Newage News
14 Nov 2020
ഇന്ന് ശിശുദിനം, രാഷ്ട്ര നിര്‍മ്മാണത്തില്‍ പുത്തന്‍ തലമുറയുടെ പ്രതിനിധികളായ കുട്ടികള്‍ക്കുള്ള പങ്ക് എത്രമാത്രം പ്രാധാന്യ മര്ഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനവുമാണ്. ഏതൊരു രാഷ്ട്രത്തിന്റെയും വലിയ പ്രതീക്ഷ അതിന്റെ ഭാവി കരുപ്പിടിപ്പിക്കാന്‍ നിയോഗമുള്ള കുട്ടികളിലാണെന്ന് നവഭാരതശില്പിയായ പണ്ഡിറ്റ് നെഹ്റു ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ അവകാശ സംരക്ഷണത്തിലും അവര്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണനകളിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. കുട്ടികള്‍ക്കായി ഒരു ദിനം തെരഞ്ഞെടുക്കുമ്പോള്‍ അത് പണ്ഡിറ്റ് നെഹ്റുവിന്റെ ജന്മദിനം തന്നെയാവട്ടെ എന്ന ചിന്തയുടെ അടിസ്ഥാനവും അതുതന്നെ.കുട്ടികളുടെ ഭാവി രാഷ്ട്രത്തിന്റെ ഭാവി തന്നെ എന്ന് തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ രാഷ്ട്രശില്പിയുടെ പാതയില്‍ നാം എത്രമാത്രം മുന്നോട്ടുപോയി എന്ന ആത്മവിമര്‍ശനത്തിനുള്ള അവസരം കൂടിയാണിത്.
ലോകം മുഴുവന്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള മുറവിളി ഉയരുന്നുണ്ട്.ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവുമൊക്കെ നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് കുട്ടികളാണ് ഇന്ന് ലോകമെങ്ങും ഉള്ളത്. ബാലവേലയും ശിശുഹത്യയും ബാലപീഡനങ്ങളും നമുക്ക് അന്യമല്ല. തെരുവില്‍ അനാഥരായി കഴിയുന്ന പരശതം കുട്ടികളുണ്ട് നമ്മുടെ രാജ്യത്ത്. കുടുംബങ്ങളില്‍ നിന്ന് തന്നെ അവഗണനയുടെയും പീഡനങ്ങളുടെയും ഉള്ളുലയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. സര്‍ക്കാര്‍ നിയന്ത്രിത ശിശുക്ഷേമ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഒക്കെ ഊര്‍ജിതമാകുമ്പോഴും കുട്ടികള്‍ക്കെതിരായ അതിക്രമവും അവകാശ നിഷേധവുമൊക്കെ ശമനമില്ലാതെ തുടരുന്നു എന്നതാണ് ഇന്നത്തെ ദുരവസ്ഥ.
നമ്മുടെ രാജ്യവും സംസ്ഥാനവുമൊന്നും ഈ സാമൂഹിക ദുരവസ്ഥയില്‍ പിന്നിലല്ലെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇത്തരം പരിതസ്ഥിതികളില്‍ നിന്നുള്ള മോചനത്തിന് ഇന്ന് സര്‍ക്കാര്‍തല സംവിധാനങ്ങള്‍ മാത്രം ജാഗരൂകമാ യാല്‍ പോരെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഇവിടെ പൊതു സമൂഹത്തിന്റെ കൂടി ജാഗ്രത്തായ ഇടപെടല്‍ ആവശ്യമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയിലും മറ്റും കാലാനുസൃതമായ അവബോധം വളരാന്‍ അവസരമുണ്ടാകണം.
