EDITORIAL

റേറ്റിങ് യുദ്ധം ഓൺലൈനിലേക്ക് കടക്കും - ന്യൂഏജ് എഡിറ്റോറിയൽ

Newage News

12 Jul 2020

ദൂരദർശൻ കാലം മലയാളിക്കൊരു നൊസ്റ്റാൾജിയ തന്നെ. എന്നാൽ സർക്കാർ നിയന്ത്രിത സംവിധാനം എന്ന പരിമിതി എക്കാലവും അതിനുണ്ടായിരുന്നു.

സാറ്റലൈറ്റ് യുഗത്തിലേക്കുള്ള കേരളത്തിന്റെ ചുവടുവയ്പ് ഏഷ്യാനെറ്റിലൂടെയാണ്. രജി മേനോൻ- ശശികുമാർ കൂട്ടുകെട്ടിൽ ഉദയം കൊണ്ട ഏഷ്യാനെറ്റ് കേരളത്തിന്റെ ടെലിവിഷൻ സംസ്കാരത്തെ രണ്ടു ദശകത്തോളം നിർണയിച്ചു. വാർത്തയിലും, വിനോദ പരിപാടികളിലും ഏഷ്യാനെറ്റ് മേൽക്കോയ്മ നിലനിറുത്തി. ഒട്ടേറെ ടെലിവിഷൻ പ്രതിഭകൾ ഉദയം ചെയ്തു. മികവുറ്റ നിരവധി പരിപാടികൾ ഏഷ്യാനെറ്റ് സംഭാവന ചെയ്തു. പുതിയ ഒട്ടേറെ ചാനലുകൾ വന്നെങ്കിലും ഏഷ്യാനെറ്റ് അപ്രമാദിത്വം നിലനിറുത്തി.

എന്നാൽ ഇന്ത്യവിഷൻ വാർത്താ ലോകത്ത് ഏഷ്യാനെറ്റിനെ വിറപ്പിച്ചു. പുതിയൊരു വഴി തുറന്നു. നികേഷ് കുമാറും സംഘവും മലയാളിക്ക് വാർത്തയുടെ പകരം വാക്കായി. വാർത്ത ശ്വസിക്കുന്ന മലയാളി ഈ ആവേശത്തെ നെഞ്ചിലേറ്റി. എന്നാൽ സ്ക്രീനിലെ മിന്നുന്ന പ്രകടനം ചാനൽ നടത്തിപ്പിൽ ഇൻഡ്യവിഷന് തുടരാൻ കഴിഞ്ഞില്ല. തുടർന്ന് വാർത്ത, എന്റർടൈൻമെന്റ് വിഭാഗങ്ങളിലായി ഒട്ടേറെ ചാനലുകൾ വന്നു. മനോരമയും, മാതൃഭൂമിയും രണ്ട് ചാനലുകൾ വീതം അവതരിപ്പിച്ചു. അവരുടെ വാർത്താ ചാനലുകൾ ശ്രദ്ധേയമായി. അപ്പോഴും റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ തന്നെ തുടർന്നു.

മാനേജ്‌മെന്റിൽ വന്ന കാതലായ മാറ്റങ്ങൾ പോലും അവരെ ബാധിച്ചില്ല. പകരംമുന്നേറ്റത്തെ തുണയ്ക്കുകയെ ചെയ്തുള്ളൂ. ബാങ്കറായിരുന്ന കെ മാധവൻ ഏഷ്യാനെറ്റിന്റെ നടത്തിപ്പിൽ നല്ല കയ്യൊതുക്കം കാട്ടി.

ഏഷ്യാനെറ്റിലെ പ്രോഗ്രാം വിഭാഗത്തെ നയിച്ചിരുന്ന ശ്രീകണ്ഠൻ നായർ നമ്മൾ തമ്മിൽ എന്ന ടോക് ഷോയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ അവതാരകൻ കൂടിയാണ്. അദ്ദേഹത്തിന്റെ സംരംഭക സ്വപ്നം ഫ്ളവേഴ്സിലൂടെ മലയാളിക്ക് മുന്നിലെത്തി. ശ്രീകണ്ഠൻനായർ കുടുംബപ്രേക്ഷകരെ ആദ്യ ദിനം മുതൽ കൈയിലെടുത്തു. പ്രേക്ഷക മർമ്മമറിഞ്ഞ അദ്ദേഹത്തിന്റെ പാക്കേജിങ് പെട്ടെന്ന് ശ്രദ്ധേയമായി. വിനോദ ചാനൽ സെഗ്മെന്റിൽ ഫ്‌ളവേഴ്‌സ് ചരിത്ര മുന്നേറ്റം നടത്തി. പൊടുന്നനെ മനോരമയുടെ മഴവില്ലിന്  മുന്നിൽ കടന്നു. ചില ടൈം സോണിൽ ഏഷ്യാനെറ്റിനെ വിറപ്പിച്ചു. മലയാളിയുടെ ഇഷ്ടങ്ങളിലൊന്നായി ഫ്‌ളവേഴ്‌സ്  പെട്ടെന്ന് മാറി.

ഉപ്പും മുളകും എന്ന സീരീസ് ടെലിവിഷനിലും, ഓൺലൈൻ ഇടത്തിലും വലിയ ഹിറ്റായി.

ഫ്‌ളവേഴ്‌സ് ഓൺലൈൻ വരുമാനത്തിൽ ശ്രദ്ധയൂന്നി, അക്കാര്യത്തിൽ ഏഷ്യാനെറ്റിന് മുന്നിലെത്തുകയും ചെയ്തു. ഡിസ്ട്രിബ്യൂഷനിൽ ഒരു വിട്ടുവീഴ്ചയും ഫ്‌ളവേഴ്‌സ് ചെയ്തില്ല. എല്ലാ നെറ്റ്വർക്കുകളിലും അവർ ഇടം നേടി. പ്രധാന ഇടങ്ങളിൽ പ്രൈം പൊസിഷൻ പിടിച്ചെടുത്തു. നല്ല ഇൻവെസ്റ്റ്മെന്റ് അവർ പ്രൊഡക്ഷനിൽ നടത്തി. അത് ഏറെ ഗുണകരമായി.

