EDITORIAL

റെക്കോർഡ് നേട്ടത്തിന്റെ നെറുകയിൽ വിപണി - ന്യൂഏജ് എഡിറ്റോറിയൽ

Newage News

13 Jan 2021

റെക്കോർഡ് നേട്ടത്തിന്റെ ആഹ്ളാദത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും റെക്കോര്‍ഡ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ വിപണി സൂചികകൾ മറ്റൊരു അപൂർവ നേട്ടത്തിന്റെ പടിവാതിലിലാണ്. സെൻസെക്സ് 50000 എന്ന മാന്ത്രികസംഖ്യ തൊടാനൊരുങ്ങുന്നു. നിഫ്റ്റിയാകട്ടെ 14500 മറികടക്കാനൊരുങ്ങുന്നു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1 ശതമാനം നേട്ടത്തോടെ 49,269.32 എന്ന നിലയിലാണ് തിങ്കളാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി സൂചിക 0.96 ശതമാനം ഉയർന്നു. ഇരു സൂചികകളുടെയും പുതിയ റെക്കോര്‍ഡ് ക്ലോസിങ് നിലവാരമാണ് തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായത്. 

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മികവാര്‍ന്ന മൂന്നാം  പാദ കണക്കുകള്‍ മുന്‍നിര്‍ത്തി ഐടി ഓഹരികള്‍ കുതിപ്പ് നടത്തുന്നതിന് വിപണി സാക്ഷിയായി. സെന്‍സെക്‌സിലെ 30 കമ്പനികളില്‍ മൂന്നിൽ രണ്ടും നേട്ടത്തിലാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ് ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ പ്രധാനികളായി. മേഖല തിരിച്ച് വിലയിരുത്തിയാല്‍ ഐടി 3.63 ശതമാനം നേട്ടം കാഴ്ച്ചവെച്ചു. അതിനിടെ ഇരുചക്രവാഹന കമ്പനിയായ ബജാജ് മോട്ടോഴ്‌സിന്റെ വിപണി മൂല്യം ഇതാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു ഓഹരിയുടെ മൂല്യം 3,479 രൂപ ആയതോടെ ബജാജിന്‍റെ ആകെ വിപണിമൂല്യം 100,670.76 കോടിയായി.

സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദ കണക്കുകള്‍ക്കൊപ്പം കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള ഒരുക്കങ്ങളും രാജ്യത്ത് വിജയകരമായി മുന്നോട്ടു പോകുന്നത് വിപണിയുടെ മുന്നേറ്റത്തിന് വലിയ ഊര്‍ജ്ജമാണ് പകരുന്നത്. കഴിഞ്ഞ മാർച്ചിലെ വൻ ഇടിവിൽ നിന്ന് ഓഹരി സൂചികകൾ ഏതാണ്ട് രണ്ട് മടങ്ങോളം വർദ്ധിച്ചു. കഴിഞ്ഞ രണ്ടര മാസത്തിലാണ്  വിപണിയിൽ നിലവിലുള്ള മേജർ റാലി സംഭവിച്ചിട്ടുള്ളത്. 3000 പോയിന്റിലധികം ഇക്കാലയളവിൽ സൂചിക ഉയർന്നു. എഫ്ഐഐ നിക്ഷേപകരുടെ നേതൃത്വത്തിലുള്ള ഫോറിൻ ഫണ്ട് ഫ്ലോയാണ് ഇതിന് ചുക്കാൻ പിടിച്ചത്. 2 മാസക്കാലയളവിൽ എഫ്ഐഐ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നടത്തിയ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ നിക്ഷേപം സർവകാല റെക്കോർഡാണ്. അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനെ തുടർന്നുള്ള സംഭവവികാസങ്ങൾ യുഎസ് ഡോളർ ദുർബലമാവുന്നതിലേക്ക് നയിച്ചതും ഇന്ത്യൻ വിപണിക്ക് നേട്ടമായി. 

