EDITORIAL

ട്വൻറി20 പടരുമോ? - ന്യൂഏജ് എഡിറ്റോറിയൽ

Newage News

16 Oct 2020

ന്ത്യയിലെ ആദ്യ വലതുപക്ഷ പാർട്ടിയുടെ പേര് 'സ്വതന്ത്ര ' എന്നായിരുന്നു. കാപിറ്റലിസ്റ്റ് ഐഡിയോളജിയിൽ കേന്ദ്രീകരിച്ചായിരുന്നു നയങ്ങൾ. ഉദാര സാമ്പത്തിക നയങ്ങളുടെ വക്താക്കളായിരുന്നു, ഇവർ. കൊടിയുടെ നിറം നീല. ചിഹ്നം നക്ഷത്രം. സി രാജഗോപാലാചാരിയായിരുന്നു സ്ഥാപകൻ. കെഎം മുൻഷിയും, വികെ മേനോനും ഒക്കെ നേത്യത്വത്തിൽ ഉണ്ടായിരുന്നു.

രണ്ടു പ്രാവശ്യം ലോക്സഭയിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായി. നെഹ്റുവിൻ്റെ കമ്യൂണിസ്റ്റ് ചുവയുള്ള സോഷ്യലിസ്റ്റ് നയങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രംഗപ്രവേശം. സി രാജഗോപാലാചാരിയുടെ മരണത്തോടെ അതിൻ്റെ അസ്തമയമായി. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് വിരുദ്ധ ചേരിയിൽ ജനസംഘം മുതൽ ആം ആദ്മി വരെ വന്നു. ശ്യാമപ്രസാദ് മുഖർജിയുടെ ജനസംഘം വളർന്ന് മോദിയുടെ ബിജെപി വരെ എത്തി. സ്വതന്ത്ര പാർട്ടി ഒഴിച്ച് റൈറ്റ് വിങ്ങ് പൊളിറ്റിക്സിൽ പരീക്ഷണങ്ങളുണ്ടായില്ല. സോഷ്യലിസ്റ്റ് ചേരിയിലാകട്ടെ പാർട്ടികൾ വന്നും, പോയുമിരുന്നു. ജയപ്രകാശ് നാരായണൻ തുടക്കമിട്ട സോഷ്യലിസ്റ്റ് രാഷ്ട്രിയം പിന്നീട് വിവിധ പാർട്ടികളായി വാസ്തവത്തിൽ ഛിന്നഭിന്നമായി. 

ഇടത് പാർട്ടികൾ ദുർബലരായി. ബിജെപിയുടെ വളർച്ചയും കോൺഗ്രസിൻ്റെ തളർച്ചയും, പ്രാദേശിക പാർട്ടികളുടെ മുന്നേറ്റവുമാണ് കഴിഞ്ഞ ദശാബ്ദത്തിൻ്റെ രാഷ്ട്രിയ ചിത്രം. ഇതിനിടയിൽ ആം ആദ്മി എന്ന രാഷ്ട്രിയ പരീക്ഷണം വേറിട്ട വഴി തുറന്നു. കെജ്രിവാൾ ഒരു പുതിയ ഐഡിയോളജി മുന്നോട്ടു വച്ചു. പരീക്ഷിച്ചു. തെളിയിച്ച് കാണിച്ചും കൊടുത്തു. 

കേരളത്തിലോ? മുന്നണികളെ മാറിമാറി വരിച്ച കേരളം അതിനും മുൻപ് കോൺഗ്രസ്, സിപിഐ ചേരികളെ പുൽകി. മുസ്ലീം ലീഗ് ഇക്കാലമത്രയും ശക്തിദുർഗമായി നിന്നു. പിളർന്നു വളർന്ന് കേരളാ കോൺഗ്രസും. മറ്റൊരു സവിശേഷ രാഷ്ട്രിയ പരീക്ഷണത്തിനും കേരളം ഇടം കൊടുത്തില്ല. എന്തിന് ബിജെപിക്ക് പോലും.

