EDITORIAL

ഇനിയും അടച്ചു പൂട്ടിയിടണോ? - ന്യൂഏജ് എഡിറ്റോറിയൽ

Newage News

09 Nov 2020

കോവിസ് ഭീതി വിട്ടു മാറിയിട്ടില്ല. പടർച്ച നിയന്ത്രണ വിധേയമായി എന്ന് പറയാൻ സമയമായിട്ടും ഇല്ല. അമേരിക്കയിലും, യുറോപ്പം രണ്ടാം വ്യാപനം രൂക്ഷമാണ്. ചിലയിടങ്ങൾ സമ്പൂർണ ലേക്ക് ഡൗൺ വീണ്ടും ഉന്നയിക്കുന്നു.രണ്ടാം വ്യാപനം ഒഴിവാക്കാൻ എല്ലാം മറന്ന് പ്രവർത്തിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. 

വ്യവസായ, വാണിജ്യ രംഗങ്ങളാകട്ടെ വല്ലാതെ ശോഷിച്ചു. ചില മേഖലകളിൽ അടച്ചു പൂട്ടൽ തുടരുന്നതാണ് വെല്ലുവിളി. വേറെ ചില മേഖലകൾ ഓപ്പൺ ചെയ്തിട്ടും വലിയ വ്യത്യാസം കാണുന്നില്ല. ദൈനംദിന പ്രവർത്തനങ്ങളിൽ ഇതു വരെ വേണ്ടത്ര അനായാസത കൈവന്നിട്ടില്ല. 

സംസ്ഥാനത്തെ ബാറുകൾ തുറക്കണമെന്നാണ് ഇടപ്പാഴത്തെ ആവശ്യങ്ങളിലൊന്ന്. നിലവിൽ തുറന്ന് കൊടുത്ത ടൂറിസം സ്വന്തം കാലിൽ നിൽക്കുന്നില്ല. നിൽക്കണമെങ്കിൽ അനുബന്ധ മേഖലകൾ സജീവമാകണം. കോവിസ് വ്യാപന സാധ്യതകൾ കുറച്ച് പ്രത്യേക പ്രോട്ടോകോളോടെ ആകാൻ പാടില്ലേ എന്നാണ് ചോദ്യം? വിനോദ സഞ്ചാരികൾ കാഴ്ച മാത്രം ലക്ഷ്യമിട്ട് വരുന്നവരല്ല. നല്ലൊരു ശതമാനത്തിന് മദ്യം ആവശ്യമുണ്ട്. കേരളത്തിൽ ഇത് ഒഴികെ മറ്റ് എൻ്റർടെയിൻമെൻ്റ് സാധ്യതകൾ ഇല്ലെന്ന് തന്നെ പറയാം.

മദ്യ വ്യവസായം കേരളത്തിൽ പ്രബലമായ ഒന്നാണ്. ടൂറിസവുമായി കൂട്ടിയിണക്കാതെ തന്നെ അതൊരു വലിയ വ്യവസായം തന്നെ. പല വ്യവസായ മേഖലകളും പരസ്പര പൂരകങ്ങളുമാണ്. 

ബാറുകൾ തുറക്കുന്നതിൽ ചില വെല്ലുവിളികൾ കാണാതെ പോകുന്നില്ല. കേരളത്തിലെ പല ബാറുകളും ശരാശരി നിലവാരത്തിനും താഴെയാണ്. വ്യാപന സാധ്യത വളരെ കൂടുതൽ. മലയാളികൾക്ക് മാന്യമായ മദ്യപാന ശൈലിയുമില്ല. തുറന്ന് കൊടുക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നത് പോലെയാകാം. അതുകൊണ്ട് കരുതലോടെ ആകണം. അങ്ങനെ ഇപ്പോൾ അടഞ്ഞ് കിടക്കുന്ന സുപ്രധാന മേഖലകൾ അധികം വൈകാതെ തുറക്കുന്നില്ല എങ്കിൽ നാട് സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കാകും പോവുക. ബാറുകൾ തുറക്കണമെന്ന് പറയുന്നതിൽ പോലും പല വശങ്ങളുണ്ട്. ഒന്ന് ടൂറിസം തന്നെ. കേരളത്തിന് ഇതൊരു വലിയ വരുമാന സ്രോതസാണല്ലൊ. എത്രയോ ആയിരങ്ങൾ തൊഴിലെടുക്കുന്ന മേഖല.