പുതിയ അസോച്ചം റിപ്പോർട്ട് പ്രകാരം  ഇക്കൊല്ലം ഇന്ത്യയിൽ വി ഷേപ്പ്ഡ് റിക്കവറി ഉണ്ടാവുമെന്ന പ്രതീക്ഷകളും വിപണിക്ക് കരുത്താവുകയാണ്. ടിസിഎസിന്റെ മാതൃകയിൽ കൂടുതൽ കമ്പനികളുടെ മികച്ച ഫലങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷയും ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുന്നതും വിപണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. പതിവിലേറെ പ്രാധാന്യമുള്ള ഇത്തവണത്തെ ബജറ്റിൽ ശക്തമായ പരിഷ്കരണ നടപടികളും വൻ പ്രഖ്യാപനങ്ങളും ഏവരും പ്രതീക്ഷിക്കുന്നുണ്ട്.  മുൻവർഷങ്ങളിലേത് പോലെ ഒരു പ്രീബജറ്റ് റാലി വിപണിയിൽ ഉണ്ടായേക്കും. ഈ വർഷം കൂടുതൽ കമ്പനികൾ ഐപിഒയുമായി വരുമെന്ന പ്രതീക്ഷയാണ് പൊതുവെ വിപണിയിൽ ഉള്ളത്.  2020ൽ ഐപിഒ നടത്തിയ കമ്പനികൾക്ക് നല്ല പ്രതികരണം ലഭിച്ചതും വന്നവയൊക്കെ നിക്ഷേപകർക്ക് നല്ല റിട്ടേൺ നൽകിയതും അനുകൂല ഘടകങ്ങളാണ്. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെതു പോലുള്ള ഐപിഒ നിക്ഷേപകർ  ഉറ്റുനോക്കുന്നു. കേരളത്തിൽ നിന്ന് കല്യാൺ ജ്യുവലേഴ്‌സ്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഐപിഒയും ഉണ്ടാകുമെന്ന് കരുതുന്നു.

റെക്കോർഡ് കുതിപ്പിനിടയിലും നിലവിൽ വിപണിയിലെ ഓഹരിവിലകൾ പലതും ഓൾ ടൈം ഹൈ ആണെന്ന വസ്തുത നിക്ഷേപകർ പരിഗണിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രണ്ടര മാസത്തിലധികമായി തുടരുന്ന  റാലിയാണ് വിപണിയിലേത്. അതുകൊണ്ട് തന്നെ ബജറ്റിന് ശേഷം ഒരു തിരുത്തൽ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. എങ്കിലും ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ശുഭകരമായ നാളുകൾ തന്നെയാണ് വരാനിരിക്കുന്നത്. നിക്ഷേപകരേ, കരുതലോടെ മുന്നോട്ട്.


വിപണിയുടെ റെക്കോർഡ് കുതിപ്പ് എഫ്ഐഐ പിന്തുണയിൽ - ബിനു ജോസഫ് 

കഴിഞ്ഞ രണ്ടര മാസക്കാലത്താണ് വിപണിയിൽ ഇപ്പോഴത്തേതുപോലുള്ള മേജർ റാലി സംഭവിച്ചിട്ടുള്ളത്. ഏതാണ്ട് 3000 പോയിന്റിനടുത്ത് ഇക്കാലയളവിൽ വിപണി ഉയർന്നു. ഇതിന്റെ പ്രധാന കാരണം ഫോറിൻ ഫണ്ട് ഫ്ലോ തന്നെയാണ്. എഫ്ഐഐ പങ്കാളിത്തം ഇക്കാര്യത്തിൽ നിർണായക റോൾ വഹിച്ചു. ചുരുങ്ങിയ ഈ കാലയളവിൽ ഒന്നേകാൽ ലക്ഷം കോടി രൂപയിലധികം എഫ്ഐഐകൾ നിക്ഷേപിച്ചു. ഇത് സർവകാല റെക്കോർഡ് നേട്ടമാണ്. ഗ്ലോബലി തന്നെ ഇന്ററസ്റ്റ് റേറ്റ് ഏറ്റവും താഴ്ന്ന നിലയിൽ നിൽക്കുന്നതാണ് ഇന്ത്യൻ വിപണിയിൽ എഫ്ഐഐ പങ്കാളിത്തം ഇത്ര ഉയരാനുള്ള പ്രധാന കാരണം. മികച്ച എമേർജിങ് മാർക്കറ്റ് എന്ന നിലയിൽ ഇന്ത്യ ഏറ്റവും ആകർഷക വിപണിയായി തുടരുകയാണ്. പ്രസിഡന്റ് ഇലക്ഷനും അതിനെ തുടർന്നുള്ള സംഭവവികാസങ്ങളും കാരണം യുഎസ് ഡോളർ താരതമ്യേന ദുർബലമായതും ഇന്ത്യയിലേക്ക് ഫണ്ട് ഒഴുകാൻ കാരണമായി. എമേർജിങ് മാർക്കറ്റുകളിൽ പൊതുവെ  ഇന്ററസ്റ്റ് റേറ്റ്  പൊതുവെ  താഴ്ന്ന നിലയിൽ ആയിരിക്കുന്ന സാഹചര്യമുണ്ട്. ഇത് കുറച്ചുകാലത്തേക്ക് തുടരാനാണ് സാധ്യത. 