ഇതിനിടയിലാണ് കിഴക്കമ്പലമെന്ന എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്ത് ഇന്ത്യയുടെ ശ്രദ്ധ നേടുന്നത്. രൂപീകരിച്ച് ഒരു വർഷം പൂർത്തിയാകും മുൻപെ ഇരു മുന്നണികളെയും, ബിജെപിയെയും കടത്തി വെട്ടി ഒരു സംഘടന പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നു. അഞ്ചു വർഷത്തിനപ്പുറം ശ്രദ്ധേയ ഭരണ നേട്ടങ്ങളുമായി ഭരണത്തുടർച്ച ഉറപ്പാക്കുന്നു. കേരളത്തിലെ പലയിടത്തും ട്വൻ്റി 20 എന്ന ഈ രാഷ്ട്രിയ പരീക്ഷണത്തിൻ്റെ കൊച്ചു വാർപ്പുകൾ രൂപം കൊള്ളുന്നു. കോതമംഗലത്ത് ഏതാണ് ഇതേ മാതൃക പകർത്തിയ എൻ്റെ നാടെന്ന ജനകീയ കൂട്ടായ്മ അവിടുത്തെ രാഷ്ട്രിയ ഭാവി നിശ്ചയിക്കത്തക്ക വിധത്തിൽ കരുത്തരായി.

കാസറഗോട്ടെ മലയോര പഞ്ചായത്തുകളിലൊന്നായ ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് വിമതർ പുതിയ പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചു. ട്വൻ്റി 20 മാതൃകയിൽ ആവേശം കൊണ്ട് കൊച്ചിയിലും, ചെല്ലാനത്തും, പൂന്തുറയിലും, പുല്ലൂരാംപാറയിലും ഒക്കെ കൂട്ടായ്മകൾ രൂപം കൊള്ളുന്നു. മത്സ്യത്തൊഴിലാളികളും, കർഷകരും, പൂർവവിദ്യാർത്ഥികളും, ഒക്കെ നാടിനായി ഒരുമിക്കുന്ന കാഴ്ച. 

ഇവ കൂട്ടിയിണക്കപ്പെട്ടിട്ടില്ല. പൊതുവായി എടുത്താൽ നിലവിലുള്ള രാഷ്ട്രിയത്തോടുള്ള കടുത്ത എതിർപ്പാണ് തമ്മിൽ ഇണക്കി ചേർക്കുന്ന ഘടകം. പണ്ടത്തെ ഇന്ദിരാ വിരുദ്ധത പോലെ.

ഒരു ആവേശത്തിൽ രൂപം കൊള്ളുന്ന ബദലുകൾ ഏകോപിക്കപ്പെടാൻ ഇടയുണ്ടോ? ഇവയ്ക്ക് പൊതുവായ പ്രത്യയശാസ്ത്ര അടിത്തറ രൂപപ്പെട്ട് വരുമോ? അതല്ലെങ്കിൽ ഇതിനിടയിൽ ഒരു ബദൽ ഉദിക്കുമോ? ട്വൻ്റി20 സമീപ പഞ്ചായത്തുകളിലേക്ക് പടർന്ന് കയറാൻ ശ്രമിക്കുകയാണ്. വലിയ സ്വീകാര്യത അവർക്ക് ലഭിക്കുന്നു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ  അവർ മത്സരിക്കുമോ എന്ന ആകാംക്ഷ നിലനിൽക്കുന്നു. വികസന രാഷ്ട്രിയത്തിൻ്റെ ഭാവി ബദൽ രാഷ്ട്രിയവുമായി ചേർത്ത് കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു.


പരമ്പരാഗത പാർട്ടികളെ പുറന്തള്ളും, ഞങ്ങൾ അധികാരം പിടിക്കും - നിപുൺ ചെറിയാൻ 

അധികാരം ജനങ്ങളിലേക്കെത്തിക്കുന്ന തരത്തിൽ സാങ്കേതിക വിദ്യ വളർന്നിട്ടുണ്ട്. അതിനെ ഞങ്ങൾ കണക്റ്റിവിറ്റി എന്ന് വിളിക്കുന്നു. ഡയറക്റ്റ് ഡെമോക്രസി സാധ്യമാക്കുന്ന ഭരണ സംവിധാനം നടപ്പിലാക്കുക എന്നതാണ് വി ഫോർ കൊച്ചിയുടെ അടിസ്ഥാന ലക്‌ഷ്യം. കണക്റ്റിവിറ്റിയിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള ഡയറക്റ്റ് ഡെമോക്രസി എന്നതാണ് ഞങ്ങളുടെ പൊളിറ്റിക്കൽ ഐഡിയോളജി. ഡയറക്റ്റ് ഡെമോക്രസി 21ആം നൂറ്റാണ്ടിൽ വന്നു കഴിഞ്ഞു. അത് ജനപങ്കാളിത്തത്തോടെ അനുഭവവേദ്യമാക്കണം. അധികാരം ചില കേന്ദ്രങ്ങളിൽ ഒതുങ്ങുന്നു. 

