EDITORIAL

പ്രവാസി പുനരധിവാസത്തിന്റ സമഗ്രതയ്ക്ക്... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

12 Jan 2021

കോവിഡ് ദുരിതം ലോകരാജ്യങ്ങള്‍ക്ക് സമ്മാനിച്ച ആ ഘാതത്തിന്റെ മുഖ്യ പങ്കും  തൊഴില്‍രംഗത്താണ്. കോ വിഡ് രോഗ ഭീതിയും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും എല്ലാ മേഖലകളിലും കടുത്ത സാമ്പത്തിക പ്രതിസന്ധി തീര്‍ത്തതോടെ  തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. നമ്മുടെ രാജ്യവും സംസ്ഥാനവും ഈ സാഹചര്യത്തിന്റെ വലിയ ദുരിതം ഇന്ന് നേരിടുകയാണ്.വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരുടെ പുനരധിവാസം സര്‍ക്കാരുകള്‍ക്കു മുന്നിലെ വലിയ കടമ്പ തന്നെയാണ്. സംസ്ഥാനത്ത് മാത്രം ഇത്തരത്തില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ എട്ടുലക്ഷത്തോളം ആണ്. അതില്‍ മൂന്നു ലക്ഷം പേര്‍ക്ക് സ്ഥിരമായി തൊഴില്‍ നഷ്ടമായിരിക്കുന്നു. സംരംഭകരും പ്രൊഫഷണലുകളും സാധാരണ തൊഴിലാളികളുമെല്ലാം ഇവരിലുണ്ട്.

പ്രവാസികളിലൂടെ സംസ്ഥാനത്ത് എത്തുന്ന സമ്പത്ത് നമ്മുടെ സാമ്പത്തിക മേഖലയുടെ ശക്തികേന്ദ്രം തന്നെ ആണെന്നിരിക്കെ ഉണ്ടാവുന്ന ഈ തിരിച്ചടിയുടെ ആഘാതം അത്ര ചെറുതല്ല.കോവിട് അനന്തര കാലത്ത് തൊഴില്‍ മേഖലയ്ക്ക് കരുത്ത് പകരുന്ന തരത്തില്‍ പല പദ്ധതികളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഒക്കെ വേണ്ടിയുള്ള  വ്യവസായ വകുപ്പിന്റെ കര്‍മ്മപരിപാടികള്‍, കെ എസ് ഐ ഡി സി, നോര്‍ക്ക തുടങ്ങിയവയുടെ പദ്ധതികള്‍, കുടുംബശ്രീ വഴിയുള്ള തൊഴില്‍ പദ്ധതി.. അങ്ങനെ തൊഴില്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ മുന്നേറുകയാണ്. സംരംഭക രംഗത്ത് ഉണ്ടാവുന്ന വളര്‍ച്ച കണക്കുകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. എന്നാല്‍ മടങ്ങിയെത്തിയ പ്രവാസികലെല്ലാം ഇത്തരം നടപടികളില്‍ പൂര്‍ണ്ണ തൃപ്തി ഉള്ളവരല്ല എന്ന യാഥാര്‍ത്ഥ്യവും അവശേഷിക്കുന്നുണ്ട്.

കോവിട് അനന്തരം വലിയ വളര്‍ച്ചാ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ നിക്ഷേപവും കൂട്ടായ്മകളും ഉയര്‍ന്നുവരേണ്ടതിന്റെ വലിയ ആവശ്യകതയ്ണ്ട്. പ്രവാസി ഭാരത് ദിവസ് നോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പ്രമുഖ വ്യവസായി എം എ യൂസഫലിയും ഇക്കാര്യം തന്നെയാണ് സൂചിപ്പിച്ചത്. ഭക്ഷ്യസംസ്‌കരണം, ആരോഗ്യസംരക്ഷണം, ടെക്‌നോളജി, ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവാസികളെകൂടി ഉള്‍പ്പെടുത്തിയുള്ള പൊതു,സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ചെറുകിട-ഇടത്തരം ഇന്ത്യന്‍ നിക്ഷേപകര്‍ ഈ മേഖലകളിലേക്ക് കൂടുതലായി കടന്നു വരണമെന്നും അദ്ദേഹം പറയുന്നു.

ഗള്‍ഫ് മേഖലയില്‍ നിന്നും മറ്റും മടങ്ങിയെത്തിയ നിക്ഷേപ സാധ്യതയുള്ള പ്രവാസികള്‍ക്ക് അതിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്നത് പ്രധാനമാണ്. സംസ്ഥാന വ്യവസായ വകുപ്പിനു കീഴില്‍ തന്നെ അതിനുള്ള നടപടികള്‍ ഉണ്ടാവണം. സംസ്ഥാന വ്യവസായ വകുപ്പ് ഇത്തരം കാര്യങ്ങളില്‍ ചില നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അത് കൂടുതല്‍ സമഗ്രതയിലേക്ക് എത്തണം. പ്രവാസി നിക്ഷേപകര്‍ക്ക് സഹകരണാടിസ്ഥാനത്തില്‍ തന്നെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചാല്‍ അത് സംസ്ഥാനത്തിന് വലിയ നേട്ടമാക്കി മാറ്റാന്‍ കഴിയും. 