ഇന്ത്യയുടെ 4% ഇന്ററസ്റ്റ് റേറ്റും ഹിസ്റ്റോറിക്ക് ലോ ആണ്. ഇത് പൊതുവെ ഇൻഡസ്ട്രിക്ക്  ഗുണകരമാവും. വരും ക്വാർട്ടറിലും കമ്പനികളുടെ പ്രകടനം കൂടുതൽ മെച്ചമാകാൻ സാധ്യതയുണ്ട്. കൊറോണ വാക്സിൻ ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന സാഹചര്യവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്. ഇതിന് പുറമെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു തുടങ്ങിയത് വച്ചുള്ള സൂചനകളും ശുഭകരമാണ്. ടിസിഎസിന്റെ റിസൾട്ട് ആണ് വന്നിരിക്കുന്നത്. ഇതേ മാതൃകയിൽ കൂടുതൽ കമ്പനികളുടെ മികച്ച ഫലങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷ ശക്തമാണ്. ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുന്നതും ഏറെ പ്രധാനപ്പെട്ട സംഗതിയാണ്. മുൻവർഷങ്ങളിലേത് പോലെ ഒരു പ്രീബജറ്റ് റാലി വിപണിയിൽ തീർച്ചയായും ഉണ്ടാകും. ഇത്തവണത്തേത് ചരിത്രപരമായ ബജറ്റ് ആയിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ശക്തമായ റീഫോംസ് ഉണ്ടാകുമെന്ന പ്രതീക്ഷയും വിപണിയിൽ ശക്തമാണ്.

വിപണിയിൽ പോസിറ്റിവ് സെന്റിമെൻസ് നിലനിർത്തുന്ന മറ്റൊരു ആഗോള ഘടകം യുഎസ് വിപണിയെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളാണ്. ജോ ബൈഡൻ അധികാരം ഏറ്റെടുക്കുന്നതിന് ശേഷം ഒരു പാക്കേജ് കൂടി യുഎസിൽ പ്രഖ്യാപിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ആഗോളതലത്തിൽ തന്നെ വിപണികളിൽ ഉണർവുണ്ടാക്കും. നിക്ഷേപകരെ സംബന്ധിച്ച് ശ്രദ്ധിക്കാനുള്ള കാര്യം, നിലവിൽ വിപണിയിലെ ഓഹരിവില നിലവാരങ്ങൾ പലതും ഓൾ ടൈം ഹൈ ആണെന്ന വസ്തുതയാണ്. രണ്ടര മാസത്തിലധികമായി തുടരുന്ന  റാലിയാണ്. അതുകൊണ്ട് തന്നെ ബജറ്റിന് ശേഷം വിപണിയിൽ ഒരു തിരുത്തൽ പ്രതീക്ഷിക്കുന്നതാവും ഉചിതം. ബജറ്റ് വിപണിയുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിൽ തീർച്ചയായും വിപണിയിൽ കറക്ഷൻ ഉണ്ടാകും. മറ്റൊന്ന് ഗ്ലോബൽ ഫാക്ടേഴ്‌സ് ആണ്. ആഗോളതലത്തിൽ നെഗറ്റിവ് സെന്റിമെൻറ്സിന് കാരണമാകുന്ന കാര്യങ്ങൾ സംഭവിക്കാതിരിക്കുക എന്നതും പ്രധാനമാണ്.

(വൈസ് പ്രസിഡന്റ് - റിസേർച്ച്, ചോയ്‌സ് ബ്രോക്കിങ്)


കമ്പനികളുടെ മൂന്നാംപാദ ഫലങ്ങൾ നിർണായകം - ശ്രീകണ്ഠൻ എസ്.

സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് പൊതുവെ എല്ലാവരും. അസോച്ചം പറയുന്നത് ഇക്കൊല്ലം ഇന്ത്യയിൽ വി ഷേപ്പ്ഡ് റിക്കവറി ഉണ്ടാവുമെന്നാണ്. ഈ പ്രതീക്ഷകളും വിദേശ മൂലധനത്തിൻ്റെ ഒഴുക്കുമാണ് സ്റ്റോക് മാർക്കറ്റുകളെ മാനംമുട്ടെ ഉയർത്തി നിർത്തുന്നത്. ഇന്ത്യൻ കമ്പനികളുടെ എല്ലാം വില സ്റ്റോക് മാർക്കറ്റിൽ ഉയർന്നു നിൽക്കുകയാണ്. ഇവിടെയാണ് പ്രൈസ് ഏണിങ്സ് റേഷ്യോ അഥവാ പിഇ അനുപാതത്തിൻ്റെ പ്രസക്തി. ഓഹരി വിലയെ ഇപിഎസ് അഥവാ പ്രതി ഓഹരി വരുമാനം കൊണ്ട് ഹരിച്ചാൽ പി ഇ അനുപാതം കിട്ടും. അറ്റാദായത്തെ ഓഹരികളുടെ എണ്ണം കൊണ്ട് ഭാഗിച്ചാൽ ഇപിഎസ്സായി. നിലവിൽ ഇന്ത്യൻ കമ്പനികളുടെ പിഇ കൂടുതലാണ്. വിശിഷ്യാ സമാന വിദേശ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ. ഉദാഹരണത്തിന് നമ്മുടെ മാരുതിയുടെ പിഇ 59 ആണ്. ടൊയോട്ടയുടെ പിഇ വെറും 16. അവന്യു സൂപ്പർ മാർട് സിൻ്റ പിഇ 213. വാൾമാർട്ടിൻ്റെ പിഇ 27. ബ്രിട്ടാനിയയുടേത് 48.ഡനണിൻ്റെ പിഇ 18. കോൾഗേറ്റ് ഇന്ത്യയുടേത് 50. എന്നാൽ , കോൾഗേറ്റ് യുഎസിന് 27. ഹിന്ദുസ്ഥാൻ യുണീലിവറിന്‌ പി ഇ 77. യുണീ ലിവർ പിഎൽസിയുടേത് 22. നെസ്ലെ ഇന്ത്യയുടെ പിഇ അനുപാതം 85 ആണെങ്കിൽ നെസ്ലെ ഗ്ളോബലിന് 22. അതു പോലെ സീമെൻസ് ഇന്ത്യയും സൺ ഫാർമയും അൾട്രാടെക്കും എല്ലാം ഉയർന്ന പിഇ യിൽ നിൽക്കുന്നു. മൂന്നാം പാദത്തിൽ വരുന്ന പ്രവർത്തന ഫലങ്ങൾ ഈ പ്രതീക്ഷകൾക്ക് ഒത്തു പോയാൽ കുഴപ്പമില്ല. അല്ലെങ്കിൽ വിലയിൽ തിരുത്തൽ ഉണ്ടാവുമെന്ന് ഉറപ്പ്.

ലോക സാഹചര്യങ്ങൾ മാറിയത് ടെക്നോളജി കമ്പനികൾക്കാണ് ഏറെ ഗുണമായത്. അതിൻ്റെ സൂചനകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ മൂന്നാംപാദ ഫലം സൂചിപ്പിക്കുന്നത്. ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് ആറു രൂപ ഇടക്കാല ലാഭവിഹിതം കിട്ടുമെന്ന സന്തോഷ വാർത്തയുമുണ്ട്. ജനുവരി 16ന് ഓഹരി കൈവശമുള്ളവർക്ക് ഇടക്കാല ലാഭവിഹിതം കിട്ടും. ഫെബ്രുവരി 3ന് ലാഭവിഹിതം വിതരണം ചെയ്യും. ടിസിഎസിൻ്റെ ലാഭം ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 8701 കോടിയായി. മുൻ വർഷം ഇതേ കാലത്തെ ലാഭം 8118 കോടിയായിരുന്നു. ലാഭ വളർച്ച 7.18 % . വരുമാനം മുൻ വർഷം ഇതേ കാലത്ത് 39,854 കോടിയായിരുന്നത് ഇക്കുറി 42015 കോടിയായി. വരുമാന വളർച്ച 5 %. ബാങ്കിങ് & ഫിനാൻഷ്യൽ സെക്ടറിൽ കൂടുതൽ വരുമാനം നേടാൻ കഴിഞ്ഞു. ഈ മേഖലയിൽ നിന്ന് നേടിയ വരുമാനം 16,655 കോടിയുടേതാണ്. ഡ്യുഷേ ബാങ്കിൻ്റെ ഐടി വിഭാഗം ടിസിഎസ് ഏറ്റെടുത്തിരുന്നു. പ്രൂഡൻറ് ഫിനാൻഷ്യലിൻ്റെ പ്രമാരിയ സിസ്റ്റംസും ടിസിഎസ് ഇക്കാലത്ത് സ്വന്തമാക്കുകയുണ്ടായി. ഈ ഏറ്റെടുക്കലുകൾ എല്ലാം വരുമാന വളർച്ചയ്ക്ക് സഹായകരമായ ഘടകങ്ങളാണ്. മാനുഫാക്ച്ചറിങ് , ലൈഫ് സയൻസ് & ഹെൽത്ത് കെയർ , കമ്മ്യൂണിക്കേഷൻ & മീഡിയ, റീട്ടെയിൽ എന്നീ മേഖലകളിൽ നിന്നെല്ലാം കൂടുതൽ വരുമാനം നേടാൻ കഴിഞ്ഞിട്ടുണ്ട്.മോശ കാലത്തിൻ്റെ പ്രതികൂലതകളെ ക്ളൗഡ് കമ്പ്യൂട്ടിങ്ങ് അടക്കമുള്ള സാങ്കേതിക മികവുകൊണ്ട് അതിജീവിക്കാൻ കഴിഞ്ഞുവെന്ന് ടി സിഎസ് മാനേജിങ് ഡയറക്ടർ രാജേഷ് ഗോപിനാഥ് പറയുന്നു. സ്ഥാപനങ്ങളുടെ അതിർവരമ്പുകൾ കോവിഡ് കാലത്ത് നേർത്ത് നേർത്ത് ഇല്ലാതായതും നേട്ടമായതായി അദ്ദേഹം വിലയിരുത്തുന്നു. അനലിറ്റിക്സ് , കോഗ്നിറ്റീവ് ബിസിനസ് ഓപ്പറേഷൻ എന്നിവയിലും മികവു പുലർത്താൻ കഴിഞ്ഞതായി അദ്ദേഹം ആവർത്തിക്കുന്നുണ്ട്. ചുരുക്കത്തിൽ പ്രതീക്ഷ നൽകുന്നതാണ് ടി സിഎസ് ഫലം.