വിവരാവകാശ നിയമം: സെക്ഷൻ-42  പറയുന്നത് സർക്കാർ ഏജൻസികൾ എല്ലാ പൊതു വിവരങ്ങളും സ്വമേധയാ പ്രസിദ്ധീകരിക്കണമെന്നാണ്. സാധാരണക്കാർക്ക് ആർടിഎ അപേക്ഷ കൊടുത്തു വാങ്ങേണ്ട സാഹചര്യം ഉണ്ടാവരുത്. ഉദാഹരണമായി ഭൂമിയുടെ സർവേ സ്കെച്ച്. അത് ലഭ്യമാക്കാൻ ഒരു പ്രയാസവുമില്ല. പക്ഷെ ചില റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി അത് പരസ്യപ്പെടുത്തുന്നില്ല. സാങ്കേതിക വിദ്യയുടെ അവസ്ഥ നോക്കിയാൽ ഏത് വിവരവും കൊടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ അത് ചെയ്യുന്നില്ല.

ഞങ്ങൾ ഒരു പക്ഷത്തുമില്ല. ഇടതും വലതും ഒരേ ഭാഗത്താണ്. ഈ ഇടത്, വലത് എന്നൊക്കെ പറയുന്നത്  പരമ്പരാഗത രീതിയാണ്. ഒരു ഗിമ്മിക്ക് ആണ്. ഡയറക്റ്റ് ഡെമോക്രസി വന്നതോടെ പഴയ ഘടന ആകമാനം പൊളിഞ്ഞു. സുതാര്യത വന്നാൽ ഇന്ത്യൻ ഭരണഘടന ലക്ഷ്യം  വയ്ക്കുന്ന കാര്യങ്ങളെല്ലാം നടക്കും. ഞങ്ങളുടേത് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയല്ല. അതെ സമയം ഒരു രാഷ്ട്രീയ സംഘടന ആണ്. സംഘടനാ സംവിധാനവും പഴയ രീതിയിൽ അല്ല. രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ ചട്ടക്കൂട് ഇനി ആവശ്യമില്ല. ഞങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഭാവിയിൽ രാഷ്ട്രീയ പാർട്ടി ആകും. പക്ഷെ അതിന്റെ  ഘടന ഇപ്പോൾ തീരുമാനിക്കുന്നില്ല. പഴയ ഘടന തുടർന്നാൽ അത് തന്നെ അഴിമതിക്കുള്ള സംവിധാനമാകും. 

ഞങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യമായാണ് നീങ്ങുന്നത്. എല്ലാ കണക്കുകളും പ്രസിദ്ധീകരിക്കുന്നു. ആരൊക്കെ സംഭാവന നൽകി എന്നത് അടക്കം. വികസന കാര്യങ്ങളിൽ ഞങ്ങൾക്ക് വ്യക്തമായ ഒരു നിലപാടുണ്ട്. സുരക്ഷിത സുസ്ഥിര വികസനം എന്നതാണ് ഞങ്ങളുടെ വികസന കാഴ്ചപ്പാട്. വികസനം ഒരു വിഭാഗത്തിന് മാത്രമായി ഒതുങ്ങി പോകരുത്. ഒരു മേഖലയിൽ മാത്രമാകരുത്. ഒരു സെക്റ്ററിൽ കേന്ദ്രീകരിക്കരുത്. ഗതാഗതം എന്നത് റോഡ് മാത്രമല്ലല്ലോ. മെട്രോ ഉണ്ടാക്കിയിട്ടിട്ട് ചെറിയൊരു പക്ഷത്തിന് മാത്രമായി അതിന്റെ പ്രയോജനം ഒതുങ്ങി പോകരുതെന്നുണ്ട്. 