ബാറുകളിലും ആയിരങ്ങൾ ജോലി ചെയ്യുന്നുണ്ട്. പിരിമുറുക്കങ്ങളുടെ നടുവിലാണ് മനുഷ്യർ. കോവിഡ് ആശങ്കകൾ അത് വർധിപ്പിക്കുന്നു. അതിനെ ബാലൻസ് ചെയ്യാൻ ബാർ അടക്കമുള്ള സംവിധാനങ്ങൾ വേണം. ലിഷർ, എൻറർടെയിൻമെൻ്റ് രംഗങ്ങൾ ഇനി കൂടുതൽ സജീവമാകേണ്ടതുണ്ട്. അതല്ലെങ്കിൽ മയക്ക്മരുന്ന് വ്യാപകമാകും. ഇപ്പോൾ തന്നെ പരക്കെ അനധികൃതമായ വില്പന സജീവമാണ്. തടയാൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് പലപ്പോഴും കഴിയാതെ വരുന്നു. മദ്യത്തിൻ്റെ ലഭ്യത ഉറപ്പാക്കിയാൽ ഇതിന് കുറച്ചൊന്ന് മൂക്കുകയറിടാം. 

ഇപ്പോൾ റീട്ടെയിലായി മദ്യം ലഭ്യമാക്കുന്നുണ്ട്. പക്ഷെ അതു കൊണ്ട് മാത്രമായില്ല. ബാറുകൾ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. അതും പ്രധാനമാണ്. 

കോവിഡ് വ്യാപനം തന്നെയാണ് എല്ലാറ്റിനും മുന്നിലുള്ള വെല്ലുവിളി. ഒന്നാമതായും, രണ്ടാമതായും, മൂന്നാമതായും പരിഗണന അതിന് തന്നെ. പക്ഷെ എല്ലാ പ്രധാന മേഖലകളും കഴിയാവുന്ന തോതിൽ തുറന്ന് കൊടുക്കേണ്ടതുണ്ട്.


തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം സഞ്ചാരികൾക്ക് നൽകണം - അജിത് ജെയിൻ 

അടുത്ത ഒരു വർഷത്തേക്കെങ്കിലും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ടൂറിസം മേഖലയ്ക്ക് മുൻപിലുള്ള മാർഗം ആഭ്യന്തര ടൂറിസം തന്നെയാണ്. എന്നാൽ റെയിൽ, വ്യോമ ഗതാഗതം ഇനിയും പൂർണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. റോഡ് ഗതാഗതവും പഴയ നിലയിൽ എത്തിയിട്ടില്ല. എങ്കിലും ആഭ്യന്തര ടൂറിസത്തിൽ ഊന്നിയുള്ള ഒരു സമീപനം തന്നെയാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്. അത്തരത്തിൽ നോക്കുമ്പോൾ ബാറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സുരക്ഷിതമായി തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞാൽ നേട്ടമാകും. ഗോവ പോലുള്ള സംസ്ഥാനങ്ങൾ ബാറുകൾ ഇതിനോടകം  പൂർണമായി തുറന്നുകൊടുത്തു. 

കേരളത്തെ സംബന്ധിച്ച് മലയാളികളേക്കാൾ അന്യസംസ്ഥാനക്കാരായ സഞ്ചാരികളാണ് ടൂറിസത്തിന്റെ നെടുംതൂൺ. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ, ബെംഗളൂരു പോലുള്ള ഇടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി യാത്രക്കാർ വരുന്നത്. ഡ്രിങ്കിങ് ഹാബിറ്റ് ഉള്ള സഞ്ചാരികളിൽ ഭൂരിഭാഗവും  അതിനുള്ള സൗകര്യം കൂടെ കരുതുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ബാറുകൾ തുറന്നാൽ അതൊരു ആഡ്ഓൺ അഡ്വാന്റേജ്‌ ആണ്.  ബാറുകൾ തുറന്നില്ല എന്നതിന്റെ പേരിൽ മറ്റ് ടൂറിസം പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്ന് കരുതുക വയ്യെങ്കിലും റസ്റ്റോറന്റുകൾ തുറക്കാൻ അനുവാദം കൊടുക്കുന്ന സ്ഥിതിക്ക് ബാറുകൾ കൂടി തുറന്ന് പ്രവർത്തിക്കുന്നതിൽ തെറ്റുണ്ടെന്ന് കരുതാൻ വയ്യ.