വ്യവസായ വകുപ്പും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മുന്നോട്ട് വെച്ചിട്ടുള്ള പല പദ്ധതികളും പ്രയോജനപ്പെടുത്താന്‍ കഴിയും. തൊഴില്‍ നഷ്ടമായി തിരികെയെത്തിയ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭ്യതയും സാമ്പത്തിക മേഖലയ്ക്ക് പുനരുജ്ജീവനവും അതുവഴി സാധ്യമാവും. പ്രവാസി പുനരധിവാസത്തിന്റ സമഗ്രതയ്ക്ക് പുതിയ നിക്ഷേപവും അതുവഴിയുള്ള പുതു സംരംഭങ്ങളും വലിയ കരുത്ത് പകരുമെന്ന് തന്നെയാണ് കരുതേണ്ടത്.


വ്യവസായങ്ങള്‍ നടത്താന്‍ വേണ്ട സര്‍ക്കാര്‍ തല സഹായങ്ങള്‍ വിപുലമാവണം - ഇ.എസ്. ജോസ്

കോവിഡ് വ്യാപനം വലിയ ആഘാതം തീര്‍ത്ത മേഖലയാണ് തൊഴില്‍ രംഗം. അതുകൊണ്ടുതന്നെ സര്‍ക്കാരുകള്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള വലിയ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതും പൊതു സ്വകാര്യ പങ്കാളിത്തം ഉണ്ടാവുന്നതുമൊക്കെ നല്ല കാര്യം തന്നെ. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്കൊപ്പം സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ നടത്താന്‍ വേണ്ട സഹായ സഹകരണം സര്‍ക്കാര്‍ തലത്തില്‍ വിപുലമായി ഉണ്ടാവണം. ആയിരക്കണക്കിന് വ്യവസായ യൂണിറ്റുകള്‍ നഷ്ടത്തില്‍ പോകുന്നവ ഉണ്ട്. ഇവ നല്ല രീതിയില്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് വേണ്ട സഹായ വും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവുന്നത് നന്നായിരിക്കും. 

പുറത്തുനിന്ന്  വന്നവരെ സംബന്ധിച്ച് മെച്ചപ്പെട്ട വരുമാനവും ജോലി ആവശ്യമുള്ളവര്‍ക്ക് തൊഴിലും ലഭിക്കും. ഇപ്പോള്‍ കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പലരും സജീവമാകുന്നുണ്ട്. ഈ മേഖലയില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന അറിവുണ്ടാകണം. മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌കരണം, മത്സ്യമേഖല ഇവയൊക്കെ വലിയ സാധ്യതകള്‍ ഉള്ള മേഖലകളാണ്. ഈ രംഗങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും സംരംഭകര്‍ക്ക് ലഭിക്കണം. സംരംഭകര്‍ക്കും തൊഴിലന്വേഷകര്‍ക്കും അവ വേണ്ടരീതിയില്‍ പ്രയോജനപ്പെടുന്നതിന് വേണ്ട നടപടികള്‍ ആവശ്യമാണ്. വ്യവസായങ്ങള്‍ ഏതെല്ലാം, എവിടെയൊക്കെ, ഏതുവിധത്തില്‍ ആരംഭിക്കാമെന്നതിന് ഒരു പോര്‍ട്ടല്‍ ആവശ്യമാണ്. നിക്ഷേപകരായി വരുന്നവര്‍ക്ക് വേണ്ട സാഹചര്യം സൃഷ്ടിക്കണം. വ്യവസായങ്ങളിലൂടെ ഉണ്ടാവുന്ന ഉണര്‍വ് നമ്മുടെ സാമ്പത്തിക മേഖലയുടെ മൊത്തത്തിലുള്ള ഉണര്‍വിന് കാരണമാവുമെന്ന് തന്നെ കരുതുന്നു.     