കമ്പനികൾ ഇന്ത്യൻ നിയമ വ്യവസ്ഥ അനുസരിച്ചു നില നിൽക്കട്ടെ. സാമ്പത്തിക അസമത്വം കൂടരുത്. കൃത്യമായ പരിസ്ഥിതി നിലപാട് ഞങ്ങൾക്കുണ്ട്. ബയോ ഡൈവേഴ്സിറ്റി പരിഗണിക്കാതെ വികസനം പാടില്ല. ആവശ്യമില്ലാത്ത നികത്തലുകൾ പാടില്ല. അളവും കണക്കുമില്ലാത്ത ഒന്നും വികസനമായി ഞങ്ങൾ കണക്കാക്കുന്നില്ല. പൊതുമുതൽ കയ്യേറ്റം വ്യാപകമാണ്. അതിനെയൊക്കെ ഞങ്ങൾ ശക്തമായി എതിർക്കും. 

ഞങ്ങൾ യൂണിവേഴ്സൽ ബേസിക് ഇൻകം എന്ന തത്വത്തിൽ വിശ്വസിക്കുന്നു. എല്ലാവർക്കും അത് ലഭ്യമാകാൻ സാധിക്കണം. ഞങ്ങളുടെ അടിസ്ഥാന ഘടന ഇങ്ങനെയാണ്. ഞങ്ങൾക്കൊരു കാമ്പയിൻ കൺട്രോളർ ഉണ്ട്. ഒരു കാമ്പയിൻ ടീമിന്റെ തലവനായിരിക്കും കൺട്രോളർ. കൊച്ചിയെ അഞ്ചു മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും സോൺ കൺട്രോളർമാരും, ജോയിന്റ് സോൺ കൺട്രോളർമാരുമുണ്ട്. ഇത് കൂടാതെ ഐടി, ഫിനാൻസ് , പൊളിറ്റിക്കൽ അഫയേഴ്‌സ്  എന്നിവക്ക് ടീമുകളുണ്ട്. ടീം ലീഡുകൾ ഓരോ ടീമിനുമുണ്ട്. 

കൊച്ചി കോർപ്പറേഷനുകളിലെ എല്ലാ ഡിവിഷനുകളിലും ഡിവിഷൻ ടീമുകൾ ഉണ്ട്. പൊളിറ്റിക്കൽ ആക്ഷൻ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. 2000 പേർ വി ഫോർ കൊച്ചിയിൽ സജീവമായി പ്രവർത്തിക്കുന്നു. 42,000 അംഗങ്ങൾ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഉണ്ട്. 25000 ആളുകൾ കൊച്ചിയിൽ നിന്നുള്ളവരാണ്. ഞങ്ങൾക്ക് ട്വന്റി 20 യുമായി ഒരു ബന്ധവുമില്ല. മറ്റൊരു സംഘടനയുമായും ബന്ധമില്ല. അടുത്ത തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിൽ പരമ്പരാഗത പാർട്ടികളെ പുറന്തള്ളും. ഞങ്ങൾ അധികാരം പിടിക്കും. 

(വി ഫോർ കൊച്ചി കാമ്പയിൻ കൺട്രോളർ ആണ് ലേഖകൻ)


ബദലുകൾ മുന്നോട്ടു വയ്ക്കുന്നത് ശുഷ്കമായ അജണ്ട - പ്രൊഫ. കെ എം കുര്യാക്കോസ്  

ഇതൊരു മാറ്റത്തിന്റെ സൂചനയായി കാണാറായിട്ടില്ല. ഇപ്പോൾ കിഴക്കമ്പലത്ത് ട്വൻറി20 തുടങ്ങി. അത് അവിടെ തന്നെ തീരും. അവർ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത് സാധ്യമായാൽ തന്നെ അതിനുമപ്പുറം പോകാനിടയില്ല. നിയമസഭയിലേക്ക് ഒരു എംഎൽഎയെ ജയിപ്പിക്കാൻ കഴിഞ്ഞേക്കാം. അതിനപ്പുറം അത് വളരാൻ സാധ്യത കാണുന്നില്ല. 