ഇതിനിടയിൽ 24 ന്യൂസ് എന്ന വാർത്താ ചാനൽ അവർ അവതരിപ്പിച്ചു. അതൊരു ശരിയായ തീരുമാനമായി ആരും കരുതിയില്ല. വാർത്താ ചാനൽ കുത്തക തകർക്കാൻ അവർക്കാകില്ല എന്ന് വിദഗ്ധർ പലരും വിധിയെഴുതി. ആദ്യ ദിനങ്ങളിൽ അവർ ഒട്ടൊക്കെ നിരാശപ്പെടുത്തി. ജീവിതത്തിൽ ഒരു വാർത്താ ബുള്ളറ്റിൻ പോലും വായിക്കാത്ത ശ്രീകണ്ഠൻ നായർ അന്നുവരെ ചാനലുകൾ ഒരു അനുഷ്‍ഠനമായി ചെയ്തിരുന്ന മോർണിംഗ് ഷോ ഏറ്റെടുത്തു നേരിട്ട് കളത്തിലിറങ്ങി. അതോടെ ചിത്രം മാറി. സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച 24 ന്യൂസ് പല പുതിയ പരീക്ഷണങ്ങളും നടത്തി. ഓഗ്മെന്റ റിയാലിറ്റി, വിർച്യുൽ റിയാലിറ്റി തുടങ്ങിയവ നൂതന ദൃശ്യ വിസ്മയങ്ങൾ കൊണ്ടുവന്നു. പലപ്പോഴും അവർ പ്രേക്ഷകരെ അമ്പരപ്പിച്ചു.

മാതൃഭൂമിക്കും, മനോരമയ്ക്കും മുന്നിൽ കടന്ന 24 ന്യൂസ് ഏഷ്യാനെറ്റിന് നിരന്തരം വെല്ലുവിളി ഉയർത്തുന്നു.

പത്രങ്ങൾ വലിയ പ്രതിസന്ധിയെ നേരിടുന്ന സമയമാണ്. ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ല. രണ്ടു രംഗങ്ങളിലും മുഖ്യ വരുമാന സ്രോതസ് പരസ്യമാണ്. പത്രം വിറ്റ് കിട്ടുന്ന പണം പ്രിന്റിങ്ങിന് തികയില്ല. ചാനൽ വരുമാനത്തിൽ പരസ്യം ഒഴികെയുള്ള സ്രോതസുകളുടെ നിലവിലുള്ള സംഭാവന 5 ശതമാനത്തിലും താഴെയാണ്. ഓൺലൈൻ മോണിട്ടൈസേഷൻ ശക്തി പ്രാപിച്ചു വരുന്നുണ്ട്. മികച്ച പ്രോഗ്രാമുകൾക്ക് ഓൺലൈൻ വരുമാനം ഇനി വർധിക്കും. അത് വലിയ പ്രൊഡക്ഷൻ സംവിധാനമുള്ള ചാനലുകൾക്ക് ഇനിയങ്ങോട്ട് വരുമാന മാർഗമാകും. റേറ്റിങ് യുദ്ധത്തിനപ്പുറം ഡിജിറ്റൽ ഇടത്തിൽ കാഴ്ചക്കാർക്കുള്ള യുദ്ധം മുറുകും. വിതരണത്തിലാണ് ഇപ്പോൾ ചാനലുകൾക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകേണ്ടി വരുന്നത്. ഇന്റർനെറ്റ് വ്യാപനം ടിവി കാഴ്ചയെ സ്മാർട്ട് ടിവയിലേക്കും, മൊബൈലിലേക്കും മാറ്റും. അതോടെ കേബിൾ/ ഡിടിഎച് അപ്രമാദിത്വം അവസാനിക്കുകയാണ്. സാറ്റലൈറ്റ് സംപ്രേക്ഷണം പോലും അത്യാവശ്യമില്ലാത്ത അവസ്ഥ വരും. ചെലവുകൾ ഗണ്യമായി കുറയും. പ്രോഗ്രാമിൽ മികച്ച രീതിയിൽ ചെലവിടാൻ സാധിക്കും. കൂടുതൽ ഓൺലൈൻ വരുമാന മാർഗങ്ങൾ വരും. പത്രങ്ങൾക്ക് ലഭിക്കാത്ത ഒട്ടേറെ ആനുകൂല്യങ്ങൾ ദൃശ്യ മാധ്യമങ്ങൾക്ക് കിട്ടും. ചാനലുകളുടെ അതിജീവനം ഡിജിറ്റൽ സാധ്യതകളുടെ കൂടി കൈപിടിച്ചായിരിക്കും.

പുതിയ വരുമാന സ്രോതസുകൾ ഇനിയും ചാനലുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സബ്സ്‌ക്രിപ്‌ഷൻ വരുമാനം വ്യാപകമായ ശീലമാകും. ഒടിടി പ്ലാറ്റ്ഫോമുകൾ ഒരുക്കുന്ന തിരക്കിലാണ് ചാനലുകൾ. മനോരമയും, സൺ നെറ്റ്വർക്കുമെല്ലാം അത് ആരംഭിച്ചു കഴിഞ്ഞു. അത് വിപുലമായ ഒരു സാധ്യത ആണ്.


ട്വന്റിഫോർന്റെ ജൈത്രയാത്ര ശ്രദ്ധേയം - ജേക്കബ് ജോർജ്

ഷ്യാനെറ്റിനൊപ്പം എത്തുന്ന ട്വൻറി ഫോറിന്റെ ജൈത്രയാത്ര കണ്ടിട്ട് വലിയ അക്കാഡമിക് താല്പര്യം എനിക്ക് അതിൽ തോന്നിയിരുന്നു. മനോരമ, മാതൃഭൂമി ഉൾപ്പെടെയുള്ള വൻ പത്രങ്ങളുടെ കീഴിലുള്ള ചാനലുകൾക്ക് പോലും ഇതുവരെ സാധിച്ചിട്ടില്ല ഏഷ്യാനെറ്റിനെ ഒന്ന് വെല്ലുവിളിക്കാൻ. ആദ്യത്തെ ചാനൽ എന്ന സ്ഥാനവും അതിന്റെ അണിയറപ്രവർത്തകരുടെ അരക്കിട്ടുറപ്പിച്ച അടിത്തറ ഇതെല്ലം ഏഷ്യാനെറ്റിന് വലിയൊരു ബ്രാൻഡ് ഇമേജ് ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നൽകിയിട്ടുണ്ട്. അത് അവർക്കൊരു നേട്ടമാണ്. എന്നാൽ ട്വൻറി ഫോറിന്റെ കാര്യം അങ്ങനല്ല. അത് എന്തുകൊണ്ടാണ് റേറ്റിംഗിൽ ഉയർന്നുവരുന്നത് എന്ന് ചോദിച്ചാൽ ഉത്തരം 'ജനങ്ങൾക്ക് അത് ഇഷ്ട്ടമാണ്' എന്നത് മാത്രമാണ്. ആ ഇഷ്ടത്തിന് പ്രത്യേക കാരണങ്ങൾ പറയാൻ ഇല്ല താനും. ശ്രീകണ്ഠൻ നായർ സൂപ്പറാണ് എന്നാണ് പരക്കെയുള്ള അഭിപ്രായം. ട്വൻറി ഫോറിനുള്ള ആദരമാണത്.

