EDITORIAL

വരുന്നത് വീണ്ടെടുക്കലിൻ്റെ വർഷം - ന്യൂഏജ് എഡിറ്റോറിയൽ

Newage News

13 Nov 2020

പ്രതീക്ഷയുടെ ദീപങ്ങൾ തെളിഞ്ഞു തുടങ്ങി. ഇനി ദിവാലി ആഘോഷത്തിൻ്റെ ദിനരാത്രങ്ങൾ. കോവിഡിലും ആഘോഷ പ്രഭ മങ്ങുന്നില്ല. വിപണി പുതുവർഷത്തിലേക്ക് ചുവടുവയ്ക്കുന്നു. സംഭവബഹുലമായിരുന്നു ഇന്ത്യൻ വിപണിയുടെ പോയ വർഷം. ഒരു വേള ഇൻഡക്സ് ആകാശം തൊട്ടു. പിന്നെ തകർന്നടിഞ്ഞു. വീണ്ടും തിരിച്ചു വരവ്. വളർച്ചയുടെ റെക്കോർഡ് ഭേദിച്ചുള്ള കുതിപ്പ്. 

ലോകത്തെ പിടിച്ചുലച്ച കോവിഡിൽ വിപണി അത്ഭുതപ്പെടുത്തി. കോവിഡ് പ്രതിസന്ധിക്കിടയിലെ ഈ തിരിച്ചുവരവ് ഗംഭീരം. നിക്ഷേപകർക്ക് പ്രതീക്ഷ. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ഒഴുക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ വിപണിയിലും, സമ്പദ്ഘടനയിലും ലോകം വിശ്വാസമർപ്പിക്കുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്. 

റിലയൻസ് ജിയോയിലേക്കുള്ള നിക്ഷേപത്തിൻ്റെ ഒഴുക്ക് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആഗോള വമ്പൻമാർ പലരും റിലയൻസിൽ നിക്ഷേപിക്കാൻ മത്സരിച്ചത് വിപണിക്ക് നൽകിയ ആത്മവിശ്വാസം ഈ റാലിക്ക് കാരണമായിരിക്കാം. ലിസ്റ്റ് ചെയ്യാത്ത ഇന്ത്യൻ കമ്പനികളിലേക്കും നിക്ഷേപം ഒഴുകുന്നത് ഏറെ ആവേശകരം. ബൈജൂസിൽ മുതൽ ഫ്രഷ് ടു ഹോമിൽ വരെ നിക്ഷേപം പുറം ലോകത്തു നിന്ന് വരുന്നു. പ്രതിസന്ധിക്കിടയിലും ഇത് ശുഭ ലക്ഷണമായി.

മികച്ച കമ്പനികളുടെ ഓഹരികൾ ഒന്ന് താഴ്ന്നെങ്കിലും വളരെ വേഗം മികവിലേക്ക് തിരിച്ച് കയറി. ഐറ്റി, ബാങ്കിങ്, ഓട്ടൊമൊബീൽ തുടങ്ങി പല മേഖലകളുടെയും കഴിഞ്ഞ രണ്ടു പാദ ഫലങ്ങളും മികച്ചതാണ്. ആശങ്കപ്പെട്ടതുപോലെ കമ്പനികൾ നിരാശപ്പെടുത്തിയില്ല. പൊതുവെ ലാർജ് ക്യാപ് ഓഹരികൾ മുന്നേറ്റം നടത്തി. മിഡ് ക്യാപ്, സ്മാൾ ക്യാപ് ഓഹരികൾ കൂടി മികവിലേക്ക് ഉയരുന്നു. വിപണി മൊത്തത്തിൽ ഉണരാനും, റീട്ടെയിൽ നിക്ഷേപകർ സജീവമാകാനും ഇത് അത്യന്താപേക്ഷിതമാണ്. 