(എ ടു ഇസെഡ് ഗ്രൂപ്പ് ചെയര്‍മാനും കെ എസ് ഐ ഡി സി ഡയറക്ടറുമാണ്)


പ്രവാസികളുടെ കര്‍മശേഷിയും പ്രവര്‍ത്തന പരിചയവും പ്രയോജനപ്പെടുത്തും - ഇ.പി. ജയരാജന്‍

സംസ്ഥാനത്തെ വ്യവസായ സൗഹൃദ മാക്കി തീര്‍ക്കാനുള്ള ബൃഹത്തായ കര്‍മ്മ പദ്ധതിയാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് 70 ശതമാനവും ഇടത്തരം, ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആണ്. നമ്മുടെ ഭൂപ്രകൃതിയും മറ്റും ഇതില്‍ പ്രധാനമാണ്. വ്യവസായ പ്രോത്സാഹനം മുന്‍നിര്‍ത്തി വിപുലമായ പദ്ധതികളാണ് തയ്യാറാക്കി നടപ്പാക്കുന്നത്. പത്തുകോടി രൂപ വരെ ഉള്ള വ്യവസായത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് അഞ്ചുവര്‍ഷം ആക്കിയിട്ടുണ്ട്. വ്യവസായ ഉത്തേജനത്തിന് 3,434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജ് പ്രഖ്യാപിച്ചു.

കോവിഡ് അനന്തര പുനരുജ്ജീവന തിന് വ്യവസായ മേഖലയില്‍ പുതിയ പദ്ധതിയുമുണ്ട്. മൂല്യ വര്‍ദ്ധന,ഹെല്‍ത്ത് കെയര്‍,ഹെല്‍ത്ത്  ഡിവൈസസ് ഇവയ്‌ക്കൊക്കെ വലിയ സാധ്യതയാണ് ഇനി വരുന്നത്.ഈ മേഖലകളുടെ വളര്‍ച്ചയ്ക്കായി പ്രത്യേക പാര്‍ക്കുകള്‍ തന്നെ രൂപീകരിക്കും.കാര്‍ഷിക മൂല്യവര്‍ ധന,ക്ഷീര മേഖല, മത്സ്യ മേഖല,ഇവയ്‌ക്കോക്കെ പ്രത്യേക പരിഗണന നല്‍കുന്നു. ഇന്ന് വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ മടങ്ങിയെത്തുന്ണ്ട്. ഇവരുടെ കര്‍മ്മശേഷിയും പ്രവര്‍ത്തന പരിചയവും വ്യവസായ വളര്‍ച്ചയില്‍ നമ്മള്‍ പ്രയോജനപ്പെടുത്തും. അതിലൂടെ ഇവിടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും. സംസ്ഥാനത്ത് വ്യാവസായിക, തൊഴില്‍ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് കളമൊരുക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. പുതിയ സംരംഭകരെ പരമാവധി  പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ഇന്നത്തെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നുണ്ട്.                            

(സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി)


പദ്ധതികളൊന്നും സാധാരണക്കാര്‍ക്ക് ആശാവഹമല്ല - കെ.ഐ. സുബൈര്‍

സ്വദേശി വല്‍ക്കരണം മൂലം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ വ്യക്തി എന്ന നിലയില്‍ ഉണ്ടായ അനുഭവങ്ങള്‍ ഒട്ടും അനുകൂലമായിരുന്നില്ല. തിരികെ എത്തിയ നാളുകളില്‍ തന്നെ നോര്‍ക്കയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, നോര്‍ക്ക ബാങ്കിനെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ബാങ്കില്‍ നിന്ന് ഉണ്ടായ അന്വേഷണങ്ങള്‍ പലതാണ്. നമ്മുടെ ബാങ്ക് ബാലന്‍സ്, ആദായനികുതി റിട്ടേണ്‍ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആവശ്യപ്പെട്ടു. മനം മടുപ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്.

കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പയുടെ കാര്യത്തിലും സാഹചര്യങ്ങള്‍ വ്യത്യസ്തമല്ല. ഒരു കോടി ആളുകളില്‍ നിന്ന് ഒരാള്‍ക്ക് ആവും വായ്പ ലഭിക്കുക. ഇത്തരം പദ്ധതികളില്‍ എല്ലാം വലിയ പബ്ലിസിറ്റി മാത്രമാണ് നടക്കുന്നത്. ഇതില്‍നിന്ന് പ്രയോജനം ലഭിക്കുന്നത് വളരെക്കുറച്ചു പേര്‍ക്കു മാത്രം. നിക്ഷേപകരായി എത്തുന്നവര്‍ക്ക് തൊഴിലിന് പുതിയ ആളുകളെയാണ് താല്പര്യം. അവര്‍ പ്രവര്‍ത്തിപരിചയ മൊന്നും അത്ര കാര്യമായി പരിഗണിക്കുന്നില്ല. ഇത്തരം പദ്ധതികള്‍ ഒന്നും സാധാരണക്കാരന് ആശാവഹമല്ല. അതിന്റെ പേരില്‍ വലിയ പ്രചരണങ്ങളാണ് നടക്കുന്നത്. സാധാരണക്കാര്‍ പലപ്പോഴും കബളിപ്പിക്കപ്പെടുന്നു. അത്ര മാത്രം.      

(ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസിയാണ് ലേഖകന്‍)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story