ടെലിവിഷനിൽ മാധ്യമപ്രവർത്തകരാണ് റേറ്റിംഗ് കൊണ്ടുവരേണ്ടത്. എന്നാൽ പത്ര മാധ്യമങ്ങളിൽ അങ്ങനൊരു ഭീഷണിയില്ല, അവർക്ക്. ചാനലുകളിൽ ഒരു ഷോ വിജയിപ്പിക്കേണ്ടത് അവതാരകന്റെ ഉത്തരവാദിത്വമാണ്. അതിന്റെ റേറ്റിംഗ് അവൻ കണ്ടെത്തണം.

മാധ്യമമാണ് സന്ദേശം. ഇന്റർനെറ്റ് വന്നതോടെ കാര്യങ്ങൾ എളുപ്പമായി. മാധ്യമത്തിന്റെ സ്വഭാവം മാറി മാറിയും. പക്ഷെ എത്ര മാറിയാലും മാധ്യമപ്രവർത്തകൻ അടിസ്ഥാന ഘടകമായി മാറും. അവരുടെ ഗുണനിലവാരം പ്രധാനമാണ്.

(മുതിർന്ന മാധ്യമ പ്രവർത്തകൻ, ഇൻഡ്യ ടുഡേ, മാതൃഭൂമി എന്നിവിടങ്ങളിൽ പ്രധാന ചുമതലകൾ വഹിച്ചു. പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ നിരീക്ഷകനുമാണ്)


പ്രധാനം ഉള്ളടക്കം തന്നെ - എ സഹദേവൻ

ശ്രീകണ്ഠൻ നായർ പ്രദർശിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്. അതിന്റെ പ്രത്യേകത എന്തൊക്കെ, അതിന് എത്രത്തോളം കാലം നിലനിൽപ്പുണ്ട് എന്നതൊക്കെ നോക്കണം. വാസ്തവത്തിൽ നമ്മുടെ മലയാളം ചാനലുകൾ എത്രത്തോളം മാറി, പ്രേക്ഷകർ എത്രത്തോളം മാറി എന്നീ ചോദ്യങ്ങളും ഇതിനോട് ചേർത്തു വായിക്കണം.  ഇഷ്ടം എന്നൊരു ഘടകവും അവരുടെ വളർച്ചയിൽ ഉണ്ട്. അതിനാൽ തന്നെ കാഴ്ചക്കാർ കൂടുതൽ സമയം അത് കണ്ടുകൊണ്ടിരിക്കും, റേറ്റിംഗ് സ്വാഭാവികമായും ഉയരും. എന്നാൽ വെർച്യുൽ സ്റ്റുഡിയോ എന്ന കാഴ്ചപ്പാടിനോട് എനിക്ക് ചില വിയോജിപ്പുണ്ട്. എന്തുകൊണ്ടാണ് ലോകോത്തര ചാനലായ ബിബിസി അത്തരം സാങ്കേതിക വിദ്യകളിലേക്കൊന്നും പോകാത്തത് എന്ന് ചിന്തിക്കണം. നമ്മുടെ എല്ലാ ചാനലുകളും പരിവർത്തനത്തിന് വിധേമായിട്ടുണ്ട്. പരിഷ്കാരത്തിനും പരീക്ഷണത്തിനും വിധേയമായിട്ടുണ്ട്. അങ്ങനൊക്കെയാണെങ്കിലും ഉള്ളടക്കം തന്നെയാണ് പ്രധാനം. അതിലെ ഡാറ്റയാണ് പ്രധാനം. ആ ഡാറ്റയുടെ സത്യസന്ധത തന്നെയാണ് പ്രധാനം എന്ന് ചിന്തിക്കുമ്പോൾ ഇത്തരം വളർച്ചയൊക്കെ താല്കാലികമാകാം എന്നാണ് എന്റെ ചിന്ത. നേരത്തെ ജനം ടീവി ശബരിമല വിഷയത്തിന്റെ സമയത്ത് റേറ്റിംഗിൽ ഉയർന്നു വന്നതും ഇപ്പോൾ ട്വൻറി ഫോറിന്റെ വളർച്ചയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ട്വൻറി ഫോർ ഇതുവരെ പാക്ഷീകമായൊരു നിലപാട് കാണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ശ്രീകണ്ഠൻ നായരുടെ വാക്കുകളിലും അങ്ങനൊന്നും ഇതുവരെ കണ്ടിട്ടില്ല.

നമ്മുടെ എല്ലാ ചാനലുകളുടെയും പൊതു സ്വഭാവം എന്നത് അവ അവരുടെ ഉള്ളടക്കത്തിന്റെ വാസ്തവികതയിൽ നിന്ന് അകന്ന് അകന്നു പോകുന്നു എന്നതാണ്. അഹിതമായ കാര്യങ്ങൾ വർധിച്ചുവരുന്നു, ശരിയിൽ നിന്ന് അകന്നു പോകുന്നുണ്ട്.

യഥാർത്ഥ പ്രേക്ഷകരെ കണ്ടെത്തി അവർക്ക് ആവശ്യമുള്ളത് നല്കുമ്പോഴേ മാധ്യമപ്രവർത്തരുടെ ജോലി പൂർണമാകൂ. താങ്ങാനുള്ള പ്രേക്ഷരെ എന്നും കൂടെയുണ്ടാകു.

റേറ്റിംഗ് കൊണ്ടുവരിക എന്നത് മാധ്യമപ്രവർത്തകരെ സംബന്ധിച്ച് രണ്ടാമത്തെ കാര്യമാണ്. എന്റെ പ്രാഥമികമായ ഉത്തരവാദിത്വം, കടമ എന്നിവയൊക്കെ വാർത്തയോട് മാത്രമാണ്.

