രസിഡന്റ്, കടവൂർ റബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story