Newage News
12 Feb 2021
കോവിഡാനന്തരം സംസ്ഥാനത്തിൻ്റെ വികസനം എങ്ങനെ ആസൂത്രണം ചെയ്യണം എന്ന കാര്യത്തിൽ നിരവധി ചർച്ചകൾ നാടൊട്ടുക്ക് നടക്കുന്നുണ്ട്.
ഒരു പുതിയ കേരള മോഡൽ എന്ന നിലയിലാണ് ഈ സംഭാഷണത്തൾ ഏറെയും.
അടിസ്ഥാനപരമായി കൂടുതൽ തൊഴിലും, വരുമാനവും ആണ് കേരളത്തിനിപ്പോൾ അടിയന്തര ആവശ്യം.
കോവിഡിൽ ദുർബലമായ ചില സെക്ടറുകൾ വലിയ തൊഴിൽ നഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി ഇടത്തരം സംരംഭങ്ങൾ എന്നെന്നേക്കുമായി ഇല്ലാതായി.
കേരളത്തിന് അനുവദിച്ചിട്ടുള്ള വ്യവസായ ഇടനാഴി - കൊച്ചി- കോയമ്പത്തൂർ - എത്രയും വേഗം യാഥാർത്ഥ്യമാക്കേണ്ടിയിരിക്കുന്നു. ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാൻ കരുത്തുള്ള ആയിരക്കണക്കിന് സംരംഭങ്ങളുടെ നിരവധി ക്ലസ്റ്ററ്റുകളാണ് രൂപപ്പെട്ട് വരേണ്ടത്. അങ്ങനെ വന്നാൽ കൊച്ചി മുതൽ കോയമ്പത്തൂർ വരെ വ്യത്യസ്ത തലത്തിലുള്ള വ്യവസായങ്ങൾ കൊണ്ട് നിറയും. അനുബന്ധ സ്ഥാപനങ്ങളും ധാരാളം വരും.
വ്യവസായ കോറിഡോറിന് അനുമതി ലഭിക്കുന്നത് തന്നെ സംസ്ഥാന സർക്കാർ നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായിട്ടാണ്.
ഫലപ്രദമായ ഫോളോ അപ്പിലൂടെ അത് അതിവേഗം പ്രായോഗിക തലത്തിൽ എത്തിക്കേണ്ടതുണ്ട്.
ഗെയിൽ പൈപ്പ് ലൈൻ കേരളത്തിൻ്റെ ഭാഗം പൂർത്തിയായി. കൊച്ചി- മം ഗുളുരു ലൈനും, കൊച്ചി- വാളയാർ ലൈനും പണി പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്താൻ വ്യവസായങ്ങൾക്ക് കഴിയണം. ഇന്ധനച്ചെലവ് കുത്തനെ കുറയ്ക്കാം എന്നതാണ് ഇതിൻ്റെ വലിയ ഒരു മെച്ചം. സിറ്റി ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി നഗരങ്ങളിലെല്ലാം വ്യാപിപ്പിക്കേണ്ടതുണ്ട്.
എങ്കിലേ ചെലവ് കുറഞ്ഞ ഇന്ധനം വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി നേരിട്ടെത്തൂ.
വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കൂടുതൽ സിഎൻജി ഫില്ലിങ്ങ് സ്റ്റേഷനുകളും ഉണ്ടാകണം.
സംസ്ഥാനത്തെ സ്ക്കൂളുകൾ മുഴുവൻ ഹൈടെക് ആയി. ഇനി വേണ്ടത് മികച്ച അധ്യയനം നടക്കുക എന്നതാണ്. അധ്യാപകരെ അതിന് ശേഷിയുള്ളവരാക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ വേണം. കുറെ ക്യംപസുകളെയെങ്കിലും മികവിൻ്റെ കേന്ദ്രങ്ങളാക്കി വളർത്താൻ കഴിയണം.
അത്തരം കേന്ദ്രങ്ങൾ നമുക്ക് കുറവാണ്.