നമ്മുടെ കുട്ടികളാണ് നാളയുടെ സ്വപ്നവും പ്രതീക്ഷയും എന്ന പണ്ഡിറ്റ്ജിയുടെയും എപിജെ അബ്ദുല്കലാമിന്റെയുമൊക്കെ ദീര്ഘവീക്ഷണമാവണം നമുക്ക് മാര്ഗ്ഗദര്ശകമാവേണ്ടത്. നാടിനെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന്‍ പ്രാപ്തമായ പുതു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും കരുതലും ഉണ്ടാവട്ടെ. അതു തന്നെയാവട്ടെ ഈ ശിശുദിനത്തിന്റ് വലിയ സന്ദേശം...
സമൂഹത്തില്‍ ശരിയായ ബോധവല്‍ക്കരണം ഉണ്ടാവുക തന്നെവേണം - ജോസ് ഗോതുരുത്ത്
ഒരു രാജ്യത്തെ സംബന്ധിച്ച് കുട്ടികള്‍ ഭാവിയിലേക്കുള്ള വാഗ്ദാനങ്ങള്‍ തന്നെയാണ്. നമുക്ക് ബാലാവകാശങ്ങള്‍ സംബന്ധിച്ച് നിയമങ്ങളും സ്ഥാപനങ്ങളുമെല്ലാം ഉണ്ടെങ്കിലും അവയെല്ലാം വേണ്ടവധത്തില് പ്രയോജനപ്പെടുന്നു ണ്ടോ എന്നത് സംശയമാണ്. ഇന്ന് കുട്ടികളുടെ അവകാശ സംരക്ഷണ രംഗം വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഭരണഘടനയില്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാര്‍വ്വത്രികമായി ലഭിച്ചിരിക്കണംഎന്നുണ്ട്. എന്നാല്‍ ഇത് എത്രമാത്രം പൂര്‍ണ്ണതയില്‍ എത്തി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുറെയെങ്കിലും മുന്നേറിയെങ്കിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പിന്നില്‍ തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നതില്‍ പലപ്പോഴും ശരിയായ ധാരണയുണ്ടാകാറില്ല.
പണ്ഡിറ്റ് നെഹ്റുവും എപിജെ അബ്ദുല്‍ കലാമുമൊക്കെ രാഷ്ട്ര നിര്മ്മാണത്തില്കുട്ടികളുടെ പങ്ക് മനസ്സിലാക്കിയവരാണ്. അവര്‍ വ്യക്തിപരമായി കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ പുലര്‍ത്തിയ ശ്രദ്ധ ഭരണതലത്തില്‍ പൂര്‍ണമായില്ല. ഭരണരംഗത്തെ വീഴ്ചകള്‍ മറി കടക്കേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇതില്‍ കുറെയെങ്കിലും സാധിച്ചു. നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം വളരെയധികം മെച്ചപ്പെട്ടു. എന്നാല്‍ രാജ്യത്തെ മറ്റു സസ്ഥാനങ്ങള്‍ ഇനിയും പിന്നോക്കം നില്ക്കുന്നു. അവിടങ്ങളില്‍ വിദ്യാഭ്യാസം വളരെയധികം എക്സ്പെന്‍സീവ് ആണ്. ഇതിലെല്ലാം ശ്രദ്ധാപൂര്‍വ്വമുള്ള നയപരിപാടികള്‍ തന്നെ ഉണ്ടാകണം. കേരളം പല കാര്യങ്ങളിലും വളരെ പ്രബുദ്ധമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമായ രീതിയിലാണ്. അതുകൊണ്ടുതന്നെ അവിടെ ബാലവേലയും മറ്റും വര്‍ദ്ധിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇങ്ങോട്ടേക്ക് കുട്ടികള്‍ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. രാജ്യത് മൊത്തത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണ യിലും മറ്റും കൂടുതല്‍ കരുതല്‍ ആവശ്യമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ മോണിറ്ററിങ ഉണ്ടാകുന്നില്ല. അത് നമ്മുടെ ആദിവാസി മേഖലയിലും മറ്റും നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് സമൂഹത്തില്‍ ശരിയായ ബോധവല്‍ക്കരണം ആവശ്യമാണ്. അതിനായി കലയും സാഹിത്യവും സിനിമയും മീഡിയയും ഒക്കെ രംഗത്ത് വരണം. ബോധവല്ക്കരണത്തില് സമൂഹത്തിന്റെ കൂട്ടായ ഇടപെടല്‍ ആവശ്യമാണ്. രാജ്യത്തിന്റെ ഭാവി ഭാഗധേയം തന്നെയാണ് കുട്ടികളിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നത് എന്നത് ഓര്‍മ്മിക്കണം.