കോവിഡിൽ ഓഹരി വിപണിയിൽ സംഭവിച്ച ഏറ്റവും പ്രധാന മാറ്റം വർധിച്ച തോതിലുള്ള റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തമാണ്. ടെക്നോളജി ആണ് അതിന് സഹായിച്ചത്. ഓൺലൈൻ വഴിയുള്ള അക്കൗണ്ട് ഓപ്പണിങ്ങും, ട്രേഡിങ്ങും വർധിച്ചു. വിപണിയുടെ ചില അടിസ്ഥാന സ്വഭാവങ്ങളുണ്ട്. നല്ല അടിത്തറയുള്ള, വിപണി സാന്നിധ്യമുള്ള കമ്പനികൾ ഒരിക്കലും നിരാശപ്പെടുത്തില്ല. കൊടുങ്കാറ്റിൽ ഉലയുമായിരിക്കും. പക്ഷെ അതിജീവിക്കും. കാറ്റും, കോളും അടങ്ങുമ്പോൾ പഴയ അവസ്ഥയിലേക്ക് തിരിച്ചു കയറും. 2021 ശുഭപ്രതീക്ഷകളുടേതാകും. ദിവാലിയിൽ തെളിയുന്ന വിളക്കുകൾ അതിൻ്റെ സൂചനകൾ നൽകും. നിക്ഷേപകർ കാത്തിരിക്കുക. വരാനിരിക്കുന്നത് ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായിരിക്കും. അതിജീവനത്തിൻ്റെയല്ല, വീണ്ടെടുക്കലിൻ്റെ വർഷം.


പ്രതീക്ഷിക്കുന്ന ശരാശരി വളർച്ച -15%: ബിനു ജോസഫ്

ആദ്യത്തെ ഫാക്ടർ എന്നു പറഞ്ഞാൽ മാർക്കറ്റിൽ ഒരു ക്രൈസിസ് ഉണ്ടായി കഴിഞ്ഞിട്ട് വീണ്ടും ഒരു ഓൾ ടൈം ഹൈ അടിച്ചു നിൽക്കുകയാണ്.കഴിഞ്ഞ ഒരു മൂന്നു മാസത്തെ പൊതുവെ ഡേറ്റയും കാര്യങ്ങളും നോക്കിയാൽ മൊത്തത്തിൽ ഒരു റിവേഴ്സാണ് കാണുന്നത്. എല്ലാം പോസിറ്റീവ് ആയിട്ടാണ് വരുന്നത്.ഏറ്റവും പുതിയ ഡാറ്റയും കാണിക്കുന്നത് പൊതുവെ ഇക്കോണമിയിൽ ഒരു റീ ബോണ്ട് വരുന്നു,  പ്രശ്നങ്ങൾ ഒരു വലിയ പരിധി വരെ പരിഹരിക്കപ്പെടുന്നു എന്നുള്ള പ്രതീതിയാണ് വന്നിരിക്കുന്നത്. അത്  മാർക്കറ്റിന് ഒരു വലിയ സപ്പോർട്ടാണ്. രണ്ടാമത്തെ കാര്യം ഇക്കണോമിക് ഡാറ്റ തിരിഞ്ഞ് പഴയ രീതിയിലക്ക്, ഒരു അപ് ട്രെൻഡിലേക്ക് വരുന്നു എന്നുള്ള ഒരു ഇൻഡിക്കേഷൻ ആണ്. ഒരു പ്ലസ് ഫാക്ടർ ആണത്.  മറ്റൊരു കാര്യം  ലിക്വിഡിറ്റിയാണ്. അതിന് കാരണം വളരെ സ്ട്രോങ്ങ് ബൈയിങ്ങാണ്. നല്ല ഫണ്ട് ഫ്ലോ ആണ് മാർക്കറ്റിലുള്ളത്. അത് തുടരുകയും ചെയ്യുമെന്നുള്ള ഒരു പ്രതീക്ഷയാണുള്ളത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ നല്ല പോലെ നിക്ഷേപം നടത്തുന്നു. നവംബറിൽ ഏഴ് ട്രേഡിങ്ങ് ഡെയി സ് ആയിട്ടുണ്ട്. ഈ ഏഴ് ട്രേഡിങ്ങ് ഡേയ്സുകൊണ്ട് മുപ്പതിനായിരം കോടിയുടെ FII ബൈ യിങ്ങാണ് വന്നിരിക്കുന്നത്. അത്ര സ്ട്രോങ്ങ് ആയിട്ടുള്ള ഫണ്ട് ഫ്ലോ ഒക്ടോബറിലും ഉണ്ട്. അതായത് തുടർച്ചയായ മാസങ്ങളിൽ ഒരേ പ്രവണത. 