കൃഷിയിൽ നിലവിലുള്ള സമീപനം വലിയ പ്രയോജനം ചെയ്യില്ല. അത് ഇപ്രാവശ്യം വ്യക്തമായതാണ്.ഒരു ഉടച്ചുവാർക്കൽ ആദ്യം ആവശ്യമുള്ള മേഖലയാണിത്. കോർപ്പറേറ്റ് വത്ക്കരണമല്ലാതെ പോംവഴിയില്ല. ടൂറിസം പഴയ പ്രതാപത്തിൻ്റെ അടുത്ത് എത്തുന്നില്ല. പുതിയ മേച്ചിലിടങ്ങൾ കണ്ടെത്തേണ്ടതുണ്.
ആയുർവേദം നന്നായി വിനിയോഗിക്കേണ്ടതുണ്ട്. ഹെൽത്ത് ടൂറിസത്തിന് മുന്തിയ പരിഗണന ആകാം.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വലിയ തോതിൽ മാറി. അകം പുറം മാറി എന്ന് പറയാം. പക്ഷെ താലൂക്ക്, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവയുടെ അവസ്ഥ അങ്ങനെയല്ല. മികച്ച നിലവാരത്തിൽ അത് എത്തിക്കേണ്ടതുണ്ട്.
ഐറ്റി യിൽ ഏറ്റവും പുതിയ മേഖലകളിൽ കൂടുതൽ പഠന ഗവേഷണ സൗകര്യങ്ങൾ വേണം. ഐറ്റി പാർക്കുകൾ വേണ്ടത് സ്പെഷ്യലൈസ്ഡ് സെക്ടറുകളിൽ ആയിരിക്കണം.
നവ സംരംഭകരെയും, സംരംഭങ്ങളെയും സൃഷ്ടിക്കുന്നതിനുള്ള തീവ്രയത്ന പരിപാടിക്കാകണം ഊന്നൽ. അത് കേരളത്തെ അടുത്ത ഘട്ടത്തിലേക്ക് വളർത്തും. സ്റ്റാർട്ടപ്പുകൾ കേവലം അനുഷ്ഠാനങ്ങളായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.
(തൊടുപുഴ ഗാന്ധിജി സ്റ്റഡി സെൻറർ തിരുവനന്തപുരത്ത് നടത്തിയ വികസന കോൺക്ലേവിൽ ഉയർന്ന നിർദേശങ്ങൾ സമാഹരിച്ചതാണ് എഡിറ്റോറിയൽ പേജ്.)
കാർഷിക രംഗത്ത് വളർച്ച ഉണ്ടാക്കാനാകണം - പിജെ ജോസഫ്
ആരോഗ്യമേഖലയ്ക്ക് വലിയ ഊന്നൽ നൽകേണ്ട സമയമാണ്. എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് കളിക്കാനുള്ള അവസരമുണ്ടാകണം. ആരോഗ്യമുള്ള തലമുറ വളർന്നു വരണം. എങ്കിലേ നാടിന്റെ സമഗ്രവികസനം പൂർണമാകൂ.
