EDITORIAL

വലുതായി ചിന്തിക്കാൻ തുടങ്ങാം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

12 Feb 2021

കേരള വികസനത്തിന് നിരവധി പോരായ്മകളുണ്ട്. ഇനി നമുക്ക് മുന്നാട്ട് പോകണമെങ്കിൽ ഈ  വെല്ലുവിളികളെ സമർത്ഥമായി അതിജീവിക്കേണ്ടതുണ്ട്.

ഒന്ന് മലയാളിയുടെ സമ്പത്തിനോടുള്ള മനോഭാവത്തിൽ ഉണ്ടാകേണ്ട അടിസ്ഥാനപരമായ മാറ്റമാണ്. വളർച്ചയോടും, വികസനത്തോടും മുന്നേറ്റത്തുളാടും ഇന്നും മലയാളി മുഖം തിരിക്കാൻ ഈ പ്രശ്നം കാരണമാകാം. നമുക്ക് ഇപ്പോഴും ചെറിയ കാര്യങ്ങൾ മതി.

വലിയ പദ്ധതികൾ വേണ്ട. അതിനൊന്നും സാധ്യത ഇല്ല എന്നൊരു പൊതു പരിപ്രേക്ഷ്യം സൃഷ്ടിച്ചിരിക്കുകയാണ്. അതാണ് വലിയ അപകടം. എക്സ്പ്രസ് വേ എന്ന് കേട്ടപാതി, കേൾക്കാത്ത പാതി അത് വേണ്ടെന് നമ്മൾ തീരുമാനിച്ചു.  അല്ലായിരുന്നെങ്കിൽ എത്ര മുൻപ് തന്നെ ആ പദ്ധതി യാഥാർത്ഥ്യമാകുമായിരുന്നു. ഒരു പക്ഷെ കേരളത്തിൻ്റെ മുഖഛായ തന്നെ മാറിപ്പോകുമായിരുന്നു. 

നല്ല പാതകൾ ഞരമ്പുകൾ പോലെയാണ്. കേരളത്തിന് പുറത്ത് നാം ഇത് അനുഭവിച്ചറിയുന്നതാണ്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലം. ഇന്ത്യയുടെ നാലു ദിക്കുകളെ കൂട്ടിയിണക്കിയ സുവർണ ചതുഷ്കോണ പാത ആ പേര് സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ തന്നെ സുവർണ ലിപികളാൽ മാത്രം ആലേഖനം ചെയ്യേണ്ടതാണത്.

ഇന്ന് ഇന്ത്യക്കാരുടെ ദൂരയാത്രക്ക് ദൂരം കുറയ്ക്കുന്നത് ഇതാണ്. പക്ഷെ കേരളം അറച്ചു നിന്നു. സ്ഥലം ഏറ്റെടുത്തു നൽകിയില്ല. ഫലമോ? എക്സ്പ്രസ് വേയുടെ റീച്ചിലൊന്നു നമ്മൾ ഇല്ലാതായി. പകരം ഒന്ന് നിർമിക്കാൻ കഴിയാതെയും പോയി. ദേശിയ പാത വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടായത് ഈ സർക്കാരിൻ്റെ കാലത്താണ്. കിഫ്ബി യിൽ നിന്ന് പണം ലഭ്യമാക്കാൻ കഴിഞ്ഞതോടെയാണ് കുരുക്ക് അഴിയുന്നത്. 

കൊങ്കൺ ആണ് വലിയ റയിൽ പദ്ധതികളുടെ ഇന്ത്യൻ മാതൃക. ഈ അത്ഭുത പാത ഇന്ത്യക്കാരെ എന്നും വലിയ പദ്ധതികൾക്ക് പ്രചോദിപ്പിച്ചത്. ദില്ലി മെട്രൊ വൻ വിജയമായി. രാജ്യത്തെ പല നഗരങ്ങളും മെട്രൊ റെയിൽ സ്വന്തമാക്കി. കൊച്ചിയും ഈ ക്ലബിൽ കടന്നു.