വി ഫോർ കൊച്ചിയും ഇത് പോലെ തന്നെയാണ്. കൊച്ചി കോർപ്പറേഷൻ പിടിക്കാൻ തക്ക രീതിയിൽ അത് വളരാൻ സാധ്യത ഇല്ല. കേരളത്തിലെ ഒരു പ്രത്യേക സംവിധാനത്തിൽ രണ്ടു മുന്നണികൾക്കപ്പുറം മാറിയ ഒരു സ്വഭാവമില്ല. ഈ സംവിധാനത്തിൽ  അഴിമതി ഒക്കെ ധാരാളം ഉണ്ട്.  ഇടത് വലത് ഐഡിയോളജികൾ തമ്മിൽ വലിയ അന്തരമില്ല. പക്ഷെ ശക്തമായ ബദലുകൾ ഒന്നും കാണുന്നില്ല. ട്വൻറി 20യോ വി ഫോർ കൊച്ചിയോ മുന്നോട്ടു വയ്ക്കുന്ന അജണ്ട വളരെ ശുഷ്കമാണ്. കൊതുക്, ഓട, ഗതാഗതക്കുരുക്ക്- അതൊക്കെയാണ് കൊച്ചിയിൽ അവർ മുന്നോട്ട് വയ്ക്കുന്നത്. വലിയ പരിവർത്തനത്തിനും, സാമൂഹ്യ മാറ്റത്തിനും ഇതൊന്നും മതിയാകില്ലല്ലോ. ദില്ലിയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടെ അവരൊരു രാഷ്ട്രീയ പാർട്ടിയായി വന്നു. ഒരു സംസ്ഥാനത്തിന്റെ മാറ്റത്തിനുള്ള നയ പരിപാടി മുന്നോട്ടു വച്ചു. നിലവിലുള്ള രാഷ്ട്രീയത്തിന് അത് ശരിക്കും ബദലായി. അതുകൊണ്ടാണ് ഒരു സംസ്ഥാനം പിടിക്കാൻ അവർക്ക് കഴിഞ്ഞത്.

ഇവിടെ ബദലുമായി വരുന്നവർക്ക് അത്തരം ഒരു നയമോ, പരിപാടിയോ ഇല്ല. സാബു ജേക്കബ് എന്താണ് ചെയ്തത്.  ഒരു കോർപ്പറേറ്റ് രീതി കൊണ്ടുവന്നു. ആ ഒരു ശൈലിയിലേക്കല്ല സംസ്ഥാനമോ, പഞ്ചായത്തോ പോകേണ്ടത്. നമ്മൾ പലപ്പോഴും പറയാറുണ്ടല്ലോ- വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം  കൊടുത്തതുകൊണ്ടായില്ല, എന്നും ഭക്ഷണം കിട്ടാനുള്ള ഒരു ജീവനോപാധി വേണമെന്ന്. അങ്ങനെയെങ്കിൽ അവൻ എക്കാലവും ജീവിച്ചുകൊള്ളും. ട്വൻറി 20 വില കുറച്ചു ഭക്ഷണം കൊടുക്കുന്നുണ്ട്. പക്ഷെ അത് എത്ര നാൾ സാധിക്കും. മറ്റെവിടെയെങ്കിലും സാധിക്കുമോ? അല്ലാത്തിടത്തോളം അതിനെ ഒരു സുസ്ഥിര മാതൃകയായി കാണാൻ കഴിയില്ല. 

ഇതിനിടെ വൺ ഇന്ത്യ വൺ പെൻഷൻ എന്ന മൂവ്മെന്റ് വന്നു. എല്ലാവര്ക്കും പെൻഷൻ കൊടുക്കണം എന്ന് അവർ ആവശ്യപ്പെടുന്നു. ഇത് പ്രായോഗികമാണോ? ഇതൊക്കെ ഭ്രമങ്ങളാണ്. താൽക്കാലികമായ ചില ആവേശങ്ങൾ. സർക്കാർ ജീവനക്കാരെ ചീത്ത വിളിച്ചപ്പോൾ കുറേപ്പേർ ഒപ്പം കൂടി. അത്രമാത്രമേ അതിനെ കാണാനൊക്കൂ. ജനാധിപത്യത്തെ നയിക്കേണ്ടത് കോർപറേറ്റ് അല്ല. എന്ത്കൊണ്ട് എംഎ യൂസഫലി നാട്ടികയിൽ അത് ചെയ്യുന്നില്ല? എന്തേ അടിമാലിയിൽ നവാസ് മീരാൻ അത് ചെയ്തില്ല. അവർക്ക് ഇതിന്റെ അതിരുകൾ ഏത് എന്ന് അറിയാം. 