(തൊടുപുഴ എംഎൽഎയും ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാനുമാണ്)
ബിസിനസ് സൗഹൃദമാകണം നമ്മുടെ സംസ്ഥാനം - ജി വിജയരാഘവൻ
വർക്ക് ഫ്രം ഹോം എന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പാർക്കുകൾ റെലവന്റ് ആണോ എന്നൊരു ചോദ്യം നിലവിൽ ഉയരാനിടയുണ്ട്. എന്നാൽ പാർക്കുകൾക്ക് പ്രാധാന്യമുണ്ട്. കാരണം വലിയ മുതൽ മുടക്കില്ലാതെ നിലവിലുള്ള തൊഴിലവസരം ഇരട്ടിയാക്കാൻ നമുക്ക് സാധിക്കും. എന്നാൽ വർക്ക് നിയർ ഹോം എന്ന പേരിൽ പ്രാദേശികാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുന്നത് ശരിയല്ല. പകരം ആദ്യ ഘട്ടത്തിൽ ചെയ്യാൻ സാധിക്കുന്നത് മുൻസിപ്പാലിറ്റികളോട് ചേർന്ന് ബിസിനസ് സെന്ററുകൾ തുടങ്ങണം. ആവശ്യമനുസരിച്ചു അത് കൂടുതൽ വികസിപ്പിക്കണം. അതുപോലെ വ്യാപകമായി ബാൻഡ്വിഡ്ത് ഉറപ്പാക്കാനാകണം. അത് നമുക്കിപ്പോൾ ഒരു പരിശി വരെ സാധ്യമാകുന്നുണ്ട്. കെ-ഫോൺ ഉൾപ്പെടെയുള്ളവ വരുന്നുമുണ്ട്. എന്നാൽ സമീപ ഭാവിയിൽ സംഭവിച്ചേക്കാവുന്ന സാങ്കേതിക മുന്നേറ്റങ്ങൾ കൂടി ഉൾക്കൊള്ളാനാകുന്ന വിധം ആ പദ്ധതിയിൽ മാറ്റം വേണം. അങ്ങനെ ഇന് കേരളത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നതിന്റെ മൂന്നോ നാലോ ഇരട്ടി ആളുകൾക്ക് തൊഴിൽ നൽകുവാൻ നമുക്ക് സാധിക്കും.
മറ്റേത് സംസ്ഥാനം നോക്കിയാലും ഐടി സ്പേസിൽ ഭൂരിഭാഗവും നിർമിച്ചത് സംസ്ഥാന സർക്കാരുകളല്ല. സ്വകാര്യ ഗ്രൂപ്പുകളാണ്. എന്നാൽ കേരളത്തിൽ തൊണ്ണൂറ് ശതമാനവും സർക്കാർ നിർമിച്ച സൗകര്യങ്ങളാണ്. എന്നാൽ ഈ നയത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു. അതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നമ്മൾ ഇനി ക്വാളിറ്റിയിൽ ശ്രദ്ധ കേന്ദ്രികരിക്കണം. അതിനായിരുന്നു നമ്മൾ ടെക്നിക്കൽ യൂണിവേഴ്സിറ്റി തുടങ്ങിയത്. എന്നാൽ അതിന്റെ പ്രസക്തി നഷ്ട്ടപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. സ്വകാര്യ യൂണിവേഴ്സിറ്റികൾ ഇവിടെ അനുവദിക്കണം.
സർക്കാർ ഓഫീസുകളിൽ സാധാരണക്കാരൻ പോകാതെ തന്നെ കാര്യങ്ങൾ നടത്താൻ സാധിക്കുന്ന വിധത്തിൽ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. അതിനാവശ്യമായ അപ്പ്ലിക്കേഷനുകൾ നമ്മുടെ നാട്ടിലെ കമ്പനികളിൽ നിന്ന് തന്നെ വാങ്ങണം. എന്നാൽ ഇതിനെല്ലാമുള്ള പ്രധാനം തടസം ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വമാണ്.
ഇന്ത്യയിൽ ഏറ്റവുമധികം സ്റ്റാർട്ടപ്പുകൾ ഉള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ തുടക്കത്തിലേ ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷം അവരിൽ പലരും ഇവിടെ നിന്നും മാറി മറ്റിടങ്ങളിലേക്ക് പോകുന്നു. അവരെ ഇവിടെ പിടിച്ചുനിർത്താനുള്ള വലിയ എക്കോസിസ്റ്റം ഇവിടില്ല. മാത്രമല്ല, ഐടിയും ഇലക്ട്രോണിക്സും മാത്രമല്ല സ്റ്റാർട്ടപ്പ് എന്നത് നാം ഇപ്പോഴും പൂർണമായും ഉൾക്കൊണ്ടിട്ടില്ല.