 മൂന്നാമത്തെ ഫാക്ടര് ആഗോള തലത്തിൽ തന്നെ ഒരു പോസിറ്റീവ് ട്രെൻഡ് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് US ഇലക്ഷനും കാര്യങ്ങളും വന്നതുകൊണ്ട്. കഴിഞ്ഞ ഒരു മൂന്നു മാസത്തിൽ ഈ മൂന്നു ഫാക്ടറിലാണ് മാർക്കറ്റ് ഓൾ ടൈം ഹൈ അടിച്ചിരിക്കുന്നത്. അതിന്റെ ഒരു റിയാക്ഷൻ വന്നിരിക്കുന്നത് പ്രധാനം ആയി ലാർജ് ക്യാപ് സ്റ്റോക്കിലാണ്. അതായത് ഇൻഡക്സ് ബെയ്സ്ഡ് സ്റ്റോക്കിലാണ് പ്രധാന റിയാക്ഷൻ വന്നത്. വലിയ കമ്പനികളുടെ ഓഹരികൾ സ്ഥിരതയുള്ള പ്രകടനം നടത്തി തിരിച്ചു കയറി. ഇനി മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലും ഈ പ്രവണത കണ്ടു തുടങ്ങും. 

അടുത്ത വർഷം അമിത പ്രതീക്ഷ വേണ്ട. ശരാശരി 15 ശതമാനം വളർച്ച പ്രതീക്ഷിക്കാം. മാർക്കറ്റ് അതി ശക്തമായ വൊളറ്റിലിറ്റി കാണിക്കും. നിരന്തര ചാഞ്ചാട്ടവും, കയറ്റിറക്കങ്ങളും ഉണ്ടാകാം. പക്ഷെ നിക്ഷേപകരെ അത് നിരാശപ്പെടുത്തില്ല. 

റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം വളരെ വർധിച്ചു. സാങ്കേതിക വിദ്യയും, കോവിഡും തുണച്ചു. റീട്ടെയിൽ നിക്ഷേപകർ കൂടുന്നത് മാർക്കറ്റിൻ്റെ സജീവത വർധിപ്പിക്കും. 2021 ഒരു നല്ല വർഷമാകാനാണ് സാധ്യത. നിക്ഷേപകർ പക്വതയോടെ സമീപിക്കേണ്ട വർഷം. ദിവാലി പ്രതീക്ഷകളുടേത് തന്നെ.

(പ്രമുഖ ഇക്വിറ്റി റിസർച്ച് വിദഗ്ധനാണ് ലേഖകൻ)


പുതുമയോട് കൂടി നിക്ഷേപങ്ങളെ നോക്കിക്കാണണം: ബിജു ജോൺ 

ഏത് സമയത്താണെങ്കിലും, ഇന്ത്യൻ മാർക്കറ്റ് പോസിറ്റീവാണോ നെഗറ്റീവാണോ എന്നാലോചിക്കുന്നതിന് പകരം നമ്മൾ നിക്ഷേപിച്ചിരിക്കുന്നത് നല്ല ബിസിനസ്സിൽ ആണോയെന്നാണ് ചിന്തിക്കേണ്ടത്. നല്ല ബിസിനസ് എന്ന് പറഞ്ഞാൽ സ്ഥിരമായി നല്ല പ്രൈസ് ഏണിങ്സ് ഉള്ള, നല്ല മാനേജ്‌മന്റ് ഉള്ള, നല്ല വിസിബിലിറ്റി ഉള്ള കമ്പനിയുടെ കൂടെയാണോ നിൽക്കുന്നത് എന്ന് വിലയിരുത്തുക. അങ്ങനാണെങ്കിൽ ഓഹരി വിപണിയിൽ ഏത് സമയവും ശരിയായ സമയമാണ്. അടുത്തത്, നിങ്ങൾ പഠിച്ചിട്ടില്ലാത്ത, അറിയില്ലാത്ത ഒരു ബിസിനസ്സിൽ ബെറ്റ് വെക്കുകയാണോ അതോ ഏറ്റവും നല്ലൊരു ബിസിനസ്സിന്റെ കൂടെ പങ്കാളിയാകാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നതാണ്. മാർക്കറ്റ് ഇപ്പോൾ ഉയർച്ചയിലോ താഴ്ചയിലോ ആണെന്നുള്ളതല്ല, ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും തീറ്റി പോറ്റുവാൻ പറ്റിയ വിധത്തിൽ വളർച്ചയുള്ള ബിസിനസ് ആണോ നമ്മൾ നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്നത് എന്നുള്ളതാണ് പ്രശ്നം. എല്ലാ സമയത്തും ഡിമാൻഡ് ഉള്ള ബിസിനസ് ആണെങ്കിൽ അതിൽ ഏത് സമയത്തു നിക്ഷേപിക്കുന്നതും നല്ലതാണ്. അങ്ങനെ വന്നാൽ ഇൻഡക്സ് ഉയർന്നോ താഴ്ന്നോ എന്നുള്ളത് പ്രശ്നമല്ല. കാരണം ഇന്ഡക്സിന്റെ മാറ്റം വളരെ കുറച്ചു ഷെയറുകൾ മാത്രം അടിസ്ഥാനമാക്കിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ല കമ്പനികൾക്കൊപ്പം നിൽക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. 