(ചിത്രഭൂമി എഡിറ്ററായിരുന്നു. ഇന്ത്യാ വിഷൻ പ്രോഗ്രാം വിഭാഗം തലവനായും, കൺസൽട്ടൻറ് എഡിറ്ററായും പ്രവർത്തിച്ചു. 


പുതിയ വരുമാന സ്രോതസുകൾ ചാനലുകൾ അന്വേഷിക്കണം - എൻകെ രവീന്ദ്രൻ

ട്വന്റിഫോർ മലയാള ടെലിവിഷനിൽ ഉണ്ടാക്കിയിരിക്കുന്നത് ഒരു പുതിയ പ്രവണത തന്നെയാണ്. രാവിലെ ഏഴ് മണിക്ക് ശ്രീകണ്ഠൻ നായർ മോർണിംഗ് ഷോയുമായി ഫ്ലോറിലേക്ക് വരുന്നതോടെ തന്നെ അവരുടെ റേറ്റിംഗ് ഉയരുന്നു. കഴിഞ്ഞയാഴ്ചയിലെ യൂട്യൂബ് ട്രെൻഡിങ്ങിൽ രാവിലെ ഏഴ് മണിക്ക് ട്വന്റിഫോറിന് ഏഷ്യാനെറ്റിന്റെ ഇരട്ടിയധികം കാഴ്ചക്കാരാണുണ്ടായിരുന്നത്. മറ്റുള്ള ചാനലുകൾ വളരെ പിന്നിൽ. ഈ ട്രെൻഡിങ് പിന്നീട് ദിവസം മുഴുവൻ കേറി കേറി പോകുന്നു. ശ്രീകണ്ഠൻ നായർ എന്നത് നേരത്തെ ഏഷ്യാനെറ്റിൽ 'നമ്മൾ തമ്മിൽ' എന്നൊരു പരിപാടി അവതരിപ്പിച്ച് മലയാളികൾക്കിടയിൽ സുപരിചിതനായ വ്യക്തിയാണ്. വളരെ സാമാന്യഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ആളുകൾക്ക് അദ്ദേഹത്തോട് ഒരു അടുപ്പം തോന്നുന്നു. എല്ലാ വിഭാഗം കാഴ്ചക്കാരെയും കൂടെ കൂട്ടാൻ അദ്ദേഹത്തിനാകുന്നു. അവർക്കൊരു പ്രത്യേക ടാർഗറ്റ് ഓഡിയൻസ് ഇല്ല. ദീർഘകാലം ഇത് നിലനിൽക്കുമോ എന്നൊന്നും പറയാനാകില്ല. ശ്രീകണ്ഠൻ നായരും ഒന്ന് രണ്ട് അവതാരകരും മാറ്റി നിർത്തിയാൽ അവരുടെ ഫീൽഡ് റിപ്പോർട്ടിങ് എല്ലാം മറ്റ് ചാനലുകളെക്കാൾ പിന്നിലാണ്.

റേറ്റിംഗിന് വേണ്ടിയുള്ള യുദ്ധം എന്നത് വാസ്തവത്തിൽ പരസ്യത്തിന് വേണ്ടിയുള്ള മത്സരമാണ്. അതാണ് ഉള്ളടക്കത്തെ കാമ്പില്ലാതാക്കുന്നതിലെ വില്ലൻ. വരിസംഖ്യ പോലുള്ള മറ്റ് വരുമാന മാർഗങ്ങളിലേക്ക് പോകുകയും പരസ്യ വരുമാനത്തോടുള്ള അമിത ആശ്രയത്വം കുറക്കേണ്ടതുമാണ് എന്നാണ് എന്റെ അഭിപ്രായം.

ടെലികാസ്റ്റിംഗിന്റെ വലിയൊരു ശതമാനം ഇന്ന് സ്റ്റുഡിയോയിൽ നിന്നാണ്. ജനങ്ങളിലേക്കിറങ്ങി ചെന്നുള്ള റിപ്പോർട്ടിങ് മലയാളം ടെലിവിഷനിൽ ഇല്ലാതാകുന്നു. ചെലവ് കുറയുന്നു എന്നതാണ് ഇതിന്റെ ഗുണം.

ടാമിന്റെ സാംപ്ലിങ് സംബന്ധിച്ച് എനിക്ക് ചില അഭിപ്രായ വിത്യാസങ്ങളുണ്ട്. വളരെ ചെറിയ സാംപ്ലിങ് വെച്ചിട്ടാണ് ടെലിവിഷൻ റേറ്റിങ്ങും പരസ്യവരുമാനവും നിശ്ചയിക്കപ്പെടുന്നത്.

ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം മാധ്യമപ്രവർത്തകർക്ക് തന്നെയാണ്. പക്ഷെ ലോകമാകെ മാറിപ്പോയിരിക്കുന്നു. എന്റെർറ്റൈന്മെന്റിന്റെ വലിയൊരു ഘടകം ന്യൂസിലേക്ക് വന്നിരിക്കുന്നു. അതിനി തിരിച്ചുകൊണ്ടുവരാൻ ആകില്ല. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് ടെലിവിഷൻ വാർത്തകൾ ജനങ്ങളിൽ നിന്ന് അകന്നു പോയിരിക്കുന്നു എന്നതാണ്.

(ഏഷ്യാനെറ്റിൽ നിരവധി പ്രധാന ചുമതലകൾ വഹിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ. സാമൂഹ്യ ഇടപെടലുകളും ശ്രദ്ധേയം)


