EDITORIAL

'ഈസ്റ്റേൺ' - അഭ്യൂഹങ്ങൾക്കപ്പുറം: ന്യൂഏജ് എഡിറ്റോറിയൽ

Newage News

09 Sep 2020

സ്റ്റേൺ കിഴക്ക് ഉദിച്ചു പടിഞ്ഞാറിന് സ്വന്തമായി. നൊർവീജിയൻ കമ്പനിയുടെ ഇന്ത്യൻ സബ്സിഡിയറി ഈസ്റ്റേണിനെ സ്വന്തമാക്കുമ്പോൾ മലയാളിക്ക് അത് അല്പം വൈകാരികം കൂടി ആകുന്നു.   വേണ്ടിയിരുന്നില്ല എന്ന് ഒരു ശരാശരി മലയാളി ചിന്തിച്ചാൽ തെറ്റ് പറഞ്ഞു കൂടാ. ഡീൽ വലിയ തുകയ്ക്കുള്ളതാണ്. 1300 കോടിക്ക് മുകളിൽ. പക്ഷെ ഈസ്റ്റേൺ എന്ന ബ്രാൻഡിന് അതിന് മേൽ വിപണി മൂല്യമില്ലേ എന്ന് വ്യവസായ ലോകവും ചോദിക്കുന്നു. 

നവാസ് മീരാൻ മലയാളി സംരംഭകരുടെ ഒരു തലമുറയുടെ പ്രതിനിധിയാണ്. പിതാവ് തുടക്കമിട്ട ബിസിനസിനെ 2000 കോടി മുല്യമുള്ള കമ്പനിയാക്കി അദ്ദേഹം വളർത്തി. 75 ശതമാനത്തിലധികം വിപണി പങ്കാളിത്തം മലയാളി ഉപഭോക്തൃ ലോകത്ത് സമ്പാദിച്ചു. ആ മേധാവിത്വം തുടർച്ചയായി നിലനിറുത്തി. നൂതനത്വം കൊണ്ടും സാങ്കേതിക മികവുകൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച മാനുഫാക്ചറിങ് കമ്പനിയാക്കി. മലയാളികളുടെ ഏറ്റവും വിശ്വസ്ത ബ്രാൻഡാക്കി. എംഇ മീരാൻ ശൂന്യതയിൽ നിന്ന് പടുത്തുയർത്തിയ പ്രസ്ഥാനം തലമുറ മാറ്റത്തിൽ കൂടുതൽ മികവ് നേടി.

ഈസ്റ്റേൺ എന്ത് കൊണ്ട് ലിസ്റ്റ് ചെയ്തില്ല എന്ന ചോദ്യം എന്നും കൗതുകം ഉണ്ടാക്കിയിരുന്നു.   ഓഹരി വിപണിയിൽ വലിയ സാധ്യത ഉണ്ടായിരുന്ന കമ്പനിയാണതെന്ന് ആരും നിസംശയം പറയും. 2010 ൽ  മക്കോർമിക്ക് 26 ശതമാനം ഓഹരി വിറ്റ് 360 കോടി സമാഹരിച്ചപ്പോൾ ക്യാപ്പിറ്റൽ മെക്കാനിസത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് ഈസ്റ്റേണും പ്രവേശിച്ചതായി തോന്നി. പൂർണ വിൽപന ശ്രമങ്ങൾ നടക്കുന്നതായി വിപണിയിൽ കടുത്ത അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. അപ്പോഴും ഭൂരിപക്ഷ ഓഹരി വിൽക്കില്ലെന്ന് കരുതിയവരാണ് ഏറെയും.