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക് വന്ന ഫണ്ടുകളിൽ ഏറ്റവും കൂടുതൽ എത്തിയത് റിലയൻസിന്റെ കമ്പനികളായ ജിയോ, റിലയൻസ് റീറ്റെയ്ൽ എന്നിവയിലേക്കാണ്. അതുപോലെ ബൈജൂസിലും പേടിഎമ്മിലും വന്നു വലിയ നിക്ഷേപങ്ങൾ. ഇതൊന്നും ലിസ്റ്റ് ചെയ്‍ത കമ്പനികളല്ല. അതായത് ബിസിനസ് ഡൈനാമിക്‌സ് മാറിക്കൊണ്ടിരിക്കുന്നു. അതുപോലെ ജീവിതം എളുപ്പമാക്കുന്ന ആശയങ്ങളുമായി വരുന്ന ബിസിനസ്സുകൾക്ക് ഒരുപാട് ആവശ്യക്കാരുണ്ട്. ദീർഘകാലം, ഹ്രസ്വകാലം എന്നതിന് പകരം നിങ്ങളുടെ പോർട്ഫോളിയോയിൽ ഉള്ള കമ്പനികൾ ഇപ്പോഴുള്ള പുതു തലമുറ ബിസിനസ് ഡൈനാമിക്‌സ് അഡാപ്റ് ചെയ്തിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ഉണ്ടെങ്കിൽ തീർച്ചയായും അവരുടെ കൂടെ തന്നെ തുടരാം. ഇന്ത്യൻ ഐടി കമ്പനികൾ അതിന് ഉദാഹരണമാണ്. 

മുഹുർത്ത വ്യാപാരത്തിന് വലിയ പ്രസക്തിയുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ഒരു പുതിയ ജീവിതം തുടങ്ങുന്നതുപോലെയാണ് ദീപാവലി. ഇതെല്ലം നന്നായി ആഘോഷിക്കണം. പുതുമയോട് കൂടി നിക്ഷേപങ്ങളെ നോക്കികാണണം. 

ഇന്ത്യയിലെ ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടിയോളമാണ്. വികസിത ലോകരാജ്യങ്ങളിൽ ഉപയോഗിക്കുന്നതുപോലെ നമ്മളും സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തുടങ്ങി. ഈ കോറോണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളും അത് ശീലിച്ചു. എങ്കിലേ മുന്നോട്ടുപോകാനാകു എന്ന അവസ്ഥയിലാണ് അവർ. അത്തരമൊരു സിസ്റ്റം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. അടുത്തത് ഒരുപക്ഷെ നമ്മളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാകും വരാൻ പോകുന്നത്. കാരണം, ഇവിടെ നല്ല ഭൂരിപക്ഷമുള്ള ഗവൺമെന്റുണ്ട്. അതുപോലെ പലിശ വളരെ കുറഞ്ഞ അവസ്ഥയിലാണുള്ളത്. ക്രൂഡ് ഓയിൽ വില ഏറ്റവും ആകർഷണീയമായ അവസ്ഥയിലുമാണ്. നാലാമതായി ഇന്ത്യയിലെ മാൻപവർ ഉപയോഗം ഏറ്റവും മികച്ച രീതിയിലേക്കെത്തുന്നുണ്ട്. ഇതൊരു അവസരമാണ്.