ചെറിയ ലഷ്യങ്ങളും, താല്പര്യങ്ങളുമാണ് പുതുതായി വരുന്ന പല മുന്നേറ്റങ്ങൾക്കും. എന്നെ കൊതുക് കടിക്കരുത്, എന്റെ അടുത്ത ഓടയിൽ നിന്നുള്ള മണം അടിക്കരുത്, ഞാൻ പോകുന്ന വണ്ടി ട്രാഫിക്ക് ബ്ലോക്കിൽ കിടക്കരുത് തുടങ്ങിയ ഒട്ടൊക്കെ വ്യക്തിപരമായ താല്പര്യങ്ങൾ. അത് സങ്കുചിതമാണ്. അത് കേൾക്കുമ്പോൾ പെട്ടെന്ന് ആവേശം തോന്നും. പലരും ചാടി വീഴും. ഇതൊന്നും സൂചനകളല്ല. അങ്ങനെ കാണാറായിട്ടില്ല. വ്യക്‌തി അധിഷ്ഠിതമായ ഒരു ഭരണ സംവിധാനമല്ല നമുക്ക് വേണ്ടത്. സാബു ജേക്കബ് ചെയ്യുന്നതെന്താണ്? വില കുറച്ചു സാധനങ്ങൾ കൊടുക്കുന്നു? അതിൽ തീരുന്നതാണോ ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്വം. വിശാലമായ കാഴ്ചപ്പാട് ഇങ്ങനെ വരുന്ന ഒരു സംവിധാനത്തിനുമില്ല. അതെ സമയം അത് ആം ആദ്മി പാർട്ടിക്ക് ഉണ്ടായിരുന്നു. എന്നിട്ട് പോലും ദില്ലിക്കപ്പുറം പോകാൻ അവർക്ക് കഴിഞ്ഞില്ല. അത്തരമൊരു അടിത്തറയിൽ വേണം ഇവിടെയും പുതിയ സംവിധാനങ്ങൾ വരാൻ.

കേരളത്തിലെ സങ്കീർണമായ സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കെ കഴിയൂ. 

കോതമംഗലത്തെ എന്റെ  നാട് വലിയൊരു സാമൂഹ്യ മുന്നേറ്റമാണിവിടെ. പക്ഷെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഇതൊരു കൃത്യം നിലപാടാണ്. ബുദ്ധിപൂർവമായ നീക്കമാണത്. അതേ സമയം തെരെഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലോ? സാമൂഹ്യ പ്രസക്തി നഷ്ടപ്പെടുമായിരുന്നു. ഇത്തരം സാമൂഹ്യ മുന്നേറ്റങ്ങളും, തിരുത്തൽ ശക്തികളും വേണം. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. എല്ലാവരും അധികാര രാഷ്ട്രീയത്തിലേക്ക് പോകണമെന്നില്ല. വി ഫോർ കൊച്ചി അത്തരമൊരു തിരുത്തൽ ശക്തിയായി നിന്നാൽ അതിന്റെ പ്രസക്തി വർധിച്ചേനെ. 

ഇന്ത്യയിൽ ആകമാനം നോക്കിയാൽ തന്നെ കെജ്‌രിവാൾ മാത്രമാണ് ഒരു ശക്തമായ ബദലുമായി രാഷ്ട്രീയത്തിൽ വന്നത്. നമുക്ക് ആത്യന്തികമായി രാഷ്ട്രീയ സംവിധാനങ്ങൾ തന്നെയാവണം വേണ്ടത് . അത് ഒരിക്കലും വ്യക്തി അധിഷ്ഠിതമാകരുത്. പുതിയ കാര്യങ്ങൾ കാണുമ്പോൾ ഒരു ഭ്രമം ഉണ്ടാകും. ചില കൂണുകൾ മുളയ്ക്കും. വന്ന വഴിയേ പോകും. 