കേരളം രൂപീകൃതമാകുന്നതിന് മുൻപും, ആദ്യ കാലത്തും വളരെ വിപുലമായ പദ്ധതികൾ നമ്മൾ ഏറ്റെടുത്തിരുന്നു. വലിയ കമ്പനികളെ ക്ഷണിച്ച് കൊണ്ടുവന്നിരുന്നു. മാവൂർ ഗ്രാസിം ഒക്കെ അങ്ങനെ വന്നതാണല്ലൊ. എണ്ണപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും ഉണ്ടായി. 

ഫാക്ട്, എച്എംടി എന്നിവയെല്ലാം. ഇടുക്കി ജല വൈദ്യുത പദ്ധതിയൊക്കെ എത്ര നാൾ മുൻപ് ഉണ്ടായതാണ്.  കാൽ നൂറ്റാണ്ട് പഴക്കമുള്ള ടെക്നോപാർക്ക് ആണ് സമീപകാല ചരിത്രത്തിലെ നിർണായകമായ ഒരു  ഇടപെടൽ. പിന്നെ സിയാലും. നമുക്ക് എല്ലാ മേഖലയിലും വലിയ പദ്ധതികളും, വമ്പൻ സ്ഥാപനങ്ങളും വേണം. ചിന്തയും വലുതാകണം.

കൃഷി എടുക്കുക. സിയാൽ പോലൊരു പിപിപി കമ്പനി വന്നാൻ ഒരു തുണ്ടു ഭൂമി തരിശായി കിടക്കാതെ കാക്കാം. മൂല്യ വർധിത വിഭവങ്ങളുടെ ധാരാളിത്തമുണ്ടാക്കാം. നവ സംരംഭകർക്ക് ആ മേഖല തുറന്ന് കൊടുക്കണം. ഫണ്ടും ലഭ്യമാക്കണം.

സീഡിങ് ഇനി നടക്കേണ്ടത് അവിടെയാണ്. ഏതൊക്കെ മേഖലകൾക്ക് മുൻഗണന വേണമെന്ന് തീരുമാനിക്കണം. മികച്ച പoനങ്ങളുടെ അടിസ്ഥാനത്തിൽ വേണം പദ്ധതികൾ അന്തിമമാക്കാൻ.

ടൂറിസത്തിലും, ആയുർവേദത്തിലും നമുക്ക് സാധ്യതകൾ വിപുലം. പക്ഷെ പുനർ നിർവചിക്കേണ്ട സമയമായി, നമുക്ക് വലുതായി ചിന്തിക്കാൻ തുടങ്ങാം.


പ്രീ പ്രൈമറി തലം മുതൽ അധ്യാപക പരിശീലനം വരെയുള്ള കാര്യങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യം - ഡോ: അമൃത് കുമാർ

യുഎൻ ഉൾപ്പെടെ ഗ്രോസ് ഹാപ്പിനെസ് ഇൻഡക്സിന് വലിയ പ്രാധാന്യം നൽകി വരുന്നു. ഒരു പക്ഷെ ജിഡിപിയെക്കാൾ ജിഎച്ച്ഐ ക്ക് പ്രാധാന്യം ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഈ അവസരത്തിൽ വിദ്യാഭ്യാസ രംഗത്തിന്റെ പ്രാധാന്യം അതിപ്രധാനമാണ്. ഇതിൽ തന്നെ താഴെത്തട്ടിൽ കൂടുതൽ ശ്രദ്ധ വേണം. പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയ്ക്കായുള്ള ഒരു നയം തന്നെ വിശദമായ പഠനത്തിലൂടെ രൂപപ്പെടുത്തേണ്ടതുണ്ട്. മറ്റൊരു പ്രധാന കാര്യമാണ് പ്രീ പ്രൈമറി കരിക്കുലം. ഈ പ്രായത്തിൽ കുട്ടികൾക്ക് കളിക്കാനും ആത്മവിശ്വാസം വളർത്താനും പര്യാപ്തമായ കരിക്കുലമാണ് വേണ്ടതെന്ന് പുതിയ നാഷണൽ എജ്യുക്കേഷൻ പോളിസി തന്നെ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ കരിക്കുലം അല്പം കഠിനം തന്നെയാണ്. ഈകാര്യത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അതുപോലെ പ്രധാനമാണ് ഈ മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും.