ഈ തീരുമാനത്തിൽ പ്രമോട്ടർമാർക്ക് അവരുടേതായ യുക്തി ഉണ്ടാകാം. അത് അവരുടെ - അവരുടെ മാത്രം - തീരുമാനമാണ്. കേരളത്തിലെ പല പ്രമുഖ കമ്പനികളും, ബ്രാൻഡുകളും അങ്ങനെ വിൽക്കുകയും, നില നിൽക്കുകയും, വീണ്ടും വളരുകയും ചെയ്തിട്ടുണ്ട്. പ്രീമിയർ ടയേഴ്സ്, ചന്ദ്രിക, കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി, കെഎപിഎൽ, ഇന്ദുലേഖ, ജെആർജി സെക്യൂരിറ്റീസ്, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങി എത്രയോ എണ്ണം.

ജിയോജിത് ഇടയ്ക്ക് ബിഎൻപി പാരിബയുമായി ഓഹരി വിറ്റ് പങ്കാളിത്തമുണ്ടാക്കി. പക്ഷെ പിന്നീട് ഓഹരി തിരികെ വാങ്ങി പങ്കാളിത്തമൊഴിഞ്ഞു. താരതമ്യത്തിൽ കേരള കമ്പനികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപനയാണിത്. 

ഈസ്റ്റൺ എന്ന കമ്പനിയുടെയും, ബ്രാൻഡിൻ്റെയും വളർച്ചാ സാധ്യതകൾക്ക് അതിരില്ല. മാനുഫാക്ചറിങ് ഫെസിലിറ്റി അതി വിപുലമാണ്. അതിൽ മൂന്നിലൊന്നേ ഉപയോഗിക്കുന്നുള്ളൂ. ഉല്പാദനം നൂറ് ശതമാനമാക്കാനും, പുതിയ വിപണികളിൽ കടന്നു ചെല്ലാനും പുതിയ നീക്കത്തിലൂടെ കഴിയും.

നിലവിലുണ്ടായിരുന്ന പ്രമോട്ടർമാരുടെ ഭാവി പരിപാടികൾ ആകാംക്ഷ ഉണർത്തുന്നു. അഭ്യൂഹങ്ങൾ ഒത്തിരി ഉണ്ട്. ഇന്ത്യൻ കമ്പനികൾ അധികം കൈ വയ്ക്കാത്ത സ്പൈസ് - ഫുഡ് - അഗ്രി റിസർച്ച്, ഹൈ എൻഡ് വാല്യു ആഡഡ് പ്രൊഡക്ട് ഇന്നവേഷൻ, ഇൻറർനാഷണൽ മാർക്കറ്റിങ്ങ്, ബൾക്ക് വോള്യം ഹോൾസെയിൽ എന്നിവയിൽ  അവർ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന സൂചന ശക്തമാണ്. ഫുഡ് സെക്ടറിൽ കരുത്തുറ്റ ഒരു ഇന്ത്യൻ എംഎൻസി നവാസിനും കൂട്ടർക്കും ഒട്ടും അസാധ്യമല്ല. സ്റ്റാർട്ടപ്പുകളെ ഈസ്റ്റേൺ എപ്പോഴും പിന്തുണച്ചിട്ടുണ്ട്.

അത് നിർബാധം തുടർന്നേക്കും. ഇൻഫോസിസ് സഹ സ്ഥാപകരും, രത്തൻ ടാറ്റ യുമൊക്കെ ചെയ്തതുപോലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന ഒരു സുസജ്ജ സംവിധാനം പഴയ പ്രമോട്ടർമാരിൽ നിന്ന് കേരളം പ്രതീഷിക്കുന്നു. ഈസ്റ്റേൺ ഭൂരിപക്ഷ ഓഹരി കൈമാറുമ്പോൾ മലയാളിക്കുണ്ടായ നഷ്ടബോധം പരിഹരിക്കാൻ പുതിയ മുൻകൈകൾ കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.