രാജ്യവ്യാപകമായി നോക്കിയാൽ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വീക്കെൻഡ് ദിവസങ്ങളിൽ ബുക്കിംഗ് ഫുൾ ആണ്. ഒപ്പം ഡൽഹി പോലുള്ള നഗരങ്ങളിലെ പ്രീമിയം ഹോട്ടലുകളിൽ അടുത്ത 2-3 മാസത്തേക്കെങ്കിലും റൂമുകൾ അധികം വേക്കന്റ് ഇല്ലെന്നതാണ് വസ്തുത. ചെറിയ ബൊട്ടീക്ക് ഹോട്ടലുകളിലും നല്ല തിരക്കുണ്ട്. 

ഹോട്ടലുകളും ബാറുകളും മറ്റും പ്രവർത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾ നീക്കുകയാണ് ചെയ്യേണ്ടത്. അവയെ പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്നുള്ള തീരുമാനം സഞ്ചാരികൾക്ക് വിട്ടുകൊടുക്കുക. തീർച്ചയായും യാത്രാനിയന്ത്രണങ്ങൾ ഉള്ളപ്പോൾ സഞ്ചാരികൾ എത്തില്ല. മറ്റ് സമയങ്ങളിൽ അവർക്ക് എന്തുവേണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് ചെയ്യേണ്ടത്. 

(മാനേജിങ് ഡയറക്ടർ - അനന്യ ഹോട്ടൽസ്, മുംബൈ)


സേഫ്റ്റിക്കും ക്വാളിറ്റിക്കും പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങണം - ജോൺസൺ ജോസഫ് 

ടൂറിസം രംഗം പുനരാരംഭിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ബാറുകൾ തുറക്കുന്നതുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായമാണുള്ളത്.ബാറുകൾ എന്ന ഒരു എക്സ്ക്ലൂസിവിറ്റി മാറ്റി നിർത്തുകയും പകരം കുറേക്കൂടി വിശാലമായ ഒരു വീക്ഷണമാവണം ടൂറിസത്തെപ്പറ്റി വേണ്ടത്. ലോക്കൽ, എത്നിക് ടൂറിസം ഒക്കെ ഇതിന്റെ ഭാഗമായി വരണം. അതേസമയം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ബാറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടി പുനഃസ്ഥാപിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. 

ഇതിന്റെ തുടർച്ചയായി തന്നെ ചൂണ്ടിക്കാണിക്കാൻ  ആഗ്രഹിക്കുന്ന ഒരു കാര്യം ടൂറിസ്റ്റുകൾക്ക് മികച്ച നിലവാരത്തിലുള്ള ഇത്തരം സൗകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. നമ്മുടെ നാട്ടിൽ ടൂറിസം മേഖലയിൽ ഉൾപ്പെടെ ഗുണനിലവാരമുള്ള മദ്യം മികച്ച അന്തരീക്ഷത്തിൽ വാങ്ങാനും ഉപയോഗിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. പലപ്പോഴും ടൂറിസ്റ്റുകളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതുപോലുള്ള അന്തരീക്ഷമാണുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ഇൻബൗണ്ട് ഡെസ്റ്റിനേഷനുകളിൽ ഒന്നായ മൂന്നാറിൽ പോലും സ്ഥിതി ഇങ്ങനെയാണ്. ഒപ്പം മികച്ച ബാറുകൾ തുറക്കുന്നതും മറ്റും കൊറോണ വ്യാപനത്തിന് കാരണമാവും എന്ന് കരുതുന്നതിലും കഴമ്പില്ല. 