വിജയകരമായി മാറിയ ട്വൻറി 20, എന്റെ  നാട് എന്നിവ പോലും ഒരു വട്ടത്തിനപ്പുറം വളരുന്നില്ല. ഞാൻ ആദ്യം സൂചിപ്പിച്ച പോലെ എംഎ യുസഫലിയോ, ഷിബുലാലോ ഒന്നും ഇത്തരം ശ്രമങ്ങൾ നടത്താതിരിക്കാൻ കാരണം അവർക്ക് വിവേകമുള്ളതുകൊണ്ടാണ്. കൃത്യമായ തിരിച്ചറിവും, ബോധ്യങ്ങളും ഉള്ളതുകൊണ്ടാണ്. അത് ഇല്ലാത്തവർ ഈയാം പാറ്റകളെപ്പോലെ എടുത്തു ചാടുന്നു.

(അധ്യാപകനും, പ്രഭാഷകനും, എഴുത്തുകാരനുമായ ലേഖകൻ കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ കേന്ദ കമ്മിറ്റി അംഗമാണ്)


കേജരിവാളും , ട്വന്റി20 യും നൽകുന്ന പ്രതീക്ഷ - ജിജോ കാഞ്ഞിരക്കാടൻ  

ഒരു പുതിയ മുന്നേറ്റത്തിന്റെ സമയം ആയി. നൂറു ശതമാനം ഞാൻ അങ്ങനെ വിശ്വസിക്കുന്നു. ഒരു മുന്നേറ്റം പണ്ടേ വരേണ്ടതായിരുന്നു. ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നാടൊട്ടുക്ക് നടക്കുന്നത്. ആരും അതിനപ്പുറത്തേക്ക് പോകുന്നില്ല.

കെജ്‌രിവാൾ 2006 മുതൽ അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തി മാതൃക കാട്ടി. അഴിമതി വിരുദ്ധ ജനകീയ രാഷ്ട്രീയത്തിന് നമ്മുടെ മുന്നിലുള്ള മികച്ച മാതൃക അദ്ദേഹം തന്നെ. ലക്ഷ്യപ്രാപ്തിക്ക് അധികാരം കൂടെ വേണം എന്ന് മനസിലാക്കി അധികാരത്തിലെത്തുകയും, ഭരിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു, അദ്ദേഹം. ഇത് ഇന്ത്യയിൽ സമാന മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കൊരു പ്രതീക്ഷ ആയി.

അമ്മ മൂവ്മെന്റ് തമിഴ്‌നാട്ടിലും, വൈ എസ് ആർ ആന്ധ്രയിലും വികസന ബദൽ രാഷ്ട്രീയം, ജനകീയത ഒക്കെ നടപ്പാക്കാൻ ശ്രമിച്ചു. പക്ഷെ അതിലൊന്നും പൂർണത ഉണ്ടായില്ല. സംസ്ഥാനത്തെ മാറ്റിമറിക്കാൻ അവർക്കൊന്നും കഴിഞ്ഞില്ല. കെജ്‌രിവാളിന് അതിന് സാധിച്ചു. ദില്ലിയിലെ അവരുടെ മൂവ്മെന്റ് ഇന്ത്യയിൽ ആകെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങൾക്ക് പ്രചോദനം നൽകി. ഇത് സാധ്യമാണെന്ന് അവർക്ക് വിശ്വാസമായി. നിലവാരമുള്ള രാഷ്ട്രീയം സംസാരിക്കുന്നവരും, വിദ്യാസമ്പന്നരുമൊക്കെ മുഖ്യധാരയിലേക്ക് വരാൻ ഇത് കാരണമായി. അവർ വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തുമൊക്കെ  കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. മൊഹല്ല ക്ലിനിക്കുകൾ നല്ലൊരു ഉദാഹരണമാണ്. 