ബിസിനസ് സൗഹൃദമാകണം നമ്മുടെ സംസ്ഥാനം. ഒരു കമ്പനിയെ ആകര്ഷിക്കുമ്പോൾ ഓരോ മേഖലയും അവർക്ക് എന്തൊക്കെ പിന്തുണ നല്കുമെന്നതിൽ കൃത്യത ഉണ്ടാകണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങൾ പുനർനിർവചിക്കണം. അതുപോലെ ആധുനിക സാങ്കേതിക വിദ്യകൾ മികച്ച രീതിയിൽ ഉപയോഗിക്കാനാകണം. എങ്കിലേ വേഗതയിലുള്ള വളർച്ച സാധ്യമാകു.
നമ്മൾ എന്ത് തുടങ്ങിയാലും അതിന്റെ ലീഡര്ഷിപ് തുടരുന്ന വിധത്തിൽ തന്നെ മുന്നോട്ട് പോകാനാകണം. അങ്ങനെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇലക്ട്രിക്ക് മൊബിലിറ്റി. അതുപോലെ ഗ്രീൻ എനര്ജി. മലിനീകരണം കുറഞ്ഞതും ചെറിയ വൈദ്യുതി മാത്രം ആവശ്യമുള്ളതും ഉയർന്ന തോതിലുള്ള തൊഴിലവസരങ്ങൾ നൽകുന്നതുമായ മേഖലകൾ വേണം കണ്ടെത്താൻ. നമുക്ക് ഇവിടെ ചെയ്യാനാകില്ലാത്ത വ്യസായങ്ങളുടെ നെഗറ്റീവ് ലിസ്റ്റ് തയ്യാറാക്കണം. നമ്മുടെ സമീപനങ്ങൾ ഭിന്നശേഷിക്കാരോടും സൗഹൃദം പുലർത്തുന്നതാകണം. അവർക്കും തൊഴിൽ ഉറപ്പാക്കണം.
നമ്മുടെ എക്സൈസ് പോളിസിയിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. തദ്ദേശീയമായ രീതിയിലുള്ള വൈനും വിനിഗറും അനുവദിക്കണം. ജീവിക്കുവാനും ജോലി ചെയ്യുവാനും പുറത്തുനിന്നുള്ളവർക്ക് സന്ദര്ശിക്കുവാനും സാധിക്കുന്ന മികച്ചൊരു സ്ഥലമായി കേരളം മാറണം.
(ഐടി വിദഗ്ധൻ)
ഇരുത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാനുള്ള ഒരു മാനിഫെസ്റ്റോയാണ് ആവശ്യം - മുരളീ തുമ്മാരുകുടി
പരിസ്ഥിതിയും വികസനവും പരസ്പരം മത്സരിക്കുന്ന എന്തോ ആണെന്ന ഒരു ചിന്ത വളരെ കാലമായി നമ്മുടെ ഇടയിലുണ്ട്. എന്നാൽ ഇവ രണ്ടും തമ്മിൽ യാതൊരു മത്സരവുമില്ല എന്നതാണ് വാസ്തവം. മറിച്ചു കണക്കുകൂട്ടലുകളുടെ ചില പ്രശ്നമാണ്. നമ്മുടെ വനഭൂമിയിലെ മരങ്ങൾ മുറിച്ചു വിറ്റാൽ ജിഡിപിയുടെ കണക്കിൽ അത് വളര്ച്ചയാകും. എന്നാൽ പരിസ്ഥിതിയുടെ വശത്തുനിന്നും നോക്കുമ്പോൾ അത് വലിയ ആപത്താണ് താനും. എന്നാൽ ഈ നഷ്ടം കൂടി ജിഡിപിയിൽ ഉൾപ്പെടുത്താനായാൽ അത് അകെ വളർച്ചയെ കുറയ്ക്കും. നമ്മുടെ പുതിയ മാനിഫെസ്റ്റോയിൽ നാച്ചുറൽ അക്കൗണ്ടിംഗ് സിസ്റ്റമാണ് പിന്തുടരേണ്ടത്.
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണ്. ആദ്യത്തേത് വ്യവസായങ്ങൾ മൂലം പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശങ്ങൾ. എന്നാൽ പലവിധ കാരണങ്ങളാൽ കേരളത്തിൽ ഇത് കുറഞ്ഞു വരികയാണ്. കാരണം, പല വ്യവസായങ്ങളും ഇന്ന് കേരളത്തിൽ നടത്തുന്നത് ലാഭകരമല്ല എന്ന അവസ്ഥ വന്നിട്ടുണ്ട്. നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ മിക്കതും പുറത്തുനിന്ന് വരുന്നു.