മറ്റൊന്ന് പുതിയ തലമുറയ്ക്ക് ഡിജിറ്റൽ നോളജ് ഉണ്ടെങ്കിൽ പോലും അത് അപ്ലൈ ചെയ്യാനും അസസ്‌ ചെയ്യാനും ഉള്ള കഴിവിൽ പോരായ്മയുണ്ട്. ആ തലത്തിൽ ഒരു ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം രൂപപ്പെടുത്തുന്നത് നന്നായിരിക്കും. ഇതിന് പുറമെ മുതിർന്ന തലമുറയ്ക്ക് ഡിജിറ്റൽ ലിറ്ററസി പകർന്നു നൽകുന്ന തരത്തിൽ ഒരു മുന്നേറ്റവും വേണം.

സ്‌കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും ഉള്ള അൺഎയ്‌ഡഡ്‌ മേഖലയിലെ അധ്യാപകരുടെ നിലവാരം ഉയർത്തുന്നതിനുള്ള കൃത്യമായ ഇടപെടലുകൾ ഉണ്ടാവണം. അധ്യാപകരുടെ മികവ് ഉയർത്താൻ സഹായകമായ മറ്റൊരു കാര്യമാണ് സംസ്ഥാന തലത്തിൽ ഒരു ഡിജിറ്റൽ റിസോഴ്‌സ് സെന്റർ സ്ഥാപിക്കുക എന്നത്. ഏറ്റവും മികച്ച ഇന്റർനാഷണൽ ജേർണലുകൾ ഇതിലൂടെ ലഭ്യമാക്കാൻ കഴിയും. ഇതിന് പുറമെ തനതായ ഒരു ലേണിങ് മാനേജ്‌മന്റ് സിസ്റ്റം രൂപപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞാൽ രാജ്യത്തിന് തന്നെ അത് ഗുണകരമാവും. ലേണിങ് കൂടുതൽ ഇന്ററാക്ടീവ് ആക്കി മാറ്റാനും   സയന്റിഫിക്  എക്സ്പോഷർ കൈവരിക്കാനും കഴിയുന്ന വ്യാപകമായ ഇടപെടലുകൾ ഉണ്ടായേ തീരൂ.

സാമൂഹ്യശാസ്ത്ര ഗവേഷണരംഗത്ത് കിടയറ്റ ഒരു ഏജൻസി രൂപീകരിക്കാൻ കേരളത്തിന് തീർച്ചയായും സാധിക്കും. ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുന്ന കാര്യത്തിലും സംസ്ഥാനം ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

(ഹെഡ്, എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, സെൻട്രൽ യൂണിവേഴ്സിറ്റി)


ഭാവി മുന്നിൽ കണ്ടുള്ള ആസൂത്രണം അനിവാര്യം - സി. പി. ജോൺ

കോവിഡ് യഥാർത്ഥത്തിൽ സമഗ്ര മേഖലകളിലും പ്ലാനിങ്ങിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നുണ്ട്. കോവിഡ്  ആരോഗ്യമേഖലക്ക്  പുറമെ പ്രധാനമായി സാമ്പത്തിക സാമൂഹിക രംഗങ്ങളിലും വലിയ വെല്ലുവിളിയാണ്. വരുമാനത്തിലെ ഗണ്യമായ ഇടിവ് ബഹുഭൂരിപക്ഷം കുടുംബങ്ങളെയും രൂക്ഷമായി ബാധിച്ചു. അത് ഒരു തരത്തിൽ സാമൂഹിക ജീവിതത്തിന്റെ സ്വച്ഛതയെ പോലും ബാധിച്ചിട്ടുണ്ട്. മറ്റൊന്ന് ജനജീവിതം സമ്മർദ്ദത്തിനടിപ്പെട്ടു എന്ന യാഥാർഥ്യമാണ്. ആത്മഹത്യകളുടെ എണ്ണം പോലും വർധിച്ചു.