പ്രൊമോട്ടർമാരുടെ നീക്കത്തിന് പിന്നിൽ വ്യക്തമായ കാരണമുണ്ടാകും - സജീവ് നായർ

പ്രൊമോട്ടർമാരുടെ അവകാശമാണ് ബിസിനസിലെ ഉചിതമായ തീരുമാനങ്ങൾ. അതിനെക്കുറിച്ച് ബിസിനസ് ഗ്രൂപ്പിന് പുറത്തുനിന്നുള്ളവർ അഭിപ്രായം പറയുന്നതിൽ വലിയ പ്രസക്‌തിയില്ല. കമ്പനികൾക്ക് വളരണമെങ്കിൽ പുതിയ മൂലധനം പുറത്തുനിന്ന് കണ്ടെത്താം.അതായത് ഈസ്റ്റേൺ ചെയ്തതുപോലെ ഇൻവെസ്റ്റേഴ്സിനെ കൊണ്ടുവന്ന് ടേക്ക്ഓവർ പോലുള്ള ഇടപാടുകൾ നടത്താം. അതല്ലെങ്കിൽ ഓഹരിവിപണിയിലേക്ക് പോകുക. ഈസ്റ്റേൺ പോലൊരു കമ്പനി ഐപിഒ യ്ക്ക് പോയിരുന്നെങ്കിൽ അത് വലിയൊരു വിജയമായേനെ എന്നാണ് എന്റെ വിശ്വാസം. എന്നാൽ അങ്ങനെ ചെയ്യാതെ കമ്പനിയുടെ ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാനുള്ള പ്രൊമോട്ടർമാരുടെ നീക്കത്തിന് പിന്നിൽ വ്യക്തമായ എന്തെങ്കിലും കാരണമുണ്ടാകും.

ഫണ്ട് റെയിസിംഗ് അല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. കൂടുതൽ വിശദമായി കാര്യങ്ങൾ അറിയാത്തിടത്തോളം ആധികാരികമായി പറയാനാകില്ലെങ്കിലും ബ്രാൻഡ് മൂല്യവും അവരുടെ ബിസിനസ് മോഡലും പരിഗണിച്ചാൽ ഇതിലും വിപണി മൂല്യം അതിനുണ്ട് എന്നാണ് എൻ്റെ ഉറച്ച വിശ്വാസം. 

ഈസ്‌റ്റേണിൻ്റെയും, നവാസ് മീരാൻ്റെയും ബിസിനസ് ഫിലോസഫിയും, അവർ പിന്തുടരുന്ന രീതികളും എനിക്ക് വ്യക്തമായി അറിയാവുന്നതാണ്. കൂടുതൽ മെച്ചപ്പെട്ട സംഭാവനകൾ തുടർന്നും അവരിൽ നിന്ന് കേരളത്തിൻ്റെ സംരംഭക ലോകത്തിനും, പൊതു സമൂഹത്തിനും ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കാം. വളരെ നൂതനമായ ഒരു സംരംഭമോ, ഒന്നിലധികം സംരംഭങ്ങളോ പ്രതീക്ഷിക്കാം. ഈസ്റ്റേണിൻ്റെ വില്പനയിലൂടെ കേരളത്തിന് നഷ്ടമുണ്ടാകില്ല, അവരിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട സംഭാവനകൾ ഉണ്ടാകും എന്ന് വിശ്വസിക്കാൻ തന്നെയാണ് താൽപര്യം. ഭൂരിപക്ഷ ഓഹരി വിറ്റത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഡീലിൽ അതിന് തക്കതായ കാരണങ്ങൾ ഉണ്ടാകാം. ഡീൽ വ്യവസ്ഥകൾ  വ്യക്തമാകാത്തിടത്തോളം അഭിപ്രായം പറയുന്നത് ശരിയല്ല. 

അടുത്ത കാലത്തായി ചില തല്പര കക്ഷികൾ ഈസ്റ്റേൺ അടക്കം ഈ രംഗത്തുള്ള കമ്പനികളെ തുടർച്ചയായ കുപ്രചാരണങ്ങളിലൂടെ പല വിധത്തിൽ ദ്രോഹിച്ചിരുന്നു. അത് അവരെ സ്വാഭാവികമായും വേദനിപ്പിച്ചിട്ടുണ്ടാകണം. ഈസ്റ്റേൺ പോലൊരു കമ്പനി തങ്ങളുടെ ഉല്പന്നങ്ങളിൽ കൃത്രിമം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