ഒന്നാമതെത്തുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം - സിഎൽ തോമസ്

ള്ളടക്കത്തെ ലളിതവൽക്കരിച്ചുകൊണ്ട് റേറ്റിംഗ് ഉണ്ടാക്കുവാൻ പറ്റുമോയെന്നൊരു ശ്രമം നമ്മുടെ മാധ്യമങ്ങൾക്കിടയിൽ പ്രത്യേകിച്ച് ചാനലുകൾക്കിടയിൽ നടക്കുന്നുണ്ട്. സമൂഹം വൈകാരികമായി പ്രതികരിക്കുന്ന സമയത് മാധ്യമങ്ങൾ എടുക്കുന്ന നിലപാട് നിർണായകമാണ്. ജനം ടിവിക്ക് മുൻപ് കിട്ടിയ റേറ്റിങ്ങും ട്വൻറി ഫോറിന് ലഭിക്കുന്ന റേറ്റിങ്ങും തമ്മിൽ താരതമ്യമൊന്നും ഇല്ല. ആ അവസ്ഥയും സംഭവങ്ങളും തമ്മിലും താരതമ്യമില്ല. ത്വന്റിഫോറിന്റെ ഉള്ളടക്കം സംബന്ധിച്ച് എനിക്ക് കടുത്ത വിമർശനമുണ്ട്. പക്ഷെ ഇത്തരം ചില വൈകാരിക സമയങ്ങളിൽ അവർ എടുത്ത നിലപാട്, ആ ചാനൽ ജനങ്ങൾക്കൊപ്പമെന്ന തോന്നൽ സമൂഹത്തിലുണ്ടാക്കി. ഇതോടെ അവർ റേറ്റിംഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഉള്ളടക്കത്തെ ലളിതവൽക്കരിച്ചുകൊണ്ടോ അതിന്റെ കാമ്പ് ഇല്ലായ്മ ചെയ്‌തുകൊണ്ടോ അല്ല മലയാളത്തിലെ ചാനലുകൾ നേരത്തെ റേറ്റിംഗ് ഉണ്ടാക്കിയിരുന്നത്. ഏഷ്യാനെറ്റിന് ആദ്യമെത്തിയ ചാനൽ എന്ന അനൂകൂല്യം ഉണ്ടായിരുന്നപ്പോൾ തന്നെ ഉള്ളടക്കത്തിന്റെ സ്വഭാവം സംബന്ധിച്ചു അതിന്റെ അണിയറപ്രവർത്തകർക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു. മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനൽ യഥാർത്ഥത്തിൽ ഇന്ത്യാവിഷൻ ആയിരുന്നു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങി ഏതാണ് ആറ് മാസത്തിനുള്ളിൽ തന്നെ അവർ ഇന്ത്യാവിഷനെ മറികടന്നു. പിന്നീട് അത് നിലനിർത്തി പോരുന്നു. അവർ ഒന്നാമതെത്തിയത് ഒരിക്കലും ഉള്ളടക്കത്തിൽ വെള്ളം ചേർത്തിട്ടോ യാഥാർഥ്യത്തിന് നേരെ കണ്ണടച്ചിട്ടോ  അല്ല, മറിച്ചു യാഥാർഥ്യത്തെ തുറന്നു കാണിച്ചുകൊണ്ടാണ്. ഇപ്പോൾ ആ നിലപാടുകളിൽ പലതലങ്ങളിൽ വെള്ളം ചേർക്കുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്യുന്നത്. എങ്കിലും ഈ കുറവുകൾക്കിടയിലും നമ്മുടെ മലയാളം ചാനലുകൾ ദേശിയ ചാനലുകളെക്കാൾ എത്രയോ ഭേദമാണ്. അത് പക്ഷപാതിത്വം നിറഞ്ഞതും പലതും രാജ്യദ്രോഹപരമായി വാർത്ത കെട്ടിപ്പടയ്ക്കുന്നവരുമാണ്. അത്രക്ക് വൈകൃതത്തിലേക്ക് മലയാളം ചാനലുകൾ എത്തിയിട്ടില്ല. പക്ഷെ യാഥാർഥ്യത്തിൽ നിന്ന് അവർ മാറിപ്പോകുന്നു. ജനങ്ങൾക്ക് എന്ത് കൊടുക്കണം എന്ത് സംബന്ധിച്ച് നമ്മുടെ ചാനലുകൾ വസ്തുതാപരമായ വിലയിരുത്തലുകൾക്ക് തയ്യാറായാൽ ജനം അത് സ്വീകരിക്കും.

ഇലക്ഷൻ കാലമാണ് വരുന്നത്. ഒന്നാമതെത്തുക എന്നതാണ് എല്ലാ ചാനലുകളുടെയും ലക്‌ഷ്യം. അതിൽ തെറ്റുമില്ല. ആദ്യകാലങ്ങളിൽ റേറ്റിംഗ് റിപ്പോർട്ട് വരുമ്പോൾ ആദ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത് ന്യൂസ് അവർ പോലുള്ള പരീപാടികൾ ആയിരുന്നു. ചാനലുകൾ ഓരോന്ന് എടുത്താലും അത് തന്നെ അവസ്ഥ. പക്ഷെ സമീപ കാലത്ത് ആ ട്രെൻഡ് മാറി. ഇപ്പോൾ ഡിസ്കഷൻ പരിപാടികളെക്കാൾ മറ്റുള്ള പരിപാടികൾ മുന്നിട്ട് നിൽക്കുന്നു. അതായത് ഡിസ്കഷനുകളിൽ ജനങ്ങൾ അകലുന്നു. അത് തന്നെയാണ് ട്വന്റിഫോർ ശ്രമിക്കുന്നതും. ചാനലുകൾ റേറ്റിംഗ് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. കാരണം അവരുടെ ഏക വരുമാന മാർഗം പരസ്യമാണ്. അതിനാൽ മികച്ച റേറ്റിംഗ് ആവശ്യമാണ്.

മാധ്യമപ്രവർത്തകരുടെ വിധേയത്വം ഇപ്പോഴും ജനങ്ങളോടായിരിക്കണം. എന്നാൽ കണ്ടന്റിനെ ലഘൂകരിച്ചു ഗൗരവം ചാർത്തിക്കളയുന്ന തരത്തിലേക്ക് അവർ തന്നെ മരുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.

ന്യൂസ് അവർ പോലുള്ള ആങ്കർക്ക് പ്രാമുഖ്യമുള്ള ഷോയിൽ ഒരുപക്ഷെ റേറ്റിംഗ് കൊണ്ടുവരിക എന്നുള്ള ഉത്തരവാദിത്വം അങ്കർക്ക് കൂടി വരുന്നുണ്ട്. കാരണം അത് വിൽക്കാനായാൽ മാത്രമേ ചാനലുകൾക്ക് നിലനിൽപ്പുള്ളൂ. എന്നാൽ മാധ്യമപ്രവർത്തകർക്ക് ഈ മേഖലയിലെ എത്തിക്സ് നിലനിർത്തികൊണ്ട് തന്നെ റേറ്റിംഗ് യുദ്ധം നടത്താനാകണം.