ഗവണ്മെന്റിന്റെ റോൾ വർധിപ്പിക്കുക എന്ന ഒരു ആശയമാണ് ഈ അവസരത്തിൽ ഞങ്ങളുടെ ടീമിന്റേതായി ഉയർന്നു വന്നത്. മോർ ഗവണ്മെന്റ്; അതിലൂടെ ജനജീവിതത്തെ സപ്പോർട്ട് ചെയ്യുക. ന്യായ് പദ്ധതി ആ ആശയത്തോട് ചേർന്ന് നിൽക്കുന്നു. വരുമാനം ഉറപ്പാക്കുക എന്ന ആശയത്തിനാണ് പ്രാധാന്യം. ഇതിന് പുറമെ താങ്ങുവില പോലുള്ള കാര്യങ്ങൾ.

പൗരന്റെ സാമൂഹിക ജീവിതത്തെ സ്റ്റുഡന്റ് ലൈഫ്, എർണിങ് പീരിയഡ് എന്നിങ്ങനെ വിവിധ സ്റ്റേജുകളായി തിരിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് കൈക്കൊള്ളേണ്ടത്. ഈ മൂന്ന് കാലഘട്ടങ്ങളിലും പൗരന് കൃത്യമായ സാമ്പത്തിക പിന്തുണ കൊടുക്കുന്നതിലൂടെ സാമൂഹിക ജീവിതം മെച്ചപ്പെടും. ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും.

(ആസൂത്രണ വിദഗ്ദ്ധൻ)


ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യം - ഡോ. എസ്എസ് ലാൽ

പൊതുജനാരോഗ്യ രംഗം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സമയമാണിത്. ലോകം മുഴുവൻ ഒരു കാട്ടിയ ആരോഗ്യ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. കേരളത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മൾ നാല് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി നമ്മൾ നല്ല ആരോഗ്യമുള്ളൊരു സംസ്ഥാനമാണോ? മാതൃ, ശിശു മരണ നിരക്ക്, ആയുർദൈർഖ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുമ്പോൾ നമ്മുടെ ആരോഗ്യ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. എന്നാൽ അതിനർദ്ധം ഇവിടുത്തെ മുഴുവൻ പേരും ആരോഗ്യമുള്ളവർ ആണെന്നല്ല. രണ്ടാമത്തേത് ആരോഗ്യരംഗത്ത് ഒരു കേരളാ മോഡൽ ഉണ്ടോ എന്നതാണ്? ഉണ്ട് എന്നതാണതിനുത്തരം. പല കാര്യങ്ങളിലും ആ മോഡൽ ശ്രദ്ധേയമാണ്. ഉദാഹരണം, കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം. എന്നാൽ ഇനി നമുക്കൊരു പ്രശ്നവുമില്ല എന്ന് അതിനര്ഥവുമില്ല. ഈ ഘട്ടത്തിലാണ് മൂന്നാമത്തെ ചോദ്യത്തിന്റെ പ്രസക്തി. ആരോഗ്യമേഖലയിൽ നാം ആവശ്യത്തിനുള്ളത് ചെയ്തിട്ടുണ്ടോ? ആരോഗ്യരംഗത്ത് കേരളം അവകാശപ്പെടുന്ന നേട്ടങ്ങൾക്ക് പിന്നിൽ കാലാവസ്ഥ ഉൾപ്പെടെയുള്ള ഒരുപാട് ഘടകങ്ങളുണ്ട്. ഒരുപാട് കാലത്തെ, അനവധി പേരുടെ പ്രയത്‌ന ഫലം കൂടിയാണത്. പ്രതീക്ഷകൾ വളരെ കൂടുതലുള്ള സ്ഥലമാണ് കേരളം. ഇവിടെ കുടുംബത്തിന്റെ വലിപ്പം ചെറുതാണ്. അതിനാൽ തന്നെ മുന്നൊരുക്കങ്ങളും കൂടും. നാലാമതായി ചിന്തിക്കേണ്ടത് കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രധാന പ്രശ്നങ്ങൾ എന്തക്കെയാണ് എന്നതാണ്?