പക്ഷെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവരെ ആക്രമിക്കുന്നതിൽ പലരും ആവേശം കാട്ടി. ഇത് കേരള സമൂഹത്തിൻ്റെ മനോനില ആണ്  കാണിക്കുന്നത്. നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ചെളിവാരി എറിയാൻ മലയാളി കാണിക്കുന്ന ഈ ആവേശം പുതിയ കാര്യമല്ല. കേരളത്തിലെ ഇത്തരം സാമൂഹ്യ സാഹചര്യങ്ങളും കമ്പനി വിറ്റൊഴിയാൻ അവരെ പ്രേരിപ്പിച്ച ഘടകമാകാം.

നവാസ് മീരാനിൽ നിന്നും, ഈസ്റ്റേണിൽ നിന്നും കൂടുതൽ ആവേശകരമായ വാർത്തകൾക്ക് കേരളം കാതോർക്കുന്നു. 

(പ്രമുഖ സംരംഭകനും, മെൻററും, മോട്ടിവേഷണൽ സ്പീക്കറുമാണ് ലേഖകൻ)


വില്പനയ്ക്ക് പിന്നിൽ എന്തെല്ലാം? 

സ്വന്തം ലേഖകർ

റെക്കാലമായി ഈസ്റ്റേൺ വിൽപ്പനയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ആദ്യഘട്ടമായി 2010 ൽ മക്കോർമിക്സിന് 26 ശതമാനം ഓഹരി വിറ്റു. 35 മില്യൺ ഡോളറിൻ്റെ ഡീൽ ആയിരുന്നു ഇത്. അവർ തന്നെ ഈസ്റ്റേണിൻ്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കും എന്നായിരുന്നു പ്രതീക്ഷ. ഈസ്റ്റേണും അങ്ങനെ കരുതിയിരുന്നു എന്ന് തോന്നുന്നു. പക്ഷെ 26% ഓഹരിമക്കോർമിക്ക് ഇന്ത്യയിൽ വലിയ വിപണി താൽപര്യമുള്ള കമ്പനിയാണ്. എവിടിയുമായി ചേർന്ന് ഇവർക്ക് കേരളത്തിൽ ഒരു ജോയിൻറ് വെഞ്ച്വർ കമ്പനി ഉണ്ട്. ദില്ലി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കോഹിനൂരിലും അവർക്ക് നിക്ഷേപം ഉണ്ടായിരുന്നു. 

ഈസ്റ്റേണിൻ്റെ കാര്യത്തിൽ അവർ വാല്യുവേഷൻ നടത്തി. പക്ഷെ വേണ്ടത്ര ആത്മവിശ്വാസം അവർക്ക് ഉണ്ടായില്ല. അവർ ബാക്ക് ഔട്ട് ചെയ്തു എന്ന് തന്നെ പറയാം. 

വാസ്തവത്തിൽ സ്ഥാപകനായ എംഇ മീരാൻ മരിച്ച ശേഷം കമ്പനിയെ നയിച്ച നവാസ് മീരാന് കൂടുതൽ താൽപര്യം മറ്റ് ചില മേഖലകളിലായിരുന്നു. പ്രത്യേകിച്ച് റിയൽ എസ്റേററ്റിൽ. നന്മ പ്രോപ്പർട്ടിസ് എന്ന പേരിൽ അദ്ദേഹത്തിന് ഒരു പ്രോപ്പർട്ടി ഡവലപ്മെൻ്റ് കമ്പനി ഉണ്ട്. ഷാഫി മേത്തർ ഇതിൽ ഡയറക്ടറാണ്. അനുജൻ ഫിറോസ് മീരാനെ മാനേജിങ് ഡയറക്ടറാക്കി ദൈനംദിന ചുമതലകളിൽ നിന്നും അദ്ദേഹം ഒഴിയുകയും ചെയ്തിരുന്നു. ഈസ്റ്റേണിൻ്റെ ആധുനികവത്കരണത്തിലും, വിപണി വിപുലീകരണത്തിലും നവാസ് നിർണായക പങ്ക് വഹിച്ചു. ഈ വാല്യുവേഷനിലേക്ക് കമ്പനിയെ എത്തിച്ചത് ഒരു കിടയറ്റ സംരംഭകൻ എന്ന നിലയിലുള്ള നവാസിൻ്റെ പ്രതിഭാശാലിത്വം തന്നെയാണ്. 

