EDITORIAL

ഇന്ധന വില വര്‍ദ്ധനയില്‍ കരുതല്‍ ആര്‍ക്ക് ? - ന്യൂഏജ് എഡിറ്റോറിയൽ

Newage News

11 Feb 2021

രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില അനുദിനം കുതിച്ചുയരുകയാണ്. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങി ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടാകുന്ന വിലക്കയറ്റം ജന ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ്. ഒരു ദുരിത കാലത്തിന്റെ കഷ്ടതകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സാധാരണ ജനങ്ങള്‍ക്ക്  പല വിധത്തില്‍ അതിന്റെ കെടുതികള്‍ നേരിടേണ്ടതായി വരുന്നു. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 88 ഉം 83 ഉം മറികടക്കുന്ന സാഹചര്യം അന്താരാഷ്ട്ര എണ്ണവിലയുടെ പരിണതിയായി പൊതുവേ പറയുമ്പോള്‍ അതു മാത്രമാണോ വിലക്കയറ്റത്തിനു കാരണം എന്ന ചോദ്യം ഉയരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍  ക്രൂഡ് വില ബാരലിന് 61 ഡോളറിലാണ്.  വില 100 ഡോളറിനു മുകളില്‍ എത്തിയ നാളുകളില്‍ പോലും വിലക്കയറ്റം ഇത്ര രൂക്ഷമായിരുന്നില്ലെന്നതാണ് വസ്തുത.

2018 ന് ശേഷമുള്ള  വലിയ വിലക്കയറ്റത്തിന് യഥാര്‍ത്ഥ കാരണങ്ങള്‍ എണ്ണക്കമ്പനികളുടെ കൊള്ളയും കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന അധിക നികുതി നിരക്കുകളുമാണെന്ന വസ്തുതയാണ് മറ നീക്കുന്നത്.പെട്രോളിനും ഡീസലിനും വില ഉയരുന്നതില് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നുമാണ്  കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍  ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 

'ഏത് പാര്‍ട്ടി എവിടെ ഭരിച്ചാലും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്നു. കേന്ദ്രം ഇന്ധനത്തിന് എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയും കൂട്ടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും ഇന്ധനത്തിന് വാറ്റ് വര്‍ദ്ധിപ്പിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും നികുതിപിരിവില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാരണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന ആവശ്യങ്ങള്‍ക്കും എല്ലാവര്‍ക്കും പണം ആവശ്യമാണ്. അത് കണ്ടെത്താന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുകയാണ്.' ഇതില്‍ ആരാണ് ഉത്തരവാദിത്വം എടുക്കേണ്ടത് എന്നത് എന്നും ചര്‍ച്ചാവിഷയമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു. ഈ വിഷയത്തില്‍ ഇടപെടേണ്ട അവസരങ്ങളിലൊക്കെ കേന്ദ്രം ഇടപെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.

അസംസ്‌കൃത എണ്ണ വില, എണ്ണക്കമ്പനികളുടെ ലാഭം, ഗതാഗത ചെലവുകള്‍, ചരക്ക് നീക്ക ചെലവ്, കേന്ദ്ര-സംസ്ഥാന നികുതികള്‍ എന്നിവയെല്ലാം രാജ്യത്തെ ഇന്ധന വിലയെ സ്വാധീനിക്കുന്നണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രൂഡ് വില ഒരു സൂചകം മാത്രമാണെന്നും  അന്താരാഷ്ട്ര ഉല്‍പന്ന വിലയാണ് ബെഞ്ച് മാര്‍ക്ക് എന്നും അദ്ദേഹം വിശദീകരിക്കുന്നു.

എന്നാല്‍ കൊവിഡ് കാലത്ത് അസംസ്‌കൃത എണ്ണ വില ബാരലിന് 30 ഡോളറിലും താഴെ എത്തിയപ്പോള്‍ പോലും കേന്ദ്രം അത് വിപണിയിലേക്ക് കൈമാറാതെ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന യാഥാര്‍ത്ഥ്യം നമുക്കുമുന്നിലുണ്ട്.നികുതി ജനങ്ങളില്‍ അടിച്ചേല്‍പ്പിച് വരുമാനം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണ് എന്നത് പകല്‍ പോലെ വ്യക്തം. എണ്ണ വിലവര്‍ധന ദിവസവും പുതുക്കുന്ന രീതി നടപ്പാക്കിയത് തന്നെ വിലക്കുറവിന്റെ ഗുണഫലം ഉടന്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കുക എന്നതിന് വേണ്ടിയായിരുന്നു എന്നതും ഓര്‍മിക്കണം. നികുതി പണം സര്‍ക്കാര്‍ ഖജനാവിന് പ്രധാനമാണെങ്കിലും അതില്‍ ചില പരിധികള്‍ കല്‍പ്പിക്കപ്പെട്ണ്ടത്  അത്യാവശ്യമാണ്. സാധാരണ ജനങ്ങളുടെ ജീവിത ദുരിതം സര്‍ക്കാര്‍ കണക്കിലെടുക്കണം.