(അധ്യാപകന്, ബാലസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്)
വളരെയേറെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ് - ഗോപിനാഥ് മുതുകാട്
ഒരു രാജ്യത്തെ കുട്ടികള്‍ എന്നാല്‍ നാളെയുടെ വലിയ പ്രതീക്ഷകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ അവകാശ സംരക്ഷണം വളരെയേറെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ്. നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ ഓരോന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഹൃദയം എങ്ങനെ പ്രവര്‍ത്തിക്കണം, കിഡ്നി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിലെല്ലാം ചില അടിസ്ഥാനങ്ങള്‍ ഉണ്ട്. എന്നാല്‍ തലച്ചോറിന്റെ കാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ബ്രെയിന്‍ ബ്ലാങ്ക് ആണ്. അതില്‍ സമൂഹം അല്ലെങ്കില്‍ അധ്യാപകര്‍ കുറിക്കുന്ന വരകളും കുറികളുമൊക്കെയാണ് നിര്‍ണായകമാകുന്നത്. പലപ്പോഴും തെറ്റായ വരകളും കുറികളും ഒക്കെയാണ് കുത്തിനിറക്കന്നത്. മതം, വിശ്വാസം അങ്ങനെ പല രീതികളില്‍ കുട്ടികളിലേക്ക് നിറക്കപ്പെടുന്നു. പല കാര്യങ്ങളിലും കുട്ടികളല്ല കുറ്റവാളികള്‍. പുറമേ നിന്ന് സംഭവിക്കുന്നതാണ്. സെക്സ് എഡ്യൂക്കേഷന്‍ രംഗത്ത് നമ്മള് എന്തൊക്കെയാണ് പഠിപ്പിക്കുന്നത്. പലപ്പോഴും ആവശ്യമുള്ള കാര്യങ്ങള്‍ അല്ല, ആവശ്യമില്ലാത്ത കാര്യങ്ങളാണ് കുത്തി നിറക്കുന്നത്. സ്നേഹം എന്ന മാജിക്കിന് പകരം മറ്റ് പല കാര്യങ്ങളിലേക്കും വഴിമാറി പോകുന്നു. ഇതിലെല്ലാം സമൂലമായ മാറ്റം ഉണ്ടാവണം.
നമ്മുടെ വിദ്യാഭ്യാസ രീതികളില്‍ തന്നെ പല പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. കുട്ടികളുടെ അന്വേഷണത്വരയെ മുരടിപ്പിക്കുന്ന രീതികളാണ് പിന്തുടരുന്നത്. അവയിലെല്ലാം കാര്യമായ മാറ്റം ഉണ്ടാവണം. പലകാര്യങ്ങളിലും കുട്ടികളെ വിലക്കുന്ന തരത്തില്‍ ഡോണ്ട് ഡു ആണ് നിലവിലുള്ളത്. ഒരു ബ്ലാങ്ക് പേപ്പറില്‍ തെറ്റായ കാര്യങ്ങളാണ് നിറക്കുന്നത്. ഒരു കുട്ടിയുടെ ആദ്യത്തെ ആയിരം ദിവസങ്ങള്‍ ആണ് അവന് എന്തായിത്തീരുമെന്ന് നിര്‍ണയിക്കുന്നത് എന്നു പറയാറുണ്ട്. ഇവിടെ കുട്ടികളുടെ അവകാശ സംരക്ഷണയില്‍ സമൂഹത്തിന്റെ കരുതലും ശ്രദ്ധയും വളരെ വിലപ്പെട്ടതാണ്. ഇന്ന്കുട്ടികളില് വളരുന്ന സൂയിസൈഡ് അറ്റമ്പ്റ്റ്, ഓണ്‍ലൈന്‍ അഡിക്ഷന് ഇവയൊക്കെ വലിയ ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. ആരോഗ്യകരമായ വളര്ച്ചയ്ക്ക്നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ രീതികളില്‍ തന്നെ വലിയ മാറ്റത്തിന്റെ ആവശ്യകത ഉണ്ട്.
(പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍, തിരുവനന്തപുരം മാജിക് അക്കാദമി സ്ഥാപകന്‍, ബാലാവകാശങ്ങള്‍ ക്കായുള്ള യൂനിസെഫ് ബ്രാന്‍ഡ് അംബാസഡര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്)
ഇന്നത്തെ സാഹചര്യങ്ങളില്‍ ബാലാവകാശ സംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട് - സ്വാതി സുനില്‍
ലോകത്ത് കുട്ടികളുടെ അവകാശ സംരക്ഷണത്തിലെ വെല്ലുവിളികളും അതിന്റെ പ്രാധാന്യവും ഇന്നത്തെ സാഹചര്യങ്ങളില്‍ വര്‍ദ്ധിക്കുകയാണ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വലിയ പ്രാധാന്യം കൈവരുന്നു. നമ്മുടെ സംസ്ഥാനത്ത് വിദ്യാഭ്യാസ-ആരോഗ്യ നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ പ്രശ്നങ്ങള്‍ കുറവാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ബാലവേലയും ചൈല്‍ഡ് അബ്യൂസ് കേസുകളും ഒക്കെ വര്‍ദ്ധിക്കുകയാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള പീഡനങ്ങളും അവഗണനയും ഒക്കെ കുട്ടികള്‍ നിശബ്ദം ഏറ്റു വാങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. കുട്ടികള്‍ പലപ്പോഴും വിദ്യാഭ്യാസം ഉപേക്ഷിച്ച് ജോലികള്‍ക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ട്. കുടുംബത്തില്‍ കുട്ടികളുടെ അംഗസംഖ്യ ഉയര്‍ന്നതും ജീവിത നിലവാരത്തിലെ പ്രശ്നങ്ങളു മൊക്കെ കുട്ടികളുടെ ജീവിതം ദുരിതമയമാക്കുകയാണ്.
രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ തന്നെയായ കുട്ടികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിയമങ്ങള്‍ കൊണ്ടുമത്രം സാധിക്കണമെന്നില്ല. സര്‍ക്കാരുകളുടെ കൃത്യമായ ഇടപെടലുകള്‍ വഴി കുറെയൊക്കെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, ശരിയായ പ്രശ്നപരിഹാരത്തിന് കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള സാമൂഹിക അവ്ബോധം വളരേണ്ടതുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണം സമൂഹത്തിന്റെ തന്നെ കടമയായി മാറണം. പൊതു സമൂഹത്തിന്റെ കരുതല്‍ കുട്ടികള്‍ക്ക് തുണയായി മാറണം. യഥാര്‍ത്ഥ അവകാശ സംരക്ഷണം അതിലൂടെ സാധ്യമാകണം. നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും സമൂഹത്തിന്റെ ശരിയായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യമുണ്ട്. കേരളം പോലെ ഉയര്‍ന്ന ജീവിത നിലവാരമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി വളരെ മെച്ചമാണ്. ബാലാവകാശ പ്രശ്നങ്ങള്‍ സമൂഹത്തിന്റെ പൊതു ചിന്തയില്‍ ഉണ്ടാവുക എന്നത് തന്നെയാണ് പ്രധാനം. (ഹെല്‍ത്ത് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ ആണ്)