(മാനേജിങ് ഡയറക്ടർ,മോട്ട് പോർട്ഫോളിയോ മാനേജ്മെൻറ് സർവീസ്)


മികച്ച ഓഹരികൾക്ക് ആവശ്യക്കാർ വർദ്ധിക്കും: സനിൽ കുമാർ

വില സൂചികകളുടെ ചാഞ്ചാട്ടം ഓഹരിവിപണിയുടെ  അനിവാര്യതയാണ്. ഇന്ത്യൻ വിപണിയെ സംബന്ധിച്ച് പ്രതീക്ഷാവഹമാണ് കാര്യങ്ങൾ. ജിഎസ്ടി വരുമാനത്തിലെ വർധന ശുഭസൂചകമാണ്. ഒപ്പം ധനമന്ത്രി പുതുതായി പ്രഖ്യാപിച്ച കോവിഡ് വിരുദ്ധ പാക്കേജിന്റെ പ്രതിഫലനങ്ങളും വിപണിയിൽ ദൃശ്യമാവാനുണ്ട്. നിഫ്റ്റിയും സെൻസെക്‌സും മികച്ച നിലയിലാണ്. ദീപാവലിയോടനുബന്ധിച്ച് ഇനിയും മുന്നേറും. 12800 എന്ന റെസിസ്റ്റൻസ് ഭേദിച്ചാൽ തീർച്ചയായും നിഫ്റ്റി 13200 വരെയൊക്കെ മുന്നേറാം. അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഫലവും ലോകവിപണികൾക്ക് തന്നെ ഉത്തേജനമാണ്. മാർക്കറ്റിന് എന്തുകൊണ്ടും ട്രംപിനെക്കാൾ അഭിമതനാണ് ബൈഡൻ. ഇതിന് പുറമെ രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രഗവണ്മെന്റിന് അനുകൂലമായതും വിപണിയുടെ മുന്നേറ്റത്തിന് സഹായകമാവും.

അതേസമയം യൂറോപ്യൻ രാജ്യങ്ങളിലും മറ്റും കോവിഡിന്റെ മൂന്നാം ഘട്ട വരവ് അല്പം പ്രതികൂല ഘടകമാണ്. അത്തരത്തിൽ കാര്യങ്ങൾ നീങ്ങിയാൽ 12430 എന്ന നിലവാരത്തിൽ ഒരുപക്ഷെ  നിഫ്റ്റി ഒരു കറക്ഷന് വിധേയമായേക്കും എന്ന വിലയിരുത്തലുണ്ട്. മാർക്കറ്റിനെ സംബന്ധിച്ച് വലിയ മുന്നേറ്റത്തിന് ശേഷമുള്ള കറക്ഷൻ എന്നുള്ളത് ഒരു ആരോഗ്യകരമായ ഘടകം തന്നെയാണ്. സെക്ടർവൈസ് വിലയിരുത്തിയാൽ ഐടി, ഓട്ടോ സെക്ടറുകളിൽ നല്ല തോതിൽ ബൈയിങ് നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കറക്ഷനുള്ള സാധ്യതകളുമുണ്ട്. എഫ്എംസിജി ഓഹരികളിലും ബൈയിങ് ഉയർന്നേക്കാം. ബാങ്ക് ഓഹരികളിൽ അധികമായി ബൈയിങ് നടന്നിട്ടുണ്ട്. ഇൻഫ്രാസ്ട്രക്ച്ചർ മേഖലയും ശ്രദ്ധേയ പ്രകടനം തന്നെയാവും നടത്തുക. ദീപാവലി എന്നത് സാമ്പത്തിക വർഷത്തിന്റെ തുടക്കം ആയതുകൊണ്ട് തന്നെ ഓഹരികൾ വിറ്റഴിക്കുന്നതിനേക്കാൾ മികച്ച ഓഹരികൾ വാങ്ങുന്നതിന് മുഖ്യപരിഗണനയാവും നിക്ഷേപകർ നൽകുക. അതുകൊണ്ട് തന്നെ ദീപാവലി മുഹൂർത്ത വ്യാപാരം വിപണിക്ക് കുതിപ്പേകുമെന്ന പ്രതീക്ഷയാണുള്ളത്.

(സ്റ്റോക്ക് മാർക്കറ്റ് എക്സ്പെർട്ട്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story