അനുജൻ ഫിറോസ് ഫുഡ് ബിസിനസിൽ നല്ല താൽപര്യമുള്ള ആൾ തന്നെയാണ്. പക്ഷെ അഗ്രസീവ് അല്ല. 

ഈസ്റ്റേണിന് ആഗോള മലയാളി ഉപഭോക്തൃ വിപണിയിൽ 75 ശതമാനം വരെ വിപണി പങ്കാളിത്തമുണ്ട്. അതി ശക്തമായ വിപണി സാന്നിധ്യം എന്ന് തന്നെ പറയാം. പരമാവധിയിൽ അവർ എത്തി നിൽക്കുന്നു. ഈ വിപണിയിൽ ഇതിനപ്പുറം വളരുക ഇനി പ്രയാസകരമാണ്. കമ്പനി വില്പനയിലൂടെ അഥവ പുതിയ പങ്കാളിത്തത്തിലൂടെ വിപണിയുടെ അതിർ വരമ്പുകൾ ഭേദിക്കാൻ അവർ ലക്ഷ്യമിടുന്നുണ്ടാകണം.

വടക്കേ ഇന്ത്യക്കാരനായ മാർക്കറ്റിങ് മേധാവിയെ ഇടയ്ക്ക് ഈസ്റ്റേൺ പരീക്ഷിച്ചിരുന്നു. വടക്കേ ഇന്ത്യൻ രുചിഭേദങ്ങൾ പരീക്ഷിക്കുക ആയിരുന്നു ലക്ഷ്യം. അത് വേണ്ടത്ര വിജയമായില്ല. 

അവരുടെ ഉല്പാദന ശേഷിയുടെ മുന്നിൽ ഒന്നേ ഇപ്പോൾ വിനിയോഗിക്കുന്നുള്ളൂ.

മലയാളി വിപണിയുടെ നാലിൽ മൂന്ന് കൈവശം വയ്ക്കുന്നത് ഈ ശേഷി മാത്രം ഉപയോഗപ്പെടുത്തിയാണ്. വിനിയോഗിക്കാത്ത ഈ ശേഷി പുതിയ ഡീലിലൂടെ സാധ്യമായേക്കും. ദക്ഷിണേന്ത്യയിലും, വടക്കേ ഇന്ത്യയിലും പടർന്ന് കയറാൻ അത് സഹായകമാകും. നൊർവീജിയൻ ഭക്ഷ്യോൽപാദന ഭീമൻമാരായ ഓർക്ലയുടെ ഇന്ത്യൻ സബ്സിഡിയറിയായ എംടിആർ ഫുഡ്സ് ആണ് ഈസ്റ്റേണിൻ്റെ ഓഹരി വാങ്ങുന്നത്. അവർക്ക് പാൻ ഇന്ത്യ വിപണിയുണ്ട്.


ഉദിക്കുമോ പുതിയൊരു എംഎൻസി

സ്വന്തം ലേഖകർ

ണ്ടു വർഷമായി നവാസ് മീരാൻ, ഫിറോസ് മീരാൻ എന്നിവർ സമാന്തരമായി എൻഎഫ്കെ സ്പൈസ് ട്രേഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. നവാസ് - ഫിറോസ് - കൃഷ്ണകുമാർ എന്നിവർ ആണ് പിന്നിലുള്ളത്. കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് ഈസ്റ്റേണിൻ്റെ നിലവിലുള്ള കോർപ്പറേറ്റ് ഓഫീസ് തന്നെയാണ്. കൃഷ്ണകുമാർ പാലേരി, സഫിയ മുഹമ്മദ്, നെസ്ലി എന്നിവരാണ് ബോർഡിലുള്ളത്. 