(മീഡിയ വൺ വാർത്താ വിഭാഗം മേധാവിയായിരുന്നു. ഏഷ്യാനെറ്റിലും നിരവധി പ്രധാന ചുമതലകൾ നിർവഹിച്ചു)


വാർത്തയ്ക്ക് നാടകീയതയ്ക്കപ്പുറം വസ്തുതയാണ് ആവശ്യം - ബാബു ജോസഫ്

ചാനലുകളുടെ റേറ്റിംഗ് വാർ എന്നതൊരു യാഥാർഥ്യമാണ്. ഇന്ത്യാവിഷനിൽ നികേഷ് ചെയ്യുനത് പോലെയാണ് ന്യൂസ് അവതരിപ്പിക്കേണ്ടത് എന്നായിരുന്നു ആ കാലത്ത് പലരുടെയും അഭിപ്രായം. എനിക്ക് അതിനോട് പൂർണ യോജിപ്പുണ്ടായിരുന്നില്ല. നികേഷിന്റെ അവതരണ രീതി അന്നൊരു ഭ്യത്യസ്തത സൃഷ്ടിക്കുകയും കുറെ കാലത്തേക്ക് ഇന്ത്യവിഷൻ ഒരു കൾച്ചർ ആയി നിൽക്കുകയും ചെയ്തു. എന്നാൽ നമുക്കറിയാം പിന്നീട് ആ ചാനൽ എവിടെപ്പോയി, അത്തരം അവതാരകർ എവിടെപ്പോയി എന്നൊക്കെ.

ഒരു വാർത്തയെ എന്റെർറ്റൈന്മെന്റിന്റെ സ്വഭാവത്തിലേക്ക് മാറ്റിയെടുത്താൽ കുറെ കാലത്തേക്ക് പ്രേക്ഷകരുണ്ടാകും. പക്ഷെ അത് സ്ഥായിയായി നിൽക്കില്ല. കാരണം, നമ്മുക്കറിയാവുന്ന പുതിയ തലമുറ ഫാക്ടസിലെക്കും ഫിഗേഴ്സിലേക്കും വസ്തുതകളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ട് ബിബിസിയും എൻഡിടിവിയും പോലുള്ള ചാനലുകൾ ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നില്ല ?കാരണം അത് ഒരു കളിപ്പാട്ടമാണ്. കുറച്ചുകാലത്തേക്കൊരു ഫാന്റസിയും എക്‌സൈറ്റ്‌മെന്റും ഉണ്ടാക്കാൻ കഴിയും. പക്ഷെ അടിസ്ഥാനപരമായി നിലനിൽക്കേണ്ടത് ഉള്ളടക്കത്താൽ നയിക്കപ്പെടുന്ന വാർത്ത തന്നെയാണ്. അത് നിലനിൽക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

മാർക്കറ്റ് ഒരു യാഥാർഥ്യമാണ്. വരുമാനമില്ലെങ്കിൽ നിലനിൽക്കാനാകില്ല. അതിജീവിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. വാർത്തയിൽ ഒരു വ്യത്യസ്‍തതക്കായി ഓഗ്മെന്റഡ് റിയാലിറ്റിയുമായി ട്വന്റിഫോർ വരുന്നതിൽ തെറ്റില്ല. പക്ഷെ അടിസ്ഥാനപരമായി വാർത്തയുടെ പ്രാധാന്യം കളഞ്ഞുകൊണ്ടാണ് അതെങ്കിൽ എനിക്കതിൽ യോജിപ്പില്ല. പക്ഷെ പുതിയ സാങ്കേതികവിദ്യകളും പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനായില്ലെങ്കിൽ പുറം തള്ളപ്പെടുകയും ചെയ്യും. ടെലിവിഷൻ ചാനൽ എന്നത് വലിയ മുതൽമുടക്ക് ആവശ്യമുള്ളൊരു വ്യവസായമായി മാറി. ആ വ്യവസായത്തിന്റെ വരുമാനം പ്രധാനമാണ്. മിക്കവാറും ചാനലുകളുടെ സ്ലോട്ടുകൾ പരിശോധിച്ചാൽ എല്ലാവർക്കും ഒരേ പാറ്റേൺ പ്രോഗ്രാമാണ്. അതിനാൽ തന്നെ ചാനലുകൾ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കേ ഉണ്ടാകു. പിന്നീട് അവർ മത്സരിക്കേണ്ടത് മറ്റ് ഡിജിറ്റൽ മാധ്യമങ്ങളോടാകും. റെവന്യൂ അവർക്ക് കൂടി പങ്കുവയ്ക്കപ്പെടും. ഉഉള്ളടക്കത്തിന്റെ ഉള്ളടക്കം എത്രത്തോളം പ്രധാനമെന്ന് അറിയാൻ ഒരു കാര്യം ചൂണ്ടികാട്ടാം. കോവിഡ് തുടങ്ങിയ ശേഷം കേരളത്തിലെ ഏറ്റവും പ്രശസ്തനായ വാർത്താ അവതാരകൻ നമ്മുടെ മുഖ്യമന്ത്രിയാണ്. ജനങ്ങൾ ദിവസവും കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനാണ്. അതായത് വാർത്തയ്ക്ക് നാടകീയതയല്ല വസ്തുതയാണ് ആവശ്യം.

(ജീവൻ ടിവി വാർത്താ വിഭാഗം തലവനായിരുന്നു. മാതൃഭൂമിയിൽ പത്രപ്രവർത്തകനായി തുടക്കം. ഹൈഫൺ കമ്മ്യൂണിക്കേഷൻ എന്ന കേരളത്തിലെ ആദ്യകാല പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരൻ)