ടൂറിസം രംഗം ഓപ്പൺ ചെയ്തതിനെ തുടർന്ന് പോസിറ്റിവ് ആയ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി. വീക്കെൻഡുകളിൽ തിരക്ക് ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം സഞ്ചാരികളും ഫ്‌ളോട്ടിങ് ട്രാവലേഴ്‌സ് ആണ്. സ്റ്റേ ചെയ്യാൻ തയാറാവുന്നവർ അധികമില്ല. 50-70 മുറികൾ വരെയുള്ള മിഡ്സെഗ്മെന്റ് ഹോട്ടലുകളെ സംബന്ധിച്ച് നിലവിലുള്ള റൂമുകളുടെ പകുതി എന്ന നിലയിൽ കപ്പാസിറ്റി ക്രമീകരിക്കുകയും അത് ഫലപ്രദമായി മാനേജ് ചെയ്യുക എന്നനിലയിലേക്ക്  മാറുകയും ചെയ്‌താൽ കാര്യങ്ങൾ കൂടുതൽ ഗുണകരമാകും. മീഡിയം സെഗ്മെന്റ് ഹോട്ടലുകളെ സംബന്ധിച്ച് സ്‌പേസ് അവൈലബിലിറ്റി ഒരു പ്രശ്നം തന്നെയാണ്. അതുകൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് കോവിഡ് അനന്തര കാലഘട്ടത്തിൽ വേണ്ടത്. ഒറ്റയടിക്ക്ക് കാര്യങ്ങൾ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. പടിപടിയായുള്ള തിരിച്ചുവരവാകും കൂടുതൽ അഭികാമ്യം. മാസ് ടൂറിസം എന്ന നിലയിൽ നിന്ന് ടൂറിസ്റ്റുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് തന്നെയുള്ള ഒരു റീസ്ട്രക്ച്ചറിംഗാണ് വേണ്ടത്. ക്വാണ്ടിറ്റിയെക്കാൾ ക്വാളിറ്റിക്ക് പ്രാധാന്യം നല്കിക്കൊണ്ടുള സമീപനമാവും ഇന്ഡസ്ട്രിക്ക് കൂടുതൽ സഹായകരമാവുക

(സംരംഭകൻ, ഹോസ്പിറ്റാലിറ്റി കൺസൽട്ടൻറ്)


അനിശ്ചിതമായി എല്ലാം അടച്ചിടുന്നതിൽ കാര്യമില്ല - രഞ്ജിനി മേനോൻ

സോഷ്യൽ ഡ്രിങ്കിങ് വന്നത് നമ്മൾ മലയാളികളിൽ കുറെയധികം പേരുടെ ജീവിതത്തിന്റെ ഭാഗമാണ്. ടൂറിസത്തിന്റെ കൂടെ തന്നെ നിലനിന്നുപോകുകേണ്ട ഒന്നാണ് സോഷ്യൽ ഡ്രിങ്കിങ് എന്നാണ് എന്റെ അഭിപ്രായം. ഇവിടെ ബിയർ, വൈൻ പാർലറുകൾ തുറക്കണം എന്നതാണ് എന്റെ കാഴ്ചപ്പാട്. ടൂറിസ്റ്റുകളായി വരുന്ന വിദേശീയർ ഒരുപാട് മദ്യപിക്കുന്നവരല്ല. അവധിയാഘോഷിക്കാൻ ഇവിടെയെത്തുന്ന അവർ ആസ്വാദനത്തിന്റെ ഭാഗമായി മദ്യപിക്കുന്നു, സോഷ്യൽ ഡ്രിങ്കിങ്ങിന്റെ ഭാഗമാകുന്നു എന്നേയുള്ളു. എന്നാൽ നമ്മളെ സംബന്ധിച്ച് അങ്ങനെയല്ല. ബാറുകൾ തുറക്കുന്നതുകൊണ്ട് അപകടമൊന്നും വരാനില്ല എന്നാണ് എനിക്ക് തോന്നുന്നത്.

നേരത്തെ ചാരായ ഷാപ്പുകൾ കേരളത്തിൽ അടച്ചു പൂട്ടിയപ്പോൾ അനധികൃത വാറ്റ് ഇവിടെ വ്യാപകമായി ഉണ്ടായി. അതുപോലെയാണ് ഇപ്പോഴും. ബാറുകൾ തുറന്നാലും ഇല്ലെങ്കിലും ആളുകൾ മദ്യപിക്കുന്നു. മദ്യം മേടിച്ചുകൊണ്ട് വന്നു വീട്ടിലോ നാട്ടിൻപ്രദേശത്തോ കൂട്ടമായിരുന്ന് മദ്യപിക്കുന്നു. ബാറുകൾ തുറന്നാൽ ഈ മദ്യപാനം വീടുകൾക്ക് പുറത്തേക്കെങ്കിലും മാറും. ബാറുകൾ അടച്ചിട്ടതുകൊണ്ട് മാത്രം രോഗവ്യാപനം തടയാനാകില്ല.