കേരളത്തിൽ നെൽകൃഷി എട്ട് ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടു ലക്ഷം ഹെക്ടറിൽ താഴേക്കു വന്നിരിക്കുന്നു. ഈ ആറു ലക്ഷം ഹെക്ടർ ഭൂമിയിൽ ഭൂരിഭാഗവും വെറുതെ കിടക്കുന്നു. എന്നാലും നമുക്ക് അരിക്ക് യാതൊരു ക്ഷാമവുമില്ല. അതിനാൽത്തന്നെ ഈ വെറുതെ കിടക്കുന്ന ഭൂമി എങ്ങനെ പരിസ്ഥിതി സൗഹാർദ്ദമായി നിലനിർത്താനാകും എന്നതാണ് പ്രധാനം.
കേരളത്തിൽ ഇന്ന് നടക്കുന്ന തരത്തിലുള്ള കൃഷിക്കല്ല ഇനി ഭാവിയുള്ളത്. നെതർലൻഡ്സ് പോലുള്ള സ്ഥലങ്ങളിൽ പിന്തുടരുന്ന മാതൃകകളും അവർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും നമുക്കും ഉപയോഗപ്പെടുത്താനാകണം.
മാലിന്യസംസ്കരണത്തിലെ പ്രശ്നം നയ പരാജയം ആണ്. സാങ്കേതിക വിദ്യകൾ ധാരാളമുണ്ട്. അത് നടപ്പാക്കുന്നതിലെ തടസ്സങ്ങളാണ് പ്രശ്നം. അതുപോലെ തന്നെയാണ് ടൂറിസം മേഖലയും. അനന്തമായ സാധ്യതകളുണ്ട് ടൂറിസത്തിന് ഇവിടെ. കേരളത്തിലെ ഓരോ ഗ്രാമവും, ഓരോ വീടും വിനോദ സഞ്ചാരികളെ സ്വീകരിക്കുവാൻ തയ്യാറാകണം. ലാൻഡ്സ്കേപ്പ് മാനേജ്മെന്റിനെ ടൂറിസവുമായി ബന്ധിപ്പിക്കണം. എന്നാൽ അവിടെയുണ്ടാകുന്ന മലിനീകരണം കൈകാര്യം ചെയ്യാനുള്ള സൗകര്യമില്ലിവിടെ. അവിടെയും സാങ്കേതിക വിദ്യകളുടെ പ്രശ്നമല്ല. മലിനീകരണ പ്രശ്നങ്ങളുടെ പരിഹാരത്തിനാവശ്യമായ തുക സഞ്ചാരികളിൽ നിന്നും തന്നെ ഈടാക്കുകയും അത്തരത്തിലുള്ളൊരു പോളിസി ഉണ്ടാകുകയും ചെയ്താൽ ഈ പ്രശ്നം യദേഷ്ടം പരിഹരിക്കാം.
നാലാം വയസായ വിപ്ലവത്തിനനുസരിച്ചു നമ്മുടെ വികസന രീതികളും മാറ്റേണ്ടതാണ്. പുതിയ കാലഘട്ടത്തിന്റെ നിർമാണ യൂണിറ്റുകൾ ഇങ്ങോട്ട് കടന്നു വരണം. ത്രിഡി പ്രിന്റിങ് പോലുള്ള മേഖലകൾക്ക് വലിയ സാധ്യതകളുണ്ട്. ഡിസ്ട്രിബുട്ടഡ് ആയിട്ടുള്ള നിർമ്മാണമാകും ഇനി നടക്കാൻ പോകുക. വലിയ ഫാക്ടറികൾ അപ്രത്യക്ഷമാകും.