റേറ്റിങ് മാർക്കറ്റിങ്ങുകാരുടെ ബൈബിൾ - പ്രകാശ് മേനോൻ

റേറ്റിംഗ് വാർ എന്നൊരു പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല. റേറ്റിംഗ് ഉണ്ടാക്കിയത് ഒരിക്കലും ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയല്ല. മറിച്ച് മാർകറ്റിങ്ങുകാരുടെ ബൈബിൾ ആണ് റേറ്റിംഗ്. ഇന്ന് എല്ലാ ചാനലിലും എല്ലാവരും പറയുന്ന കാര്യമാണ് റേറ്റിംഗ് എന്നത്. റേറ്റിംഗിന്റെ പ്രഷർ ഓരോ ചാനലിലും വ്യത്യസ്തമാണ്. ഉള്ളടക്കവും റേറ്റിങ്ങും രണ്ടും രണ്ടാണ്. പക്ഷെ ഏതോ ഒരു പോയിന്റിൽ ഇത് കണക്ട് ചെയ്യപ്പെടുന്നു. ആ പോയിന്റ് കണ്ടെത്തുന്നതാണ് ഒരു മാനേജ്മെന്റിന്റെ മിടുക്ക്. ട്വൻറി ഫോറിന്റെ കാര്യത്തിൽ ശ്രീകണ്ഠൻ നായർ ഒരു മാധ്യമപ്രവർത്തകൻ അല്ലാ എന്ന് എല്ലാവർക്കും അറിയാം. പക്ഷെ അദ്ദേഹം തുടങ്ങിവെച്ച ചില പാറ്റേൺസ് ഇന്ന് മറ്റ് ചാനലുകളും പിന്തുടരുന്ന അവസ്ഥ കാണുമ്പോൾ നമുക്ക് ആശ്ചര്യമാണ്. ഈ മേഖലയിലെ ഒരു വലിയ പ്ലെയറായ ഏഷ്യാനെറ്റ് പോലും തുടക്കക്കാരായ ട്വന്റി ഫോറിനെ പിന്തുടരുന്ന കാഴ്ച.

ക്രീയേറ്റീവ് ടീമിനും ന്യൂസ് ടീമിനും കടുത്ത പ്രഷർ ഉള്ള സാഹചര്യമാണ് കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ചാനലുകളിൽ. ന്യൂസിന്റെ കാര്യത്തിൽ വളരെ പോല്ലുറ്റഡ് ആയിട്ടുള്ള സാഹചര്യമാണുള്ളത്. എത്തിക്സ് ആരും പിന്തുടരുന്നില്ല. അങ്ങനെ ചെയ്യുന്നവർ പിന്നിലായി പോകുകയും ചെയ്യുന്നു.

നികേഷ് ഒരു സ്റ്റൈൽ കൊണ്ടുവന്നു. ആൾക്കാർ അതിൽ താല്പര്യമെടുത്തു. ലൈവ് ഷോകളാണ് ഇന്ത്യാവിഷനെ പ്രശസ്തമാക്കിയത്. അത്തരം ലൈവുകൾ ഇന്ത്യാവിഷന് ഒരു വഴിത്തിരിവായി. ഇതുപോലൊരു നീക്കമാണ് ഇപ്പോൾ ട്വന്റി ഫോറും നടത്തുന്നത്. അത് സ്ഥിരമാകണമെന്നില്ല. ജനത്തെ സംബന്ധിച്ച് ഒരു കൊമേർഷ്യൽ എലമെന്റ് ചേർക്കുന്നതോടെ അവർക്ക് അത് കൂടുതൽ ആകർഷമായി തോന്നുന്നു. അവരുടെ '100 ന്യൂസ്' എന്ന പരിപാടി ഏറെ ആകർഷകമായി. യുവാക്കളെ ഉൾപ്പെടെ ഇത് ആകർഷിച്ചിട്ടുണ്ടാകും. അവർ ചാനൽ കാണുന്നത് ടീവിയിൽ ആകണമെന്നില്ല, മറിച്ച് അവന്റെ ഗാഡ്ജറ്റിൽ  ആകും. അതും ട്രെൻഡിനെ സ്വാധീനിക്കും എന്നുറപ്പാണ്.

വിനോദ ചാനലുകളിൽ പ്രൈം ടൈം ഫിക്ഷൻ ആണ് അതിന്റെ കൂടുതൽ ഭാഗവും. അതിലെ കണ്ടെന്റിൽ ഒരിക്കലും ഏഷ്യാനെറ്റിൽ നിന്നൊരു പുതുമ പ്രതീക്ഷിക്കാനാകില്ല. പുതിയ ചാനലുകൾ പരീക്ഷിച്ചേക്കാം.

മനോരമ ആദ്യം തുടങ്ങിയത് ന്യൂസ് ചാനൽ ആയിരുന്നു. എന്നാൽ ഫ്ലവെർസ് ആണ് ട്വന്റിഫോറിന്റെ ഫ്ലാഗ്ഷിപ് ചാനൽ. അതായത് ന്യൂസ് ചാനൽ വരുന്നതിന് മുമ്പ് ഫ്ലവെർസ് എന്നൊരു ബിംബത്തെ അവർ സൃഷ്ടിച്ചിരുന്നു. ബാക്കിയുള്ള ചാനലുകളും ഡിജിറ്റൽ മീഡിയകളിൽ സജീവമാകാനുള്ള കാരണം ട്വന്റിഫോറിന്റെ കടന്നുവരവാണ്. കാലത്തിനൊപ്പം സഞ്ചരിക്കാൻ അവർ ശ്രമിച്ചു. പുതിയ വഴികൾ കണ്ടെത്തി മുന്നേറുവാൻ നിലവിലുള്ള ചാനലുകൾ ശ്രമിച്ചില്ല.

(സൂര്യ ടിവി, ഏഷ്യാനെറ്റ് പ്ലസ്, ഇന്ത്യാവിഷൻ ചാനലുകളിൽ പ്രോഗ്രാം ചീഫായിരുന്നു ലേഖകൻ)  


ടെലിവിഷൻ മീഡിയയിൽ ഉള്ളടക്കമാണ് രാജാവ് - രേഖാ മേനോൻ

ദ്യകാലങ്ങളിൽ ടാമിന്റെയോ റേറ്റിംഗിന്റെയോ ഒന്നും ടെൻഷൻ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഡിജിറ്റൽ മീഡിയയുടെ തള്ളിക്കയറ്റത്തോടെ ആളുകൾ ഇന്റെറാക്ഷൻ കൂടുതൽ ഇഷ്ട്ടപ്പെടുന്ന നിലയിലേക്ക് മാറി. ഇപ്പോൾ കണ്ടന്റിന് വലിയ ബ്രാൻഡിംഗ് ആണ്. എനിടൈം എനിവെയർ എന്ന കോൺസെപ്റ് വന്നതോടെ ആളുകൾക്ക് തിരഞ്ഞെടുക്കുവാനുള്ള അവസരം കൂടി. പക്ഷെ ഒരു വാർത്തയോ അല്ലെങ്കിൽ സ്പോർട്സ് പോലുള്ള പരിപാടികളോ മറ്റ് ഗാഡ്ജറ്റ്സിൽ കാണുന്നതിലും നല്ലത് ടീവിയിൽ തന്നെ കാണുന്നതാണ്.