ഹോൾസെയിൽ സ്പൈസ് ട്രേഡിങ്ങ് ആണ് പ്രധാന ഓപ്പറേഷൻ. വൻകിട സ്പൈസ് എക്സ്പോർട്ടിങ് കമ്പനികളിൽ ദീർഘകാലം പ്രവർത്തിച്ച ചിലർ ഇപ്പോൾ എൻഎഫ്കെ യിലുണ്ട്. 

ഈ രംഗത്ത് ചില സ്വപ്ന പദ്ധതികൾ എൻഎഫ്കെ ക്ക് ഉള്ളതായി അറിയുന്നു. ഈസ്റ്റേൺ ഓഹരി വിൽപനയിലൂടെ സമാഹരിച്ച പണം ഇതിൻ്റെ വിപുലീകരണത്തിന് ചെലവഴിക്കാൻ സാധ്യതകൾ ഏറെ. 

സിൻതൈറ്റ്, പ്ലാൻ്റ് ലിപിഡ്, കോൺകോർ, അർജുന നാച്വറൽസ് തുടങ്ങി കയറ്റുമതി രംഗത്തെ പ്രമുഖർക്ക് ഇതുവരെ കടന്നു ചെല്ലാൻ കഴിയാത്ത ഹൈ എൻഡ് വാല്യു അഡീഷൻ, പ്രൊഡക്ട് ഇന്നവേഷൻ, അപ്പർ എൻഡ് റിസർച്ച് എന്നിവയിൽ ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ആഗോള വമ്പൻമാരായ ഇൻഗ്രേഡിയോണിന് സമാനമായ ഉല്പന്ന ശ്രേണിയാകും 

എൻഎഫ്കെ ലക്ഷ്യമിടുന്നത്. അതിനുള്ള ടീമിനെ സജജമാക്കിയതായി അറിയുന്നു. 

ഇന്ത്യൻ കമ്പനികൾ അധികം കൈ വയ്ക്കാത്ത ഈ അന്താരാഷട്ര സാധ്യത നവാസിൻ്റെ നേതൃത്വത്തിൽ സാധ്യമായേക്കും. നിരന്തരം പുതുക്കലിന് തയ്യാറാള്ള അവരുടെ ബിസിനസ് സമീപനം അതിന് സഹായകവുമാകും. സ്റ്റാർട്ടപ്പ് ഫണ്ടിങിൽ കുറെക്കാലമായി ഈസ്റ്റേൺ ശ്രദ്ധിച്ചിരുന്നു. ജാക്ക് ഫ്രൂട്ട് 360 എന്ന ഫുഡ്  സ്റ്റാർട്ടപ്പിൻ്റെ ഉല്പന്ന വിപണനം ഈസ്റ്റേൺ ആയിരുന്നു നിർവഹിച്ചു പോന്നത്. പല അഗ്രി -ഫുഡ് ടെക് സ്റ്റാർട്ടപ്പുകൾക്കും അവർ ഫണ്ടിങ് ലഭ്യമാക്കി. 

സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിൽ പ്രത്യേകിച്ചും അഗ്രി - സ്പൈസ് - ഫുഡ് സ്റ്റാർട്ടപ്പുകളിൽ അവർ കൂടുതൽ നിക്ഷേപം നടത്തിയേക്കാം. ഇത്തരം സ്റ്റാർട്ടപ്പുകളുടെ അതി നൂതന ഉല്പന്നങ്ങൾ പുതിയ കമ്പനി അന്താരാഷട്ര വിപണികളിൽ ലഭ്യമാക്കാനാണ് സാധ്യത.

ഈസ്റ്റേൺ മലയാളി കമ്പനി അല്ലാതാകുമ്പോൾ ഫുഡ്, സ്പൈസ് സെക്ടറിൽ നിന്ന് ഒരു എംഎൻസിയുടെ ഉദയം മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story