കോവിഡിന്റെ ദുരിതം പേറുന്ന  ബസ് സര്‍വീസുകള്‍ ഓട്ടോ, ടാക്‌സി മേഖല മറ്റ് വാഹന ഉപയോക്താക്കള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഈ വര്‍ദ്ധനവ് വലിയ തിരിച്ചടിയായി മാറുന്നുണ്ട്. ചരക്ക് നീക്കത്തെയും ബാധിക്കുമെന്നതിനാല്‍  വിലക്കയറ്റ ഭീഷണിയും മുന്നിലുണ്ട്. ബഹു ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതഭാരം പതിന്മടങ്ങ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നികുതി ഇളവ് വഴി വില കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാരുകള്‍ അടിയന്തരമായി സ്വീകരിക്കേണ്ടത്.


എല്ലാ സര്‍ക്കാരുകളും പെട്രോളിയം ഉല്‍പന്ന നികുതി വരുമാനമാര്‍ഗ്ഗമായി കാണുന്നുണ്ട് - ധര്‍മ്മേന്ദ്ര പ്രധാന്‍

പെട്രോളിനും ഡീസലിനും വില ഉയരുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇത് വളരെ കരുതലോടെ തന്നെ ഇടപെടേണ്ട വിഷയവുമാണ്.ഏത് പാര്‍ട്ടി എവിടെ ഭരിച്ചാലും  പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി പ്രധാന വരുമാനമാര്‍ഗ്മായി കാണുന്നു. കേന്ദ്രസര്‍ക്കാര്‍  ഇന്ധനത്തിന് എക്‌സൈസ് ഡ്യൂട്ടി കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ സംസ്ഥാനങ്ങളും വാറ്റ് നികുതി വര്‍ധിപ്പിക്കുകയും ചെയ്തു.

കേന്ദ്രവും സംസ്ഥാനങ്ങളും നികുതി പിരിവില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാരണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന കാര്യങ്ങള്‍ക്കും എല്ലാവര്‍ക്കും പണം അത്യാവശ്യമാണ്. അതു കണ്ടെത്താന്‍  ഈ മാര്‍ഗ്ഗം സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഉത്തരവാദിത്വം എടുക്കേണ്ടത് ആരാണ് എന്നത് എന്നും ചര്‍ച്ചാ വിഷയവുമാണ്. ഇന്ധന വിലയുടെ കാര്യത്തില്‍ ഇടപെടേണ്ട അവസരങ്ങളിലൊക്കെ  കേന്ദ്രം ഇടപെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിലയില്‍ മാറ്റം ഉണ്ടായാല്‍ ആ പ്രൈസ്  മെക്കാനിസവുമായി നമുക്ക് ഒത്തു പോകേണ്ടിവരും. 

കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസം വിലകൂടി. ഏഴുദിവസം പെട്രോളിനും 21 ദിവസം ഡീസലിനും വില കുറയുകയും ചെയ്തു. മറ്റു ദിവസങ്ങളില്‍ ആവട്ടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതില്‍ 95 ശതമാനം കാര്യങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്രമാണെന്ന് പറയുന്നത് ശരിയല്ല. അന്താരാഷ്ട്ര ക്രൂഡ് വില എന്നത് ഒരു ഇന്‍ഡിക്കേറ്റര്‍ മാത്രമാണ്. ഉല്‍പ്പന്ന വിലയാണ് ബെഞ്ച് മാര്‍ക്ക്.അസംസ്‌കൃത എണ്ണ വില, എണ്ണക്കമ്പനികളുടെ ലാഭം, ഗതാഗത ചെലവ്, ചരക്കുനീക്ക ചെലവ്, കേന്ദ്ര-സംസ്ഥാന നികുതികള്‍  എന്നിവയെല്ലാം രാജ്യത്തെ ഇന്ധനവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര എണ്ണവില മാത്രമാണ് വിലവര്‍ധനവിന് അടിസ്ഥാനം എന്നില്ല.

(കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ നിന്ന്)


ഇന്ധന വിലക്കയറ്റം ജന ജീവിതം ദുരിതപൂര്‍ണമാക്കുന്നു - പി. തിലോത്തമന്‍

രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതം തന്നെയായി മാറുന്നുണ്ട്.കോവിഡി ന്റെ ആഘാതം ഏറ്റുവാങ്ങിയ ജനങ്ങള്‍ക്ക് അത് ഇരുട്ടടി തന്നെയായി മാറുന്നു. ക്രൂഡ് വില ഉയര്‍ന്നതിന്റെ പേരില്‍ ഇന്ധനവിലയും കേന്ദ്രം നിരന്തരം ഉയര്‍ത്തുകയാണ്.എന്നാല്‍ ക്രൂഡ് വില താഴ്ന്ന സാഹചര്യത്തില്‍ വില കുറച്ചരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സമാനതകളില്ലാത്ത വിധത്തില്‍ ഇന്ധന വില വര്‍ധിക്കുകയാണ്. പൊതു യാത്ര സംവിധാനങ്ങളെ തന്നെ അത് കാര്യമായി ബാധിച്ചേക്കാം.

ഇന്നത്തെ കോവിഡ അനന്തര കാലത്തിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി അധികനികുതി കുറയ്ക്കാന്‍ കേന്ദ്രം തയാറാവുക യാണ് വേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക്  അതിന് മാര്‍ഗ്ഗമില്ല.കേന്ദ്രസര്‍ക്കാര്‍ തികച്ചും ജനവിരുദ്ധമായ നടപടികള്‍ വഴി ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യത്തെ  രാഷ്ട്രീയകക്ഷികള്‍ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാവണം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കണം. രാജ്യത്തെ കര്‍ഷകരുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ശക്തമായ പ്രക്ഷോഭം ആണ് ഉണ്ടായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. പൊതു വിപണിയില്‍ ഇടപെട്ട് കൊണ്ടുള്ള നടപടികള്‍ വഴി വിലക്കയറ്റത്തിന് രൂക്ഷത നമുക്ക് കുറയ്ക്കാന്‍ സാധിച്ചു.അതിന്റെ ഫലമായി മറ്റ് സംസ്ഥാനങ്ങളെക്കാള്‍ നമുക്ക് വിലക്കയറ്റ ഭീഷണി കുറഞ്ഞിരിക്കുന്നു.എങ്കിലും ഇന്ധന വിലക്കയറ്റം വില വര്‍ദ്ധനയ്ക്ക് കാരണമായി മാറിയേക്കാം എന്ന് തന്നെ ആണ് കരുതേണ്ടത്.                       

(സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ആണ്)


ഇന്ധനവില നിയന്ത്രണം ഇന്നത്തെ സാഹചര്യത്തില്‍ വലിയ ആവശ്യമാണ് - എസ്. മനീഷ്

രാജ്യത്തെ ഇന്ധന വിലക്കയറ്റം പരിധിവിട്ട് ഉയരുകയാണ്. ഓരോ ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന ഉണ്ടാകുന്നു. ഇത് തൊഴിലും വരുമാന വും നഷ്ടമായ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്ക്ന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞു നിന്ന സാഹചര്യത്തിലും ഇന്ധനവില വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നിലവില്‍ ക്രൂഡ് വില ഉയര്‍ന്നിരിക്കുന്നു എന്ന പേരില്‍ വില വര്‍ധിപ്പിക്കുകയാണ്. ഇത്  പൊതുവേ വിലക്കയറ്റത്തിനള്ള അവസരം സംജാതമാക്ക്ന്നു.

കേന്ദ്ര സര്‍കാര്‍ ഇന്ധനത്തിന് എക്‌സൈസ് നികുതി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവിഡ സാഹചര്യം മുന്‍നിര്‍ത്തി ഇളവുകള്‍ നല്‍കേണ്ട സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യാനാണ് ആലോചിക്കുന്നത്. വിലക്കയറ്റവും പണപ്പെരുപ്പവും ഇതുവഴി രൂക്ഷമാവും. അവശ്യസാധനങ്ങലുടെ  ലഭ്യത കുറയുന്ന സാഹചര്യം ഉണ്ടാകും. ഇതെല്ലാം മുന്‍കൂട്ടി കാണുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. ഇന്ധന വില നിയന്ത്രണം ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആവശ്യം തന്നെയാണ്. അതിനുള്ള നടപടികളാണ് കേന്ദ്രം ആവിഷ്‌കരിക്കേണ്ടത്.

(ഐടി പ്രൊഫഷണലും  സാമൂഹിക നിരീക്ഷകനുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story