ടെലിവിഷൻ, ഡിജിറ്റൽ എന്നൊരു വിത്യാസം എനിക്ക് തോന്നിയിട്ടില്ല. കാഴ്ചക്കാരെ സംബന്ധിച്ച് ഒരു പരിപാടി മിസ് ചെയ്താലും വീണ്ടും കാണാനുള്ളൊരു വഴി കൂടിയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം. മികച്ച ഉള്ളടക്കമാണ് എക്കാലവും നിലനിൽക്കുക. ടെലിവിഷനും പ്രിന്റും തന്നെയാണ് മീഡിയ ആൻഡ് എന്റർടൈൻമെന്റ് സെഗ്മെന്റിൽ ആദ്യസ്ഥാനങ്ങളിൽ. പിന്നുള്ളത് ഫിലിം ആയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫിലിമിന്റെ അഭാവത്തിൽ ഡിജിറ്റൽ മീഡിയ കയറിവന്നു. ഇതും ഉള്ളടക്കത്തെ അടിസ്ഥാമാക്കി തന്നെയാണ്. എല്ലാ ടെക്നോളജിയും കൂട്ടിയോജിപ്പിച്ച് മികച്ച ഉള്ളടക്കവും നല്കാനായാൽ അത് മികച്ച വിജയം നൽകും.

ടെലിവിഷൻ ചാനലുകൾക്ക് തീർച്ചയായും ഭാവിയുണ്ട്. ഡിജിറ്റലിന്റെ തള്ളിക്കയറ്റത്തിനിടയിലും ഉള്ളടക്കത്തിന്റെ കാമ്പ് ചാനലുകളുടെ ശക്തിയാകും. കോർപ്പറേറ്റ് കൾച്ചറിൽ മാധ്യമപ്രവർത്തകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയാൽ റേറ്റിംഗ് ടെൻഷൻ അവർക്ക് കുറച്ചു കൂടി നന്നായി മറികടക്കാനാകും. ടെലിവിഷൻ മീഡിയയിൽ ഉള്ളടക്കമാണ് രാജാവ് എന്നതാണ് എന്റെ അവസാന വാക്ക്.

(പ്രമുഖ ടെലിവിഷൻ അവതാരകയാണ് ലേഖിക, ഏഷ്യാനെറ്റിലെ ഫാമിലി ടെലിക്വിസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോൾ ഏഷ്യാവില്ലിയിൽ അവതാരക)  


റേറ്റിംഗിലെ നേട്ടം വരുമാനമാക്കാൻ കഴിയണം - അനിൽ ജെയിംസ്

ഷ്യാനെറ്റ് വിനോദ് ചാനൽ ദൃശ്യമാധ്യമ രംഗത്ത് ഒരു വിപ്ലവത്തിന് തന്നെ തുടക്കമിടുകയായിരുന്നു. മറ്റുള്ള ചാനലുകൾ പിന്നീട് അത് പിന്തുടർന്നു. വിനോദ ചാനൽ ആണെങ്കിലും ന്യൂസ് ചാനൽ ആണെങ്കിലും വിജയിക്കുവാനുള്ള ഒരു ഫോർമുലയുണ്ട്. ഉള്ളടക്കമാണ് പ്രധാനം എന്നതാണ് ശരി. നല്ല കണ്ടന്റ് എന്നത് നല്ല വ്യൂർഷിപ്പിലേക്കും അത് നല്ല ടിആർപിയിലേക്കും അങ്ങനെ മികച്ച റെവന്യൂവിലേക്കും നയിക്കും. അത് ദീർഘകാലാടിസ്ഥാനത്തിൽ ചാനലിന്റെ നിലനിൽപ്പിനു സഹായിക്കും. ഏഷ്യാനെറ്റിന്റെ വിനോദ ചാനലിന് ആദ്യമായി വി-ഗാർഡിന്റെ അഡ്വെർടൈസ്‌മെൻറ് റിലീസ് ഓർഡർ നൽകിയത് എന്റെ സ്ഥാപനമായിരുന്നു.

റേറ്റിംഗിലെ നേട്ടം വരുമാനമാക്കി മാറ്റുവാൻ ട്വന്റിഫോറിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനു ഇനിയും സമയമെടുക്കും. കാരണം ഈ റേറ്റിംഗ് അവർക്ക് നിലനിർത്തി കൊണ്ടുപോകുവാൻ സാധിക്കുമോ എന്നത് പ്രധാനമാണ്. ഏത് വിധേനയും ഒന്നാം സ്ഥാനത്തെത്തുക എന്നതാണ് ശ്രീകണ്ഠൻ നായരുടെ ലക്‌ഷ്യം. ഒരുപക്ഷെ അവർ അത് നേടിയേക്കും. എന്നാൽ അവർക്ക് അത് നിലനിർത്താനാവുമോ എന്നതാണ് കാണേണ്ടത്.

ഇന്ത്യ പോലൊരു വലിയ മാർക്കറ്റിൽ പ്രിന്റും ടീവിയും ആയിരുക്കും ജനങ്ങളെ സ്വാധീനിക്കുക എന്ന് പരസ്യദാതാക്കൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് പ്രിന്റിന്റെ പുതിയ അവതാരമാണ് ഡിജിറ്റൽ. ആ മാറ്റം തുടങ്ങി കഴിഞ്ഞു. അതിലാണ് ട്വന്റിഫോർ യുവാക്കളെ ഉൾപ്പെടെ സ്വാധീനിച്ച് മുന്നോട്ട് പോകുന്നത്.

വാർത്താ ചാനലുകൾക്കൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോംസും നിർണായക ശക്തിയാകും.

കോവിഡ് കാലത്ത് സൂര്യ ചാനൽ 20 വർഷത്തിനിടെ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. സിനിമ ആണ് അവരെ മുന്നിലെത്തിച്ചത്. ഏഷ്യാനെറ്റിനെ മറികടക്കുവാൻ ഒരാഴ്ചയെങ്കിലും അവർക്ക് സാധിച്ചു.

(ഏക്സോഡസ് പരസ്യ ഏജൻസി ഉടമയാണ് ലേഖകൻ. ടെലിവിഷൻ റേറ്റിങ് വിശകലനം ചെയ്യുന്നതിൽ വിദഗ്ധൻ)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story