ഇന്ത്യയിൽ ആരോഗ്യമേഖലയിലെ നിക്ഷേപം ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. ഉള്ള നിക്ഷേപം തന്നെ ശരിയായ രീതിയിലല്ല. കൂടുതൽ നിക്ഷേപം ഈ മേഖലയിൽ ആവശ്യമാണ്. നല്ലൊരു ഹെൽത്ത് പോളിസി വേണം നമുക്ക്. കോവിഡ് വന്നപ്പോൾ പോലും നമുക്ക് വ്യക്തമായൊരു നയമില്ല. ആരോഗ്യമേഖലയുടെ നവീകരണത്തിന് ഒരു കമ്മീഷൻ വേണം.

സകാര്യമേഖല തെറ്റാണെന്നാണ് നമ്മുടെ വിശ്വാസം. വളരെ ദയനീയമാണ് ആ അവസ്ഥ. സ്വകാര്യ ആശുപതികളെക്കൂടി ഉൾക്കൊള്ളണം. എന്നാൽ ഗുണമേന്മയും അക്രെഡിറ്റേഷനും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.

മനുഷ്യന് താങ്ങാൻ പറ്റുന്ന ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനാകാത്തതിന്റെ പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. എയ്ഡഡ് സ്കൂളുകൾ പോലെ എയ്ഡഡ് ആശുപത്രികളെക്കുറിച്ചും സർക്കാർ ചിന്തിക്കണം. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവിടെ സൗജന്യങ്ങൾ ഏർപ്പെടുത്താൻ കഴിയണം.

ദാരിദ്ര്യരേഖയ്ക്ക് തൊട്ട് മുകളിലുള്ളവർക്കും ചികിത്സാ സൗജന്യങ്ങൾ ലഭ്യമാകണം. ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ഉറപ്പാക്കണം. അടിസ്ഥാനപരമായ സൗജന്യ ചികിത്സ എല്ലാവർക്കും നൽകാനാകണം.

മഹാമാരി വരുമ്പോൾ തടയാനുള്ള തയ്യാറെടുപ്പ് നമുക്കുണ്ടാകണം. അതുപോലെ സാംക്രമികരോഗങ്ങളെ തടയാനുള്ള കലണ്ടറും വേണം. ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യാനും തടയാനും CDC പോലുള്ള ഗവേഷക, ഉപദേശക സ്ഥാപനങ്ങളും നമുക്കാവശ്യമാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ളവയിൽ അന്താരാഷ്ട്ര പങ്കാളിത്തവും ഫണ്ടിങ്ങും കൊണ്ടുവരണം. വാക്‌സിനുകളും മരുന്നുകളും കണ്ടെത്തുവാനും നിര്മിക്കുവാനുമുള്ള സാധ്യതകളും നമ്മൾ തേടണം.

ജീവിതശൈലി രോഗങ്ങളെ കൈകാര്യം ചെയ്യാനുള്ള സംവിധാനം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണം. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഏറ്റവുമടുത്ത ആശുപത്രിയിൽ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സംവിധാനമുണ്ടാകണം. വയോജന ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം.

തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകളെ ഡീംഡ് യൂണിവേഴ്സിറ്റികളാക്കി മാറ്റണം. ഏതാനും മെഡിക്കൽ കോളേജുകളെങ്കിലും എയിംസിന്റെ നിലവാരത്തിലേക്കുയരണം. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കണം. വിദേശ വിദ്യാർത്ഥികളെ ഉൾപ്പെടെ ആകർഷിക്കുന്ന വിധത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിട്യൂട്സ് രൂപപ്പെടുത്തണം.

സ്കൂൾ ഹെൽത്ത് പ്രോഗ്രാമുകളെ പുനർജ്ജീവിപ്പിക്കണം. എല്ലാ ഗ്രാമത്തിലും യുവജനങ്ങൾക്ക് വ്യായാമ കേന്ദ്രങ്ങൾ ഒരുക്കണം. പുക വലിക്കാത്തവർക്ക് ഇൻസെന്റീവ്‌സ് ഉൾപ്പെടെ നൽകണം. റേഷൻ കടകൾ വഴി പഴങ്ങളും പച്ചക്കറികളും നൽകണം.