കാലാവസ്ഥ വ്യതിയാനം ഇന്നിന്റെ പ്രശ്നമാണ്. കേരളത്തിൽ ഉൾപ്പെടെ അതിന്റെ സൂചനകളുണ്ട്. മഴയുടെ തീവ്രത ഇവിടെ കൂടുമെന്നാണ് പറയുന്നത്. അതോടെ വരൾച്ചയും കാട്ടു തീയും കൂടും. മഴ സമയങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാകും. നമ്മുടെ പലസ്ഥലങ്ങളിലും അടുത്ത ഭാവിയിൽ തന്നെ ജനജീവിതം സാധ്യമല്ലാത്ത വന്നേക്കാം. അതിനാൽ തന്നെ കാലാവസ്ഥ വ്യതിയാനത്തെ അടിസ്ഥാനമാക്കി ഒരു പ്ലാനിംഗ് ഉണ്ടാക്കുക എന്നത് ഉടൻ ചെയ്യേണ്ടതാണ്.
(യുഎൻ എൻവിയോണ്മെന്റ് പ്രോഗ്രാം, ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ തലവൻ)
പോളിസി തലത്തിൽ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാവണം - ടി. കെ. ജോസ് ഐഎഎസ്
മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച് ഉത്പാദനച്ചെലവ് കേരളത്തിൽ കൂടുതലാണെന്ന് മാത്രമല്ല, ഒരു ഏക്കറിൽ നിന്നുള്ള ഉത്പാദനക്ഷമത കുറവുമാണ്. നാളികേരമാണ് ഏറ്റവും മികച്ച ഉദാഹരണം. തദ്ദേശസ്ഥാപനങ്ങളും മറ്റും സർക്കാർ ഫണ്ടിങ് അനുവദിക്കുമ്പോൾ കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കുന്ന തരത്തിലുള്ള സമീപനം കൈക്കൊണ്ടേ തീരൂ. കാർഷികോത്പന്നങ്ങളുടെ ഉത്പാദനത്തിൽ മാത്രമല്ല സംഭരണത്തിലും വിപണനത്തിലും ഒക്കെ കൃത്യമായ ഇടപെടൽ നടത്താൻ കഴിയുന്ന കർഷക കൂട്ടായ്മകൾ ഉയർന്നു വന്നേ മതിയാകൂ. തിരുവനന്തപുരത്തെ സംഘമൈത്രിയും തൊടുപുഴയിലെ കാഡ്സുമൊക്കെ മികച്ച ഉദാഹരണങ്ങളാണ്. റബർ പോലെ ചുരുക്കം വിളകളൊഴിച്ച് മറ്റെല്ലാ വിളകൾക്കും കേരളത്തിൽ തന്നെ മികച്ച വിപണി കണ്ടെത്താൻ കഴിയുമെന്നതും യാഥാർഥ്യമാണ്. ഫലപ്രദമായ മാർഗങ്ങളിലൂടെ ഉത്പാദനക്ഷമത വർധിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതികൾ വഴി വിജയകരമായി ജലസേചനം സാധ്യമാവണം. മഴവെള്ളം കൃത്യമായി സംഭരിക്കാനും വേനൽക്കാലത്ത് അത് ഉപയുക്തമാക്കാനും സാധിച്ചാൽ നന്നായിരിക്കും.