ഒരു സംരംഭകന്റെ കാഴ്ചപ്പാടിൽ നിന്നും നോക്കിമ്പോൾ ബാറുകൾ തുറക്കുന്നത് വലിയ തെറ്റായി എനിക്ക് തോന്നുന്നില്ല. ഈ സീസണിൽ ബാർ ലൈസൻസ് ഉള്ള ഹോട്ടലുകൾക്ക് ടൂറിസ്റ്റുകളെ കൂടുതൽ ആകർഷിക്കാൻ വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണത് എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത ഒരു വർഷത്തേക്കെങ്കിലും നമുക്ക് ആഭ്യന്തര ടൂറിസ്റ്റുകളെ പൂർണമായും ആശ്രയിക്കേണ്ടി വരും.

ആളുകൾ മദ്യപിക്കുന്ന രീതി ആണ് ഇവിടെ പ്രശ്നം. ഒരു നിയന്ത്രണവുമില്ലാത്ത മദ്യപാനം ഈ ഘട്ടത്തിൽ പ്രശ്നം സൃഷ്ടിച്ചേക്കാം. അത് ഓരോരുത്തരും തീരുമാനിയ്ക്കേണ്ടതാണ്. മദ്യം വാങ്ങാൻ നിൽക്കുമ്പോൾ പാലിക്കുന്ന സാമൂഹ്യ അകലവും മര്യാദയും കുടിയ്ക്കുന്ന സമയത്ത് ഇല്ലാതാകുന്നു. അത് കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം.

കൊറോണ എന്നവസാനിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. അതിനൊപ്പം ജീവിക്കാൻ നാം ശീലിച്ചേ മതിയാകു. ആ ബോധ്യമുണ്ടെങ്കിൽ ബാറുകൾ തുറക്കുന്നതിൽ തെറ്റില്ല. അത് ടൂറിസം വ്യവസായത്തെ സഹായിക്കും.

നമ്മുടെ ടൂറിസം പോളിസിയിലൊരു റീ ഡിസൈനിങ് ആവശ്യമാണ്. അതുപ്പോലെ ഇൻഡസ്ട്രിയിൽ ഒരു പുനഃസംഘടനയും. പുതിയ ചിന്തകൾ ഉണ്ടാകണം. ഇന്ത്യൻ ലൈഫ്‌സ്റ്റൈൽ നമ്മൾ പ്രൊമോട്ട് ചെയ്യണം. അത് ടൂറിസത്തിലേക്ക് വിളക്കിച്ചേർക്കണം. അതിനാവശ്യമായ തീരുമാനങ്ങൾ സർക്കാരിൽ നിന്നും ഉണ്ടാകണം.എങ്കിലേ ഈ പുതിയ സാഹചര്യത്തിൽ അതിജീവിക്കാനാകു. പതിയെ പതിയെ എല്ലാം തുറക്കണം. അനിശ്ചിതമായി എല്ലാം അടച്ചിടുന്നതിൽ കാര്യമില്ല. എല്ലാത്തിനെയും പോസിറ്റീവ് ആയി അഭിമുഖീകരിക്കണം. മുന്നോട്ട് പോകണം, വിജയിക്കണം.                                                                                (സംരംഭക, മാധ്യമ പ്രവർത്തക)


കൂടുതൽ ജാഗ്രത ആവശ്യമുള്ള സമയം - ജോർജ് മാത്യു

ഇത് അതിലോലമായൊരു വിഷയമാണ്. നമ്മുടെ ഇപ്പോഴത്തെ കോവിഡ് കണക്ക് പരിശോധിച്ചാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11 ശതമാനമാണ്. ഓണത്തിന്റെ വലിയ ആഘോഷം കഴിഞ്ഞതോടെയാണ് രോഗം വല്ലാതെ കൂടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നത്. ഡിസംബറിൽ കൂടുതൽ രോഗാവസ്ഥ പ്രതീക്ഷിക്കേണ്ട അവസ്ഥയാണ്.  മൂന്നര കോടി ജനസംഖ്യയിൽ അമ്പത് ലക്ഷം പേരുടെ ടെസ്റ്റ് മാത്രമേ നടന്നിട്ടുള്ളൂ.