ഇലക്ട്രോണിക്സ് ഹെൽത്ത് റെക്കോർഡ്‌സ് സൃഷ്ട്ടിക്കണം. അവയവദാനം കൂടുതൽ ചർച്ച ചെയ്യപ്പെടണം.

(പൊതുജനാരോഗ്യ വിദഗ്ധൻ)


റവന്യൂ ചെലവുകൾക്ക് വേണ്ടി പോലും കേരളം കടംമെടുക്കേണ്ടി വരുന്നു - ഡോ. മേരി ജോർജ്

ഒരു സംസ്ഥാനത്തിന്റെ ധനവിനിയോഗം എങ്ങനെയാകണമെന്നത് പ്രധാനമാണ്. ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവരിലേക്ക് കൂടുതൽ വികസനം എത്തിയാലെ സാമ്പത്തീക ജനാതിപത്യം ഉണ്ടാകു. അത് സാധ്യമാകണമെങ്കിൽ രാഷ്ട്രീയ ജനാതിപത്യം ശരിയായി ഉണ്ടാകണം. സാധാരണക്കാരുടെ പക്ഷത്തു നിന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരുണ്ടാകണം.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്ഗങ്ങള് രണ്ടു വിധത്തിലാണ്. സംസ്ഥാനത്തിന്റെ സ്വന്തം വരുമാന മാര്ഗങ്ങളും കേന്ദ്രത്തിൽ നിന്നുമുള്ള വരുമാനവും. സംസ്ഥാനത്തിന്റെ സ്വന്തം വരുമാനങ്ങൾ നികുതിയും നികുതിയിതര വരുമാനങ്ങളുമാണ്. ചെലവാണെങ്കിലോ റെവന്യൂ ചെലവുകളും ക്യാപിറ്റൽ ചെലവുകളുമാണ് പ്രധാനം. അകെ ചെലവുകളിൽ സിംഹഭാഗവും ഉപയോഗിക്കുന്നത് റെവന്യൂ ചെലവുകൾക്കാണ്. ഇങ്ങനെ മൂലധന ചെലവുകൾക്ക് പണമില്ല എന്ന അവസ്ഥയിലാണ് കീഫ്‌ബി പോലുള്ള ബദൽ നിർദേശങ്ങളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങിയത്. എന്നാൽ കിഫ്ബിയില് നിന്ന് കടമെടുത്തിട്ട് പോലും തീരാത്ത അടിസ്ഥാന സൗകര്യ വികസനാവശ്യങ്ങളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. അതല്ലെങ്കിൽ റെവന്യൂ ചെലവുകൾ കുറയ്‌ക്കേണ്ടി വരും. എന്നാൽ റെവന്യൂ ചെലവുകൾക്ക് വേണ്ടി പോലും പലപ്പോഴും കടം മേടിക്കേണ്ടി വരുന്നു എന്നതാണ് കേരളത്തിന്റെ അവസ്ഥ. ഈ അവസ്ഥ മാറണം. എങ്കിലേ സമഗ്ര വികസനം സാധ്യമാകു. റെവന്യൂ ചെലവുകളും വരുമാനവും സമമാക്കണമെന്ന നിർദേശം ഇതുവരെ യാഥാർഥ്യമാക്കുവാൻ നമുക്ക് സാധിച്ചിട്ടില്ല.

കാർഷികമേഖലയെ സഹായിക്കാൻ നാം ഇനിയും മുന്നോട്ട് വരണം. തൊഴിലാളി യൂണിയനുകളുടെ പിടുത്തത്തിൽ നിന്ന് പുറത്തുവരേണ്ടിയിരിക്കുന്നു സംസ്ഥാനം. കുടുമ്പശ്രീ ഉൾപ്പെടെയുള്ളവരെ ചേർത്തുനിർത്തി വനിതകൾക്കായി സമഗ്ര പ്രോഗ്രാമുകൾ കൊണ്ടുവരണം.