കാർഷികമേഖലയിൽ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കപ്പെടുക കൂടി വേണം. കൃഷിഭൂമിയുടെ ഉപയോഗം സംബന്ധിച്ച ഡാറ്റബേസിനും വലിയ പ്രാധാന്യമുണ്ട്. ഒപ്പം ഉത്പാദനവും വിതരണവും ലോജിസ്റ്റിക്സും ഒക്കെ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഫലപ്രദമായി കൂട്ടിയിണക്കിക്കൊണ്ട് കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
(അഡീഷണൽ ചീഫ് സെക്രട്ടറി)
അഗ്രിപ്രെണർഷിപ്പ് വിജയകരമാവാൻ മൾട്ടി സോഴ്സ് ഓഫ് ഇൻകം -റോഷൻ കൈനടി
അഗ്രിപ്രെണർഷിപ്പിന്റെ വിജയം പ്രായോഗിക തലത്തിൽ സാധ്യമാക്കുന്നതിന് വ്യത്യസ്ത രീതികളുണ്ട്. അത് ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവിലൂടെയാകാം; അല്ലെങ്കിൽ വിപണിയിലെ ഡിമാൻഡിനനുസൃതമായി ഉത്പാദനം ക്രമപ്പെടുത്താനും ലാഭം ഉറപ്പാക്കാക്കാനുമൊക്കെ കഴിയും വിധം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെയാവാം. കൃഷിഭൂമിയെ ഒരു മൾട്ടി സോഴ്സ് ഓഫ് ഇൻകം എന്ന നിലയിൽ പരിവർത്തനം ചെയ്യുന്നതിലൂടെയാവാം. പ്ലാന്റേഷനുകൾ പോലെ ഭൂവിസ്തൃതി കൂടുതലുള്ള മേഖലകൾക്ക് അനുയോജ്യമായ രീതിയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞങ്ങളുടെ പ്ലാന്റേഷനുകളിൽ സാങ്കേതികവിദ്യയും യന്ത്രവത്കരണവും ഉപയോഗപ്പെടുത്തി ഇതിനായി ക്രിയാത്മക ശ്രമങ്ങൾ നടക്കുന്നു. ഇതിനിയും പൂർണതോതിൽ സജ്ജമാവാൻ ഏതാനും വർഷങ്ങൾ കൂടി വേണ്ടി വരും
പ്ലാന്റേഷനിൽ റബർ ആണ് മുഖ്യ വിള. റീപ്ലാന്റിങ്ങിന്റെ ഭാഗമായി ആദ്യം ചെയ്തത് സംയോജിത കൃഷി രീതിക്ക് അനുയോജ്യമായ വിധത്തിൽ പരമാവധി അകലം ഉറപ്പാക്കി തൈകൾ നടുക എന്നതായിരുന്നു. ഇങ്ങനെ ലഭ്യമാകുന്ന സ്ഥലത്ത് തീറ്റപ്പുൽ കൃഷിയും ഒപ്പം ആടുവളർത്തലുമാണ് പദ്ധതി. പ്ലാന്റിങ്ങിന് മുൻപ് തന്നെ ജലസേചനം ഉറപ്പാക്കാൻ ഡ്രിപ് ഇറിഗേഷൻ സജ്ജമാക്കുന്നു. പ്രോഫിറ്റ് ഷെയറിങ് മാതൃകയിലൂടെയേ ഇത്തരം സമീപനം വിജയിക്കൂ. ഇതിലൂടെ എംപ്ലോയീ റീട്ടെൻഷൻ സാധ്യമാവുകയും ചെയ്യും. വ്യത്യസ്ത വിളകൾ പരീക്ഷിക്കുമ്പോൾ മൊത്തത്തിൽ ചെലവ് കുറയും എന്നതാണ് പ്രധാന മെച്ചം. റബറിൽ നിന്നുള്ള വരുമാനം കുറവുള്ള സീസണിൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം ലഭിക്കും. ജലസേചനം കാര്യക്ഷമമാവുന്നത് റബറിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായകമാവും. ഏറ്റവും വലിയ ഗുണം തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനും കഴിയുമെന്നതാണ്.
ഫാം ടൂറിസമാണ് അടുത്ത തലത്തിൽ വരുമാന മാർഗമാക്കാൻ കഴിയുക. വ്യത്യസ്ത പാക്കേജുകൾക്ക് അനുയോജ്യമായ തരത്തിലുള്ള കൊട്ടേജുകളാണ് ഇതിലുള്ളത്. റെസ്റ്റോറന്റ്, ഓർഗാനിക് ഫാമിംഗ് സൗകര്യങ്ങളും ഒരുക്കാൻ കഴിയും. അഡ്വഞ്ചർ ടൂറിസം പോലുള്ള സാധ്യതകളും വിനിയോഗിക്കാൻ കഴിയും.
(കൈനടി പ്ലാന്റേഷൻസ് ഉടമ)