കേരളത്തിൽ ഓണം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് ഡിസംബറിൽ ആണ്. ബാറ് തുറക്കണമോയെന്ന് ചോദിക്കുമ്പോൾ ഇത് എത്രകാലം അടച്ചിടും എന്നത് ഒരു പ്രശ്നമാണ്. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ബാറുകൾ തുറന്നാൽ രോഗവ്യാപനത്തിന് അത് കാരണമാകും. ബാറുകളിൽ പലതിന്റെയും അവസ്ഥ അങ്ങനാണ്. ബാറുകളിൽ ആയിരിക്കുമ്പോൾ നമ്മുടെ സാമൂഹ്യ അകലം കുറയുകയും സംസാരം കൂടുകയും ചയ്യും. റെസ്റ്റോറന്ററുകളിൽ നമ്മൾ കുറച്ചു സമയം മാത്രമാണ് ചെലവഴിക്കാറ്. എന്നാൽ ബാറിൽ പോകുമ്പോൾ മദ്യപിക്കാനായി കൂടുതൽ സമയം അവിടെ ഇരിക്കും. അതുപോലെ മാസ്ക് ധരിച്ചു മദ്യപിക്കാനുമാകില്ല. അവിടെ നിയന്ത്രണങ്ങളെല്ലാം മാറും.  ഇത് ഗുരുതരമായ അവസ്ഥ സൃഷ്ട്ടിക്കും. ജനുവരി കഴിഞ്ഞിട്ട് ബാറുകൾ തുറക്കുന്നതിനെപ്പറ്റി ആലോചിച്ചാൽ മതിയാകും.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ കോവിഡ് രോഗവ്യാപനം അൽപ്പം താമസിച്ചാണ് വന്നത്. ആദ്യഘട്ടത്തിൽ രോഗം വളരെ കുറവായിരുന്നു. ആ സമയത്താണ് നമ്മൾ ഏറ്റവുമധികം നിയന്ത്രണങ്ങൾ നടപ്പാക്കിയത്. അന്ന് ബാറുകൾ പ്രവർത്തിച്ചാലും അത്രയധികം പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ രോഗം നന്നായി വ്യാപിക്കുന്നുണ്ട്. അങ്ങനൊരു സാഹചര്യത്തിൽ ബാർ പെട്ടന്ന് തുറന്നാൽ രോഗം അതിവേഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ ഇപ്പോൾ ബാറുകൾ അടഞ്ഞു കിടക്കുന്നത് തന്നെയാകും നല്ലത്.

ടൂറിസം ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. വിമാന സർവിസുകൾ കാര്യമായില്ല. കോവിഡും ആഗോള സാമ്പത്തീക മാന്ദ്യവും എല്ലാം കൂടിയുള്ള അവസ്ഥയാണിപ്പോൾ. നമുക്ക് അധികം പണം ഉണ്ടാകുമ്പോഴാണ് ടൂറിസം പോലുള്ള കാര്യങ്ങളിലേക്ക് നമ്മൾ തിരിയുന്നത്. എന്നാൽ ഇപ്പോൾ നമ്മുടെ വരുമാനത്തിൽ കാര്യമായ ഇടിവ് വന്നു. അതോടെ യാത്രകളും വിനോദങ്ങളും കുറയും. ടൂറിസത്തിലെ സ്വാഭാവികമായ ഇടിവ് അടുത്ത ഏതാനും വർഷങ്ങൾ എന്തായാലും ഉണ്ടാകും. കോവിഡ് മാത്രമല്ല അതിന് കാരണം. അതിനാൽ അതനുസരിച്ചു വേണം നമ്മുടെ ബിസിനസ്സിലും മാറ്റങ്ങൾ വരുത്താൻ.

കോവിഡിനോട് ഒപ്പം ജീവിക്കുക എന്നത് മാത്രമേ ഇനി നടക്കു. പെട്ടന്ന് തീരുന്ന രോഗമല്ല ഇത്. എല്ലാ തരത്തിലും പ്രതിസന്ധിയുടെ ഒരു കാലഘട്ടമാണിത്. കോവിഡിന്റെ പ്രശ്നങ്ങൾ ഒരുപക്ഷെ ഏറ്റവും തീക്ഷ്ണമാകുവാൻ പോകുന്നത് 2021ൽ ആയിരിക്കും. അതായത് ഈ മാന്ദ്യം നമ്മുടെ എല്ലാ ബിസിനസ്സിനെയും ബാധിക്കും. അതിനാൽ അതനുസരിച്ചുള്ളൊരു പുനഃക്രമീകരണം നമ്മുടെ എല്ലാ ബിസിനസ്സിലും വേണം. എങ്കിലേ വിജയിക്കാനാകു.

(ഫിനാൻഷ്യൽ ജേർണലിസ്റ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story