(സാമ്പത്തിക വിദഗ്ദ്ധ, എഴുത്തുകാരി)


കാർഷിക, ടൂറിസം മേഖലകളിലെ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം - മാത്യു കുഴൽനാടൻ

നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മനസ്സിലാക്കുവാൻ സഹായിക്കുന്ന മൂന്ന് ഘടകങ്ങളാണ് ധനകമ്മി, വായ്പാ പരിധി അതുപോലെ പലിശ അടവ് എന്നിവ. നിലവിൽ അവയുടെ അനുവദനീയ പരിധിക്കും വളരെ മുകളിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥ. ഇതും കൂടാതെയാണ് കിഫ്‌ബി പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള ബജറ്റിന് പുറത്തുള്ള കടമെടുക്കൽ. എന്നാൽ ഇത്തരം മാർഗങ്ങളിലൂടെ വിദേശത്തു നിന്നും കടമെടുക്കുന്നത് നിയമവിടെയമാണോ എന്നത് ഇപ്പോൾ കോടതികൾ പരിശോധിക്കുകയാണ്. അവരുടെ ഇടപാടുകളിൽ സുതാര്യതക്കുറവുണ്ട് എന്നതാണ് യാഥാർഥ്യം.

അടുത്ത സർക്കാർ വരുമ്പോൾ അടിയന്തിരമായി പരിഗണിക്കേണ്ട വെല്ലുവിളികൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

എങ്ങനെയാണ് FRBM നിർബന്ധനകൾ പാലിക്കുക എന്നത് അടുത്ത സർക്കാർ പരിഗണിക്കേണ്ടി വരും. സാമൂഹ്യ സാമ്പത്തിക മേഖലകളിലെ മൂലധന ചെലവഴിക്കൽ വർധിപ്പിക്കണം. നിലവിൽ അത് തുടർച്ചയായി കുറഞ്ഞുവരികയാണ്. നഗര മേഖലകളിൽ ഉയർന്നുവരുന്ന ദാരിദ്ര്യാവസ്ഥ അടുത്ത സർക്കാർ അഭിമുഖീകരിച്ചേ മതിയാകു. ഉയരുന്ന തൊഴിലില്ലായ്മാ നിരക്ക് വലിയൊരു പ്രശ്നമായേക്കാം. അതുപോലെ തന്നെ പ്രവാസികളുടെ തിരിച്ചു വരവവും ഗൾഫിൽ ഉണ്ടാകുന്ന പ്രതിസന്ധിയും കാണാതെ കേരളത്തിലെ ഒരു സർക്കാരിനും ഭരണം നടത്താനാകില്ല. കാരണം, മലയാളികൾ വിദേശത്തുപോയി സമ്പാദിച്ച പണം ഉപയോഗിച്ചാണ് കേരളം ഇതുപോലെ വളർന്നത്. ഇതെല്ലം പരിഗണിച്ച ശേഷം തെരഞ്ഞെടുത്ത കാര്യങ്ങളിലാകണം അടുത്ത സർക്കാർ ശ്രദ്ധിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു. നമ്മുടെ ഡെമോഗ്രാഫിക്സിൽ ഉള്ള നേട്ടം ഉപയോഗപ്പെടുത്താനാകണം.    

ഫിസിക്കൽ കൺസോളിഡേഷൻ സാധ്യമാകണം. വരുമാനം പരമാവധി കൂട്ടുകയും ചെലവ് കുറയ്ക്കുകയും ചെയ്യണം. ചെലവ് വിവേകപൂർണമാകണം, യുക്തിസഹമായിരിക്കണം. അവസാനമായി, ഇതൊക്കെ നടപ്പാക്കാൻ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം.

വരുമാനം ഉണ്ടാക്കുവാൻ മികച്ച രണ്ട് മേഖലകളിൽ ശ്രദ്ധിക്കുകയാകും നല്ലതെന്നാണ് തോന്നുന്നത്. ടൂറിസവും കൃഷിയും. അനന്തമായ സാദ്ധ്യതകൾ കേരളത്തെ സംബന്ധിച്ച് ഈ മേഖലകളിൽ ഉണ്ട്. അവ പൂർണമായ തോതിൽ ഉപയോഗപ്പെടുത്താനാകണം. 

(പൊളിറ്റീഷൻ, നിയമ വിദഗ്ധൻ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story