രണ്ടാമതായി നമ്മൾ നന്ദി പറയേണ്ടത് സാബു എം ജേക്കബിനോടാണ്. കിഴക്കമ്പലം മാതൃക ഇന്ന് നാട്  മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. കേരളത്തിൽ ഇത്തരമൊരു മുന്നേറ്റം സാധ്യമാണെന്ന് അദ്ദേഹമാണ് തെളിയിച്ചത്. ലോകത്തുള്ള മലയാളികൾ മുഴുവൻ അതറിഞ്ഞു. അവർ അതേക്കുറിച്ചു സംസാരിക്കുന്നു. തങ്ങൾ അഞ്ചു വർഷം ഭരിച്ചു, 12 കോടി മാറ്റി വച്ചിരിക്കുന്നു എന്ന് പറയുന്നു. ഇത് ആർക്കും സാധിക്കുന്നതാണല്ലോ. ആരും ഇത് ചെയ്യുന്നില്ല. അതാണ് കിഴക്കമ്പലം ട്വൻറി, ട്വൻറി കൊണ്ടുവന്ന മാറ്റം. കേരളത്തിലെ മറ്റ് പഞ്ചായത്തുകളോട് ഇത് ചൂണ്ടിക്കാട്ടി ജനങ്ങൾ ചോദിക്കാൻ തുടങ്ങി... എന്തുകൊണ്ട് ഇങ്ങനെ സാധിക്കില്ല?എന്ന് .  

ജനങ്ങൾക്കുവേണ്ടി അവർക്കാവശ്യമുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. അത് റോഡാകാം, പാലമാകാം, വിദ്യാഭ്യാസ സൗകര്യങ്ങളാകാം. എന്തുമാകട്ടെ അവർക്ക് അത് പ്രദാനം ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ് മുഖ്യം. ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മൂവ്മെന്റുകൾ എല്ലാം അതിനെയാണ് അഭിസംബോധന ചെയ്യുന്നത്. അഴിമതി വിരുദ്ധതയും, വികസനവും അവർ ഒരുമിച്ചു കൊണ്ട് പോകുന്നു. 

ഞങ്ങളുടെ നാട്ടിൽ കർഷകരുടെ കൂട്ടായ്മ അതി ശക്തമായ ഒരു മുന്നേറ്റമായി രൂപം പ്രാപിക്കുകയാണ്. അതിനൊരു നിമിത്തമായത് വന്യമൃഗ ശല്യമാണ്. ചില സംഭവവികാസങ്ങൾ അതുമായി ബന്ധപ്പെട്ടുണ്ടായി. അത് കർഷകർക്ക് ഒരുമിക്കാൻ സാഹചര്യമുണ്ടാക്കി. കപട പരിസ്ഥിതി വാദികൾ ഇപ്പോഴും കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുകയും മോശക്കാരാക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിലുണ്ട്. വന്യ ജീവി ആക്രമണ വിഷയത്തിലും കർഷകർക്കെതിരെ ഇക്കൂട്ടരുടെ ആക്രമണമുണ്ടായി. ഇതെല്ലാം കർഷകരെ കൂട്ടിയിണക്കാൻ സഹായിച്ചു. പലയിടത്തുമുള്ള ഇത്തരം മുന്നേറ്റങ്ങൾ ഏകോപിപ്പിക്കപ്പെടാൻ സമയമെടുത്തേക്കാം. പക്ഷെ അത് സംഭവിക്കും. 

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് പടർന്നപ്പോൾ അതിനെ തടയിടാൻ അവർ രംഗത്തിറങ്ങി. ചില കണ്ണിൽപൊടിയിടൽ തന്ത്രങ്ങൾ രാഷ്ട്രീയക്കാർ ഇറക്കാൻ തുടങ്ങി. ക്ഷേമപെൻഷൻ ഒക്കെ അവർ പ്രഖ്യാപിച്ചു. അതിനൊന്നും ഒരു വ്യക്തത ഇല്ല. വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് കണ്ടപ്പോൾ രാഷ്ട്രീയക്കാർ ഭയന്നു. മൂന്ന് ശതമാനത്തിന് മാത്രം പെൻഷൻ കിട്ടിയാൽ പോരാ എന്ന ചിന്ത വ്യാപകമായിട്ടുണ്ട്. ഒന്നുറപ്പിക്കാം കെജ്‌രിവാളും, ട്വൻറി 20 യും നൽകുന്ന പ്രതീക്ഷയും, ആവേശവും ചെറുതല്ല.   

(അറിയപ്പെടുന്ന മൈൻഡ് പവർ ട്രെയ്നറാണ്. കർഷക മുന്നേറ്റത്തിന് മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്നു)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story