സ്റ്റോക് മാർക്കറ്റിൻ്റെ ട്രെൻഡ് കണ്ടിട്ട് ഇക്കൊല്ലം കൂടുതൽ കമ്പനികൾ ഐപിഒയുമായി വരുമെന്ന് തോന്നുന്നു. കഴിഞ്ഞ വർഷം വന്ന കമ്പനികൾക്ക് നല്ല പ്രതികരണം ലഭിച്ചതും പുതിയവയ്ക്ക് പ്രചോദനമായിട്ടുണ്ട്. വന്നവയൊക്കെ നിക്ഷേപകർക്ക് നല്ല റിട്ടേൺ നൽകുകയും ചെയ്തു. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഐപിഒ ഇക്കൊല്ലം ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എൽഐസി, കല്യാൺ ജുവലേഴ്സ്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് , റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ റയിൽവെ ഫിനാൻസ് കോർപ്പറേഷൻ, സൂര്യോദയ് സ്മാൾ ഫിനാൻസ് ബാങ്ക് , ഇൻഡിഗോ പെയിൻ്റ്സ്, ഹോം ഫസ്റ്റ് ഫിനാൻസ് കമ്പനി, ബ്രൂക്ഫീൽഡ് ഇന്ത്യ റിയൽ എസ്റ്റേറ്റ് ട്രസ്റ്റ് ,ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ്, ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ, ബാർബിക്യു നേഷൻ ഹോസ്പിറ്റാലിറ്റി, സാം ഹി ഹോട്ടൽസ്, ശ്യാം സ്റ്റീൽ, അണ്ണൈ ഇൻഫ്ര ഡവലപ്പേഴ്സ് തുടങ്ങിയ 15 കമ്പനികളുടെ ഐപിഒ ഇക്കൊല്ലം പ്രതീക്ഷിക്കാം. എൽഐസി എത്ര തുക സമാഹരിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ത്യൻ റയിൽവെ ഫിനാൻസ് കോർപ്പറേഷൻ 4,600 കോടിയെങ്കിലും സമാഹരിച്ചേക്കും. 1,700 കോടിയെങ്കിലും ലക്ഷ്യമിട്ടാവും കല്യാൺ ജുവലേഴ്‌സ് എത്തുക. ഇസാഫ് കുറഞ്ഞത് ആയിരം കോടിയെങ്കിലും ലക്ഷ്യമിടുമെന്നാണ് അറിയാൻ കഴിയുന്നത്. എല്ലാവർക്കും ലക്ഷ്യം നേടാനാവട്ടെ. ഒപ്പം ചെറുകിട നിക്ഷേപകരും മുന്നേറട്ടെ.

(ന്യൂഏജ് ഫൗണ്ടർ എഡിറ്റർ, സ്റ്റോക്ക് മാർക്കറ്റ് എക്സ്പെർട്ട്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story